Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചങ്ക് പറിഞ്ഞ വേദനയോടെയാണ് ഇവിടെ നിൽക്കുന്നത്; കാരണം ഈ മകൻ ഇങ്ങനെ മരിക്കില്ലായിരുന്നു; റോയി ഇവിടെ നിന്ന് യാത്ര പറഞ്ഞു പോയി; ഈ വീട്ടിൽ അരി മേടിക്കാൻ 10 പൈസ നിങ്ങൾ കൊടുക്കുമോ? നൊമ്പരപ്പെടണം. മാനസാന്തരപ്പെടണം. ഇന്നെടുക്കണം തീരുമാനം....; ഞാനും കുടിക്കില്ല... വേറെയാരും കുടിക്കില്ലായെന്നും തീരുമാനിക്കണം: മദ്യപാനം കാരണം മരിച്ച ഇടവക അംഗത്തെ ഓർത്ത് കലയത്തുംകുന്നു സെന്റ് ആന്റണിസ് ചർച്ച് വികാരി ജോൺസൺ വല്ലൂരാൻ; ധാർമിക രോഷം നിറയുന്ന ചരമ പ്രസംഗം വൈറലാകുമ്പോൾ

ചങ്ക് പറിഞ്ഞ വേദനയോടെയാണ് ഇവിടെ നിൽക്കുന്നത്; കാരണം ഈ മകൻ ഇങ്ങനെ മരിക്കില്ലായിരുന്നു; റോയി ഇവിടെ നിന്ന് യാത്ര പറഞ്ഞു പോയി; ഈ വീട്ടിൽ അരി മേടിക്കാൻ 10 പൈസ നിങ്ങൾ കൊടുക്കുമോ? നൊമ്പരപ്പെടണം. മാനസാന്തരപ്പെടണം. ഇന്നെടുക്കണം തീരുമാനം....; ഞാനും കുടിക്കില്ല... വേറെയാരും കുടിക്കില്ലായെന്നും തീരുമാനിക്കണം: മദ്യപാനം കാരണം മരിച്ച ഇടവക അംഗത്തെ ഓർത്ത് കലയത്തുംകുന്നു സെന്റ് ആന്റണിസ് ചർച്ച് വികാരി ജോൺസൺ വല്ലൂരാൻ; ധാർമിക രോഷം നിറയുന്ന ചരമ പ്രസംഗം വൈറലാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ''റോയിയുടെ ശവസംസ്‌കാരം നടക്കുമ്പോൾ ചങ്ക് പറിഞ്ഞ വേദനയാണ് നിലനിൽക്കുന്നത്. കാരണം ഈ മകൻ ഇങ്ങനെ മരിക്കില്ലായിരുന്നു. കുറെ പേർ ചിന്തിച്ചില്ലായിരുന്നുവെങ്കിൽ. ഇനി നമുക്ക് ചിന്തിക്കാം. റോയി ഇവിടെ നിന്ന് യാത്ര പറഞ്ഞു പോയി. ഈ വീട്ടിൽ അരി മേടിക്കാൻ 10 പൈസ നിങ്ങൾ കൊടുക്കുമോ? എല്ലാവരും കണ്ണീരും പകർന്നു വൈകുന്നേരമായപ്പോൾ പിരിഞ്ഞു പോകുന്നവരായിരിക്കും. പിന്നെ ഈ വീട്ടിലേക്ക് തിരിഞ്ഞു നോക്കുന്നവരായിരിക്കില്ല. ഞാനിത് പറയുമ്പോൾ ഇടവകയിലെ അവസാന സംഭവമായിരിക്കണം ഇത്. ഇനി ഇങ്ങനെ ഒരു സംഭവം ഇടവകയിൽ ഉണ്ടാകാൻ പാടില്ല. കൂട്ടൊക്കെ നല്ലതാ, നന്മയ്ക്ക് നയിക്കണം.'' തീർത്തും വിഭിന്നവും വികാര നിർഭരമായിരുന്നു സെന്റ് ആന്റണിസ് ചർച്ച് വികാരി ഫാദർ ജോൺസൺ വല്ലൂരാന്റെ ഈ ചരമ പ്രസംഗം. മദ്യപിക്കുന്ന ആൾ ആദ്യം മദ്യം എടുക്കുന്നു. അത് കഴിച്ചു കഴിഞ്ഞാൽ രക്തത്തിലെ ഡ്രിങ്ക് വ്യക്തിയെക്കൊണ്ട് മദ്യം കഴിപ്പിക്കുന്നു. ഇതറിയാവുന്നതുകൊണ്ടാണ് ജോൺസൺ വല്ലൂരാൻ തനിക്ക് നടത്തേണ്ടിയിരുന്ന റോയി ജോർജ് മരങ്ങോലിലിന്റെ ചരമ ശുശ്രൂഷാ വേളയിലെ പ്രസംഗം ഈ വിധം വികാരനിർഭരമാക്കിയത്.

തലയോലപ്പറമ്പ് പള്ളിയിലെ ഈ വികാരനിർഭര ചരമ പ്രസംഗം പിന്നീട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തു. ഒട്ടേറെ പേരാണ് ആ പ്രസംഗത്തിന്റെ പേരിൽ ഫാദറെ വിളിച്ചു കൊണ്ടിരിക്കുന്നത്. ആർക്കെങ്കിലും ഈ പ്രസംഗം കൊണ്ട് ഗുണമുണ്ടായാൽ ഗുണം ഉണ്ടാകട്ടെ. എട്ടു വർഷത്തോളം ഫാദർ ആയിരുന്നിട്ടും ഇത്ര വികാരനിർഭരമായ ഒരു ചരമ പ്രസംഗം തനിക്ക് നടത്തേണ്ടി വന്നിട്ടില്ല-ഫാദർ ജോൺസൺ വല്ലൂരാൻ പറയുന്നു.  ഈ ചരമ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനെ തുടർന്ന് മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു ജോൺസൺ വല്ലൂരാൻ. മരിച്ചവരുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല. പക്ഷെ ചുറ്റും നിൽക്കുന്നവർ മാനസാന്തരപ്പെടാൻ പറഞ്ഞതാണ്-ഫാദർ പറയുന്നു.

മാനസാന്തരപ്പെടെണ്ടവർ എന്ന് പറഞ്ഞാൽ റോയിയുടെ മൃതദേഹത്തിന് ചുറ്റും അവർ. അവരാണ് റോയിയെ ഈ ഗതിയാക്കിയത്.റോയിയുടെ രീതിയിൽ പോയാൽ ഇവർക്കും ഇതേ ഗതി വരും. പക്ഷെ റോയിയുടെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം അന്നവിടെ കൂടിയ പലർക്കുമുണ്ടായിരുന്നു. ഈ ഉത്തരവാദിത്തം അവർ ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. മരിച്ച റോയി ജോർജ് മരങ്ങോലിനെ എനിക്ക് നേരിട്ടറിയാമായിരുന്നു. എന്റെ ഇടവകയിലെ ചെറുപ്പക്കാരൻ. അമിതമായ റോയിയുടെ മദ്യപാനമാണ് എന്റെ ശ്രദ്ധ റോയിയിലേക്ക് എത്തിച്ചത്. പല തവണ ഈ അമിത മദ്യപാനം നിർത്താൻ വ്യക്തിപരമായി ഞാൻ ശ്രമിച്ചിരുന്നു. റോയിയുടെ മുന്നിൽ പക്ഷെ എല്ലാ വഴികളും അടയുകയായിരുന്നു. അമിതമായ മദ്യപാനം അകാല മൃത്യുവിലേക്കും നയിച്ചു. ഇങ്ങിനെ വളരെ പെട്ടെന്ന് മരിക്കേണ്ടിയിരുന്ന ആളല്ല റോയി. പക്ഷെ മദ്യപാനം റോയിയുടെ ജീവിതം തന്നെ ഇല്ലാതാക്കി.

ആർക്കും തടയാൻ കഴിയാത്ത വിധം സൗഹൃദങ്ങളാൽ ബന്ധിതനായിരുന്നു റോയി. സുഹൃത്തുക്കൾ റോയിയുടെ ദൗർബല്യവും. ഇവർ തന്നെയാണ് റോയിയെ മദ്യം വഴി മരണത്തിലേക്ക് നയിച്ചത്. ഡ്രൈവർ ആയിരുന്നു റോയി. നന്നായി ജോലി ചെയ്യും. അതുകഴിഞ്ഞാൽ സുഹൃത്തുക്കൾക്ക് ഒപ്പം മദ്യപിക്കും. കിട്ടുന്ന കാശ് മുഴുവൻ മദ്യപാനത്തിനാണ് നീക്കി വെച്ചത്. ഭാര്യയും മകനും അടങ്ങുന്ന റോയിയുടെ കുടുംബം വഴിയാധാരമാകുമെന്നു എനിക്ക് ഉറപ്പായിരുന്നു. റോയിയുടെ കുടുംബത്തെ രക്ഷിക്കാനാണ് നോക്കിയത്. പക്ഷെ സുഹൃത്തുക്കൾ അതിനു സമ്മതിച്ചില്ല. എല്ലാവരും കൂടിയിരുന്നു മദ്യപിക്കും. മദ്യപിച്ചാൽ പലപ്പോഴും റോയി ഭക്ഷണവും കഴിക്കില്ലായിരുന്നു. മദ്യത്തെ പുൽകി ഒടുവിൽ മരണത്തെ പുല്കുകയായിരുന്നു റോയി. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ മദ്യത്തിനു അടിമയായി മരിച്ചാൽ ആരും വികാരം കൊണ്ടുപോവും.

മദ്യത്തിന്റെ പേരിൽ ഒരു യുവത്വത്തെ സുഹൃത്തുക്കൾ ആയ ചിലർ നശിപ്പിച്ചു കളഞ്ഞു. സംസ്‌കാര ശുശ്രൂഷയിൽ ഞാൻ നോക്കുമ്പോൾ ആരാണ് റോയിയുടെ മരണത്തിനു കാരണക്കാരായവർ. അവർ എല്ലാം റോയിയുടെ മൃതദേഹത്തിനു ചുറ്റുമുണ്ട്. ജീവനുള്ളപ്പോൾ ഇവരാണ് കുടിപ്പിച്ചു കുടിപ്പിച്ചു റോയിയെ വീട്ടിനുള്ളിൽ കിടത്തി വിട്ടിട്ടു പോകാറുള്ളത്. കൂട്ടുകാർ കാരണം നശിച്ചുപോയ ജീവിതമാണ് റോയിയുടെത്. ഞാൻ അറിഞ്ഞത് പ്രകാരം മദ്യപിക്കാനുള്ള കാശ് പലപ്പോഴും മുടക്കുന്നത് റോയിയാണ്. വീട്ടിൽ നൽകേണ്ട കാശ് മുഴുവൻ മദ്യപിച്ച് പോവുകയാണ്. റോയിയുടെ കുടുംബ ജീവിതം നാശത്തിന്റെ വക്കിലേക്ക് പതിക്കുകയും ചെയ്തു. റോയിയുടെ ഭാര്യയ്ക്ക് ജോലിയില്ല. പശുവിനെ വളർത്തിയാണ് അവർ കഴിഞ്ഞു പോകുന്നത്. ഒൻപതാം ക്ലാസിൽ പടിക്കുന്ന മകനാണ് ഉള്ളത്.ഇവരുടെ ജീവിതം എങ്ങനെ മുന്നോട്ടു പോകും? മദ്യത്തിൽ നിന്നും റോയിയെ വിമോചിപ്പിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എങ്ങിനെയായാലും കൂട്ടുകാർ വിളിച്ചു കൊണ്ട് പോവും. അത് കഴിഞ്ഞാൽ പിന്നെ ബോധമില്ലാത്ത അവസ്ഥയാണ്. ഡി-അഡിക്ഷൻ സെന്ററുകളിൽ റോയിയെ ഞങ്ങൾ എത്തിച്ചിരുന്നു.പക്ഷെ വലിയ ഗുണമുണ്ടായില്ല. ബോധം കേടും വരെ കുടിക്കുക. പിന്നീട് വീണ്ടും പോയി കുടിക്കുക. ആരെങ്കിലും പിന്നെ ജീവിതത്തിൽ രക്ഷപ്പെടുമോ? ഫാദർ ചോദിക്കുന്നു.

നമ്മുടെ യുവത്വം കഞ്ചാവിന്റെയും കള്ളിന്റെയും വിദേശമദ്യത്തിന്റെയും പിടിയിൽപ്പെട്ടിരിക്കുന്നു.ആർക്ക് ഇവരെ വഴിനടത്താൻ സാധിക്കും. മദ്യം ഏറ്റവും കൂടുതൽ ആസക്തി ഉണ്ടാക്കുന്ന വസ്തുവാണ്.ഇതറിഞ്ഞു തന്നെയാണ് മദ്യപിക്കുന്നവർ വീണ്ടും മദ്യപിക്കാൻ പോകുന്നത്. സ്വന്തം വീട്ടുകാരെ കുറിച്ച് ഇവർ ഓർക്കെണ്ടേ? മദ്യത്തിൽ നിന്നും വിടുതൽ വേണമെന്ന് റോയി ആഗ്രഹിച്ചെങ്കിലും അതിനു സാധിച്ചില്ല. ഇപ്പോൾ 10 പൈസ റോയിയുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കാൻ ആരെങ്കിലും തയ്യാറായിട്ടുണ്ടോ? കുടിപ്പിച്ചവർ ഇപ്പോഴും മാന്യന്മാരായി സമൂഹത്തിൽ വിലസുന്നു-അതുകൊണ്ടാണ് ചരമപ്രസംഗത്തിൽ ഇവർക്കെതിരെ സംസാരിച്ചത്-ഫാദർ വല്ലൂരാൻ പറയുന്നു..

ഫാദർ വല്ലൂരാന്റെ ചരമ പ്രസംഗം ഇങ്ങിനെ

ആ മകൻ ഒരു പാട് നന്നാകാൻ ശ്രമിച്ചു നോക്കി. പല തവണ ധ്യാനം കൂടി നന്നായി വന്നു. വീണ്ടും അവർ അവനെ വലിച്ചുകൊണ്ട് പോയി. ഇങ്ങിനെ വലിച്ചു കൊണ്ടുപോകുന്ന കുറെ പേരുണ്ട്. റോയിയുടെ മരണം ഇവിടെ സംഭവിച്ചു. ശവസംസ്‌കാരം നടക്കുമ്പോൾ ചങ്ക് പറിഞ്ഞ
വേദനയാണ് നിലനിൽക്കുന്നത്. കാരണം ഈ മകൻ ഇങ്ങിനെ മരിക്കില്ലായിരുന്നു. കുറെ പേർ ചിന്തിച്ചില്ലായിരുന്നുവെങ്കിൽ. ഇനി നമുക്ക് ചിന്തിക്കാം. റോയി ഇവിടെ നിന്ന് യാത്ര പറഞ്ഞു പോയി. ഈ വീട്ടിൽ അരി മേടിക്കാൻ 10 പൈസ നിങ്ങൾ കൊടുക്കുമോ? ഈ കുടുംബത്തിന്റെ സാമ്പത്തികമായ ആവശ്യങ്ങൾക്ക്, കൊണ്ടുപോയി പകർന്നു കൊടുത്തവർ പത്തു രൂപ കൊടുക്കുമോ ഈ വീട്ടിലേക്ക്. എല്ലാവരും കണ്ണീരും പകർത്ത് വൈകുന്നേരമായപ്പോൾ പിരിഞ്ഞു പോകുന്നവരായിരിക്കും. പിന്നെ ഈ വീട്ടിലേക്ക് തിരിഞ്ഞു നോക്കുന്നവരായിരിക്കില്ല. ഞാനിത് പറയുമ്പോൾ ഇടവകയിലെ അവസാന സംഭവമായിരിക്കണം ഇത്. ഇനി ഇങ്ങനെ ഒരു സംഭവം ഇടവകയിൽ ഉണ്ടാകാൻ പാടില്ല.

കൂട്ടൊക്കെ നല്ലതാ, നന്മയ്ക്ക് നയിക്കണം. പക്ഷെ റോയിയുടെ മരണം ഏറെ ഷോക്ക് ഉണ്ടാക്കുന്ന സംഭവമാണ് ഈ കുടുംബത്തെ സംബന്ധിച്ച്. കുടുംബം ഒരുപാട് നന്മകൾ റോയിക്ക് വേണ്ടി ചെയ്തു. ഈ അടുത്ത ദിവസം പോലും ധ്യാനിക്കാൻ പോകണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച മകനാണ്. ധ്യാനം കഴിഞ്ഞു വന്നാൽ എനിക്ക് അറിയാം. കൂട്ടുകാർ പിന്നെയും കൂടും. സ്‌നേഹമുള്ളവരെ നിങ്ങൾ ചിന്തിച്ചു നോക്കൂ. നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടില്ല. നഷ്ടപ്പെട്ടു പോയത് ഷിജിക്കാണ്. വീട്ടിൽ ഒരു അന്തിക്കൂടാണ് അവൻ. ഒരു അപ്പൻ ഉണ്ടാകുക എന്ന് പറഞ്ഞാൽ, ഒരന്തിക്കൂട്ടു ഒരു ധൈര്യമാണ്. ആ പ്രകാശത്തെയാണ് കൂട്ടുകാരും കൂടി, നാട്ടുകാരും കൂടി, ബന്ധുജനങ്ങൾ എന്ന് അഭിമാനിക്കുന്നവർ വിളിച്ചു കൊണ്ടുപോയത് കെടുത്തിക്കളഞ്ഞത്. നിങ്ങൾ ചിന്തിക്കണം. നിങ്ങൾക്ക് നൊമ്പരപ്പെടണം. ഈ റോയി ഇവിടെ മരിച്ചു കിടക്കുമ്പോൾ അതിനു കാരണക്കാരായ കൂട്ടുകാർ ഒക്കെ നൊമ്പരപ്പെടണം. ഈ മകനെ ഈ അവസ്ഥയിൽ എത്തിച്ചതിനു. ഈ പെൺകുട്ടിയെ ചെറുപ്പത്തിൽ വിധവയാക്കിയതിനു. ഈ കുഞ്ഞിനു അപ്പനില്ലാതാക്കിയവർ ഒക്കെ നൊമ്പരപ്പെടണം.

സ്‌നേഹമുള്ളവരെ ഞാൻ ഈ ചരമപ്രസംഗത്തിൽ ഓർമ്മിപ്പിക്കട്ടെ. റോയിയുടെ മരണത്തിലെക്ക് നയിച്ചവർ ഒരുപാട് പേരുണ്ട്.ഞാനിത് പലപ്പോഴും കാണുന്നതാണ്. എന്റെ കണ്മുന്നിൽ കാണുന്നതാണ് ഈ കാര്യങ്ങൾ എല്ലാം. ഈ മകനെ കൊണ്ടുപോയി നശിപ്പിച്ചവർ. അവൻ ഒരു പാവമാണ്. റോയി ഒരു മഹാ പാവമാണ്. ആര് വിളിച്ചാലും എതിർത്ത് പറയാത്ത മനുഷ്യൻ. അത് എല്ലാവരും മുതലെടുത്തു. ഇന്നു റോയി ഇവിടെനിന്നു വിടവാങ്ങുമ്പോൾ ഞാൻ പറയുന്ന കാര്യം ഇത്രയേയുള്ളൂ.നിങ്ങൾ പലരും ഇവിടെ നിൽപ്പുണ്ട്. റോയിയെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടവർ.നിങ്ങളുടെ ഹൃദയത്തിൽ നൊമ്പരപ്പെടണം. വേദനിക്കണം. നിങ്ങൾ ഉറങ്ങരുത് ഇന്നു രാത്രി. ഈ മകൻ നഷ്ടപ്പെട്ടത്, ചുമ്മാ മരിച്ചു പോയതല്ല. വെറുതെ ഒരു രോഗം വന്നു മരിച്ചു പോയതല്ല.

അതിനു നയിക്കപ്പെട്ട കാരണങ്ങൾ രണ്ടു മൂന്നു ദിവസമായി കണ്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ.ഞാൻ ചിന്തിച്ചു എന്ത് സംഭവിച്ചു ഈ മകന് എന്ന്. കൂട്ടുകാർ ഒരു പാട് പേര്.റോയിയെക്കാളും പ്രായമുള്ളവർ ആണ് റോയിയുടെ കൂട്ടുകാർ ആയിരുന്നവർ.നിങ്ങളൊക്കെ ഈ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുമ്പോൾ നിങ്ങൾ നെഞ്ചത്ത് കൈവെച്ചു ചോദിക്കൂ. ഈ മകന്റെ മരണത്തിനു എനിക്ക് ഉത്തരവാദിത്തമില്ലേ എന്ന്. ഈ കുടുംബത്തെ അനാഥമാക്കിയതിൽ എനിക്കും ഉത്തരവാദിത്തമില്ലേയെന്നു നിങ്ങൾ നെഞ്ചത്ത് കൈ വച്ചുകൊണ്ട് ചോദിക്കണം. നൊമ്പരപ്പെടണം. മാനസാന്തരപ്പെടണം. ഇന്നെടുക്കണം തീരുമാനം. ഈ ജീവിതത്തിൽ ഇങ്ങനെ പ്രവർത്തിക്കുകയില്ലെന്ന്. ഞാനും കുടിക്കില്ല. വേറെയാരും കുടിക്കില്ലാ എന്ന് തീരുമാനിക്കണം.

സ്‌നേഹമുള്ളവരെ വേദനകൊണ്ട് പറഞ്ഞതാണ്. ഒരു വികാരിയച്ചന്റെ വിഷമം പങ്കുവെച്ചു എന്നേയ്യുള്ളൂ. എട്ടുവർഷമായി റോയിയെ കാണാൻ തുടങ്ങിയിട്ട്. ആ മകൻ ഒരു പാവമായിരുന്നു. അവന്റെ ഒരു ഭാര്യ ഒരു പാവമാണ് കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു കുടുംബമാണ്. ആ കൊച്ചൻ മഹാപാവം. എല്ലാവരും കൂടി ആ പാവം മനസുകളെ നൊമ്പരപ്പെടുത്തി. എല്ലാം നഷ്ടപ്പെടുത്തി. ഇനിയെങ്കിലും റോയിയുടെ ശവസംസ്‌ക്കാരം കഴിയുമ്പോഴേക്കും നിങ്ങൾ മാനസാന്തരപ്പെടണം. വിശുദ്ധിയിലേക്ക് നയിക്കപ്പെടട്ടെ. നല്ല ജീവിതം എല്ലാവർക്കും ഉണ്ടാകണം. നമ്മുടെ ഒരു കുടുംബങ്ങളും ഇങ്ങിനെ ആകരുത്. പ്രിയമുള്ളവരേ. ഒരു പെൺകുട്ടിയും ചെറുപ്പത്തിൽ വിധവയായി തീരരുത്.ജോർജേട്ടൻ, അമ്മ അവർ രണ്ടു പേർ നിൽക്കുന്നു. നൊമ്പരപ്പെട്ടു പ്രസംഗിച്ച മൂത്ത മകന്റെ ശവമഞ്ചത്തിനു മുന്നിൽ നിൽക്കുമ്പോൾ ആ മാതാവിന്റെ ഹൃദയ വേദന മനസിലാക്കണം. അപ്പൻ അമ്മയും ജീവിച്ചിരിക്കുമ്പോൾ ഒരു മകൻ വേർപ്പെട്ടു പോകുന്നത് താങ്ങാൻ ആകാത്ത കാര്യങ്ങളാണ്. നമുക്ക് മാതാപിതാക്കൾ മരിക്കുന്നത് പോലെയല്ല. അവർ പെറ്റുവളർത്തിയ, മൂത്തവനായി വളർത്തിയിട്ടു ആ മകന്റെ ശവമഞ്ചത്തിനു മുന്നിൽ അപ്പനും അമ്മയും നിൽക്കുമ്പോൾ ഹൃദയം പിളർന്നു നിൽക്കുമ്പോൾ നിങ്ങൾ ഓർക്കണം.ഇതിനൊക്കെ പലർക്കും പങ്കുണ്ട് എന്ന സത്യം. ഇത് മറക്കാതിരിക്കണം. റോയിയുടെ വേർപാട് ദുഃഖമാണ്. നമ്മുടെ ഇടവകയിൽ ഇങ്ങിനെ സംഭവിക്കരുത്. എല്ലാവരോടും അനുശോചനം അറിയിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP