Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിക്കൻ വാങ്ങാൻ മൂക്കുപൊത്തി പോകേണ്ട മലയാളിയുടെ അവസ്ഥയ്ക്ക് പരിഹാരമാകുമോ? വഴിയിലും വരമ്പത്തും പുഴയോരത്തും കോഴി മാലിന്യങ്ങൾ വിതറുന്ന സ്വഭാവത്തിന് പിടിവീഴുന്നു; ലൈസൻസില്ലാത്ത കോഴിക്കടകൾക്ക് താഴ് വീഴും; പാപ്പിനിശേരിയിൽ സംസ്ഥാനത്തെ ആദ്യ അറവ് മാലിന്യ സംസ്‌കരണശാല കൂടി തുടങ്ങിയതോടെ കാര്യങ്ങൾ ഇനി പഴയപോലെയല്ല

ചിക്കൻ വാങ്ങാൻ മൂക്കുപൊത്തി പോകേണ്ട മലയാളിയുടെ അവസ്ഥയ്ക്ക് പരിഹാരമാകുമോ? വഴിയിലും വരമ്പത്തും പുഴയോരത്തും കോഴി മാലിന്യങ്ങൾ വിതറുന്ന സ്വഭാവത്തിന് പിടിവീഴുന്നു; ലൈസൻസില്ലാത്ത കോഴിക്കടകൾക്ക് താഴ് വീഴും; പാപ്പിനിശേരിയിൽ സംസ്ഥാനത്തെ ആദ്യ അറവ് മാലിന്യ സംസ്‌കരണശാല കൂടി തുടങ്ങിയതോടെ കാര്യങ്ങൾ ഇനി പഴയപോലെയല്ല

രഞ്ജിത്ത് ബാബു

കണ്ണൂർ: മരക്കുറ്റിയും കത്തിയും ബക്കറ്റുമുണ്ടായാൽ ഇനി അറവ് ശാലകൾക്ക് പ്രവർത്തിക്കാനാവില്ല. സംസ്ഥാനത്തെ 27,000 ലേറെ കോഴിയിറച്ചി വിൽപ്പനശാലകൾക്ക് ഇതുവരെ ലൈസൻസ് ഉണ്ടായിരുന്നില്ല. അതിന് തടയിടാൻ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ അറവ് മാലിന്യ സംസ്‌ക്കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. മറ്റ് ജില്ലകളിലുംം ഇത്തരം മാലിന്യ സംസ്‌ക്കരണ യൂണിറ്റുകൾ ഉടൻ നടപ്പാക്കാൻ സർക്കാർ തലത്തിൽ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്.നാളിതുവരെ അറവ് ശാലക്കായി ഒരൊറ്റ കോഴിക്കച്ചവടക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സമീപിച്ചിട്ടില്ലെന്ന് മുൻ മീറ്റ് പ്രോഡക്ട്സ് ഇന്ത്യാ ഡയറക്ടർ ഡോ. പി.വി. മോഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു.അനാരോഗ്യകരമായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ അറവ് ശാലകൾ പ്രവർത്തിക്കുന്നത്. അണുവിമുക്തമായ അന്തരീക്ഷം ഒരറവുശാലകൾക്കുമില്ല. ഇത് മാംസാഹാരികൾക്ക് ഒട്ടേറെ രോഗസാധ്യതയും ഉണ്ടാക്കുന്നുണ്ട്. 25 ലക്ഷം കോഴികളെയാണ് ഒരു ദിവസം സംസ്ഥാനത്തുകൊന്നു വിൽക്കുന്നത്. ഇറച്ചി വിൽപ്പന മുതൽ ഇത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കേരളത്തെ അതീവ ഗുരുതരമായി ബാധിക്കുന്നു. ഇറച്ചി ഉപഭോക്താക്കൾ മുതൽ സർവ്വ ജനങ്ങളും ഇതിന്റെ ഇരകളാണ്. 25 ലക്ഷം കോഴികളിൽ നിന്നുണ്ടാവുന്ന അവശിഷ്ടങ്ങൾ മാത്രം 1500 ടണ്ണിലധികം വരും. ഈ കോഴിമാലിന്യങ്ങൾ എത്തുന്നത് കേരളത്തിലെ പുഴകളിലും ദേശീയ പാതക്കരികിലും വഴിയോരങ്ങളിലുമാണ്. തെരുവു നായ്ക്കളുടെ മുഖ്യ ആഹാരവും ഇതാണ്. 


കോഴിമാലിന്യത്തെ ശാസ്ത്രീയമായി സംസ്‌ക്കരിച്ച് മീറ്റ് മീലായും ജൈവവളമായും മാറ്റുന്ന പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ ആരംഭിച്ചിരിക്കയാണ്. കൂത്തുപറമ്പിലും പയ്യന്നൂരിലും സംസ്‌ക്കരണ പ്ലാന്റിന്റെ നിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്. ഇതോടെ കോഴിക്കടകൾക്ക് ലൈസൻസ് നിർബന്ധമാക്കിവരികയാണ്. ഓരോ കോഴിക്കടയിലും മാലിന്യ സംസ്‌ക്കരണ യൂനിറ്റ് ഉണ്ടാകണമെന്നായിരുന്നു നിലവിലുള്ള വ്യവസ്ഥ. എന്നാൽ ഇത് ഒരിടത്തും പാലിക്കപ്പെട്ടിട്ടില്ല. കോഴികളെ ജീവനോടെ തൂക്കി വിൽക്കുന്ന അനുമതി മാത്രമേ ഇവയ്ക്കെല്ലാമുള്ളൂ. അതുകൊണ്ടു തന്നെ ലൈസൻസില്ലാതെയാണ് ഈ കടകളെല്ലാം അറവ് ശാലയായി പ്രവർത്തിച്ചത്.

ഗ്രാമ പഞ്ചായത്തും സ്വകാര്യ സംരംഭകരും ചേർന്ന് പാപ്പിനിശ്ശേരിയിലെ മാലിന്യ സംസ്‌ക്കരണ കേന്ദ്രം ആരംഭിച്ചതോടെ കോഴിക്കച്ചവടക്കാരുടെ സ്ഥാപനത്തിലെത്തി അതാത് ദിവസം മാലിന്യം ശേഖരിക്കും. ഇത് സംബന്ധിച്ച കരാർ കച്ചവടക്കാരും പാപ്പിനിശ്ശേരിയിലെ മാലിന്യ സംസ്‌ക്കരണ യൂണിറ്റും ചേർന്ന് ഉണ്ടാക്കും. മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച പ്ലാന്റിൽ കണ്ണൂർ കോർപ്പറേഷൻ സമീപ പഞ്ചായത്തുകളിലേയും കോഴിമാലിന്യം എത്തിക്കും. അതിനായി കച്ചവടക്കാർ എഫ്.എസ്. എസ്. എ.യുടെ അംഗീകാരം ലഭ്യമാക്കാൻ തയ്യാറാവണം.

റെന്ററിങ് പ്ലാന്റിൽ കോഴിമാലിന്യം എത്തിക്കുന്ന കാരാറിലേർപ്പെട്ടാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കും. ഈ അനുമതിയും മാലിന്യ സംസ്‌ക്കരണ അംഗീകാരവും 200 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള അറവ് ശാലയുമുണ്ടെങ്കിൽ അവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് നൽകും. ഇങ്ങനെ ലൈസൻസ് കരസ്ഥമാക്കാതെ അറവ് ശാല നടത്തിയാൽ ആറ് മാസം തടവും പിഴയുമായിരിക്കും ശിക്ഷ. സ്ഥാപനം അടച്ചു പൂട്ടുകയുംചെയ്യും.

നിലവിൽ സ്വകാര്യ ഏജൻസികൾ ഒരു കിലോ ഗ്രാം അറവ് മാലിന്യം ശേഖരിക്കാൻ എട്ട് രൂപ ഈടാക്കി സംഭരിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം പുഴകളിലും വഴിയോരങ്ങളിലും കൊണ്ടു പോയി കളയുകയാണ്. കേരളത്തിലെ പാതകൾ വഴി ദുർഗന്ധം സഹിച്ച് സഞ്ചരിക്കേണ്ട അവസ്ഥയും ഇതുമൂലമുണ്ടാകുന്നു. ഇതെല്ലാം ഇനി അനുവദിക്കപ്പെടില്ല. ഇങ്ങിനെ ചെയ്യുന്ന ഏജൻസികൾക്ക് കടുത്ത ശിക്ഷയും നടപ്പാക്കും. മാലിന്യ സംസ്‌ക്കരണ സംവിധാനമില്ലാത്തതും ലൈസൻസ് ഇല്ലാത്തതുമായി ചിക്കൻ സ്റ്റാളുകളിൽ നിന്നും ഹോട്ടലുകൾക്ക് ചിക്കൻ വാങ്ങാൻ അനുമതിയുണ്ടാവില്ല. ആധുനിക ഡ്രൈ റെന്ററിങ് പ്ലാന്റുകളിൽ സംസ്‌ക്കരിക്കുന്നവർക്ക് മാത്രമേ ഇനി പ്രവർത്തിക്കാനാവൂ. അന്യ സംസ്ഥാനത്തെ തൊഴിലാളികളാണ് മാലിന്യം എടുത്തുകൊണ്ടു പോയി തെരുവോരങ്ങളിൽ നിക്ഷേപിക്കുന്ന ഏജൻസികളായി പ്രവർത്തിക്കുന്നത്. ഈ രീതി പൂർണ്ണമായും നിരോധിക്കും.

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ആരംഭിച്ച ക്ലീൻ കണ്ണൂർ വെൻഞ്ചേഴ്സിന്റെ ശേഖരണ രീതി തന്നെ മികച്ചതാണ്. വലിയ വീപ്പകളിൽ നമ്പറിട്ടാണ് കോഴിമാലിന്യം ശേഖരിക്കുക. ഭദ്രമായി അടച്ച വീപ്പകൾ പ്രത്യേക വാഹനങ്ങളിൽ വായുപോലും അകത്ത് കടക്കാത്ത രീതിയിലാണ് പ്ലാന്റുകളിൽ എത്തിക്കുക. രണ്ട് കിലോ ഗ്രാം കോഴിയിൽ നിന്നും 626 ഗ്രാം മാലിന്യമുണ്ടാകും. 31 കിലോഗ്രാം മുതൽ 625 കിലോ ഗ്രാം വരെ ഒരു കോഴിക്കടയിൽ നിന്നും മാലിന്യമുണ്ടാകും. 160 ഡിഗ്രി സെന്റീഗ്രേഡിൽ ആറ് മണിക്കൂർ നീരാവിയിൽ പ്രഷർ കുക്കറിൽ വേവിച്ച് പൊടിയാക്കുന്നതാണ് റെന്ററിങ് രീതി. വേവിക്കുന്നതിനോടൊപ്പം അതിലെ ജലത്തിന്റെ അളവ് കുറക്കുന്നതിനും ഹോമോജിനൈസ് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്. പ്ലാന്റിന്റെ സംവിധാനങ്ങളിങ്ങനെ. ഡയജസ്റ്റർ, മാലിന്യം കൈകാര്യം ചെയ്യുന്ന സംവിധാനം, വാക്വം സൃഷ്ടിക്കുന്ന സംവിധാനം, നീരാവിയാക്കൽ, ജലാംശം നീക്കൽ, എന്നിവയും ഉണ്ട്. തൂവൽ ഉൾപ്പെടെയുള്ള എല്ലാ ജൈവ മാലിന്യങ്ങളും ഹൈഡ്രോ ലൈസിസ് എന്ന പ്രക്രിയയിൽ വെന്ത് പൊടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിൽ നിന്നും മികച്ച് മീറ്റ് മീൽ ലഭിക്കും. ഒപ്പം കേരളം മാലിന്യ മുക്തമാകുന്നതിന് തുടക്കമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP