Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷുവിന് ശ്രുതിയും സ്വാതിയും സമ്മാനിച്ചത് ജീവന്റെ 'കൈനീട്ടം'; മസ്തിഷ്‌ക മരണം സംഭവിച്ച അമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് പെൺമക്കൾ; ഹോംനഴ്‌സായ കവിത ഇനി ജീവിക്കുക കിംസിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കഴിയുന്ന മൂന്ന് രോഗികളിലൂടെ; ജീവന്റെ കരുതലായി ജീവിച്ച കവിത വിടപറയുമ്പോഴും തുണയായത് മൂന്ന് നിരാലംബർക്ക്

വിഷുവിന് ശ്രുതിയും സ്വാതിയും സമ്മാനിച്ചത് ജീവന്റെ 'കൈനീട്ടം'; മസ്തിഷ്‌ക മരണം സംഭവിച്ച അമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് പെൺമക്കൾ;  ഹോംനഴ്‌സായ കവിത ഇനി ജീവിക്കുക കിംസിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കഴിയുന്ന മൂന്ന് രോഗികളിലൂടെ; ജീവന്റെ കരുതലായി ജീവിച്ച കവിത വിടപറയുമ്പോഴും തുണയായത് മൂന്ന് നിരാലംബർക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിഷുദിനത്തിൽ ജീവന്റെ കൈനീട്ടം സമ്മാനിച്ച് ഈ പെൺമക്കൾ. ഹോംനേഴ്‌സായ അമ്മയുടെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ ശ്രുതിയും സ്വാതിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് മൂന്നുപേരുടെ ജീവിതത്തിന് നിറം പകരുകയായിരുന്നു. കൊല്ലം കിളികൊല്ലൂർ മുസലിയാർ നഗർ 75 പുതുവയലിൽ വീട്ടിൽ ബി.കവിത(48)യുടെ അവയവങ്ങളാണ് തിങ്കളാഴ്ച മൂന്നു പേർക്ക് ദാനം ചെയ്തത്. കോയമ്പത്തൂരിൽ ഹോംനേഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന കവിത വീട്ടിലെ കുളിമുറിയിൽ കാലവഴുതി വീഴുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് കവിതയെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനില വഷളാവുകയായിരുന്നു. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന നോഡൽ ഏജൻസിയായ കെഎൻഒഎസിന്റെ  (മൃതസഞ്ജീവനി) നേതൃത്വത്തിൽ അവയവദാനത്തെക്കുറിച്ച് കവിതയുടെ മക്കളായ ശ്രുതിയോടും സ്വാതിയോടും മറ്റ് ബന്ധുക്കളോടും സംസാരിച്ചു.

അവർ യാതൊരു വിസമ്മതവും പ്രകടിപ്പിക്കാതെ സമ്മതം മൂളുകയുമായിരുന്നു. തുടർന്ന് കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ട് രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നൽകുകയായിരുന്നു.രോഗീപരിചരണമേഖലയിൽ കവിതയുടെ ആത്മാർത്ഥതും അർപ്പണബോധവും അരക്കിട്ടുറപ്പിക്കുന്ന തീരുമാനമാണ് മക്കളും സ്വീകരിച്ചത്.

അമ്മയുടെ അവയവങ്ങൾ കൊണ്ട് മൂന്നുപേർക്ക് ജീവിതം തിരിച്ചുപിടിക്കാൻ കഴിഞ്ഞെങ്കിൽ രോഗികളുടെ പരിചരണത്തിനു വേണ്ടി ജീവിതം സമർപ്പിച്ച അമ്മയ്ക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു ശ്രുതിയും സ്വാതിയും മറ്റ് കുടുംബാംഗങ്ങളും സ്വീകരിച്ചത്.

അവയവ ദാനം...ഓർക്കാൻ ഏറെയുണ്ടേ....

അവയവദാന സമ്മതപത്രം സ്വബോധത്തോടെ ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ട ഒന്നാണ്. അതിനായി ഒരു സമ്മതപത്രം തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. ആ സമ്മതം നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കുളുമായി പങ്കുവെയ്ക്കുകയും വേണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് മസ്തിഷ്‌ക മരണം സംഭവിക്കുന്ന പക്ഷം അവയവം ദാനം ചെയ്യാൻ നിങ്ങൾ തയ്യാറാണെന്ന വിവരം അവർക്ക് അറിയാൻ സാധിക്കൂ. ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ മരണാനന്തരം ദാനം ചെയ്യാൻ സാധിക്കുകയുള്ളൂ.

അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുതാര്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ചിട്ടുള്ളതാണ് മൃതസഞ്ജീവനി പദ്ധതി. നിങ്ങൾ അവയവദാതാവാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ knos.org.in എന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക് അക്കാര്യം ഉറപ്പാക്കാം. അതിൽ Donor Card എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്യാനുള്ള ഫോം പ്രത്യക്ഷപ്പെടും. പേര്, ജനനത്തിയതി, വയസ്സ്, രക്തഗ്രൂപ്പ് എന്നിവയ്ക്കൊപ്പം ഏതെല്ലാം അവയവങ്ങളാണ് മരണാനന്തരം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന വിവരവും കൃത്യമായി പൂരിപ്പിക്കുക.

അതിനുശേഷം നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. അതിനു താഴെയായി അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട അടുത്ത ബന്ധുവിന്റെ ഫോൺ നമ്പറും അഡ്രസും രേഖപ്പെടുത്തണം. ആവശ്യമായ വിവരങ്ങൾ എല്ലാം നൽകിയ ശേഷം Confirm എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങൾക്ക് അനുസരിച്ച് ഫോട്ടോ പതിച്ച ഒരു കാർഡ് ലഭ്യമാകും.

ഇത് ഡൗൺലോഡ് ചെയ്ത് പ്ലാസ്റ്റിക് കാർഡാക്കി ലാമിനേറ്റ് ചെയ്തോ അല്ലാതെയോ നിങ്ങൾക്ക് സൂക്ഷിക്കാം. നിങ്ങൾ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധനാണെന്നുള്ളതിന്റെ സാക്ഷ്യപത്രമായിരിക്കും ഈ കാർഡ്. ഇക്കാര്യം അടുത്ത ബന്ധക്കളോടും നിങ്ങൾ പങ്കുവച്ചിരിക്കണം. അവയവങ്ങൾ ആവശ്യമുള്ളവർ ഈ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കണം. യോജിക്കുന്ന അവയവം ലഭ്യമാകുമ്പോൾ സീനിയോറിട്ടി പ്രകാരം അത് ആവശ്യക്കാർക്ക് ലഭ്യമാക്കും. കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് (കെനോസ്) എന്ന വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളുമുണ്ട്.

കേന്ദ്ര സർക്കാറിന്റെ ഉദ്യമത്തിൽ പങ്കാളിയാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ NOTTO എന്ന വെബ്‌സൈറ്റിലെ സേവനങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. അതുകൊണ്ട് ഇനിയും മടിച്ചുനിൽക്കാതെ സർക്കാർ സംവിധാനത്തിലൂടെ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാനുള്ള ഉദ്യമത്തിൽ പങ്കാളികളാകുക. മരണത്തിലൂടെ ജീർണിച്ചുപോയേക്കാവുന്ന നിങ്ങളുടെ അവയവങ്ങൾ പലരിലൂടെ വീണ്ടും ജീവിക്കുന്നുവെങ്കിൽ അതിൽപരം പുണ്യം മറ്റെന്തുണ്ട്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP