Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തങ്ങളുടെ കുട്ടികൾ വളരുന്നത് അപകടം നിറഞ്ഞ അന്തരീക്ഷത്തിൽ മാത്രമല്ല അനുകമ്പ ഇല്ലാത്ത അദ്ധ്യാപകരുടെ കീഴിലും; പാമ്പുകടിയേറ്റ പത്തുവയസുകാരിയെ അച്ഛൻ എത്തും വരെ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്ന അദ്ധ്യാപകർക്കെതിരെ ജനരോഷം ശക്തം; സ്റ്റാഫ് റൂമിന്റെ പൂട്ട് തകർത്ത് നാട്ടുകാർ ഉള്ളിൽ കയറി; സ്‌കൂൾ അടിച്ചു തകർത്ത നാട്ടുകാരെ ശാന്തരാക്കിയത് പൊലീസ് എത്തി

തങ്ങളുടെ കുട്ടികൾ വളരുന്നത് അപകടം നിറഞ്ഞ അന്തരീക്ഷത്തിൽ മാത്രമല്ല അനുകമ്പ ഇല്ലാത്ത അദ്ധ്യാപകരുടെ കീഴിലും; പാമ്പുകടിയേറ്റ പത്തുവയസുകാരിയെ അച്ഛൻ എത്തും വരെ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്ന അദ്ധ്യാപകർക്കെതിരെ ജനരോഷം ശക്തം; സ്റ്റാഫ് റൂമിന്റെ പൂട്ട് തകർത്ത് നാട്ടുകാർ ഉള്ളിൽ കയറി; സ്‌കൂൾ അടിച്ചു തകർത്ത നാട്ടുകാരെ ശാന്തരാക്കിയത് പൊലീസ് എത്തി

മറുനാടൻ മലയാളി ബ്യൂറോ

കല്പറ്റ: പത്തു വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവും സങ്കടവും അടക്കാനാവാതെ നാട്ടുകാരും രക്ഷകർത്താക്കളും. തങ്ങളുടെ കുട്ടികൾ പഠിക്കുന്നതും വളരുന്നതും അപകടം നിറഞ്ഞ അന്തരീക്ഷത്തിൽ മാത്രമല്ല, അനുകമ്പ ഇല്ലാത്ത അദ്ധ്യാപകരുടെ കീഴിലാണ് എന്ന് തിരിച്ചറിഞ്ഞതിന്റെ നിസഹായാവസ്ഥയിലാണ് രക്ഷിതാക്കളും നാട്ടുകാരും. പാമ്പുകടിയേറ്റ ഷഹ്‌ലയെ ആശുപത്രിയിൽ എത്തിക്കാൻ പോലും മെനക്കെടാതെ അവളുടെ അച്ഛനെത്തുന്നതും കാത്തിരുന്ന അദ്ധ്യാപകരുടെ മനുഷ്യത്വം ഇല്ലായ്മക്കെതിരെ പ്രതിഷേധം അണപൊട്ടുകയാണ്.

സ്‌കൂളിലേക്ക് പ്രതിഷേധവുമായെത്തിയ നാട്ടുകാർ സ്‌കൂളിലെ സ്റ്റാഫ് റൂം തകർത്തു. പൂട്ടിക്കിടന്ന സ്റ്റാഫ് റൂമിൽ അദ്ധ്യാപകരിൽ ചിലരുണ്ടെന്ന് ആരോപിച്ച് പൂട്ട് തകർത്ത് നാട്ടുകാർ അകത്തു കയറുകയായിരുന്നു. സ്‌കൂൾ പരിസരത്ത് കൂടി നിൽക്കുകയായിരുന്ന നാട്ടുകാരാണ് സംഘം ചേർന്ന് സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ചത്.

നേരത്തെ ഡിഡിഇ സ്‌കൂൾ സന്ദർശിച്ച് ആരോപണവിധേയനായ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത വിവരം അറിയിച്ച് മടങ്ങിയിരുന്നു. തുടർന്ന് പൊലീസും മടങ്ങിപ്പോയി. അതിന് ശേഷം മരിച്ച വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ സ്‌കൂളിലെത്തിയിരുന്നു. ഇവർ വികാരവിക്ഷോഭങ്ങളോടെ പ്രതികരിച്ചതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം ആരംഭിച്ചു. തുടർന്നാണ് സ്റ്റാഫ് റൂമിൽ കയറുകയും ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത്. പൊലീസ് വീണ്ടും സ്ഥലത്തെത്തിയതോടെ രംഗം ശാന്തമായി.

ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന് പാമ്പ് കടിയേറ്റത്. വിദഗ്ധ ചികിത്സ ലഭിക്കാതെ ഷഹ് ല മരിച്ചു. ആശുപത്രിയിലെത്തിക്കാൻ അദ്ധ്യാപകർ അനാസ്ഥ കാണിച്ചതായി ഇതിനെ തുടർന്ന് ആരോപണം ഉയർന്നിരുന്നു.

പാമ്പ് കടിച്ചതെന്ന് ഷഹ്‌ല പറഞ്ഞിട്ടും ഉടൻ ആശുപത്രിയിലെത്തിച്ചില്ലെന്ന ഗുരുതര ആരോപണവുമായി സഹപാഠികൾ രംഗത്തെത്തിയിരുന്നു. 3.15ന് സംഭവമുണ്ടായിട്ടും മുക്കാൽ മണിക്കൂർ വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്ഷാകർത്താവ് വന്നിട്ടാണ് ആശുപത്രിയിലേക്കു പോയത്. ചെരിപ്പിട്ട് ക്ലാസിൽ കയറാൻ അനുവദിക്കാറില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. കുട്ടിയുടെ കാലിന് നീല നിറം ഉണ്ടായിരുന്നു. ഷെഹല നിന്നു വിറയ്ക്കുകയായിരുന്നു. എന്നാൽ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നായിരുന്നു അദ്ധ്യാപകന്റെ വാദം.

എന്നാൽ ഒരു അദ്ധ്യാപിക ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രധാന അദ്ധ്യാപകൻ നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക സ്‌കൂൾ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികൾ മനോരമ ന്യൂസിനോട് പറഞ്ഞു. ഷെഹല പാമ്പുകടിയേറ്റുമരിച്ച ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ ക്ലാസ് മുറികളിൽ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങളുണ്ട്. ഇതിൽ ഒരു പൊത്തിൽ കാൽ പെട്ടപ്പോഴാണ് കുട്ടിയുടെ കാൽ മുറിഞ്ഞത്.

കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കോഴിക്കോട്ടേക്ക് പോകുംവഴിയാണ് മരണം. അധ്യയനവർഷം ആരംഭിക്കുന്നത് മുൻപ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP