Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ കമ്പനിക്ക് കോവിഡ് ഡിജിറ്റൽ പ്രതിരോധകരാർ നൽകിയ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചോ എന്ന് സർക്കാരിനും സംശയം; ഡേറ്റ സുരക്ഷിതമാണോ എന്നും പരിശോധിക്കും; നിയമവകുപ്പിനോട് ആലോചിക്കാതെ ഐടി സെക്രട്ടറി ഏകപക്ഷീയമായി കരാർ നൽകിയതിലും അന്വേഷണം; സ്പ്രിങ്ളർ കരാറിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ; രാജീവ് സദാനന്ദനും മാധവൻ നമ്പ്യാരും 15 ദിവസത്തിന് അകം റിപ്പോർട്ട് നൽകും; അന്വേഷണം പ്രതിപക്ഷം കോടതിയിൽ പോകുമെന്ന തിരിച്ചറിവിൽ

അമേരിക്കൻ കമ്പനിക്ക് കോവിഡ് ഡിജിറ്റൽ പ്രതിരോധകരാർ നൽകിയ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചോ എന്ന് സർക്കാരിനും സംശയം; ഡേറ്റ സുരക്ഷിതമാണോ എന്നും പരിശോധിക്കും; നിയമവകുപ്പിനോട് ആലോചിക്കാതെ ഐടി സെക്രട്ടറി ഏകപക്ഷീയമായി കരാർ നൽകിയതിലും അന്വേഷണം; സ്പ്രിങ്ളർ കരാറിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ; രാജീവ് സദാനന്ദനും മാധവൻ നമ്പ്യാരും 15 ദിവസത്തിന് അകം റിപ്പോർട്ട് നൽകും; അന്വേഷണം പ്രതിപക്ഷം കോടതിയിൽ പോകുമെന്ന തിരിച്ചറിവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡാറ്റാ ചോർച്ചയിൽ പ്രശ്‌നമൊന്നുമില്ലെന്ന് പറയുമ്പോഴും വിവാദ സ്പ്രിങ്ളർ കരാറിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. ഇതിനായി മുൻ അഡി. ചീഫ് സെക്രട്ടറിമാരുടെ രണ്ടംഗസമിതിയെ നിയോഗിച്ചു. ഇതിലെ ആശങ്കകൾ മാറ്റാനാണ് അന്വേഷണം. ഡാറ്റാ ചോർച്ച ഉണ്ടായിട്ടുണ്ടോ എന്ന് ഈ സമിതി പരിശോധിക്കും. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ പ്രമുഖനും ഐടി സെക്രട്ടറിയുമായി എം ശിവശങ്കറിന്റെ നടപടികളാകും പ്രധാനമായും പരിശോധിക്കുക.

ആരോഗ്യവകുപ്പ് മുൻ അഡി. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും തമിഴ്‌നാട് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനും ഐ.ടി. വിദഗ്ധനും കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയുമായിരുന്ന മാധവൻ നമ്പ്യാരുമാണ് സമിതി അംഗങ്ങൾ എന്ന് മംഗളമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും നൽകിയിട്ടില്ല. ആരോഗ്യ മേഖലയിൽ ഏറെ പരിചയമുള്ള വ്യക്തിയാണ് രാജീവ് സദാനന്ദൻ. ഡാറ്റകളെ കുറിച്ച് നല്ല പരിജ്ഞാനവും ഉണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് സമിതി. ഐടി സെക്രട്ടറി ശിവശങ്കറിനെ ബലിയാടാക്കാനാണ് അന്വേഷണമെന്ന അഭിപ്രായവും ഉയർന്നു കഴിഞ്ഞു.

അമേരിക്കൻ കമ്പനിയായ സ്പ്രിങ്ളറിന് കോവിഡ് ഡിജിറ്റൽ പ്രതിരോധനടപടികൾക്കുള്ള കരാർ നൽകിയ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചോ, അതു മനഃപൂർവമായിരുന്നോ, ഡേറ്റ സംബന്ധമായ വിവരങ്ങൾ സുരക്ഷിതമാണോ, നിയമവകുപ്പിനോട് ആലോചിക്കാതെ ഐ.ടി. വകുപ്പ് മേധാവി എം. ശിവശങ്കർ ഏകപക്ഷീയമായി കരാർ നൽകിയത് എന്തടിസ്ഥാനത്തിലായിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചായിരിക്കും അന്വേഷിക്കുക. അന്വേഷണം ശിവശങ്കറിന് എതിരാകാൻ സാധ്യതയുണ്ട്. സർക്കാരുമായി ആലോചിക്കാതെ കരാർ ഒപ്പിട്ടുവെന്ന് ശിവശങ്കർ തന്നെ സമ്മതിച്ചിട്ടുണ്ട്.

വിദേശ കമ്പനിയുമായാണ് കരാർ. ഇത്തരത്തിലുള്ള വിദേശ കരാറുകൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയും അനിവാര്യമാണ്. ഇതും അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഗവർണ്ണർക്ക് ബിജെപി പരാതി നൽകിയിരുന്നു. ഇത് സർക്കാരിന് കൈമാറിയതായാണ് സൂചന. ഈ സാഹചര്യത്തിലാണ് അന്വേഷണം. രാജീവ് സദാനന്ദനും മാധവൻ നമ്പ്യാരും അതിവേഗം കാര്യങ്ങളിലേക്ക് കടക്കും. റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കും. വിഷയത്തിൽ സിബിഐ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത് സർക്കാർ അംഗീകരിക്കുന്നില്ല. പ്രതിപക്ഷം കോടതിയിൽ പോകുന്ന സാഹചര്യം കൂടി തിരിച്ചറിഞ്ഞാണ് പുതിയ നീക്കം.

സിപിഎം നയത്തിന് വിരുദ്ധമാണ് ഡാറ്റാ കച്ചവടം. അതുകൊണ്ട് തന്നെ സിപിഎം കേന്ദ്ര നേതൃത്വവും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഐടി സെക്രട്ടറിയുടെ അതിവേഗ നീക്കം പാർട്ടിക്ക് അവമതിപ്പായെന്ന ചിന്ത ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അടക്കമുണ്ട്. ഈ സാഹചര്യം കൂടി തിരിച്ചറിഞ്ഞാണ് നീക്കം. സ്പ്രിങ്ളർ ഇടപാടിനെക്കുറിച്ച് ഇന്നലെ വൈകിട്ട് ആറിനു നടത്തിയ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട കാര്യം പരാമർശിച്ചിരുന്നില്ല. കരാറിൽ പലതരത്തിലുള്ള ദുരൂഹതകൾ നിലനിൽക്കുന്നുവെന്ന ചോദ്യത്തിന് അതൊക്കെ കടന്നാണ് താനിവിടെ വന്നിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കരാറിൽ 200 കോടി രൂപയുടെ ഡേറ്റാ കച്ചവടം നടന്നെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് സ്പ്രിങ്ളർ കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സിപിഐയുടെ മുഖപത്രമായ ജനയുഗം കരാറിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ആക്ഷേപം ഉന്നയിച്ച പശ്ചാത്തലവും കണക്കിലെടുത്താണ് അന്വേഷണത്തിനുള്ള തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരേയും ആക്ഷേപം സജീവമാണ്. എന്നാൽ പുതിയ അന്വേഷണ സമിതി വീണയ്‌ക്കെതിരായ ആരോപണം പരിശോധിക്കില്ല.

സ്പ്രിങ്ളർ വിവാദത്തിൽ ഇടതുപക്ഷ ധർമം ഓർമിപ്പിച്ച് സിപിഐ. മുഖപത്രം ജനയുഗം രംഗത്ത് വന്നിരുന്നു. നേരിട്ടു വിമർശിക്കുന്നില്ലെങ്കിലും സിപിഎമ്മിനെതിരേയുള്ള ഒളിയമ്പാണു മുഖപ്രസംഗത്തിൽ സിപിഐ. നടത്തിയത്. വ്യക്തികളുടെ സ്വകാര്യത അതീവ പ്രാധാന്യമർഹിക്കുന്നതാണെന്നു മുഖപ്രസംഗത്തിൽ പറയുന്നു. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചർച്ചാവിഷയമാകുന്ന കേരളത്തിൽ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങൾ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തിൽ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അർഹിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു. വിവര ലഭ്യതയും അതിന്റെ വിനിയോഗവും ആയിരിക്കും സമ്പത്തിന്റെ നിയന്ത്രണം ആരുടെ പക്കലെന്നു നിർണയിക്കുക. ഡേറ്റ ഇക്കോണമിയുടെ ക്ലാസിക് മാതൃകകളാണ് ആമസോൺ, ഗൂഗിൾ, ഫേസ്‌ബുക്ക് തുടങ്ങിയ ആഗോള കമ്പനികൾ. അവർ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് ആ കമ്പനികൾ അവരുടെ വ്യവസായവാണിജ്യ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തിരിക്കുന്നത്-സിപിഐ നിലപാട് ഇങ്ങനെയാണ്.

അത്തരം കമ്പനികൾ ഡേറ്റ സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്തതു സംബന്ധിച്ച വൻ വിവാദങ്ങൾ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയിൽ ആധാർ എന്നറിയപ്പെടുന്ന യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ യു.ഐ.ഡി.എ.ഐ. വ്യാപകമായ എതിർപ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. ഡേറ്റ ചോരണം, അനധികൃത പങ്കുവയ്ക്കൽ, ദുരുപയോഗം എന്നിവ സംബന്ധിച്ച വാർത്തകൾ പതിവായിട്ടും ഡേറ്റ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അർഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല. വിവര സമ്പദ്ഘടനയുടെ അഥവാ ഡേറ്റ ഇക്കോണമിയുടെ ആരോഗ്യപരവും ക്രിയാത്മകവുമായ വളർച്ചയ്ക്ക് ഡേറ്റ സുരക്ഷിതത്വവും സ്വകാര്യതയും നിയമപരമായി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മുഖപ്രസംഗത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിസഭയിൽ സിപിഐ ഇത് വിമർശന പരമായി ഉന്നയിക്കുമെന്ന് സർക്കാർ കാണുന്നു. ഇതിനെ ചെറുക്കാൻ കൂടിയാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP