Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

16 നിലകളുമുള്ള അത്യാഢംബര നൗക; 5622 പേർക്ക് ആർത്തുല്ലസിച്ച് അടിപൊളിയായി താമസിച്ചു യാത്ര ചെയ്യാം; അന്താരാഷ്ട്ര വിഭവങ്ങളും തനിനാടൻ ഭക്ഷണവും ഒരുക്കാൻ 20 റസ്റ്റോറന്റുകളിലായി പ്രശസ്തരായ ഷെഫുമാർ; റോബോട്ടുകൾ തയ്യാറാക്കുന്ന ജ്യൂസ് കഴിച്ച് വിനോദങ്ങൾ ആസ്വദിക്കാം; അമ്യൂസ്‌മെന്റുകൾക്കായി ഒരുക്കിയത് ഒരു 'വണ്ടർല' തന്നെ; മദ്യം നുകരാൻ അതിസുന്ദര ബാറുകളും കാസിനോകളും; കൊച്ചി തുറമുഖത്ത് എത്തിയ അത്യാഢംബരത്തിന്റെ അവസാന വാക്കായ ആഡംബര കപ്പൽ സ്പെക്ട്രം ഓഫ് ദ സീസിന്റെ വിശേഷങ്ങൾ ഇങ്ങനെ

16 നിലകളുമുള്ള അത്യാഢംബര നൗക; 5622 പേർക്ക് ആർത്തുല്ലസിച്ച് അടിപൊളിയായി താമസിച്ചു യാത്ര ചെയ്യാം; അന്താരാഷ്ട്ര വിഭവങ്ങളും തനിനാടൻ ഭക്ഷണവും ഒരുക്കാൻ 20 റസ്റ്റോറന്റുകളിലായി പ്രശസ്തരായ ഷെഫുമാർ; റോബോട്ടുകൾ തയ്യാറാക്കുന്ന ജ്യൂസ് കഴിച്ച് വിനോദങ്ങൾ ആസ്വദിക്കാം; അമ്യൂസ്‌മെന്റുകൾക്കായി ഒരുക്കിയത് ഒരു 'വണ്ടർല' തന്നെ; മദ്യം നുകരാൻ അതിസുന്ദര ബാറുകളും കാസിനോകളും; കൊച്ചി തുറമുഖത്ത് എത്തിയ അത്യാഢംബരത്തിന്റെ അവസാന വാക്കായ ആഡംബര കപ്പൽ സ്പെക്ട്രം ഓഫ് ദ സീസിന്റെ വിശേഷങ്ങൾ ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലുകളിൽ ഒന്നായ സ്പെക്ട്രം ഓഫ് ദ സീസ് കൊച്ചി തുറമുഖത്ത് എത്തി. 71 രാജ്യങ്ങളിൽ നിന്നുള്ള 4,000 ത്തിലധികം യാത്രക്കാരും 1,700 ഓളം ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. യാത്രയിൽ ഇന്ത്യയിലെ രണ്ട് തുറമുഖങ്ങളിലാണ് കപ്പൽ നങ്കൂരമിട്ടത്. മുംബൈ, കൊച്ചി എന്നിവയായിരുന്നു ഈ യാത്രയിലെ കപ്പലിന്റെ വിശ്രമ കേന്ദ്രങ്ങൾ. സിംഗപ്പൂരിലേക്കുള്ള 14 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിലാണ് കപ്പലിപ്പോൾ. ലോകത്തെ ഏറ്റവും ചെലവേറിയ ആഡംബര കപ്പൽ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലാണ് കപ്പൽ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ കപ്പൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് തീരത്ത് ചെലവിട്ടത്. കൊച്ചിയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഗംഭീര സീകരണമാണ് കപ്പലിന് നൽകിയത്.

ദുബൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള 14 രാത്രികൾ നീണ്ട യാത്രക്കിടെയാണ് റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ആഡംബര കപ്പൽ ഒരു പകൽ കൊച്ചിയിൽ തങ്ങിയത്. ആധുനിക സുരക്ഷാ -സാങ്കേതിക-ഇന്റീരിയർ സംവിധാനങ്ങൾ ഇതിനെ മറ്റ് യാത്രാകപ്പലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കപ്പലിന്റെ ആദ്യ ഏഷ്യൻ സന്ദർശനമായിരുന്നു ഇന്ത്യയിൽ. മുംബൈയിൽ ഒരു പകൽ തങ്ങിയ ശേഷമാണ് കൊച്ചിയിലെത്തിയത്. കപ്പലിന്റെ രണ്ടാംഘട്ട യാത്രയാണിത്. മെയ് നാലിന് ദുബൈ പോർട്ടിൽ നിന്നാണ് യാത്ര തുടങ്ങിയത്. മസ്‌ക്കറ്റ് വഴി എട്ടു ദിനം പിന്നിട്ടാണ് കൊച്ചിയിലെത്തിയത്. രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 16ന് പെനാങിലെത്തിയ ശേഷം(മലേഷ്യ) സിംഗപ്പൂരിലേക്ക് മടങ്ങും. 18ന് വൈകിട്ട് സിംഗപ്പൂരിലെത്തും.

ഇന്ത്യൻ തീരങ്ങളിൽ ഇതേവരെ അടുത്തിട്ടുള്ളതിൽ ഏറ്റവും വലുതും നൂതനവുമായ ആഡംബര കപ്പലാണിത്. കപ്പൽ വിനോദയാത്രക്കാരുടെ ഇഷ്ടപ്രദേശമായതിനാലാണ് ഏഷ്യയിൽ സന്ദർശിക്കേണ്ട രണ്ടാമത്തെ തുറമുഖമായി കൊച്ചി തെരഞ്ഞെടുത്തതെന്ന് ക്യാപ്റ്റൻ ചാൾസ് ടൈഗ് പറഞ്ഞു. കൊച്ചി തുറമുഖ അധികൃതർ കപ്പലിന് ഊഷ്മള സ്വീകരണം നൽകി. ഹോട്ടൽ ഡയറക്ടർ ജോണി, തിരുൺ സിഇഒ വരുൺ ഛദ്ദ എന്നിവർ സംസാരിച്ചു. നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ കപ്പലുകളായ ക്വാണ്ടം ഓഫ് ദ സീസ്, ഒവേഷൻ ഓഫ് ദ സീസ് എന്നിവയുടെ സഹോദര കപ്പലാണ് സ്‌പെക്ട്രം ഓഫ് ദ സീസ്. അടുത്ത മാസം ഷാങ്ഹായിയിൽ നിന്നാണ് കപ്പലിന്റെ മൂന്നാം യാത്ര. ഈ വർഷം നവംബർ മുതൽ അടുത്ത വർഷം ഏപ്രിൽ വരെ 34 വിവിധ യാത്രകൾക്കുശേഷം അറ്റകുറ്റ പണിക്കായി സിംഗപ്പൂരിൽ തിരിച്ചെത്തും.

അത്യാഢംബരത്തിനായി ചെലവാക്കിയത് 8,750 കോടി രൂപ

71 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി കൊച്ചി കാണാനെത്തിയതാണ് ഈ ആഡംബര കപ്പൽ. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര കപ്പലെന്നാണ് 'സ്പെക്ട്ര'ത്തിന്റെ ഉടമസ്ഥരായ റോയൽ കരീബിയൻ ഇന്റർനാഷണൽ നൽകിയിരിക്കുന്ന വിശേഷണം. ഈ വർഷം ഏപ്രിലിൽ ബാഴ്‌സലോണയിലാണ് കപ്പൽ പുറത്തിറക്കിയത്. ഇന്ത്യയിലേക്കുള്ള ഈ ആദ്യയാത്രയിൽ രണ്ട് തുറമുഖങ്ങളിൽ മാത്രമാണ് സന്ദർശനം.

മുംബൈയിലേക്കായിരുന്നു ആദ്യം. അവിടെ നിന്ന് ശനിയാഴ്ച രാവിലെ കൊച്ചിയിലേക്കെത്തി. ഏതാനും മണിക്കൂറുകൾ മാത്രമാണ് കൊച്ചിയിൽ ചെലവഴിച്ചത്. ദുബായിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേയാണ്. ഈ മാസം 18-ന് ലക്ഷ്യസ്ഥാനത്തെത്തും. ചാൾസ് ടെയ്ഗാണ് ക്യാപ്റ്റൻ. വെർച്വൽ റിയാലിറ്റി ഉൾപ്പെടെയുള്ളവ വിനോദത്തിനായി കപ്പലിൽ ഉപയോഗിച്ചിട്ടുണ്ട്. 1.25 ബില്യൺ ഡോളർ (ഏകദേശം 8,750 കോടി രൂപ) ചെലവിൽ 570 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത്.

ഇതേ ശ്രേണിയിൽ വരുന്ന മറ്റ് കപ്പലുകളേക്കാൾ സൗകര്യങ്ങൾ കൂടുതലുണ്ട് സ്പെക്ട്രത്തിൽ. ബംഗി ജമ്പിങ്ങിന്റെ അനുഭവം നൽകുന്ന സ്‌കൈ പാഡ് ആണ് സ്പോർട്‌സ് ഡെക്കിലെ പ്രധാന ആകർഷണം. താഴേനിന്ന് ആകാശത്തേക്ക് കുതിച്ചുയർന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിലാണിത്. സർഫിങ് സൗകര്യവും കപ്പലിന്റെ മേൽത്തട്ടിൽ ഒരുക്കിയിട്ടുണ്ട്. 71 രാജ്യങ്ങളിൽ നിന്നായി 4007 യാത്രക്കാരുണ്ട് കപ്പലിൽ. ഇതിൽ 174 പേർ ഇന്ത്യയിൽ നിന്നാണ്. കപ്പലിലെ ജീവനക്കാർ 1750. 200 ജീവനക്കാർ ഇന്ത്യയിൽ നിന്ന്. 16 തട്ടുകളാണ് കപ്പലിനുള്ളത്. 1139 അടി നീളമുണ്ട്.

ആകെ 5622 യാത്രക്കാരെ ഉൾക്കൊള്ളാനാകും. ലോകത്തെവിടെയുമുള്ള ഭക്ഷണം സ്പെക്ട്രത്തിൽ ലഭിക്കും. അന്താരാഷ്ട്ര വിഭവങ്ങളും തനി നാടൻ ഭക്ഷണവുമെല്ലാം ഉൾപ്പെടുത്തിയ മെനുവാണ് പ്രധാന ഭക്ഷണശാലയുടെ ആകർഷണം. സെലിബ്രിറ്റി ഷെഫ് ജാമി ഒലിവറിന്റെ ജാമീസ് ഇറ്റാലിയൻ, പുത്തൻരുചികൾ അവതരിപ്പിക്കുന്ന വണ്ടർലാൻഡ് ഡാ ഡോങ്, ജാപ്പനീസ് രുചി വൈവിധ്യവുമായി ഇസുമി തുടങ്ങി 20 റസ്റ്റോറന്റുകൾ കപ്പലിലുണ്ട്. ഇതിനു പുറമേയാണ് ടീ റൂമുകളും കഫേ പാർലറുകളും.

റോബോട്ടുകൾ തയ്യാറാക്കുന്ന ജ്യൂസ് കഴിച്ച് വിനോദങ്ങളാകാം

റോബോട്ടുകൾ തയ്യാറാക്കുന്ന ജ്യൂസ് കഴിച്ചിട്ടുണ്ടോ...? സ്പെക്ട്രത്തിൽ അതിനും അവസരമുണ്ട്. കപ്പലിലെ ബയോണിക് ബാറിൽ നിങ്ങൾക്കായി ജ്യൂസ് ഉൾപ്പെടെയുള്ള പാനീയങ്ങൾ തയ്യാറാക്കുന്നത് റോബോട്ടുകളാണ്. പട്ടികയിൽ നിന്ന് ഇഷ്ടമുള്ള പാനീയം നമുക്ക് തിരഞ്ഞെടുക്കാം. ഓർഡർ ലഭിച്ചാൽ റോബോട്ടിന്റെ കൈകൾ ബാർ കൗണ്ടറിന് മുകളിൽ തൂക്കിയിട്ടിരിക്കുന്ന കുപ്പികളിലേക്ക് നീളും. ചേരുവകൾ ഗ്ലാസിലേക്ക് പകരും. പിന്നെയാണ് ഏറ്റവും കൗതുകകരമായ ചടങ്ങ്. നമ്മുടെ കുലുക്കി സർബത്തുണ്ടാക്കലിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഗ്ലാസിലെ ചേരുവകളെല്ലാം റോബോട്ട് കുലുക്കിചേർക്കും.

വിർച്വൽ റിയാലിറ്റി സ്‌കൈ പാഡ്, ബയോണിക് ബാർ, കരോക്കെ വേദിയായ സ്റ്റാർ മൊമന്റ്, നാല് നീന്തൽക്കുളങ്ങൾ, നോർത്ത് സ്റ്റാർ എലിവേറ്റഡ് ഗ്ലാസ് ക്യാപ്‌സ്യൂൾ, റിപ്‌കോർഡ് ബൈ ഐ ഫ്‌ളൈ സ്‌കൈ ഡൈവിങ് സിമുലേറ്റർ, ഫ്‌ളോറൈഡർ സർഫിങ് സിമുലേറ്റർ, വിശലമായ കളിക്കളം, കടലിലെ ഏറ്റവും വലിയ ഇൻഡോർ ആക്ടിവിറ്റി സീപ്ലെക്‌സ്, കപ്പലിന്റെ പിന്നിൽ നിന്ന് 270 ഡിഗ്രി പനോരമിക് കാഴ്ച (ടു 70) , സ്യൂട്ട് ഗസ്റ്റുകൾക്കായി സ്വകാര്യ എൻക്ലേവ്, മുഴുവൻ യാത്രക്കാർക്കുമായി 24 മണിക്കൂറും ഡൈനിങ് റൂം, വിവിധ തരം ഭക്ഷണവുമായി 20 റസ്റ്റോറന്റുകൾ, ജിംനേഷ്യം, കാസിനോ, റോയൽ തിയേറ്റർ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും കപ്പലിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴരയോടെ കൊച്ചിയിലെത്തിയ കപ്പൽ രാത്രി പത്തരയോടെ മടങ്ങി. കപ്പലിൽ എത്തിയവർ ഫോർട്ടുകൊച്ചിയും ആലപ്പുഴയും സന്ദർശിച്ചു.

2019 ഏപ്രിൽ മാസത്തിലാണ് ഉദ്ദേശം എണ്ണായിരം കോടിയിലേറെ രൂപ നിർമ്മാണ ചെലവുവരുന്ന ഈ കപ്പൽ നിർമ്മിച്ചത്. റോയൽ കരീബിയൻ ഇന്റർനാഷണൽ ആണ് കപ്പലിന്റെ ഉടമസ്ഥർ സ്‌പെക്ട്രം ഓഫ് ദ സീസിന് നീളം 1,139 അടി; ഭാരം 168,666 ഗ്രോസ് ടൺ. നിർമ്മാണം ജർമനിയിൽ. നിർമ്മാണത്തിനെടുത്തത് 570 ദിവസവും. 16 ഡെക്കുകളിൽ 5,622 അതിഥികളെ ഉൾക്കൊള്ളാം; നിലവിൽ 4007 യാത്രക്കാർ, മലയാളികൾ ഉൾപ്പെടെ 174 ഇന്ത്യക്കാർ.

1991ൽ നോർവേയിൽ സ്ഥാപിതമായി അമേരിക്കയിലെ മയാമി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഡംബര കപ്പൽ ബ്രാൻഡ് ആണ് റോയൽ കരീബിയൻ ഇന്റർനാഷണൽ. റോയൽ കരീബിയൻ ക്രൂയിസസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 2017 മാർച്ചിലെ കണക്കനുസരിച്ച് 24 ആഡംബര കപ്പലുകളുണ്ട്. ആറു കപ്പലുകൾ പണിപ്പുരയിലാണ്. ലോകത്തിലെ കപ്പൽയാത്രാ മാർക്കറ്റിന്റെ 21.9 ശതമാനം കൈയാളുന്ന റോയൽ കരീബിയന്റെ എല്ലാ കപ്പലുകളുടെയും പേര് അവസാനിക്കുന്നത് ഓഫ് ദ സീസ് (of the seas) എന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP