Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും പിന്നോട്ട് മാറാതെ ശ്രീജിത്ത് സമരപന്തലിൽ തുടരുന്നു; പൊലീസുകാരെ മാറ്റി നിർത്തുകയും സിബിഐ അന്വേഷണം തുടങ്ങുകയും ചെയ്യാതെ പിന്നോട്ടില്ലെന്ന് സഹോദരൻ; കൂടുതൽ ആളുകളെ എത്തിച്ച് സർക്കാരിനെ ഞെട്ടിക്കാൻ ആലോചിച്ച് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; മൗനം വിട്ടെണീറ്റ് മുഖ്യധാരാ മാധ്യമങ്ങളും; ശ്രീജിവിന്റെ ഘാതകർ കുടുങ്ങുമെന്ന് സൂചന

മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും പിന്നോട്ട് മാറാതെ ശ്രീജിത്ത് സമരപന്തലിൽ തുടരുന്നു; പൊലീസുകാരെ മാറ്റി നിർത്തുകയും സിബിഐ അന്വേഷണം തുടങ്ങുകയും ചെയ്യാതെ പിന്നോട്ടില്ലെന്ന് സഹോദരൻ; കൂടുതൽ ആളുകളെ എത്തിച്ച് സർക്കാരിനെ ഞെട്ടിക്കാൻ ആലോചിച്ച് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; മൗനം വിട്ടെണീറ്റ് മുഖ്യധാരാ മാധ്യമങ്ങളും; ശ്രീജിവിന്റെ ഘാതകർ കുടുങ്ങുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവമാധ്യമങ്ങൾ കുട്ടികളിയല്ലെന്ന് സർക്കാരുകൾ തിരിച്ചറിയുകയാണ്. സെക്രട്ടറിയേറ്റ് നടയിൽ രണ്ട് വർഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് നീതി തൊട്ടടുത്തായി. സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ ആഹ്വാനത്തെ തുടർന്ന് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയ ആളുകളുടെ സംഘബലത്തെ പൊലീസും സർക്കാരും ഭയക്കുകയാണ്. ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിന്റെ കൊലപാതകളും ഭയപ്പാടിലാണ്. ആരോപണം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് സർക്കാർ മാറ്റുമെന്നാണ് സൂചന. കേസ് സിബിഐയും ഉടൻ ഏറ്റെടുക്കും. ശ്രീജിത്തിനൊപ്പം സമരം തുടരാൻ സമൂഹമാധ്യമ കൂട്ടായ്മ പ്രവർത്തകരും. ഇത് തിരിച്ചറിഞ്ഞാണ് ഒത്തുതീർപ്പിന് സർക്കാരുകൾ ശ്രമിക്കുന്നത്.

അനുജന്റെ മരണത്തിൽ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കൽ ശ്രീജിത്ത് നടത്തുന്ന സമരം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീജിത്ത് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് ആറരയോടെയാണ് ശ്രീജിത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അമ്മയും സഹോദരിയും സോഷ്യൽ മീഡിയ കൂട്ടായ്മയുടെ രണ്ട് പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായി ശ്രീജിത്ത് വ്യക്തമാക്കി. എന്നാൽ സിബിഐ അന്വേഷണം തുടങ്ങുന്നത് വരെ നിരാഹാര സമരം തുടരും. സിബിഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് വന്നു കഴിഞ്ഞാൽ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉറപ്പുനൽകിയിരുന്നു. എംപിമാരായ കെ.സി വേണുഗോപാൽ, ശശി തരൂർ എന്നിവർക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണു നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ്(25) മരിച്ചത്. 2014 മെയ്‌ 19നു രാത്രി ശ്രീജിവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നു പിറ്റേന്നു പൊലീസുകാർ വീട്ടുകാരെ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ 21ന് ആണു ശ്രീജിവ് മരിച്ചത്. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി ചെയർമാനായിരിക്കെ, ജസ്റ്റിസ് കെ.നാരായണകുറുപ്പിന്റെ ഇടപെടലാണു കേസിൽ വഴിത്തിരിവായത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കസ്റ്റഡി മരണമാണെന്നു കണ്ടെത്തി.

എഎസ്‌ഐയുടെ ബന്ധുവായ പെൺകുട്ടിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നു. ആ പെൺകുട്ടിയുടെ വിവാഹത്തലേന്നാണു ശ്രീജിവിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഒരു വർഷം മുൻപ് മൊബൈൽ കടയിൽ നടന്ന മോഷണത്തിന്റെ പേരിലായിരുന്നു അത്. സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറെക്കൊണ്ടു ശ്രീജിവിനെ വിളിച്ചുവരുത്തുകയായിരുന്നു. ശ്രീജിവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തുക കുറ്റക്കാരിൽനിന്ന് ഈടാക്കാനുമാണു കംപ്ലെയ്ന്റ് അഥോറിറ്റി വിധിച്ചത്. കുറ്റക്കാർക്കെതിരെ അച്ചടക്കട നടപടിയും നിർദ്ദേശിച്ചു. നഷ്ടപരിഹാരം നൽകിയെങ്കിലും പൊലീസുകാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയയും ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായെത്തിയത്.

സിബിഐ അന്വേഷണം ഉറപ്പായെന്ന് സൂചന

അതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാൻ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത ദിവസം ഇറങ്ങും. പൊതുപരാതി പരിഹാര വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം ചർച്ച ചെയ്തു. ശ്രീജിത്തിനൊപ്പം മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മയും ഒത്തുചേർന്നതോടെയാണ് സിബിഐ അന്വേഷണത്തിലേക്ക് തീരുമാനങ്ങളെത്തിയിരിക്കുന്നത്.

അതേസമയം ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റ്. 'ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും. സർക്കാർ എല്ലാവിധ പിന്തുണയും ശ്രീജിത്തിന് നൽകും. ഇക്കാര്യം ശ്രീജിത്തുമായുള്ള ചർച്ചയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയർത്തുന്ന പ്രശ്‌നത്തെയും വികാരത്തെയും മതിക്കുന്നതാണ്; അതിനനുസരിച്ച് പ്രവർത്തിക്കുന്നതാണ് ശരി എന്ന ബോധ്യമുണ്ട്. ആ ബോധ്യത്തിനനുസരിച്ച് പ്രവർത്തിക്കും'മുഖ്യമന്ത്രി കുറിച്ചു.

അതിനിടെ മുഖ്യമന്ത്രി അറ്റോർണി ജനറലുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പുനഃപരിശോധനാ ഹർജി നൽകിയതിനെത്തുടർന്ന് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ശ്രീജിത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച കാര്യങ്ങളും എജിയുമായി ചർച്ച ചെയ്തു.

സമരം ശക്തമാക്കാൻ സോഷ്യൽ മീഡിയ

സമരം ശക്തമാക്കാൻ കൂടുതൽ പേരെ അണിനിരത്താനാണു തീരുമാനം. സമരം ക്രമസമാധാനത്തെ ബാധിക്കാതിരിക്കാൻ സ്ഥിതി നിയന്ത്രിക്കണമെന്നു പൊലീസിന് അധികൃതർ നിർദ്ദേശം നൽകി. പൊലീസുകാർ പ്രതിസ്ഥാനത്തുള്ള കേസ് ആയതിനാൽ വൈകാരിക പ്രതികരണങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. സിബിഐ അന്വേഷണത്തിനുള്ള പിന്തുണ നൽകുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി അവർ പറഞ്ഞു. 2014 മുതലുള്ള മുഴുവൻ രേഖകളും ഗവർണർ ആവശ്യപ്പെട്ടു.

അതിനിടെ മുഖ്യധാരാ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. മറുനാടൻ നിരന്തരം വാർത്ത എഴുതിയിരുന്ന വിഷയം സോഷ്യൽ മീഡിയയിലൂടെ വിവാദമായപ്പോഴാണ് അതിശക്തമായ നിലപാട് മറ്റ് മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുക്കുന്നത്. ദിവസവും ശ്രീജിത്തിന് പിന്തുണയുമായി നിരവധി പേർ സെക്രട്ടറിയേറ്റിന് മുന്നിലെത്തുന്നു. ഇത് സർക്കാരിനേയും വെട്ടിലാക്കുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം പ്രശ്‌ന പരിഹാരത്തിനാണ് സർക്കാരുകളുടെ ശ്രമം.

അതതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മന്ത്രി ജിതേന്ദ്ര സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉറപ്പുനൽകിയതായി എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചു. ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സമൂഹമാധ്യമ കൂട്ടായ്മകൾ തീരുമാനിച്ചിരിക്കേയാണ് വഴിത്തിരിവുണ്ടായത്.

കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രകടനം നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP