Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ ലീഗിന്റെ കുറ്റസമ്മതം; ഗുജറാത്ത് ഇരകളുടെ പുനരധിവാസത്തിൽ നോട്ടപ്പിശകുണ്ടായി; വസ്തുത അഹമ്മദ് സാഹിബ് പറയുമെന്ന് ഇ ടി; പിരിച്ച കോടികളുടെ കണക്കു പറയാൻ ധൈര്യമുണ്ടോയെന്ന് കെ ടി ജലീൽ

ഒടുവിൽ ലീഗിന്റെ കുറ്റസമ്മതം; ഗുജറാത്ത് ഇരകളുടെ പുനരധിവാസത്തിൽ നോട്ടപ്പിശകുണ്ടായി; വസ്തുത അഹമ്മദ് സാഹിബ് പറയുമെന്ന് ഇ ടി; പിരിച്ച കോടികളുടെ കണക്കു പറയാൻ ധൈര്യമുണ്ടോയെന്ന് കെ ടി ജലീൽ

കോഴിക്കോട്: ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് മുസ്ലീലീഗ് നിർമ്മിച്ചുകൊടുത്തത് തട്ടിക്കുട്ട് വീടുകളാണെന്ന വിവാദത്തിൽ ഒടുവിൽ ലീഗ് നേതൃത്വത്തിന്റെ കുറ്റ സമ്മതം. ഗുജറാത്ത് പുനരധിവാസ പ്രവർത്തനങ്ങളിൽ നോട്ടപ്പിശക് സംഭവിച്ചതായി പാർട്ടി അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, കോഴിക്കോട് ലീഗ് ഹൗസിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗത്തെ അറിയിച്ചു. ഇക്കാര്യം ആരും ലീഗിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ലെന്നും ഇരകളെ പുനരധിവസിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുജറാത്തിന്റെ പേരിൽ പിരിച്ച കോടികളുടെ കണക്ക് പുറത്തുവിടാൻ ധൈര്യമുണ്ടോയെന്ന് മുൻ ലീഗ് നേതാവുും ഇപ്പോൾ ഇടത് എംഎ‍ൽഎയുമായ കെ.ടി ജലീൻ ചോദിച്ചു.

ഗുജറാത്ത് വംശഹത്യാ ഇരകൾക്കായി അഹ്മദാബാദിലെ ദാനിലിംഡയിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് നടുവിൽ മുസ്ലിം ലീഗ് പണികഴിപ്പിച്ച വീടുകളെയും അവിടെ നരകതുല്യമായി ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങളേയും കുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഈ വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് വിശദീകരിക്കേണ്ടിവന്നത്.

ഇക്കാര്യത്തിൽ പാർട്ടിക്ക് നോട്ടപ്പിശക് സംഭവിച്ചിട്ടുണ്ടെന്ന ആമുഖത്തോടെയാണ് ഇ.ടി പ്രസംഗം ആരംഭിച്ചത്. 2004ലാണ് ദാനിലിംഡയിലെ സിറ്റിസൺസ് നഗരിയിൽ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ലീഗ് വീടുകൾ നിർമ്മിച്ചുനൽകിയത്. അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ് സാഹിബാണ് ഇതിന്റെ ചുക്കാൻപിടിച്ചത്. അഹ്മദാബാദിൽ പ്രവർത്തിക്കുന്ന പ്രമുഖ ട്രസ്റ്റിനെയാണ് ഈ ദൗത്യം പാർട്ടി ഏൽപിച്ചത്. സ്ഥലം തെരഞ്ഞെടുത്തതുൾപ്പെടെ എല്ലാം ട്രസ്റ്റ് തന്നെയാണ് ചെയ്തത്. അന്ന് ഈ സ്ഥലത്ത് ഇത്രമാത്രം മാലിന്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് കുടുംബങ്ങളെല്ലാം അങ്ങോട്ട് മാറിത്താമസിച്ചത്.

മുസ്ലിം ലീഗ് നിർമ്മിച്ചുനൽകിയ 40 വീടുകൾ മാത്രമല്ല നൂറുകണക്കിന് വേറെയും വീടുകൾ ഇവിടെയുണ്ട്. ഈ പ്രദേശം ഇപ്പോൾ ദുർഗന്ധപൂരിതമാണെന്നത് ശരിയാണ്. താമസക്കാർക്ക് കൈവശ രേഖകൾ ട്രസ്റ്റ് കൈമാറാത്തതിനെക്കുറിച്ച് അറിയില്ല. ഇതിനെക്കുറിച്ച് അഹമ്മദ് സാഹിബിനോട് ചോദിക്കണം. അദ്ദേഹമാകട്ടെ ചികിത്സാർഥം അമേരിക്കയിലുമാണ്. അവിടെ പുനരധിവസിപ്പിക്കപ്പെട്ടവരുടെ അവസ്ഥയെക്കുറിച്ച് അവലോകനം ചെയ്യാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. അവിടത്തെ മോശമായ സ്ഥിതിയെക്കുറിച്ച് പാർട്ടിയെ ആരും അറിയിച്ചിട്ടുമില്ല. എന്നാൽ, ഇപ്പോൾ രാഷ്ട്രീയ അജണ്ട വച്ച് ചില മാദ്ധ്യമങ്ങൾ ഇത് ആയുധമാക്കുകയാണെന്നും ഇ.ടി പറഞ്ഞു.

പ്രവർത്തക സമിതുക്കുശേഷം നടന്ന വാർത്താസമ്മേളനത്തിൽ, ദാനിലിംഡയിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് ഇടയിൽ കഴിയുന്ന കുടുംബങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാൻ മുസ്ലിം ലീഗ് ഉത്സാഹിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദാനിലിംഡയിലെ സിറ്റിസൺ നഗറിൽ ലീഗ് പണിത് നൽകിയ വീടുകളിൽ കഴിയുന്നവർക്ക് കൈവശരേഖകൾ ലഭ്യമാക്കുന്നതിനും ലീഗ് പ്രയത്‌നിക്കും. മുസ്ലിം ലീഗ് നിർമ്മിച്ചുനൽകിയ 40 വീടുകളിൽ 2004 മുതൽ ഒട്ടേറെ കുടുംബങ്ങൾ താമസിച്ചുവരുന്നുണ്ട്.

മാലിന്യപ്രശ്‌നം ഇത്ര രൂക്ഷമല്ലാത്ത കാലത്താണ് അവിടേക്ക് പുനരധിവാസം നടന്നത്. ലീഗ് പുനരധിവസിപ്പിച്ച കുടുംബങ്ങൾ മാത്രമല്ല ആയിരക്കണക്കിന് പേർ ഇപ്പോഴും ഇവിടെ കഴിയുന്നുണ്ട്. കേരളത്തിലെ മറ്റ് സംഘടനകളൊന്നും ഗുജറാത്ത് ഇരകളുടെ പുനരധിവാസത്തിന് മുന്നിട്ടിറങ്ങിയതായി അറിയില്ല. സദുദ്ദേശ്യപരമായി ലീഗ് ചെയ്ത പ്രവൃത്തിയിൽ കുറ്റം കണ്ടുപിടിക്കുക വളരെ എളുപ്പമാണെന്നും ഇരുനേതാക്കളും പറഞ്ഞു. മുസഫർ നഗറിലും മുസ്ലിം ലീഗ് 64 വീടുകൾ നിർമ്മിച്ചുനൽകും. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചുവരുകയാണ്. ലീഗ് നേതാക്കൾ വ്യക്തമാക്കി.

അതേസമയം ഇരകളെ സഹായിക്കാൻ എത്ര കോടി രൂപ ഏതൊക്കെ ജില്ലകളിൽനിന്നും വിദേശത്തുനിന്നും മുസ്ലിംലീഗിന് പിരിഞ്ഞുകിട്ടി എന്ന് വ്യക്തമാക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്ന് കെ.ടി. ജലീൽ എംഎ‍ൽഎ ആവശ്യപ്പെട്ടു. ഗുജറാത്ത് ഇരകളെ മാലിന്യം തള്ളുന്ന ദാനിലിംഡയിൽ പുനരധിവസിപ്പിക്കുന്നതിന,് 40 ഷീറ്റിട്ട കൂര ഉണ്ടാക്കാൻ അഹ്മദാബാദിലെ നവാബ് ബിൽഡേഴ്‌സിന് എത്ര രൂപ നൽകി എന്നതാണ് ജനങ്ങൾക്ക് അറിയേണ്ടത്. ഇക്കാര്യം മുസ്ലിം ലീഗ് വെളിപ്പെടുത്താത്തിടത്തോളം കാലം ഗുജറാത്ത് ഫണ്ട് വിവാദം മുസ്ലിം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.

പിരിച്ച കണക്ക് ചോദിക്കുമ്പോൾ മറ്റുള്ളവർ പിരിച്ച കണക്ക് തിരിച്ചുചോദിച്ച് സായുജ്യമടയുകയാണ് ലീഗ് പത്രം. ഈ വിഷയത്തിൽ തുറന്ന സംവാദത്തിന് ലീഗ് തയാറാകണം. ഗുജറാത്ത് റിലീഫിന് പന്ത്രണ്ട് വർഷം മുമ്പ് പിരിച്ച കണക്ക് തങ്ങളുടെ കൈയിലില്‌ളെന്നാണ് ലീഗിന്റെ വാദമെങ്കിൽ രാജ്യത്തെ 12 കോടി മുസ്ലിംകളുടെ അവകാശ സൂക്ഷിപ്പുകാരാവാൻ ലീഗിനെങ്ങനെ കഴിയുമെന്നും ജലീൽ ചോദിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP