Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്ക്; മൃതദേഹം മുംബൈയിൽ എത്തിച്ചു; ബോളിവുഡിലെ സൂപ്പർ താരത്തിന്റെ ഭൗതികശരീരം അന്ധേരിയിലെ വീടിന് സമീപമുള്ള സ്പോർട്സ് ക്ലബ്ബിൽ പൊതുദർശനത്തിനു വയ്ക്കും; ലോഖണ്ഡ്വാലയിലെ താരത്തിന്റെ വസതിക്ക് മുന്നിലേക്ക് ആരാധകരും സിനിമാക്കാരും ഒഴുകി എത്തുന്നു

ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്ക്; മൃതദേഹം മുംബൈയിൽ എത്തിച്ചു; ബോളിവുഡിലെ സൂപ്പർ താരത്തിന്റെ ഭൗതികശരീരം അന്ധേരിയിലെ വീടിന് സമീപമുള്ള സ്പോർട്സ് ക്ലബ്ബിൽ പൊതുദർശനത്തിനു വയ്ക്കും; ലോഖണ്ഡ്വാലയിലെ താരത്തിന്റെ വസതിക്ക് മുന്നിലേക്ക് ആരാധകരും സിനിമാക്കാരും ഒഴുകി എത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിലെ ഹോട്ടൽമുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായുള്ള പ്രത്യേക വിമാനം മുംബൈയിൽ എത്തി. വ്യവസായി അനിൽ അംബാനിയുടെ ചാർട്ടേർഡ് വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം ദുബായിൽ നിന്നും മുംബൈയിൽ എത്തിച്ചത്.

മൃതദേഹം ബോണി കപൂറിന്റെയും ശ്രീദേവിയുടെയും വസതിയിലേക്ക് കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ നിന്നും ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്ന് എത്തിച്ചത്.ബോണി കപൂർ, സഞ്ജയ് കപൂർ, അർജുൻ കപൂർ, റീന മർവ, സന്ദീപ് മർവ എന്നിവരടക്കം പത്തു പേരാണ് മൃതദേഹത്തെ അനുഗമിച്ച് ദുബായിൽ നിന്നും പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തിയത്. മക്കളായ ജാൻവി കപൂറും ഖുഷി കപൂറും വിമാനത്താവളത്തിൽ എത്തി.ബോണി കപൂറിന്റെ സഹോദരനും നടനുമായ അനിൽ കപൂറും മുംബൈ വിമാനത്താവളത്തിലെത്തിയിരുന്നു.

സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച വൈകീട്ട് 3.30 ന് മുംബൈയിൽ നടക്കും. വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിലാവും ചടങ്ങുകൾ. രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷൻസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവൻ ഹാൻസിലെ വിലെ പാർലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും. മൂന്നരയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും.

ശ്രീദേവിയുടെ മരണം സംബന്ധിച്ച് കപൂർ കുടുംബം പുറത്തിറക്കിയവാർത്താക്കുറിപ്പിലാണ് സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. മൃതദേഹം പൊതുദർശനത്തിന് വെയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്. ക്യാമറകളും മറ്റും പുറത്ത് വച്ചതിനുശേഷം മാധ്യമപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിക്കാം. കർമ്മങ്ങൾ നടക്കുന്ന വേദികളിലൊരിടത്തും ക്യാമറ അനുവദിച്ചിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അവ്യക്തത നില നിന്നിരുന്നതിനാൽ വിശദമായ ഫോറൻസിക് പരിശോധനകൾക്ക് ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം വഹിച്ച് പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്.

അതേസമയം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസ് അറിയിച്ചു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണു മൃതദേഹം വിട്ടുനൽകിയത്. അതേസമയം പരാതി കിട്ടിയാൽ മരണത്തെ കുറിച്ച് വീണ്ടും അന്വേഷിക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായ് മീഡിയ ഓഫിസിന്റെ സ്ഥിരീകരണം ലഭിച്ചു. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരിച്ചത്. പരാതി കിട്ടിയാൽ മാത്രം വീണ്ടും അന്വേഷിക്കും. തലയ്ക്ക് മുറിവേറ്റെന്നും ഫൊറാൻസിക് റിപ്പോർട്ട്. എന്നാൽ മരണകാരണം ഈ മുറിവല്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

 മൂന്ന് ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ ശ്രീദേവിയുടേത് മുങ്ങിമരണം തന്നെയായിരുന്നു എന്ന് പൊലീസ് അംഗീകരിക്കുക ആയിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാനുള്ള ക്ലിയറൻസ് ലെറ്റർ ദുബായ് പൊലീസ് ഇന്ത്യൻ കോൺസുലേറ്റിനും ഭർത്താവ് ബോണി കപൂറിനും കൈമാറി. ഇന്ത്യൻ കോൺസുലേറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച.

അതേസമയം ശ്രീദേവിയുടെ മരണത്തിൽ അസ്വാഭാവികത എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ബോണി കപൂറിനെ മൂന്ന് തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പാസ്‌പോർട്ടും പൊലീസ് സറണ്ടർ ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി 11.30 ഓടെയണ് ശ്രീദേവി ദുബായിലെ റാസൽ ഖൈമയിലുള്ള ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്നാണ് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ട്. എന്നാൽ ഞായറാഴ്ച വൈകിട്ടോടെയാണ് ശ്രീദേവിയുടെ മരണ കാരണം ഹൃദയാഘാതമല്ലെന്നും ബാത്ത് ടബ്ബിൽ മുങ്ങിമരിക്കുകയായിരുന്നു എന്ന തരത്തിലുള്ള വാർത്ത വന്നത്. മദ്യപിച്ച് ബാത്ത ടബ്ബിൽ വീണതായിരുന്നു എന്നാണ് വാർത്ത വന്നത്. അതേസമയം ശ്രീദേവിയുടെ തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവ് സംഭവിച്ചതായും പൊലീസ് കണ്ടെത്തി.

ഇതോടെ മരണത്തിൽ ദുരൂഹതയുള്ളതായും പൊലീസ് സംശയിച്ചു. ഇതോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാൻ പൊലീസ് തയ്യാറായില്ല. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെ പൊലീസ് മൂന്ന് തവണ ചോദ്യം ചെയ്തു. ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു. നടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുള്ളതായാണ് ദുബായിലെ ഫോറൻസിക് ഫലം വെളിപ്പെടുത്തുന്നത്. എന്നാൽ തലയിലേറ്റ മുറിവ് എങ്ങിനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്. ഇക്കാര്യം പ്രോസിക്യൂഷൻ പരിഗണനയിലെടുത്തതോടെയാണ് മൃതദേഹം വിട്ടു നൽകാൻ വൈകിയത്.

ശ്രീദേവിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നും രക്തത്തിൽ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നു. മദ്യലഹരിയിൽ കുളിമുറിയിലെ ബാത്ത് ടബ്ബിൽ വീണതാകാം എന്നാണ് നിലവിലെ അനുമാനം. ബാത്ത് ടബ്ബിൽ വീണുകിടന്ന ശ്രീദേവിയെ ബോണി കപൂറാണ് പുറത്തെടുത്തത്. തുടർന്ന് ശ്രീദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുമ്പെ മരണം സംഭവിച്ചിരുന്നു. ശ്രീദേവി മരിച്ചത് ഹൃദയാഘാതം കാരണമാണെന്നാണ് ബന്ധുക്കൾ ആദ്യം അറിയിച്ചത്. എന്നാൽ ഈവാദം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോറൻസിക് പരിശോധനാഫലമാണ് പുറത്തുവന്നത്. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മർവയുടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാനായിരുന്നു ശ്രീദേവി യുഎഇയിൽ എത്തിയത്. ശ്രീദേവിയുടെ മരണ സാഹചര്യത്തിൽ പോസ്റ്റുമാർട്ടത്തിന് ശേഷം വിദഗദ്ധർ ഇന്നലെ യോഗം ചേർന്നിരുന്നു.

ഇന്ത്യയിൽ നിന്നും ദുബായിൽ എത്തിയത് മുതലുള്ള സംഭവങ്ങൾ ബോണി കപൂറിൽ നിന്നും പടിപടിയായി പൊലീസ് ചോദിച്ചറിയുകയും ചെയ്തിരുന്നു. ഹോട്ടലിൽ കുളിക്കാൻ കയറിയ ശ്രീദേവിയെ 15 മിനിറ്റ് കഴിഞ്ഞിട്ടും കാണാതെ വരികയും മുറിക്കുള്ളിൽ നിന്നും തട്ടലും മുട്ടലും കേട്ടെന്നും പിന്നീട് ശബ്ദവും ഇല്ലാതെവരികയും ചെയ്തതോടെയാണ് താൻ അകത്തു കടന്നു നോക്കിയതെന്നും അപ്പോൾ ശ്രീദേവി മരിച്ചു കിടക്കുകയായിരുന്നെന്നുമാണ് ബോണികപൂർ നൽകിയിരിക്കുന്ന മൊഴി.

ബോണി കപൂറിനെ ചോദ്യം ചെയ്ത പൊലീസ് റാസൽ ഖൈമയിലെ വിവാഹാഘോഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂർ വീണ്ടും ദുബായിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാൻ പൊലീസ് അനുവദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP