Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാറാഴ്‌ച്ചക്ക് മുമ്പ് മുദ്രപത്രം വാങ്ങിയവർക്ക് ഇനി ചെന്നാലും പഴയ നിരക്ക്; ഇന്നലെ വാങ്ങിയവർക്ക് ഉയർന്ന നിരക്കും; കൊള്ള ഫീസ് കണ്ട് ഞെട്ടിയ ഇടപാടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ ഉദ്യോഗസ്ഥരുടെ കൈയിൽ ഉത്തരവിന്റെ കോപ്പിയില്ല; നയാപൈസ ലാഭമില്ലാത്ത സ്വത്ത് വീതം വെക്കാൻ ലക്ഷങ്ങൾ കടം എടുക്കണം: സബ് രജിസ്ട്രാർ ഓഫീസുകളിൽ കനത്ത സംഘർഷം

ഞാറാഴ്‌ച്ചക്ക് മുമ്പ് മുദ്രപത്രം വാങ്ങിയവർക്ക് ഇനി ചെന്നാലും പഴയ നിരക്ക്; ഇന്നലെ വാങ്ങിയവർക്ക് ഉയർന്ന നിരക്കും; കൊള്ള ഫീസ് കണ്ട് ഞെട്ടിയ ഇടപാടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ ഉദ്യോഗസ്ഥരുടെ കൈയിൽ ഉത്തരവിന്റെ കോപ്പിയില്ല; നയാപൈസ ലാഭമില്ലാത്ത സ്വത്ത് വീതം വെക്കാൻ ലക്ഷങ്ങൾ കടം എടുക്കണം: സബ് രജിസ്ട്രാർ ഓഫീസുകളിൽ കനത്ത സംഘർഷം

തിരുവനന്തപുരം: സ്വകാര്യമായി സ്വത്ത് സമ്പാദിക്കാനും അത് കൈവശം വെക്കാനും അധികാരമുള്ള രാജ്യമാണ് ഇന്ത്യ. ചൈനയിലേത് പോലെ എല്ലാം സർക്കാറിന്റെ അധീനതയിൽ അല്ല. എന്തായാലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാതൃക പിന്തുടരുന്നതു കൊണ്ടാണോ എന്തോ അച്ചൻ മക്കൾക്ക് സ്വത്തെഴുതി കൊടുക്കുമ്പോഴും അതിൽ ഒരു പങ്ക് പിടിച്ചുവാങ്ങുന്നത് പോലെയുള്ള നടപടിക്കാണ് ധനമന്ത്രി തോമസ് ഐസക്ക് ഇത്തവണത്തെ കേരളാ ബജറ്റിൽ തുടക്കമിട്ടത്. സാധാരണക്കാരനെ നട്ടം ചുറ്റിക്കുന്ന വിധത്തിലാണ് മുദ്രപത്രത്തിന്റെ വില ഉയർത്തിയതും രജിസ്‌ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയതും. ബജറ്റിൽ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെ ജനരോഷം ശക്തമായെങ്കിലും പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന നടപടി പൊതുജനങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുകയും ചെയ്തു.

വൻകിടക്കാരെ അധികം ബാധിക്കാത്ത ഈ ഇടപാട് സാധാരണക്കാരനെയാണ് സാരമായി ബാധിക്കുന്നത്. മുൻകാലങ്ങളിൽ വെറും ആയിരം രൂപ കൈയിലുണ്ടെങ്കിൽ നടക്കുമായിരുന്ന ഇടപാടിനാണ് ഇപ്പോൾ പലരും ലക്ഷങ്ങൾ ഒപ്പിക്കേണ്ടി വരുന്നത്. പണമിടപാടു തീരെയില്ലാതെ കുടുംബാംഗങ്ങൾ തമ്മിൽ നടത്തുന്ന ഭൂമി കൈമാറ്റങ്ങൾക്കു മുദ്രപ്പത്ര നിരക്കിലും റജിസ്‌ട്രേഷൻ ഫീസിലും വൻ വർധന വന്നതോടെ ജനരോഷം ശക്തമായിട്ടുണ്ട്. പലരും ബജറ്റിലെ പ്രഖ്യാപനം അറിയാതെ അധിക പണം ഉണ്ടാക്കാതെ രജിസ്‌ട്രേഷൻ ഓഫീസുകളിൽ എത്തി. ഉദ്യോഗസ്ഥർക്കും വേണ്ടത്ര ബോധ്യമില്ലാത്ത അവസ്ഥ ഉണ്ടായതോടെ സംസ്ഥാനത്തെ മിക്ക സബ് രജിസ്റ്റ്രാർ ഓഫിസുകളിലും ഇന്നലെ വാക്കേറ്റവും തർക്കവും നടന്നു.

പഴയ നിരക്കിൽ ഭൂമി രജിസ്റ്റർ ചെയ്യാം എന്ന ധാരണയിൽ എത്തിയവരോടെ ഉദ്യോഗസ്ഥർ കൂടുതൽ പണം വേണമെന്ന് പറഞ്ഞതോടെ നെത്തിയവർ പൊള്ളുന്ന പുതിയ നിരക്കു കണ്ട് അമ്പരന്നു. ചിലർ നിരക്കു വർധിപ്പിച്ചതിന്റെ ഉത്തരവ് കാട്ടാൻ ആവശ്യപ്പെട്ടു. ഉത്തരവോ നിർദേശമോ ലഭിച്ചിട്ടില്ലാത്തതിനാൽ സബ് രജിസ്റ്റ്രാർ ഓഫിസ് ഉദ്യോഗസ്ഥർ ഇടപാടുകാരെ വർധന ബോധ്യപ്പെടുത്താനാകാതെ കുഴങ്ങി.

മുൻപ് ആധാരം എഴുതി തയാറാക്കിയവർക്ക് പഴയ നിരക്കിൽ റജിസ്‌ട്രേഷൻ അനുവദിച്ചാണ് പല ഓഫീസുകളിലും പ്രശ്‌നം പരിഹരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയ്ക്കു മുൻപു മുദ്രപ്പത്രം വാങ്ങിയവർക്കു പഴയ നിരക്കിൽ തന്നെ ആധാരം രജിസ്റ്റർ ചെയ്യാമെന്നു വ്യക്തമാക്കി റജിസ്‌ട്രേഷൻ ഐജി സബ് രജിസ്റ്റ്രാർമാർക്കു നിർദേശവും കൈമാറി. എന്നാൽ ഇന്നലെ മുദ്രപ്പത്രം വാങ്ങിയവർ പുതിയ നിരക്കിൽ തന്നെ ആധാരം രജിസ്റ്റർ ചെയ്യേണ്ടി വന്നു. മുദ്രപ്പത്ര നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് ഇളവു നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. പഴയ മുദ്രപ്പത്രങ്ങൾക്കു വരും ദിവസങ്ങളിലും ഇളവു ലഭിക്കും.

രജിസ്‌ട്രേഷൻ നിരക്കുകളിലെ വർധനയ്‌ക്കെതിരെ ശക്തമായ ജനരോഷം അതിശക്തമായി തന്നെയാണ് ഉയർന്നിരിക്കുന്നത്. കോർപ്പറേഷൻ പരിധിയിലും മറ്റും താമസിക്കുന്ന കുറച്ചു ഭൂമി മാത്രമുള്ളവരെയാണ് ഇപ്പോഴത്തെ പരിഷ്‌ക്കാരം സാരമായി ബാധിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ തമ്മിലെ ഭാഗപത്രത്തിനും ഒഴിമുറിക്കും ന്യായവിലയുടെ ഒരു ശതമാനമായിരുന്നു മുദ്രപ്പത്ര നിരക്ക്. ദാനം, ധനനിശ്ചയം എന്നിവയ്ക്കു രണ്ടു ശതമാനവും. ഭൂമിയുടെ ന്യായവില എത്ര ഉയർന്നാലും 1000 രൂപയുടെ മുദ്രപ്പത്രം മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഈ പരിധികൾ എടുത്തുകളഞ്ഞ് മുദ്രപ്പത്ര നിരക്ക് മൂന്നു ശതമാനമാക്കിയതാണ് കനത്ത തിരിച്ചടിയായത്.

ഭൂമി ന്യായവില എത്ര ഉയർന്നാലും റജിസ്‌ട്രേഷൻ നിരക്ക് പരമാവധി 25,000 രൂപ ആയിരുന്നു. ഇപ്പോൾ റജിസ്‌ട്രേഷൻ നിരക്കിന്റെ പരിധി എടുത്തുകളഞ്ഞ് പകരം ഭൂമിവിലയുടെ ഒരു ശതമാനം എന്നാക്കി. ഇതോടെ ഒരു തരത്തിലുള്ള പണമിടപാടും നടക്കാത്ത കുടുംബ ഭൂമി ഇടപാടുകൾക്കു പതിനായിരങ്ങൾ മുദ്രപ്പത്രത്തിനും ഫീസിനുമായി അധികം ചെലവഴിക്കേണ്ട അവസ്ഥയിലാണു ജനം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുദപ്പത്ര നിരക്കിലെയും ഫീസിലെയും പരിധി എടുത്തുകളഞ്ഞെങ്കിലും ജനരോഷം കാരണം പിന്നീടു പുനഃസ്ഥാപിച്ചിരുന്നു. ഇത്തവണയും ഇതു പ്രതീക്ഷിച്ചെങ്കിലും ധനമന്ത്രി വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്. ചർച്ച കഴിഞ്ഞു സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബജറ്റ് മൂന്നു മാസം കഴിഞ്ഞ് അടുത്ത സമ്മേളനത്തിലാണു പാസാക്കുക.

ഇപ്പോഴത്തെ സ്ഥിതിയിൽ സെന്റിന് ഒരു ലക്ഷം രൂപ ന്യായവിലയുള്ളിടത്തെ സ്ഥിതിനോക്കാം. 10 സെന്റ് ഭൂമിയുള്ളയാൾ മക്കൾക്ക് ഇഷ്ടദാനം നൽകുകയാണെങ്കിൽ ആധാരത്തിൽ കാണിക്കേണ്ട തുക 10 ലക്ഷം രൂപ. നിലവിൽ ഭാഗപത്രത്തിന് മുദ്രപ്പത്രവില 1000 രൂപയാണ്. രജിസ്‌ട്രേഷൻ ഫീസ് കുറഞ്ഞത് ന്യായവിലയുടെ ഒരു ശതമാനവും പരമാവധി 25,000 രൂപയുമാണ്. അതായത്, പത്തുലക്ഷം രൂപ ന്യായവിലയുള്ള വസ്തു, ഇപ്പോഴത്തെ രീതിയിൽ രജിസ്‌ട്രേഷൻ ചെയ്താൽ 11,000 രൂപ മാത്രമാണ് അടയ്‌ക്കേണ്ടിവരിക (മുദ്രപ്പത്രവില 1000 രൂപ+ന്യായവിലയുടെ ഒരു ശതമാനം രജി. ഫീസ് 10,000 രൂപ). പുതിയ ബജറ്റ് നിർദ്ദേശമനുസരിച്ച് മൂന്നുശതമാനമാണ് മുദ്രപ്പത്രവില (30,000 രൂപ). രണ്ടു ശതമാനം രജിസ്‌ട്രേഷൻ ഫീസ് (20,000 രൂപ). ഇങ്ങനെ സർക്കാറിലേക്ക് ആകെ അടയ്‌ക്കേണ്ട തുക 50,000 രൂപ. അതായത് 39,000 രൂപ കൂടും. മുദ്രപ്പത്രവില വർധിക്കുന്നതനുസരിച്ച് എഴുത്തുകൂലിയും വർധിക്കും. ഇത്തരം അനുബന്ധ ചെലവുകളുമായി കുറഞ്ഞത് 5000 രൂപയെങ്കിലും വേറെയും കണ്ടെത്തേണ്ടിവരും.

സെന്റിന് ഒരു ലക്ഷം രൂപ ന്യായവില നിശ്ചയിച്ചിട്ടുള്ള ഒരേക്കർ ഭൂമിയുള്ളയാൾ, നിലവിലുള്ള വ്യവസ്ഥയിൽ അത് കുടുംബാംഗത്തിന് കൈമാറിയാൽ 26,000 രൂപയേ ചെലവാക്കേണ്ടതുള്ളൂ. പരമാവധി രജിസ്‌ട്രേഷൻ ഫീസ് 25,000 രൂപയും മുദ്രപ്പത്രവിലയായ 1000 രൂപയും ചേർത്താണിത്. പുതിയ തീരുമാനം പിൻവലിച്ചില്ലെങ്കില്ഡ അത് അഞ്ചുലക്ഷം രൂപയാകും. മൂന്നു ലക്ഷം രൂപ മുദ്രവില (ന്യായവിലപ്രകാരമുള്ള ഒരു കോടി രൂപയുടെ മൂന്നുശതമാനം) + രണ്ടുലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസ് (ഒരു കോടി രൂപയുടെ രണ്ടുശതമാനം). ഇത് ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.

സബ്ജക്ട് കമ്മിറ്റിക്കു നിരക്കുകൾ കുറയ്ക്കണമെന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കാമെങ്കിലും സർക്കാരിന്റേതാണ് അന്തിമ തീരുമാനം. അതേസമയം, കുടുംബത്തിനു പുറത്തേക്കുള്ള വിലയാധാരങ്ങളുടെ മുദ്രപ്പത്ര നിരക്ക് ഭൂമി ന്യായവിലയുടെ ആറു ശതമാനത്തിൽനിന്ന് എട്ട് ആയി വർധിപ്പിച്ചു. റജിസ്‌ട്രേഷൻ ഫീസ് രണ്ടു ശതമാനമായി തുടരും. ഈ പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംഘടനകളും സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ പിൻവലിക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്ക്. ഇക്കാര്യം അദ്ദേഹം നിയമസഭയിലും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP