Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യമെത്തിയത് ഗണേശിന്റെ പരാതി പറയാൻ; കൊലക്കേസിൽ ബിജു ജയിലിലായപ്പോൾ പിന്നേയും അഭയം തേടി; പിതൃസ്ഥാനത്തു നിന്ന ഉമ്മൻ ചാണ്ടി എങ്ങനെ സരിതയ്ക്ക് ശത്രുവായി? എല്ലാം പിള്ളയുടെ ചാണക്യബുദ്ധി

ആദ്യമെത്തിയത് ഗണേശിന്റെ പരാതി പറയാൻ; കൊലക്കേസിൽ ബിജു ജയിലിലായപ്പോൾ പിന്നേയും അഭയം തേടി; പിതൃസ്ഥാനത്തു നിന്ന ഉമ്മൻ ചാണ്ടി എങ്ങനെ സരിതയ്ക്ക് ശത്രുവായി? എല്ലാം പിള്ളയുടെ ചാണക്യബുദ്ധി

കൊട്ടാരക്കര: സോളാർ തട്ടിപ്പിൽ സരിത എസ് നായർ പറഞ്ഞതെല്ലാം മുൾമുനയിൽ നിറുത്തുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും എ ഗ്രൂപ്പിനേയുമാണ്. ബാർ മുതലാളിമാരാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറയുന്നു. അതിനിടെയാണ് സരിതയുടെ നിയന്ത്രണം തനിക്കാണെന്ന് ബാലകൃഷ്ണപിള്ള തന്നെ തുറന്ന് സമ്മതിക്കുന്നത്. ഈ വെളിപ്പെടുത്തലുകളിൽ ബാലകൃഷ്ണ പിള്ളയുടെ സ്വാധീനം സരിതയുടെ വാക്കുകളിലുമുണ്ട്. സരിത എസ്.നായർ സോളാർ കമ്മിഷനിൽ പറഞ്ഞതെല്ലാം ശരിയെന്ന് ആർ.ബാലകൃഷ്ണപിള്ള തുറന്നു പറഞ്ഞു കഴിഞ്ഞു. സോളാർക്കേസിൽ കേരളാ കോൺഗ്രസ് (ബി) ഇടപെട്ടില്ലായിരുന്നുവെങ്കിൽ രണ്ടര വർഷം മുൻപുതന്നെ സർക്കാർ വീഴുമായിരുന്നുവെന്നും അഴിമതിക്കഥകൾ സരിത പുറത്ത് പറയാതിരിക്കാൻ തന്റെ പാർട്ടി ഇടപെട്ടുവെന്നും ബാലകൃഷ്ണപിള്ള സമ്മതിക്കുകയും ചെയ്യുന്നു.

നാളെ സോളാർ കമ്മീഷന് മുന്നിൽ സരിത പീഡന കഥകളും വിശദീകരിക്കും. എല്ലാം എഴുതി കമ്മീഷന് നൽകും. എന്തു സംഭവിച്ചാലും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ വിവാദത്തിൽപ്പെടുന്ന എ ഗ്രൂപ്പ് നേതാക്കളെല്ലാം പ്രതിസന്ധിയിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ ജയിച്ചു കയറുമെന്നതാണ് പ്രശ്‌നം. എല്ലാത്തിനും പിന്നിൽ ആരെന്നും അറിയാം. സോളാർ തട്ടിപ്പുകേസിൽ സരിത എസ്. നായർ പയറ്റുന്ന അടവുകളുടെ ചുക്കാൻ പിടിക്കുന്നത് സാക്ഷാൽ ആർ ബാലകൃഷ്ണപിള്ള തന്നെന്ന് കോൺഗ്രസുകാരും തുറന്നു സമ്മതിക്കുന്നു.

കേസിന്റെ ഗതി നിയന്ത്രിക്കുന്നത് പൂർണമായും കൊട്ടാരക്കരയിൽ നിന്നാണെന്നാണ് ആക്ഷേപം. മകന്റെ ശത്രുവിന്റെ ശത്രുവിനെ മിത്രമായി മാറ്റുകയും പിന്നീട് ആശ്രയം നൽകുകയും ചെയ്ത ആർ ബാലകൃഷ്ണപിള്ള എന്ന രാഷ്ട്രീയ ചാണക്യന്റെ പിൻസീറ്റ് ഡ്രൈവിംഗിനാണ് കഴിഞ്ഞ കുറച്ചു ദിവസമായി രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത്. ബാലകൃഷ്ണപിള്ളയും സരിത എസ്. നായരും തുറന്നു സമ്മതിച്ച ഈ 'വിശുദ്ധ ബന്ധം' ലക്ഷ്യംവയ്ക്കുന്നതാകട്ടെ കേരളം കണ്ട ഏറ്റവും മികച്ച അടവുരാഷ്ട്രീയത്തിന്റെ പ്രയോക്താവും തന്ത്രശാലിയുമായ ഉമ്മൻ ചാണ്ടിയെത്തന്നെ.

യുഡിഎഫുമായി ഇടഞ്ഞുനിൽക്കുന്ന ആർ ബാലകൃഷ്ണപിള്ളയെ സരിത എസ് നായർ സമീപിക്കുന്നത് രണ്ടുവർഷം മുമ്പാണ്. 2003ൽ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരിക്കവേ അച്ഛനുവേണ്ടി സ്വന്തം മന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയും 2011ൽ അച്ഛൻ ജയിലിലായ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിൽ വനംമന്ത്രിയാകുകയും ചെയ്ത കെ ബി ഗണേശ്‌കുമാറിനെതിരെ പരാതി ഉന്നയിക്കുന്നതിനുവേണ്ടി 2013ൽ ആണ് സരിത കൊട്ടാരക്കരയിലെ കീഴൂട്ട് വീട്ടുമുറ്റത്ത് എത്തിയത്.

ശത്രുവായാലും മകൻ എന്നും മകൻതന്നെയെന്ന് ഉറപ്പുണ്ടായിരുന്ന ആർ ബാലകൃഷ്ണപിള്ള പക്ഷേ സരിതയെ പൂർണ്ണമായും വിശ്വസിച്ചില്ല. തന്റെ മകനെതിരേയുള്ള തെളിവുകൾ എല്ലാം സരിതയിൽനിന്നും അദ്ദേഹം വാങ്ങി സൂക്ഷിച്ചു. അത് ഉപയോഗിച്ച് മകനെ വേട്ടയാടാൻ ഒരിക്കൽപോലും ശ്രമിച്ചതുമില്ല. ആ സമയത്താണ് പിള്ളയും യുഡിഎഫും തമ്മിൽ ഇടയുന്നത്. ഈ വേളയിൽത്തന്നെ അച്ഛനും മകനും തമ്മിലുള്ള അകലം കുറയുകയും ചെയ്തു. പക്ഷേ ഗണേശ്‌കുമാറിന്റെ ഭാര്യ ഈ സമയം ഉമ്മൻ ചാണ്ടിയെ അഭയം പ്രാപിച്ചു. ഗണേശ്‌കുമാറിന് പരസ്ത്രീ ബന്ധമുണ്ടെന്നും അതിൽനിന്ന് തന്നേയും മക്കളേയും മോചിപ്പിക്കണമെന്നും അപേക്ഷിച്ച് അഭയം പ്രാപിച്ച യാമിനി തങ്കച്ചിയെ പക്ഷേ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ആയുധമാക്കി.

ഗണേശ്‌കുമാറും ബാലകൃഷ്ണപിള്ളയും യുഡിഎഫിനോടും ഉമ്മൻ ചാണ്ടിയോടും യുദ്ധം പ്രഖ്യാപിച്ച സമയമായിരുന്നു അത്. പിള്ളയേയും മകനേയും വരുതിയിലാക്കാൻ ഉമ്മൻ ചാണ്ടി അന്ന് തന്റെ വലംകൈയായ പി സി ജോർജ്ജിനെ ചുമതലപ്പെടുത്തി. കുതന്ത്രങ്ങളുടെ സർവ്വകലാശാലയായ പി സി ജോർജ് ഗണേശ്‌കുമാറിനെ ഇക്കാര്യം പറഞ്ഞ് വിരട്ടി. അതിനു മറുപടിയായി വനംമന്ത്രിയായിരുന്ന ഗണേശ് കുമാർ നെല്ലിയാമ്പതിയിൽ പി സി ജോർജ്ജിന്റെ ആശ്രീതരുടെ കയ്യേറ്റം മുഴുവൻ തിരിച്ചു പിടിക്കാൻ ഉത്തരവിട്ടു. കഥയാകെ മാറി. ഗണേശ് കുമാറിന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ച് മംഗളം ദിനപത്രം ഒന്നാംപേജിൽ പ്രധാന വാർത്തയും പിന്നീട് തുടർവാർത്തകളും നൽകി. വാർത്ത ശരിവച്ച് ഗണേശിന്റെ ഭാര്യ യാമിനി തങ്കച്ചി നേരിട്ടു മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. നിലവിലെ യുഡിഎഫ് മന്ത്രിസഭയിൽ രാജിവയ്ക്കുന്ന ആദ്യത്തെ ആളായി ഗണേശ്‌കുമാർ സ്ഥാനമൊഴിഞ്ഞു.

പിന്നീടാണ് സോളാർ തട്ടിപ്പു കേസ് രംഗത്തുവരുന്നത്. കേസിൽ പിടിയിലായ ബിജു രാധാകൃഷ്ണൻ ഗണേശ്‌കുമാറിനെതിരേ ഭാര്യ യാമിനി തങ്കച്ചി ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവച്ചു. ഗണേശിനെ വീട്ടിൽകയറി മർദ്ദിച്ചത് താനാണെന്നും സരിതയുമായി ഗണേശ് കുമാറിനുള്ള ബന്ധമാണ് തല്ലിൽ കലാശിച്ചതെന്നും ബിജു പറഞ്ഞു. പക്ഷേ ഈ സമയത്ത് ബാലകൃഷ്ണപിള്ളയും ഗണേശ്‌കുമാറും തമ്മിലുള്ള അകലം കുറഞ്ഞുവരികയായിരുന്നു. സരിതയും ബിജുവും തമ്മിൽ അകലാനും തുടങ്ങിയിരുന്നു. ബിജുവിന്റെ ഭാര്യ രശ്്മി നായരെ കൊന്ന കേസിൽ താനും കുടുങ്ങുമെന്നായതോടെ സരിത ബിജുവുമായി അകന്നു.

സരിത പിന്നെയും ബാലകൃഷ്ണ പിള്ളയെ അഭയം തേടി. ബിജുവിനെതിരെയുള്ള തെളിവുകളുമായാണ് സരിത അന്ന് ബാലകൃഷ്ണപിള്ളയെ തേടിയെത്തിയത്. എന്നാൽ അതിൽ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ അതികായനെ ചങ്ങലക്കിടാവുന്ന രേഖകൾ ഉണ്ടെന്ന് ബാലകൃഷ്ണപിള്ളയെന്ന ചാണക്യൻ മനസിലാക്കി. അതിനിടയിൽ സരിതയും അറസ്റ്റിലായി. സർക്കാരിന്റെ 'വിശിഷ്ടാതിഥി'യായി ജയിലിൽ എത്തിയ സരിതയ്ക്കും ബിജുവിനും തുടക്കത്തിൽ വിഐപി പരിഗണനയാണ് ലഭിച്ചത്. എന്നാൽ സരിതയും സർക്കാരും തമ്മിലുള്ള ബന്ധം ബിജു രാധാകൃഷ്ണന് കുരുക്കായി. അതേസമയം സരിത ജയിലിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ബാലകൃഷ്ണപിള്ളയോട് കൂടുതൽ സൗഹൃദത്തിലായി. ആദ്യകാലത്ത് സരിതയുടെ ആജ്ഞാനുവർത്തിയായ ഫെനി ബാലകൃഷ്ണൻ മുഖേന സരിത തന്റെ പക്കലുള്ള എല്ലാ തെളിവുകളും ബാലകൃഷ്ണപിള്ളയ്ക്ക് കൈമാറി. അതോടെ പിള്ള ഉമ്മൻ ചാണ്ടിയുമായി തുറന്ന യുദ്ധത്തിന് തയ്യാറായി.

തന്റെ മകന്റെ കുടുംബം തകർത്ത ബിജു രാധാകൃഷ്ണനെതിരേയുള്ള തെളിവുകളെല്ലാം യുഡിഎഫിലെ മന്ത്രിമാരിലും എംഎൽഎ മാരിലും അതിലൂടെ ഉമ്മൻ ചാണ്ടിയിലും ചെന്നെത്തുന്നത് ബാലകൃഷ്ണപിള്ളയ്ക്ക് മനസ്സിലായി. ഈ രേഖകൾ കാണിച്ച് ഗണേശിനെ മന്ത്രിയാക്കാൻ പിള്ള ശ്രമിച്ചു. ഉമ്മൻ ചാണ്ടി വഴങ്ങാതായതോടെ പിള്ള താൽക്കാലികമായി പിൻവാങ്ങി. സരിത ജയിൽമോചിതയാകുന്നതുമുതൽ പിള്ള വീണ്ടും കച്ചകെട്ടി. ജയിലിൽനിന്നിറങ്ങിയ സരിതയ്ക്ക് താവളമൊരുക്കിയത് പിള്ളയുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ. പൊലീസിനും ഇന്റലിജൻസ് വിഭാഗത്തിനും കണ്ടുപിടിക്കാനാകാത്ത വിധത്തിൽ സരിത സുരക്ഷിതയായി. ഈ കാലയളവിൽ സരിതയുടെ കടങ്ങൾ പകുതിയും തീർന്നു. കേസ് പറയാനുള്ള കാശ് ഒഴുകിയെത്തി. പയറ്റിത്തെളിഞ്ഞ ഒരു രാഷ്ട്രീയ നേതാവിന്റെ ചാതുരിയോടെ സരിത ഉമ്മൻ ചാണ്ടിക്കെതിരേ ആഞ്ഞടിച്ചു. ആരോപണങ്ങൾക്ക് പലതിനും തെളിവും ഹാജരാക്കി. ബാക്കിയുള്ളവ ബാലകൃഷ്ണപിള്ളയുടെ കൈകളിൽ ഭദ്രം. സരിതയും ബാലകൃഷ്ണ പിള്ളയും ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ജയിലിൽ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈൽ ഉപയോഗിച്ചാണ് സരിത ബാലകൃഷ്ണപിള്ളയുമായി സംസാരിച്ചത്. മണിക്കൂറുകളോളം ഇരുവരും സംസാരിച്ചിരുന്നു. സരിത പറയുന്ന തെളിവുകളെല്ലാം വക്കീൽ ഫെനി ബാലകൃഷ്ണൻ പിള്ളയ്ക്ക് കൈമാറി. ഇതിനിടയിൽ ഫെനി അവസരം മുതലാക്കാനുള്ള ശ്രമം നടത്തുന്നതായി മനസിലാക്കിയ ബാലകൃഷ്ണപിള്ളതന്നെ അയാളെ ഒഴിവാക്കാൻ സരിതയോട് നിർദ്ദേശിച്ചു. പിന്നീട് തന്റെ ആളും അർത്ഥവും സരിതയ്ക്കുവേണ്ടി വിനിയോഗിക്കാൻ പിള്ള തയ്യാറായി. എല്ലാം ഉമ്മൻ ചാണ്ടി എന്ന തന്ത്രശാലിയെ ലക്ഷ്യമിട്ടുമാത്രം.

തന്നെയും മകനേയും പുകച്ചു പുറത്തുചാടിച്ച ഉമ്മൻ ചാണ്ടിയേും യുഡിഎഫിനേയും തകർക്കുക എന്ന ലക്ഷ്യം മാത്രമാണ് ബാലകൃഷ്ണ പിള്ളയെ നയിക്കുന്നത്. ചതുരംഗക്കളത്തിലെ രാജാവാകാൻ ബാലകൃഷ്ണപിള്ള നീക്കുന്ന കരുവായി സരിത മാറിക്കഴിഞ്ഞെന്നാണ് കോൺഗ്രസിലെ എ പക്ഷത്തിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിക്കുപകരം മനക്കരുത്തും തന്ത്രവും കൈമുതലായുള്ള ആർ ബാലകൃഷ്ണപിള്ളയെന്ന നേതാവിനെ തന്റെ പിതാവിന്റെ സ്ഥാനത്ത് സങ്കൽപ്പിച്ചാണ് സരിത മുന്നേറുന്നതെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP