Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

60 കോടിയുടെ സർക്കാർ ഭൂമി സംരക്ഷിച്ച അദീലയെ തെറിപ്പിച്ച മുഖ്യമന്ത്രിയുടെ അടുത്ത ലക്ഷ്യം ശ്രീരാം വെങ്കിട്ടരാമൻ; ദേവികുളം സബ് കലക്ടർ നോട്ടിസ് നൽകിയ ഭൂമി ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; കൈയേറ്റക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് ശ്രീരാമിനെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി സർവകക്ഷിസംഘം എത്തിയതിന് പിന്നാലെ

60 കോടിയുടെ സർക്കാർ ഭൂമി സംരക്ഷിച്ച അദീലയെ തെറിപ്പിച്ച മുഖ്യമന്ത്രിയുടെ അടുത്ത ലക്ഷ്യം ശ്രീരാം വെങ്കിട്ടരാമൻ; ദേവികുളം സബ് കലക്ടർ നോട്ടിസ് നൽകിയ ഭൂമി ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; കൈയേറ്റക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് ശ്രീരാമിനെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി സർവകക്ഷിസംഘം എത്തിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫോർട്ട് കൊച്ചിയിൽ കൈയേറ്റക്കാർ കൈവശപ്പെടുത്തിയ 60 കോടി രൂപയിലേറെ വിലമതിക്കുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ചിട്ടും സർക്കാർ കറിവേപ്പില പോലെയാണ് സബ്കലക്ടർ അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റിയത്. മന്ത്രിസഭാ യോഗത്തിന് പുറമേ പ്രത്യേക അജണ്ടായായി കൊണ്ടുവന്നാണ് അദീലയെ സ്ഥലം മാറ്റായത്. ഇതിന് പിന്നിൽ ഭൂമാഫിയയുടെയും സിപിഎമ്മിന്റെയും ഇടപെടൽ ഉണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെ മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കാൻ ധീരമായ നടപടി സ്വീകരിച്ച ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ കസേര തെറിപ്പിക്കാനും ശ്രമം ശക്തമായി. ഇതിന്റെ ഭാഗമായി ദേവികുളം സബ്കലക്ടർ ഒഴിപ്പിക്കൽ നോട്ടിസ് നൽകിയ മൂന്നാറിലെ 22 സെന്റ് ഭൂമി ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം നൽകി.

ശ്രീരാമിന് എതിരായ നടപടിയുടെ തുടക്കമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ നിർദ്ദേശം നൽകിയത് എന്നാണ് അറിയുന്നത്. കൊട്ടിദ്‌ഘോഷിച്ച മൂന്നാർ ഓപ്പറേഷൻ ചലനമറ്റ് കിടക്കുന്നതിന് ഇടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ശ്രീരാമിന്റെ പ്രവർത്തനങ്ങളെ തടയിടുന്ന വിധത്തിൽ ശക്തമായ സമ്മർദ്ദം നടക്കുന്നത്. അതേസമയം ശ്രീരാമിന്റെ തൊഴിലിനെ തടസപ്പെടുത്തുന്ന വിധത്തിലുള്ള ഈ നിർദേശത്തിന് എതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പിനുള്ളത്. ഈ സാഹചര്യത്തിൽ, മൂന്നാർ സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ ഒന്നാം തീയതി യോഗം വിളിക്കാൻ മുഖ്യമന്ത്രി റവന്യൂ മന്ത്രിയോട് ആവശ്യപ്പെട്ടു.

മൂന്നാർ പൊലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ നോട്ടീസിൽ ഒരു തുടർനടപടിയും ജൂലൈ ഒന്നുവരെ കൈക്കൊള്ളരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാർ വില്ലേജ് ഓഫിസ് തുടങ്ങാൻ ഈ സ്ഥലം ഏറ്റെടുക്കാൻ സബ് കളക്ടർ നൽകിയ ഉത്തരവ് നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിൽ വിവിധ സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയ ഭൂമി ഒഴിപ്പിക്കൽ തൽക്കാലം നിർത്തിവയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്.

നേരത്തെ ശ്രീരാമിനെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് മൂന്നാറിൽ നിന്നുമുള്ള സർവ്വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു കത്ത് നൽകിയത്. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലും കെട്ടിട്ടവും ഒഴിപ്പിക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടത്.

എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് എകെ മണി, സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സിഎ കുര്യ ൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശ്രീറാമിനെ ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു.

മൂന്നാർ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായി പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലം കണ്ടുക്കെട്ടാനാണ് സബ്കളക്ടർ ഉത്തരവിട്ടിരിക്കുന്നത്. 12 വർഷമായി സ്വകാര്യ വ്യക്തി കൈവശം വെച്ചിരിക്കുന്ന ഭൂമിയാണിത്. 1948 മുതൽ ഡിസ്റ്റിലറിക്കായി സംസ്ഥാന സർക്കാർ വിട്ടുനൽകിയ ഭൂമിയാണിതെന്നും 1996ൽ എകെ ആന്റണി സർക്കാർ ചാരായം നിരോധിക്കുന്നത് വരെ ഈ സ്ഥലം ചില അബ്കാരികളുടെ കൈവശമായിരുന്നെന്നും കത്തിൽ സംഘം ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൻ നടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് മൂന്നാറിലെ റവന്യു ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി വിളിച്ചുക്കൂട്ടിയ യോഗത്തിലെ ധാരണകൾ ലംഘിച്ചിട്ടില്ല. കുടിയേറ്റ കർഷകർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പത്ത് സെന്റിന് താഴെയുള്ള ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു.

ദേവികുളം സബ് കലക്ടർ നോട്ടീസ് നൽകിയ ഭൂമി ഒഴിപ്പിക്കരുതെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയതോടെ കടുത്ത അതൃപ്തിയുമായി റവന്യൂ വകുപ്പും രംഗത്തെത്തി. നിയമപ്രകാരം ഒഴിപ്പിക്കൽ നോട്ടിസ് നൽകിയതാണ്, അതു പാതിവഴിക്ക് നിർത്തി വെക്കാൻ സാധിക്കില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. മാത്രമല്ല മൂന്നാർ സംബന്ധിച്ച എല്ലാ നടപടികളിലും പ്രദേശിക സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിലും സിപിഐക്ക് നീരസമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂലൈ ഒന്നാം തീയതി ചേരുന്ന യോഗത്തിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളിൽ വീണ്ടും നിയന്ത്രണങ്ങൾ വരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP