Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചത് വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ്': 'ഉമ്മൻ ചാണ്ടിയുടെ ഇഷ്ടത്തിനനുസരിച്ച് ഞാനതൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് '; സോളാർ ബിസിനസിൽ സഹായം വാഗ്ദാനം ചെയത് ചില മന്ത്രിമാരും നിരവധി എംഎൽഎമാരും പീഡിപ്പിച്ചു; അച്ഛന്റെ പ്രായമായ ആര്യാടന്റെ സമീപനം വിഷമമുണ്ടാക്കി; സരിതയുടെ കത്തിലെ പ്രസക്തഭാഗങ്ങൾ

'ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചത് വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ്': 'ഉമ്മൻ ചാണ്ടിയുടെ ഇഷ്ടത്തിനനുസരിച്ച് ഞാനതൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് '; സോളാർ ബിസിനസിൽ സഹായം വാഗ്ദാനം ചെയത് ചില മന്ത്രിമാരും നിരവധി എംഎൽഎമാരും പീഡിപ്പിച്ചു; അച്ഛന്റെ പ്രായമായ ആര്യാടന്റെ സമീപനം വിഷമമുണ്ടാക്കി; സരിതയുടെ കത്തിലെ പ്രസക്തഭാഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതി കേസ് എന്നതിൽ ഉപരിയായി സോളാർ കമ്മീഷൻ റിപ്പോർട്ട് കേരളം ചർച്ച ചെയ്തത് മന്ത്രിമാരും ഉന്നതരും അടങ്ങുന്ന ലൈംഗിക പീഡന കേസ് എന്നതായിരുന്നു. സോളാർ ബിസിനസ് ലക്ഷ്യമിട്ടിറങ്ങിയ സരിത എന്ന സംരംഭകയെ ലൈംഗികമായ ഉപയോഗപ്പെടുത്തി എന്നതായിരുന്നു വിവാദം. എന്നാൽ, പൊലീസ് കാര്യമായ നടപടിയൊന്നും ഉമ്മൻ ചാണ്ടിയുടെ കാലത്ത് കൈക്കൊണ്ടില്ല. ജോപ്പനെയും സരിതയെയും ബിജു രാധാകൃഷ്ണനെയും മാത്രമേ അറസ്റ്റു ചെയ്തിരുന്നുള്ളൂ. ഉന്നതരൊക്കെ കേസിൽ നിന്നും രക്ഷപെടുകയും ചെയ്തു.

ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്ന വാർത്തകൾ സ്ഥിരീകരിച്ച് സരിത എസ് നായർ രംഗത്തെത്തിയിരുന്നു. സരിതയുടെ കത്തിലെ പ്രസക്തഭാഗങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അത് ഇങ്ങനെയായിരുന്നു:

'ഞാൻ കത്തിൽ എഴുതിയതെല്ലാം സത്യമാണ്. ജീവിതത്തിൽ നടന്ന കാര്യങ്ങളാണ് എഴുതിയത്. തെറ്റായി ഒന്നും എഴുതിയിട്ടില്ല. മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. കത്തിലെഴുതിയ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാൻ ബുദ്ധിമുട്ടുണ്ട്. താൻ രണ്ട് കുട്ടികളുടെ മാതാവാണ്.

ശ്രീ. ഉമ്മൻ ചാണ്ടി സാർ, എന്റെ അച്ഛന്റെ തൽസ്വരൂപമായ ഉമ്മൻ ചാണ്ടി സാർ എന്നെ കണ്ടിട്ടേയില്ല അല്ലേ? സന്തോഷമായി. ഉമ്മൻ ചാണ്ടി സാർ എന്നെ മാത്രമല്ല, ഒരു സ്ത്രീയെയും കാണാറില്ലല്ലോ. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളവർക്ക് എന്തുമാകാം. സിഎമ്മിന് നിഷേധിക്കാം.

കണ്ടില്ല എന്നു പറയാം. എല്ലാം മറന്നുപോയെന്നു പറയാം. പക്ഷേ, എനിക്കാകില്ല. ഉമ്മൻ ചാണ്ടി സാർ......എന്നോട് പലതും ചെയ്യാൻ പറഞ്ഞിട്ടുണ്ട്. സിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് ക്ലിഫ് ഹൗസിൽവച്ച് ഞാനതൊക്കെ ചെയ്തുകൊടുത്തിട്ടുണ്ട്. ........അത് എന്നെ അറിയാതെ ആവശ്യപ്പെട്ട് ചെയ്യിച്ചതായിരുന്നോ? മുഖ്യമന്ത്രി എന്ന പദവി അതിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലേ? കാലുപിടിച്ചില്ലേ ഞാൻ. എന്റെ കമ്പനിയിൽ പ്രോബ്ളം ഉണ്ടാകുന്നുവെന്ന് അറിയിച്ചില്ലേ?

ശ്രീ. ഉമ്മൻ ചാണ്ടി സാർ, താങ്കൾ എന്റെ കൈയിൽനിന്നും കമ്പനിയിൽനിന്നും സോളാർ പദ്ധതിക്കായി രണ്ടുകോടി 16 ലക്ഷം രൂപ പല പ്രാവശ്യമായി വാങ്ങിയില്ലേ? ക്ലിഫ് ഹൗസിൽ കൊണ്ടുവന്ന് ഞാൻ പണം നൽകിയില്ലേ? പിന്നീട് ഡൽഹിയിലെ തോമസ് കുരുവിളവഴി നൽകിയില്ലേ? ചാണ്ടി ഉമ്മനും തോമസ് കുരുവിളയും വന്ന് തിരുവനന്തപുരത്തുവച്ച് പണം വാങ്ങിയില്ലേ? വൻകിട സോളാർ പദ്ധതിയെന്ന ആശയം എന്നോട് പറഞ്ഞത് മുഖ്യമന്ത്രിതന്നെയല്ലേ? ആര്യാടൻ മുഹമ്മദിനടുത്തേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രി തന്നെയല്ലേ? ഇതൊക്കെയായിട്ടും എന്തിനാണ് മുഖ്യമന്ത്രി തള്ളിപ്പറയുന്നത്? എന്തിനാണ് അറസ്റ്റുചെയ്തപ്പോൾ തള്ളിപ്പറഞ്ഞത്? '- സരിത കത്തിൽ പറയുന്നു.

പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2013 ജൂലൈ 19നാണ് സരിത കത്ത് എഴുതിയത്. കത്തിന്റെ മൂന്നാമത്തെ പേജിലാണ് ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പരാമർശം. ലൈംഗികമായി തന്റെ ഉപയോഗിച്ചവരുടെ പേര് വിവരങ്ങൾ അടങ്ങിയ കത്ത് സരിത മുദ്രവച്ച കവറിൽ കവറിൽ സോളാർ അന്വേഷണ കമ്മിഷനു കൈമാറിയിരുന്നു. ഇത് രഹസ്യസ്വഭാവമുള്ള കത്താണെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു കൈമാറ്റം.

സരിത നൽകിയ കത്തിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോള് പല മന്ത്രിമാരും എംഎൽഎമാരും അതിൽ ഉൾപ്പെട്ടിരുന്നു. സോളാർ പദ്ധതിക്ക് സഹായ വാഗ്ദാനം ചെയ്ത് ചില മന്ത്രിമാരും നിരവധി എംഎൽഎമാരും പീഡിപ്പിച്ചു എന്നാണ് സരിതയുടെ ആരോപണം. മന്ത്രി ആര്യാടൻ മുഹമ്മദ് അപമരിയാദയായി പെരുമാറിയെന്ന് സരിത സോളാർ കമ്മീഷന് നൽകിയ മുദ്രവച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി ആവശ്യത്തിനായി സമീപിക്കേണ്ടിവന്ന പല മന്ത്രിമാരും എംഎൽഎമാരും തന്നെ ചൂഷണം ചെയ്തെന്നും ഇത്തരമൊരു കൂടിക്കാഴ്ചയിൽ മന്ത്രി ആര്യാടൻ മുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും കത്തിൽ സരിത വ്യക്തമാക്കുന്നു.

കമ്പനിയുടെ ആവശ്യങ്ങൾക്കായി ആര്യാടനെ നിരവധി തവണ കാണേണ്ടിവന്നു. അത്തരമൊരു സന്ദർഭത്തിൽ ആര്യാടൻ മോശമായി പെരുമാറുകയായിരുന്നു. അച്ഛന്റെ പ്രായമുള്ള ആര്യാടൻ മോശമായി പെരുമാറിയത് വേദനിപ്പിച്ചു. കമ്പനിയുടെ വിവിധ ആവശ്യങ്ങൾക്കായി കേന്ദ്ര, സംസ്ഥാന മന്ത്രിമാരുമായി ഇടപെഴകേണ്ടിവന്നുവെന്നും കത്തിൽ സരിത പറയുന്നു.

കമ്പനി ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി അടക്കം പല മന്ത്രിമാരെയും എംഎൽഎമാരെയും നേരിൽ കണ്ടിട്ടുണ്ട്. ഇവരിൽ പലരിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും സരിത കമ്മീഷനിൽ നൽകിയ കത്തിൽ പറയുന്നു. പത്തനംതിട്ട ജയിലിൽ കഴിയവേ സരിത എഴുതിയ കത്താണ് കമ്മീഷനിൽ ഹാജരാക്കിയത്. സരിതയും നേതാക്കളുമായി അവിഹിതബന്ധമുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകളെ കുറിച്ചുള്ള സത്യാവസ്ഥ സീൽ ചെയ്ത കവറിൽ നൽകാൻ കമ്മീഷൻ അറിയിച്ചിരുന്നു. ഇതേതുടർന്ന് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് കമ്മീഷനിൽ ഹാജരാക്കിയത്.

നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ച വേളയിൽ സരിതയുടെ കത്ത് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിതയുടെ കത്തിൽ പറയുന്ന പ്രധാന ആരോപണം. ക്ലിഫ് ഹൗസിൽവച്ചാണ് പീഡിപ്പിച്ചതെന്നും സരിത കത്തിൽ പറയുന്നുണ്ട്. ഇതിന്റെ യഥാർഥ പകർപ്പാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടത്. ഇത് താൻ തന്റെ കൈപ്പടയിൽ എഴുതിയ യഥാർഥ കത്ത് തന്നെയാണെന്നു സരിത ചാനലിനോട് സമ്മതിച്ചിരുന്നു.

അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകാനാണു കത്ത് എഴുതിയത്. ഒരു മുൻ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്തെന്നു കത്തിൽ സരിത പറയുന്നു. സംസ്ഥാന മന്ത്രിയുടെ വസതിയിൽവച്ചാണു മുൻ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തതെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര മന്ത്രിമാർക്കു തന്നെ കാഴ്ചവയ്ക്കാൻ രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചുവെന്നുമാണ് കത്തിലെ ആരോപണം.

പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് താൻ കത്തഴുതിയതെന്ന് സരിത പിന്നീട് ചാനലിനോട് വെളിപ്പെടുത്തുകയും ചെയ്തു. കത്തിന്റെ മൂന്നാമത്തെ പേജിലാണ് ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പരാമർശം. മുഖ്യമന്ത്രിയുടെ കുടുംബവുമായി തനിക്ക് അടുത്തബന്ധമാണുള്ളത്. പലപ്പോഴായി അവിടെ പോയിട്ടുണ്ട്. ആ ബന്ധവും അടുപ്പവുമാണ് ഉമ്മൻ ചാണ്ടി ദുരുപയോഗം ചെയ്തത്. മുഖ്യമന്ത്രി തന്നെ ഉപയോഗിച്ച രീതികളും സരിത കത്തിൽ വിവരിക്കുന്നുണ്ട്. തന്നെ സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത മുഖ്യമന്ത്രിക്ക് ലക്ഷ്മി എന്ന സരിതയെ ഇപ്പോൾ അറിയുന്നുണ്ടാവില്ലെന്നും കത്തിൽ പറയുന്നു.

മുഖ്യമന്ത്രിക്ക് കോഴയായി കോടികൾ നൽകിയ കാര്യവും കത്തിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി ഭൂമി ഇടപാടുകൾ നടത്തി എന്നുമാണ് സരിതയുടെ കത്തിൽ പറയുന്ന മറ്റൊരു കാര്യം. കൊച്ചിയിൽ അടക്കം പലയിടത്തായി ഭൂമി വാങ്ങിയത് മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് വേണ്ടിയാണെന്നും സരിത പറഞ്ഞിരുന്നു.

മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ സരിത കത്തിന്റെ പല ഭാഗത്തും പറയുന്നുണ്ട്. എന്നാൽ ഇത് ഉണ്ടാവില്ലെന്ന് ഉറപ്പായശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നു സരിത വെളിപ്പെടുത്തുന്നത്. അതേസമയം തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. കൂടാതെ ഏഷ്യാനെറ്റിനെതിരെ ഉമ്മൻചാണ്ട് കേസ് നൽകുകയും ഉണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP