Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ബിസിസിഐയ്ക്ക് താൽപ്പര്യക്കുറവ്; കളിക്കളത്തിൽ സജീവമാകാൻ മുന്നിലുള്ളത് കോടതി മാത്രം; ബിജെപിയിലേക്കുള്ള കൂടുമാറ്റവും ശ്രീയെ തുണയ്ക്കുന്നില്ല

ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ബിസിസിഐയ്ക്ക് താൽപ്പര്യക്കുറവ്; കളിക്കളത്തിൽ സജീവമാകാൻ മുന്നിലുള്ളത് കോടതി മാത്രം; ബിജെപിയിലേക്കുള്ള കൂടുമാറ്റവും ശ്രീയെ തുണയ്ക്കുന്നില്ല

അരുൺ ജയകുമാർ

തിരുവനന്തപുരം: വാതുവയ്‌പ്പ് കേസിൽ കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റ് കളിക്കാൻ അനുവദിക്കില്ല. വാതുവയ്‌പ്പ് കേസിൽ ബിസിസിഐയ്ക്ക് തിരിച്ചടിയാകുമെന്നതിനാലാണ് ഇത്. ഐസിസി അധ്യക്ഷനായ ശശാങ്ക് മനോഹറിന്റെ കടുംപിടിത്തമാണ് ഇതിന് കാരണം. അതിനിടെ ശ്രീശാന്തിനോട് നിയമനടപടികളിലൂടെ വിലക്ക് മാറ്റാൻ ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂർ നിർദ്ദേശിച്ചിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവും ശ്രീശാന്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ കരുതലോടെ മാത്രം നിയമനടപിടകളെന്ന ഉപദേശമാണ് ശ്രീശാന്തിന് കിട്ടിയിട്ടുള്ളത്. ലോധാ കമ്മറ്റി റിപ്പോർട്ടിൽ ബിസിസിഐ തീരുമാനം എടുക്കും വരെ ശ്രീശാന്ത് കാത്തിരിക്കാനാണ് സാധ്യത.

ബിസിസിഐയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ശ്രീശാന്തിന് ബിജെപി നേതൃത്വം വാക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ ബിസിസിഐ നിലപാട് കടുപ്പിക്കുന്ന സൂചനയാണ് ലഭിച്ചത്. ഇതോടെ കഴിഞ്ഞയാഴ്ച ശ്രീശാന്ത് ഡൽഹിയിലെത്തുകയു. തനിക്ക് കളിക്കാൻ അവസരമുണ്ടാക്കാൻ വേണ്ടത് ചെയ്യണമെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഈ ചർച്ച ലക്ഷ്യം കണ്ടില്ല. മറിച്ച് കേസ് കൊടുത്ത് കളിക്കാൻ അവസരമൊരുക്കണമെന്നാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഈ നിയമപോരാട്ടത്തിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ബിജെപി എംപി കൂടിയായ ബിസിസിഐ അധ്യക്ഷൻ അനുരാഗ് താക്കൂർ അറിയിക്കുകയും ചെയ്തു.

എന്നാൽ നിലവിൽ ബിസിസിഐയും പ്രതിസന്ധിയിലാണ്. ലോധാ കമ്മറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാൻ ബിസിസിഐ ആവശ്യപ്പെട്ടതോടെ അനുരാഗ് താക്കൂർ അടക്കമുള്ളവർ പ്രതിസന്ധിയിലാണ്. ഇരട്ട പദവിയും കാലപരിധിയുമെല്ലാം ഉള്ളതിനാൽ എല്ലാവർക്കും ബിസിസിഐയിൽ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. അതുകൊണ്ട് തന്നെ ശ്രീശാന്തിന്റെ വിഷയത്തിൽ ഇടപെടാൻ ആരും തയ്യാറല്ല. കേരളാ ക്രിക്കറ്റ് അസോസിയേഷനേയും ലോധാ സമിതിയുടെ ആശങ്ക ബാധിച്ചിട്ടുണ്ട്. ഇതും ശ്രീശാന്തിന്റെ മടങ്ങി വരവിന് പ്രതിസന്ധിയാണ്.

നേരത്തെ 2013 ഐപിഎൽ സീസണിൽ ഒത്തുകളി വിവാദത്തെതുടർന്നാണ് ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്തം വിലക്കിയത്. പിന്നീട് വാദുവയ്‌പ്പിനെകുറിച്ചന്വേഷിച്ച മുകുൾ മുഗ്ദൽ നേതൃത്ത്വം നൽകിയ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ ശ്രീശാന്തിനെതിരെ തെളിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് പട്യാല ഹൗസ് കോടതി 2015ൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കികൊണ്ട് വിധി പ്രഖ്യാപനം നടത്തിയെങ്കിലും ബിസിസിഐ ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ചിരുന്നില്ല. അതിനിടെ ശ്രീശാന്ത് ബിജെപിയിൽ ചേരുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. വിജയമോ നല്ല പ്രകടനമോ നടത്തിയാൽ ശ്രീശാന്തിന്റെ ബിജിപെ നേതൃത്വം ഇടപെട്ട് വിലക്ക് പിൻവലിക്കപ്പെടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. ശ്രീശാന്തിന്റെ വിലക്ക് പിൻവലിക്കുകയാമെങ്കിൽ സ്വാഭാവികമായും അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരുടെ വിലക്കും ബിസിസിഐക്ക് പിൻവലിക്കേണ്ടിവരും. പെട്ടെന്നുള്ള വിലക്ക് പിൻവലിക്കൽ ശ്രീശാന്ത് ബിജെപി അംഗമായതിനാലാണ് എന്ന വാദവും ഉയരാൻ സാധ്യതയുള്ളതിനാൽ ബിസിസിഐ ഇക്കാര്യത്തിൽ ശ്രദ്ധിച്ചുമാത്രമെ തീരുമാനം കൈക്കൊള്ളുകയുള്ളു. മുഗ്ദൽ കമ്മിറ്റിയുടെ കൈവശം ശ്രീശാന്തിനെതിരെ വാതുവയ്‌പ്പിന് തെളിവില്ലെങ്കിലും അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവർക്കെതിരെ തെളിവുകളുണ്ട്. അതുകൊണ്ട് ശ്രീശാന്തിന് ധൈര്യമായും കോടതിയെ സമീപിക്കാം.

വിലക്കു നീക്കുവാനായി ശ്രീശാന്തിനൊപ്പം ചന്ദില, ചവാൻ എന്നിവർ കോടതിയെ സമീപിക്കുകയാണെങ്കിൽ ബിസിസിഐക്ക് തെളുവുകൾ കോടതിയിൽ ഹാജരാക്കേണ്ടിവരും. അങ്ങനെയൊരു സാഹചര്യത്തിൽ ശ്രീശാന്തിന് അനുകൂലമായി കോടതി വിധിവരും. അതുണ്ടായാൽ മാത്രമെ ശ്രീശാന്തിന്റെ വിലക്ക് നീങ്ങുകയുള്ളു. നിലവിലെ വിലക്ക് നീങ്ങാതെ ശ്രീശാന്തിന് ബിസിസിഐ സംഘടിപ്പിക്കുന്ന ഒരു പരിപാടികളിലും പങ്കെടുക്കാനാകില്ല. വാദുവയ്‌പ്പ് കേസിൽ കുടുങ്ങിയത് കാരണമുള്ള വിലക്ക് ഭാവിയിൽ പെൻഷൻ തുടങ്ങിയ ഒരു ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയിലേക്കും എത്തിക്കും. ഹബിസിസിഐയുടെ കീഴിൽ നടക്കുന്ന മത്സരങ്ങളിൽ ചാനലിലെ കോമന്റേറ്റർ ആകണമെങ്കിൽപ്പോലും വിലക്ക് നീങ്ങേണ്ടതുണ്ട്.

എന്നാൽ ഇത്രയും സാധ്യതകളുണ്ടായിട്ടും കോടതിയെ സമീപിച്ചാൽ ടീമിലേക്കുള്ളമടങ്ങിവരവിന് അത് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയാകുമോയെന്നും ശ്രീശാന്തിന് സന്ദേഹമുണ്ട്. ഭാവിയിൽ മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് എത്താനുള്ള സാധ്യത അടയാതിരിക്കാനായി ബിജെപിയെ പിണക്കാനും ശ്രീശാന്ത് തയ്യാറാകില്ല. മാറിയ സാഹചര്യത്തിൽ വലിയ മുന്നേറ്റം ബിജെപി നടത്തുന്നതിനാൽ തന്നെയാണ് ഇത്. കൃത്യമായ പ്രചരണവും പ്രവർത്തനവും നടത്തിയിരുന്നെങ്കിൽ താരം തിരുവനന്തപുരത്ത് വിജയിക്കുമായിരുന്നുവെന്നു കരുതുന്നവരും കുറവല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP