Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടം തന്നവർ കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും; അതിന് ഉത്തരവാദി സുധീരനും ഹസ്സനുമാകും; സിനിമാ കാരണവരെ ജയ്ഹിന്ദ് ടിവി പറഞ്ഞു പറ്റിച്ച കഥ വിവരിച്ച് കെആർ മീര; ചട്ടമ്പിക്കല്ല്യാണി സീരിയലാക്കി കുടുങ്ങിയ ശ്രീകുമാരൻ തമ്പിയുടെ കഥ

കടം തന്നവർ കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും; അതിന് ഉത്തരവാദി സുധീരനും ഹസ്സനുമാകും; സിനിമാ കാരണവരെ ജയ്ഹിന്ദ് ടിവി പറഞ്ഞു പറ്റിച്ച കഥ വിവരിച്ച് കെആർ മീര; ചട്ടമ്പിക്കല്ല്യാണി സീരിയലാക്കി കുടുങ്ങിയ ശ്രീകുമാരൻ തമ്പിയുടെ കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: താൻ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരാവാദികൾ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, കോൺഗ്രസ് നേതാവ് എം.എം ഹസൻ, കെ.പി മോഹനൻ എന്നിവർ ആയിരിക്കുമെന്ന് എഴുത്തുകാരനും കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സമകാലിക മലയാളം വാരികയിൽ കെ.ആർ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരൻ തമ്പി സുധീരനെഴുതി വച്ച കത്തിനെക്കുറിച്ച് വ്യക്തമാക്കിയത്. ഈ കത്ത് ശരിയാണെന്ന് ശ്രീകുമാരൻ തമ്പി മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ജയ്ഹിന്ദ് ടിവിയിലെ പ്രശ്‌നങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ചാനലിന്റെ യഥാർത്ഥ അവസ്ഥയാണ് ശ്രീകുമാരൻ തമ്പിയുടെ കത്ത് ചർച്ചയാക്കുന്നത്.

ചട്ടമ്പിക്കല്ല്യാണിയെന്ന സീരിയലാണ് ശ്രീകുമാരൻ തമ്പി ജയ്ഹിന്ദിനായി ചെയ്തത്. സൂപ്പർ ഹിറ്റ് സിനിമയായ ചട്ടമ്പിക്കല്യാണിയുടെ സീരിയൽ രൂപമായിരുന്നു ഇത്. കെ ആർ മീരയായിരുന്നു തിരക്കഥാകൃത്ത്. 2013ൽ ടെലികാസ്റ്റ് തുടങ്ങിയ സീരിയിൽ 65 എപ്പിസോഡുകൾ ജയ്ഹിന്ദിൽ കാണിച്ചു. അത് പുനഃസംപ്രേഷണം ചെയ്തും ജയ്ഹിന്ദ് വരുമാനമുണ്ടാക്കി. എന്നാൽ ശ്രീകുമാരൻ തമ്പിക്ക് ഇനിയും 27 ലക്ഷം രൂപ കൊടുക്കാനുണ്ട്. 45 ലക്ഷം രൂപയ്ക്കായിരുന്നു സീരിയിൽ ചെയ്യാൻ സമ്മതിച്ചത്. ഇതിൽ 18 ല്കഷം നൽകിയിരുന്നുവെന്നും ശ്രീകുമാരൻ തമ്പി മറുനാടൻ മലയാളിയോട് വിശദീകരിച്ചു. ആത്മഹത്യ ചെയ്യുമെന്ന കത്ത് കിട്ടിയ ശേഷം സുധീരൻ തന്നെ വിളിച്ചിരുന്നതായും കുറച്ചു കുറച്ച് തവണകളായി തരാമെന്ന് പറഞ്ഞതായും ശ്രീകുമാരൻ തമ്പി മറുനാടനോട് വിശദീകരിച്ചു.

കെ ആർ മീരയാണ് ഈ കത്ത് ചർച്ചയാക്കിയത്. സമകാലിക മലയാളത്തിൽ കത്തിനെ കുറിച്ചെഴുതിയത് ഇങ്ങനെ- പ്രിയപ്പെട്ട വി എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേഷണം ചെയ്ത വകയിൽ കരാർ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുള്ളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകൾക്ക് മറുപടി അയക്കാനുള്ള മര്യാദപോലും താങ്കൾ കാണിച്ചിട്ടില്ല. വർഷങ്ങളായി ഞാൻ താങ്കൾക്കും എം.എം ഹസൻ, കെ.പി മോഹനൻ എന്നിവർക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയിൽ നിന്നും സ്വകാര്യ പണമിടപാടുകാരിൽ നിന്നും കടം വാങ്ങിയാണ് ഞാൻ ഈ പരമ്പര നിർമ്മിച്ചത്. ഇന്നുവരെയുള്ള എന്റെ ജീവിതത്തിൽ ഞാൻ ആർക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവർ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാൽ ആ നിമിഷം ഞാൻ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാൽ വി എം സുധീരൻ,എം.എം ഹസൻ,കെ.പി മോഹനൻ എന്നിവരായിരിക്കും ഉത്തരവാദികൾ.

3000ത്തിലേറെ പാട്ടുകൾ എഴുതുകയും 25 സിനിമകൾ നിർമ്മിക്കുകയും 85 സിനിമകൾക്ക് തിരക്കഥയെഴുതുകയും 29 സിനിമകൾ സംവിധാനം ചെയ്യുകയും 42 ഡോക്യുമെന്ററികളും 13 പരമ്പരകളും നിർമ്മിച്ച് സംവിധാനം ചെയ്യുകയും 20ഓളം പുസ്തകങ്ങൾ എഴുതുകയും ചെയ്ത മലയാളിയാണ് അദ്ദേഹം. കിട്ടാനുള്ള പണത്തിനുവേണ്ടി 75ാം വയസിൽ യാചിക്കേണ്ട അവസ്ഥയിൽ അദ്ദേഹത്തെ നാം എത്തിച്ചിരിക്കുന്നു. അഭിമാനികളോട് അങ്ങനെയല്ലാത്തവർക്ക് തോന്നുന്ന പകയാണ് ഏറ്റവും മാരകമെന്നും കെ.ആർ മീര ലേഖനത്തിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും വിറ്റു പണംകൊയ്യുന്ന ടെലിവിഷൻ,എഫ്എം ചാനലുകൾ ഓരോന്നിനും 1000 രൂപ നൽകിയാൽ മതി. അദ്ദേഹത്തിന്റെ ഓർമ്മകൾ സമാഹരിക്കുന്ന പാട്ടെഴുത്ത് പുസ്തകക്കാരും അഭിമുഖ സംഭാഷണക്കാരും ഓർമ്മയൊന്നിന് 100 രൂപ നൽകിയാൽ മതി, ആ പാട്ടുകളുടെയും സിനിമകളുടെയും ആസ്വാദകർ പാട്ടൊന്നിന് ഒരു രൂപ നൽകിയാൽ മതി ശ്രീകുമാരൻ തമ്പി കോടീശ്വരനാകുമെന്നും കെ.ആർ മീര പറയുന്നു.

ഈ ലേഖനം സ്ഥിരീകരിക്കാനാണ് ശ്രീകുമാരൻ തമ്പിയെ മറുനാടൻ ബന്ധപ്പെട്ടത്. മീരയുടെ എഴുത്ത് ശരിയാണെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ച അദ്ദേഹം ജയ്ഹിന്ദിനെതിരെ നിയമനടപടിക്ക് പോയി സമയം കളയാനില്ലെന്നും വ്യക്തമാക്കി. മൊത്തം തുക തന്നാൽ പോലും കടം വാങ്ങി സീരിയൽ എടുത്തതിനാൽ വലിയ പ്രതിസന്ധിയാണുള്ളതെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. പലിശ ഇനത്തിൽ മാത്രം ഈ സീരിയലിന് വേണ്ടി 12 ലക്ഷം രൂപ തന്റെ കൈയിൽ നിന്ന് നഷ്ടമായിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ഇക്കാര്യത്തിൽ ഹ്സ്സന്റെ നിലപാടും ശ്രീകുമാരൻ തമ്പിയെ അൽഭുതപ്പെടുത്തി. ഒരു മാർഗ്ഗവുമില്ലാതെ വന്നപ്പോഴാണ് താൻ കടുത്ത കത്ത് സുധീരന് അയച്ചതെന്നും ശ്രീകുമാരൻ തമ്പി വിശദീകരിക്കുന്നു.

ജയ്ഹിന്ദ് ടിവിയിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ് ഈ കത്ത്. അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സുധീരനും ഹസ്സനും തമ്മിലെ പ്രശ്‌നങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. ഹസന്റെ പല നീക്കങ്ങളേയും സുധീരൻ എതിർത്തിരുന്നു. എന്നാൽ സുധീരൻ പറയുന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ചാനൽ എംഡിയായ ഹസ്സൻ തയ്യാറായതുമില്ല. കെപിസിസി അധ്യക്ഷനാണ് ചാനലിന്റെ പ്രസിഡന്റ്. ഇത് അംഗീകരിക്കാൻ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂലം ഹസ്സൻ തയ്യാറായില്ല. ഇതോടെ പാർട്ടി ഫണ്ടുകൾ ചാനലിന് നൽകുന്നത് സുധീരൻ നിർത്തി. വിദേശ രാജ്യത്തെ പിരിവും തടഞ്ഞു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. ചാനൽ തുടങ്ങിയിട്ട് ആദ്യമായി കഴിഞ്ഞ മാസം ശമ്പളം കൊടുക്കാനുമായില്ല. ഈ മാസം 2ന് മാത്രമാണ് കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാർക്ക് ജയ്ഹിന്ദ് നൽകിയത്. അതിനിടെയാണ് ശ്രീകുമാരൻ തമ്പിയെ പോലെ ഏവരും അംഗീകരിക്കുന്ന വ്യക്തിയുടെ കത്തും ചർച്ചയാകുന്നത്.

ചാനൽ നടത്തിപ്പിലെ പ്രശ്‌നങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജീവനക്കാരുടെ പക്ഷം. വ്യാജ സർട്ടിഫിക്കറ്റുമായി ഉന്നത സ്ഥാനത്ത് തുടരുന്ന വ്യക്തിക്കെതിരെ നടപടിയെടുക്കാൻ ഹസ്സനോട് സുധീരൻ ആവശ്യപ്പെട്ടു. അത് നടപ്പാക്കിയില്ല. ഇതേ വ്യക്തിക്കെതിരെ സിഡ്‌കോയുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും എത്തി. അപ്പോഴും ഹസ്സൻ സംരക്ഷിച്ചു. കോടികളുടെ അഴിമതിയാണ് പലരും ചാനലിന്റെ പേരിൽ നടത്തുന്നത്. തലപ്പത്തിരിക്കുന്നവർക്ക് ലക്ഷങ്ങളുടെ ശമ്പളവും. ഇതെല്ലാം തിരുത്തണമെന്ന ആവശ്യം ഹസൻ അംഗീകരിക്കാത്തതാണ് ചാനലിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാർ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP