Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതി വിധിയുള്ളതിനാൽ ആരാധന നടത്തിയേ മതിയാകൂവെന്ന് ഓർത്തഡോക്‌സുകാർ; വിധി നടപ്പാക്കൽ ഉത്തരവില്ലെന്ന് യാക്കോബായക്കാർ; സംരക്ഷണം ഒരുക്കാൻ കളക്ടറുടെ ഉത്തരവ് വേണമെന്ന് പൊലീസും തഹസിൽദാറും; കോടതി വിധിയുമായെത്തിയവരെ തടഞ്ഞ് ക്രമസമാധാന പാലനം; ചാലിശ്ശേരി പള്ളി തർക്കത്തിലും സർക്കാരിന് താൽപ്പര്യം വിശ്വാസ സംരക്ഷണം തന്നെ; ശബരിമലയിലെ നീതി സഭാ കേസുകളിൽ നടപ്പാക്കില്ലെന്നതിന് മറ്റൊരു തെളിവ് കൂടി

സുപ്രീംകോടതി വിധിയുള്ളതിനാൽ ആരാധന നടത്തിയേ മതിയാകൂവെന്ന് ഓർത്തഡോക്‌സുകാർ; വിധി നടപ്പാക്കൽ ഉത്തരവില്ലെന്ന് യാക്കോബായക്കാർ; സംരക്ഷണം ഒരുക്കാൻ കളക്ടറുടെ ഉത്തരവ് വേണമെന്ന് പൊലീസും തഹസിൽദാറും; കോടതി വിധിയുമായെത്തിയവരെ തടഞ്ഞ് ക്രമസമാധാന പാലനം; ചാലിശ്ശേരി പള്ളി തർക്കത്തിലും സർക്കാരിന് താൽപ്പര്യം വിശ്വാസ സംരക്ഷണം തന്നെ; ശബരിമലയിലെ നീതി സഭാ കേസുകളിൽ നടപ്പാക്കില്ലെന്നതിന് മറ്റൊരു തെളിവ് കൂടി

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പിലാവ്: സഭാ തർക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് ശ്രമിക്കില്ലെന്ന് വ്യക്തമാക്കി ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് സുറിയാനി പള്ളിയിൽ ആരാധനയ്ക്കായി എത്തിയ ഓർത്തഡോക്‌സ് സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞു. അനുരഞ്ജന ചർച്ചകൾ ഫലം കണാത്ത സാഹചര്യത്തിൽ ഈ വിഷയം വീണ്ടും കോടതി കയറുമെന്ന് ഉറപ്പായി. സുപ്രീംകോടതി വിധിയുള്ളതിനാൽ ഓർത്തഡോക്‌സിന് അനുകൂലമായി മാത്രമേ വിധി വരാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ വിഷയം പൊലീസിന് തീരാ തലവേദനയുമാണ്.

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന പൊലീസ് സഭാ കേസിൽ കള്ളക്കളി നടത്തുന്നുവെന്ന ആരോപണം സജീവമാണ്. കെ.സി.വർഗീസ് കേസിൽ കഴിഞ്ഞ വർഷം ജൂലൈ 3നു നൽകിയ വിധി മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയ്ക്കു കീഴിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചിരുന്നു. അന്യായം ഫയൽ ചെയ്യാനുള്ള അനുമതി റദ്ദാക്കിയ പ്രത്യേക കോടതിയുടെ നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ചാലിശേരി സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് ഓർത്തഡോക്‌സ് സുറിയാനി പള്ളിക്കുവേണ്ടി നൽകിയ ഹർജി ജഡ്ജിമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവരുടെ ബെഞ്ച് തീർപ്പാക്കി. ഇത്തരമൊരു കേസിലാണ് കോടതി വിധി നടപ്പാക്കാതെ പൊലീസ് ഒത്തുകളിക്കുന്നത്.

സഭ തർക്കത്തിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായി വിധി വന്ന സാഹചര്യത്തിൽ പള്ളിയിൽ ആരാധന നടത്തുമെന്ന് ഓർത്തഡോക്‌സ് വിശ്വാസികളും വിധി നടപ്പാക്കൽ ഉത്തരവു ലഭിച്ചതിനു ശേഷമേ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ എന്നു യാക്കോബായ വിശ്വാസികളും പറഞ്ഞതാണ് ഇന്നലെ തർക്കത്തിൽ കലാശിച്ചത്. പട്ടാമ്പി തഹസിൽദാർ കാർത്യായനി ദേവിയുടെയും ഡിവൈഎസ്‌പി ജി.ഡി. വിജയകുമാറിന്റെയും നേതൃത്വത്തിൽ ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം കണ്ടില്ല.

പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം വേണമെന്ന് ഓർത്തഡോക്‌സ് സഭ ആവശ്യപ്പെട്ടെങ്കിലും കലക്ടറുടെ ഉത്തരവുണ്ടെങ്കിൽ മാത്രമേ സംരക്ഷണം അനുവദിക്കൂ എന്നു പൊലീസ് അറിയിച്ചു. ഈ വിചിത്ര ന്യായം ഓർത്തഡോക്‌സുകാർ അംഗീകരിച്ചില്ല. തുടർന്ന് ഓർത്തഡോക്‌സ് സഭ വികാരി ഫാ. മാത്യു ജേക്കബ് പുതുശ്ശേരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിലേക്കു നീങ്ങിയപ്പോൾ പൊലീസ് തടയുകയായിരുന്നു. കോടതി ഉത്തരവുണ്ടെങ്കിലും സംഘർഷമുണ്ടാകുമെന്ന ന്യായം പറഞ്ഞായിരുന്നു ഇത്.

പിന്നീടു നടന്ന ചർച്ചയിൽ പാലക്കാട് കലക്ടറുടെ ഓഫിസിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചതിനുശേഷം വിശ്വാസികൾ പിരിഞ്ഞു പോയി. ഓർത്തഡോക്സ് സഭാ വിശ്വാസികൾ എത്തുമെന്നറിഞ്ഞ് യാക്കോബായ വിശ്വാസികൾ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. എന്നാൽ പ്രശ്‌നങ്ങിളില്ലാതെ എല്ലാം കൈകാര്യം ചെയ്തതിന്റെ ആശ്വാസത്തിലാണ് പൊലീസ്. സമവായത്തിലൂടെ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാകൂവെന്ന് പൊലീസ് ഇനിയും നിലപാട് എടുക്കാനാണ് സാധ്യത.

ചാലിശേരി പള്ളി സംബന്ധിച്ചു തങ്ങൾക്കുള്ള അവകാശം സ്ഥാപിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്‌സ് സഭ കീഴ്‌ക്കോടതിയിൽ അന്യായം ഫയൽ ചെയ്തത്. സിവിൽ നടപടി ചട്ടത്തിലെ 92ാം വകുപ്പു പ്രകാരം, അന്യായം നൽകാനുള്ള അനുമതി കോടതി നൽകിയിരുന്നു. എന്നാൽ, അന്യായവും അനുമതിയപക്ഷേയും ഒരുമിച്ചാണു നൽകിയതെന്ന വിലയിരുത്തലിൽ, പ്രത്യേക കോടതി അനുമതി റദ്ദാക്കി. ഇതു ഹൈക്കോടതി ശരിവച്ചു. അതിനെതിരെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഉന്നയിച്ച വിഷയം അക്കാദമിക താൽപര്യം മാത്രമുള്ളതാണെന്നും കഴിഞ്ഞ വർഷം ജൂലൈയിലെ വിധി എല്ലാ പള്ളികൾക്കും ബാധകമാണെന്നും കോടതി വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP