Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സോളാറിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ; സരിതാ നായരെ ചോദ്യം ചെയ്തത് ഉമ്മൻ ചാണ്ടിക്കും കെ സി വേണുഗോപാലിനും എതിരെ തെളിവുകൾ ഉണ്ടോ എന്ന് അറിയാൻ; രണ്ട് തവണ ചോദ്യം ചെയ്‌തെന്ന് സമ്മതിച്ച് സരിതാ നായർ; സൗരോർജ്ജ പദ്ധതിയുടെ അഴിമതി അന്വേഷിക്കുന്നത് കേരളത്തിലെ ഇടത്-വലതു നേതാക്കളെ വെള്ളം കുടുപ്പിക്കാൻ; കേരളത്തെ രാഷ്ട്രീയം 'താമരക്കുമ്പിളിലാക്കൻ' അമിത് ഷായും അഭയം തേടുന്നത് സോളാറിൽ; വീണ്ടും സരിതാ വിവാദങ്ങൾ ചർച്ചകളിലേക്ക്

സോളാറിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ; സരിതാ നായരെ ചോദ്യം ചെയ്തത് ഉമ്മൻ ചാണ്ടിക്കും കെ സി വേണുഗോപാലിനും എതിരെ തെളിവുകൾ ഉണ്ടോ എന്ന് അറിയാൻ; രണ്ട് തവണ ചോദ്യം ചെയ്‌തെന്ന് സമ്മതിച്ച് സരിതാ നായർ; സൗരോർജ്ജ പദ്ധതിയുടെ അഴിമതി അന്വേഷിക്കുന്നത് കേരളത്തിലെ ഇടത്-വലതു നേതാക്കളെ വെള്ളം കുടുപ്പിക്കാൻ; കേരളത്തെ രാഷ്ട്രീയം 'താമരക്കുമ്പിളിലാക്കൻ' അമിത് ഷായും അഭയം തേടുന്നത് സോളാറിൽ; വീണ്ടും സരിതാ വിവാദങ്ങൾ ചർച്ചകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോളാർ കേസിന്റെ വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ. സോളാർ കേസിൽ വിവാദ നായികയായ സരിതാ എസ് നായരെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. രണ്ട് തവണ ചോദ്യം ചെയ്തു. വിവരങ്ങൾ സസൂക്ഷ്മം വിശകലനം ചെയ്യുകയാണ് കേന്ദ്ര ഏജൻസികൾ. കേസിന്റെ പുരോഗതി സംബന്ധിച്ച് തന്നോട് കേന്ദ്ര ഏജൻസികൾ സംസാരിച്ചുവെന്ന് സരിത എസ് നായർ സ്ഥിരീകരിച്ചു. കേസിലെ പ്രധാന പ്രതിയായ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിവരങ്ങൾ ആരാഞ്ഞു. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥർകക് മുമ്പിൽ ഹാജരായതെന്നും സരിത സ്ഥിരീകരിച്ചു.

എംപിമാർക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ് നായർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബീ ഈഡൻ, അടൂർ പ്രകാശ്, എന്നിവർക്കെതിരായ കേസിന്റെ വിവരങ്ങളാണ് തേടിയതെന്ന് സരിത പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർ എത്തിയത്. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും സരിതാ എസ് നായർ പറയുന്നു. ഇനിയും നീതി വൈകിയാൽ ദേശീയ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് സരിത എസ് നായർ വ്യക്തമാക്കി.

കേരളത്തെ പിടിച്ചുലച്ച അഴിമതിയാണ് സോളാർ തട്ടിപ്പ്. 'ടീം സോളാർ' എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോർജ്ജ പദ്ധതിയുടെ പേരിൽ പലരിൽ നിന്നും പണം തട്ടിയെന്ന വാർത്തകളാണ് ആദ്യം പുറത്തുവന്നത്. ഇതിനു പിന്നാലെ പുറത്ത് വന്നത് അഴിമതിയുടേയും തട്ടിപ്പിന്റേയും കഥകളായിരുന്നു. സരിത എസ് നായർ, ബിജു രാധാകൃഷ്ണൻ എന്നീ കമ്പനി ഡയറക്ടർമാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകൾ പുറത്തുവന്നതോടെ വിവാദങ്ങൾക്ക് രാഷ്ട്രീയ മുഖം വന്നിരുന്നു. ഇടത് വലതു നേതാക്കൾ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിനും കാരണമായി.

ഈ കേസാണ് ബിജെപിയുടെ കേന്ദ്ര സർക്കാർ പൊടി തട്ടിയെടുക്കുന്നത്. കേരളത്തിൽ വേരുറപ്പിക്കാൻ സോളാർ കേസ് ഉപയോഗിക്കാനാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനം. വിലപേശൽ രാഷ്ട്രീയത്തിന് കരുത്തുണ്ടാക്കാനും രാഷ്ട്രീയ എതിരാളികളെ വെട്ടിലാക്കാനും ഇതിലൂടെ കഴിയുമെന്നാണ് സൂചന. സോളാറിൽ തെളിവ് കിട്ടിയാൽ അറസ്റ്റും ഉണ്ടാകും. സോളാറിൽ കേന്ദ്ര ഫണ്ടിന്റെ ദുരുപയോഗം ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര സരക്കാരിന്റെ വിലയിരുത്തൽ. സരിതയുടെ ആരോപണങ്ങളിൽ ഇതിന്റെ സൂചനകളുണ്ട്. അങ്ങനെ വന്നാൽ സിബിഐയെ അഴിമതി കേസ് എന്ന നിലയിൽ അന്വേഷണം ഏൽപ്പിക്കും.

സോളാർ ചൂടിൽ കേരളം'..ഇങ്ങനെയൊരു തലക്കെട്ട് കണ്ടാൽ അത് സോളാർ കേസാണെന്ന് കേരളത്തിലെ ഒരുകൊച്ചുകുട്ടി പോലും തിരിച്ചറിയുന്ന വിധം കുപ്രസിദ്ധം, അതാണ് ഈ കേസിന്റെ സവിശേഷത. രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കുകയും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കടുത്ത പ്രതിരോധത്തിലാവുകയും ചെയ്ത കേസ്.അന്തിമയങ്ങിയാൽ ചാനൽ ചർച്ചകൽ സോളാറും, സരിത.എസ്.നായരും സ്ഥിരം വിഷയങ്ങളായി ആവർത്തിച്ച നാളുകൾ. ടീം സോളാർ എന്ന അംഗീകാരമില്ലാത്ത കമ്പനിയുടെ പേരിൽ ബിജു.രാധാകൃഷ്ണൻ, സരിത.എസ്.നായർ എന്നിവർ പലരെയും കബളിപ്പിച്ച് പണം തട്ടി എന്നതാണ് കേസ്. 100 ഓളം പേർക്ക് 50,000 മുതൽ 50 ലക്ഷം വരെ നഷ്ടമായെന്നാണ് പരാതി. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ആരോപണവിധേയമായതോടെ,തട്ടിപ്പിന് രാഷ്ട്രീയ മാനങ്ങൾ ഏറി.പൊതുചടങ്ങിൽ ഉമ്മൻ ചാണ്ടിയോട് സരിത സംസാരിക്കുന്ന ചിത്രം പുറത്ത് വന്നതോടെ ആരോപണങ്ങളുടെ വീര്യമേറി.ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്ന് ആദ്യം നിലപാടെടുത്ത സരിത പിന്നീട് മലക്കം മറിഞ്ഞു.

1.9 കോടി രൂപ ഉമ്മൻ ചാണ്ടിക്ക് കോഴ നൽകിയെന്ന് സോളാർ കമ്മീഷനിൽ സരിത മൊഴി നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.അന്നത്തെ മുഖ്യമന്ത്രി മാത്രമല്ല, എംഎൽഎമാരും, ഉദ്യോഗസ്ഥരും വരെ സംശയത്തിന്റെ നിഴലിലായി. 2013 ജൂൺ 10 നാണ് സോളാർ തട്ടിപ്പ് പുറത്ത് വന്നത്. സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ട്, സൗരോർജ പ്ലാന്റുകളും വിൻഡ്ഫാമുകളും നൽകാമെന്നുപറഞ്ഞ് സരിതയും സംഘവും ചേർന്ന് നിരവധി വ്യക്തികളിൽനിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന്റെ കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തൽ.ഡൽഹിയിലെ, ഉമ്മൻ ചാണ്ടിയുടെ വലംകൈയും 'അനൗദ്യോഗിക' സെക്രട്ടറിയുമായ 'പാവം പയ്യൻ' എന്നറിയപ്പെടുന്ന തോമസ് കുരുവിളയ്ക്കും സരിതയ്ക്കും തമ്മിൽ അടുത്ത ബന്ധമെന്നും, സരിത അറസ്റ്റിലാവുംമുമ്പ് നിരവധി തവണ കുരുവിളയുമായും ഫോണിൽ സംസാരിച്ചിരുന്നുവെന്നും വാർത്തകൾ വന്നു.മുഖ്യമന്ത്രി ഡൽഹിയിലെ വിജ്ഞാനഭവനിൽവെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള വെളിപ്പെടുത്തി.

ബിജു രാധാകൃഷ്ണൻ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ ഉമ്മൻ ചാണ്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളും പിന്നീട് പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാർ കൈമാറിയ ചെക്ക് വണ്ടിച്ചെക്ക് ആയിരുന്നുവെന്നും അതിന്റെ പേരിൽ കേസെടുക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയാണ് തടഞ്ഞതെന്നും ആരോപണം ഉയർന്നു.ജൂൺ 21ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സോളാർ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സരിതയും വെളിപ്പെടുത്തി. ജൂൺ 26ന് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ജിക്കുമോൻ ജേക്കബ് രാജിവെച്ചു. സരിതയുമായി നൂറിലേറെ തവണ ജിക്കുമോൻ ഫോണിൽ സംസാരിച്ചിരുന്നു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നിജോപ്പൻ, സലിംരാജ്, ജിക്കുമോൻ ജേക്കബ്, പിആർഡി ഡയറക്ടർ എന്നിവർ പുറത്തായി.പാലക്കാട് കിൻഫ്രാ പാർക്കിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചുനൽകാനായി പത്തനംതിട്ട സ്വദേശി ശ്രീധരൻനായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽവെച്ച് കൈമാറിയതായും ശ്രീധരൻനായർ ജൂൺ 29 ന് വെളിപ്പെടുത്തി.സരിതയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയതെന്നും ശ്രീധരൻനായർ പറഞ്ഞു.1.04 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പ്രവാസി വ്യവസായി ടി.സി മാത്യൂവാണ് പരാതി ഉന്നയിച്ച മറ്റൊരു പ്രമുഖൻ. ആരോപണങ്ങൾ പുരോഗമിക്കുന്നതിനിടെ ജൂലായ് 17ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തർ രാജിവച്ചു.

2013 ജൂൺ ആദ്യവാരം സരിത എസ്. നായർ അറസ്റ്റിലായി. അട്ടക്കുളങ്ങര ജയിലിൽ വച്ച് അവർ എഴുതി കത്തിനെ കുറിച്ച് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഡി.ഐ.ജി അടക്കമുള്ളവരുടെ രഹസ്യ സന്ദർശനവും വാർത്തയായി. തന്നെ പീഡിപ്പിച്ചവരുടെ പട്ടിക ഉൾപ്പെടുന്ന കത്തായിരുന്നു അത്. 22 പേജുള്ള കത്താണിതെന്ന് ആദ്യം റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പുറത്തുവന്നത് നാലു പേജുള്ള കത്തായിരുന്നു. അട്ടക്കുളങ്ങര ജയിലിൽ വച്ച് സരിതയുടെ മൊഴിമാറ്റാനും അധികൃതർ ശ്രമം നടത്തിയെന്നും പരാതി ഉയർന്നു. പിന്നീട് ഈ കേസ് എങ്ങനെയോ വിസ്മൃതിയിലേക്ക് പതിയെ മാഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP