Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ കുരുന്നുകളെ കൊലയ്ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും എത്ര വലിയ യോഗി ആയാലും എങ്ങനെ കൈകഴുകും? നാല്, തവണ അധികാരികൾക്ക് കത്തെഴുതിയിട്ടും ഓക്‌സിജനുള്ള പണം തന്നില്ലെന്ന് വെളിപ്പെടുത്തി മുൻ പ്രിൻസിപ്പൽ; മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ബൈക്കിലും ഓട്ടോറിക്ഷയിലും കൊണ്ടുപോയത് കെടുകാര്യസ്ഥതയുടെ നേർ ചിത്രമായി; ലോകത്തിന് മുന്നിൽ കുരുന്നുകളെ കൊലയ്ക്കു കൊടുത്ത രാജ്യമെന്ന ചീത്തപ്പേര് പേറി ഇന്ത്യ

ഈ കുരുന്നുകളെ കൊലയ്ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും എത്ര വലിയ യോഗി ആയാലും എങ്ങനെ കൈകഴുകും? നാല്, തവണ അധികാരികൾക്ക് കത്തെഴുതിയിട്ടും ഓക്‌സിജനുള്ള പണം തന്നില്ലെന്ന് വെളിപ്പെടുത്തി മുൻ പ്രിൻസിപ്പൽ; മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ബൈക്കിലും ഓട്ടോറിക്ഷയിലും കൊണ്ടുപോയത് കെടുകാര്യസ്ഥതയുടെ നേർ ചിത്രമായി; ലോകത്തിന് മുന്നിൽ കുരുന്നുകളെ കൊലയ്ക്കു കൊടുത്ത രാജ്യമെന്ന ചീത്തപ്പേര് പേറി ഇന്ത്യ

മറുനാടൻ ഡെസ്‌ക്

ഗോരഖ്പുർ: ഉത്തർപ്രദേശ് ഗോരഖ്പുരിലെ ബിആർഡി സർക്കാർ മെഡിക്കൽ കോളജിൽ കുട്ടികളുടെ കൂട്ടക്കുരുതി തീർത്ത രാഷ്ട്രീയ ക്ഷീണം മാറ്റാനുള്ള തീവ്രശ്രമത്തിലാണ് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടിയായി ബിജെപി. അതിന് വേണ്ടി നുണ പ്രചരണങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമവുമാണ് ബിജെപി ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, എത്രയൊക്കെ മായിച്ചു കളയാൻ ശ്രമിച്ചിട്ടും ഒന്നും എളുപ്പത്തിൽ മാഞ്ഞു പോകുന്നില്ലെന്ന് മാത്രമല്ല, കൂടുതൽ സത്യങ്ങൾ വെളിച്ചത്ത് വരികയും ചെയ്യുന്നു.

സർക്കാറിന്റെ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് കുരുന്നകൾക്ക് ജീവൻ പോയതെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നു. മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒന്നിലേറെ പ്രാവശ്യം കത്തെഴുതിയിട്ടും ബിജെപി സർക്കാർ ഗൗരവത്തിൽ എടുക്കാതിരുന്നതാണു ദുരന്തതീവ്രത കൂട്ടിയതെന്നാണ് ആരോപണം. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച ഡോ. രാജീവ് മിശ്രയുടെ വെളിപ്പെടുത്തൽ 'സ്‌ക്രോൾ.ഇൻ' ആണ് പ്രസിദ്ധീകരിച്ചത്.

'ഓക്സിജൻ വിതരണക്കമ്പനിക്ക് കൊടുക്കാനുള്ളതുൾപ്പെടെ ഫണ്ട് ആവശ്യപ്പെട്ട് താൻ ജൂലൈയിൽ മാത്രം മൂന്നുനാലു തവണ സർക്കാരിനു കത്തെഴുതി. സർക്കാർ അനുവദിച്ച രണ്ടു കോടി രൂപ നൽകണം എന്നാവശ്യപ്പെട്ട് ജൂലൈയിൽ പലവട്ടം മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിനും കത്തയച്ചു. പക്ഷെ, വൈകിയാണ് ഫണ്ട് അനുവദിച്ചു കിട്ടിയത്. ഓഗസ്റ്റ് അഞ്ചിനാണു സർക്കാർ ഫണ്ട് റിലീസ് ചെയ്തത്. അന്ന് ശനിയാഴ്ചയായതിനാൽ ഏഴിനാണ് കത്ത് മെഡിക്കൽ കോളജിൽ എത്തിയത്. ഏഴിനുതന്നെ വൗച്ചർ ട്രഷറിയിലേക്ക് അയച്ചു. പിറ്റേ ദിവസമാണ് ട്രഷറിയിൽ നിന്ന് ടോക്കൺ ലഭിച്ചത്. പക്ഷെ ഒമ്പതാം തീയതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മെഡിക്കൽ കോളജ് സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കുമൂലം ആശുപത്രിയുടെ താളം തെറ്റി.

ടെക്നിക്കൽ കമ്മിറ്റി അംഗമായതിനാൽ തനിക്ക് ലബോറട്ടറിയുമായി ബന്ധപ്പെട്ട് ഒമ്പതിന് ഋഷികേശ് വരെ പോകേണ്ടി വന്നു. ആശുപത്രിയിൽ ഓക്‌സിജൻ എത്തിക്കുന്ന പുഷ്പ സെയ്ൽസിൽ നിന്നും പത്താം തീയതി ഫോൺ വന്നു. ദ്രവീകൃത ഓക്സിജനുമായി അടുത്ത ട്രക്ക് ആശുപത്രിയിൽ എത്തില്ലെന്നായിരുന്നു വിതരണക്കാർ പറഞ്ഞത്. വിതരണം നിർത്തുമെന്നും മുന്നറിയിപ്പ് നൽകി. പത്താം തീയതിയാണ് ബാങ്ക് വഴി പുഷ്പ സെയ്ൽസിന്റെ അക്കൗണ്ടിലേക്ക് 52 ലക്ഷം രൂപ നിക്ഷേപിച്ചത്. ആശുപത്രിയുടെയും ഓക്സിജൻ വിതരണക്കാരുടെയും അക്കൗണ്ടുകൾ ഒരേ ബാങ്കിൽ അല്ലാത്തതിനാൽ ഇടപാട് പൂർത്തിയാകാൻ വീണ്ടും ഒരു ദിവസം കൂടി വേണ്ടിവന്നു. എന്നാൽ ഓക്‌സിജൻ വിതരണം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പത്ത് ലക്ഷത്തിലധികം കുടിശിക പാടില്ലെന്ന് ഓക്‌സിജൻ കമ്പനിയുമായി കരാറുണ്ടായിരുന്നു'- മിശ്ര വിശദീകരിച്ചു.

രക്ഷകനായ ഡോക്ടറെ സസ്‌പെന്റ് ചെയ്ത് തടിയൂരി യോഗി

അതിനിടെ, സർക്കാർ തികഞ്ഞ പരാജയമാണെന്ന് മാധ്യമവാർത്തകൾ നിറഞ്ഞതോടെ കുട്ടികളെ രക്ഷിക്കാൻ അവസാന നിമിഷം വരെ ശ്രമം നടത്തിയ ഡോക്ടർക്കെതിരെ സർക്കാരിന്റെ അനുമതിയോടെ ആശുപത്രി അധികൃതർ നടപടി എടുത്തതു വിവാദമായി. ആശുപത്രിയിൽ ഓക്‌സിജൻ എത്തിച്ച ഡോക്ടർ കഫീൽ അഹമ്മദ് ഖാനെ സസ്‌പെൻഡ് ചെയ്തതാണ് വിവാദമായത്. ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീൽ അഹമ്മദ് ഖാൻ സ്വന്തം പണംമുടക്കിയാണ് പലയിടത്തുനിന്നായി ആശുപത്രിയിൽ ഓക്‌സിജൻ കൊണ്ടുവന്നത്. മസ്തിഷ്‌കജ്വരത്തിനു ചികിൽസയിലായിരുന്ന 71 കുട്ടികൾ ഓക്‌സിജൻ കിട്ടാതെ ഒരാഴ്ചയ്ക്കിടെ മരിച്ചത് രാജ്യത്തെ നടുക്കയതിനു പിന്നാലെയാണു ഡോക്ടറെ ശിക്ഷിച്ചതെന്നതു ശ്രദ്ധേയമാണ്.

മരണസംഖ്യ 71 ആയി, മസ്തിഷ്‌ക ജ്വരമാണ് കാരണമെന്ന് ആവർത്തിച്ച് യോഗി

അതേസമയം ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം 71 ആയി ഉയർന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്. എന്നാൽ, മസ്തിഷ്‌ക ജ്വരമാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് സർക്കാർ. സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് തയാറായിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വരേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ആശങ്ക'യുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്‌ക്കൊപ്പം ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ഡൽഹിയിൽ നിന്നും ഒരു സംഘം ഡോക്ടർമാർ ചികിൽസയ്ക്കായി എത്തിയിട്ടുണ്ട്. 199697 കാലം മുതൽ മസ്തിഷ്‌ക ജ്വരമെന്ന രോഗത്തിനെതിരായ പോരാട്ടത്തിലാണ് ഗോർഖ്പുർ. 90 ലക്ഷത്തിലധികം കുട്ടികൾ ഈ രോഗത്തിന്റെ പിടിയിലാണ്. യുപിയിൽ ധാരളം കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നത് കണ്ടയാളാണ് താൻ. ഇനിയും അത് അനുവദിക്കില്ല. ബിആർഡി ആശുപത്രിയിലേക്ക് ഇത് തന്റെ നാലാമത്തെ സന്ദർശനമാണ്. മുറിവിൽ ഉപ്പുപുരട്ടുന്ന തരത്തിൽ വിവാദമുണ്ടാക്കുന്നത് മനുഷ്യത്വമില്ലാത്തവരാണ്. കൂട്ടമരണത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. പുറത്തുനിന്ന് റിപ്പോർട്ട് ചെയ്യാതെ മാധ്യമങ്ങൾ ആശുപത്രിക്ക് അകത്ത് വന്ന് കാര്യങ്ങൾ മനസിലാക്കണം. മാധ്യമപ്രവർത്തകർക്ക് ആശുപത്രി വാർഡുകളിൽ കടക്കാമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. മന്ത്രിമാരുടെ സന്ദർശനത്തോടനുബന്ധിച്ച് സ്ഥലപരിമിതി മൂലം വാർഡുകൾക്ക് പുറത്തും വരാന്തയിലും കിടത്തിയിരുന്ന രോഗികളെയും ബന്ധുക്കളെയും അവിടെനിന്ന് നീക്കി. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുർ. വിവാദ സംഭവം പുറത്താകുന്നതിനു മുൻപും യോഗി ആദിത്യനാഥ് ഇവിടം സന്ദർശിച്ചിരുന്നു.

കുട്ടികളുടെ മൃതദേഹങ്ങളോടും അനാദരവ്

മരിച്ച കുട്ടികളുടെ മൃതദേഹങ്ങളോടും കടുത്ത അനാദരവാണ് സർക്കാർ കാണിച്ചത്. ആംബുലൻസുകൾ അനുവദിക്കാതെ മൃതദേഹങ്ങൾ കൊണ്ടു പോകുന്നത് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ്. ചില രക്ഷിതാക്കൾ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു. ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്ന സംഭവമായി ഇത് മാറിയിട്ടുണ്ട്. ഞായറാഴ്ച ആയതിനാൽ ആംബുലൻസുകൾ ലഭിക്കില്ലെന്നാണ് വിശദീകരണം. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതാണ് ആശുപത്രിയുടെ ഉൾവശം. രോഗികളായ കുട്ടികളും അവർക്കൊപ്പമുള്ള രക്ഷിതാക്കളും ആശുപത്രിയിൽ തറയിലാണ് കിടക്കുന്നത്. ഭക്ഷണവും ആവശ്യമായ മരുന്നും ലഭിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കൾ പരാതിപ്പെട്ടു.

കുടിശികയായ 64 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് ആശുപത്രിയിലെ ഓക്സിജൻ വിതരണം സ്വകാര്യ കമ്പനി നിർത്തിയതാണു ദുരന്തകാരണമെന്നാണു സൂചന. എന്നാൽ കുട്ടികൾ മരിച്ചത് ഓക്‌സിജൻ കിട്ടാതെയല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. മസ്തിഷ്‌കജ്വരം ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്നവർ ഉൾപ്പെടെ വിവിധ രോഗങ്ങൾ ബാധിച്ചാണ് 63 കുട്ടികൾ മരിച്ചതെന്നാണു പീഡിയാട്രിക് വിഭാഗം നൽകിയ റിപ്പോർട്ടെന്നു സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു.

അതൊരു കാളരാത്രിയായിരുന്നു.. ദുരന്തദിനത്തെ ദുസ്വപ്‌നമായി കണ്ട് സാധാരണക്കാർ

''അതൊരു കാളരാത്രിയായിരുന്നു. നവജാതശിശുക്കളുടെയും മസ്തിഷ്‌കവീക്കത്തിന് ചികിത്സതേടുന്ന കുഞ്ഞുങ്ങളുടെയും വാർഡുകളിൽനിന്ന് തുണികളിൽ പൊതിഞ്ഞ പിഞ്ചുശരീരങ്ങൾ മാതാപിതാക്കളും ബന്ധുക്കളും പുറത്തേക്ക് കൊണ്ടുവന്നുകൊണ്ടിരുന്നു. സെക്യൂരിറ്റി ഗാർഡുമാർ ഇവരെ മെഡിക്കൽ കോളജിന്റെ പിറകിലൂടെയുള്ള ഗേറ്റിലൂടെ പുറത്തേക്ക് വിട്ടുകൊണ്ടിരുന്നു...'' ഇത് പറയുന്നത് ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ച സംഭവത്തിന് ദൃക്‌സാക്ഷിയായ പെയിന്റിങ് തൊഴിലാളി രാജഭർ. ബിഹാറിലെ ഗോപാൽഗണ്ഡിലെ മോതിപൂർ ഗ്രാമത്തിൽനിന്ന് തന്റെ ആറുദിവസം പ്രായമായകുഞ്ഞുമായി ചികിത്സക്കായി ദുരന്തഭൂമിയിലെത്തിയ ഒരു സാധാരണക്കാരൻ.

ഓഗസ്റ്റ് 11ന് രാത്രി ഓക്‌സിജൻ നിലച്ചതോടെ ഇരുവാർഡുകളിലും മരണം കുഞ്ഞുങ്ങളുടെ ജീവൻ ഓരോന്നായി കവർന്നുകൊണ്ടിരുന്നു. അലമുറകളോടെ ഏകദേശം 25 മൃതദേഹങ്ങൾ ഇങ്ങനെ വാർഡുകളിൽനിന്ന് പുറത്തേക്ക് വന്നുകൊണ്ടിരുന്നു. ഞാൻ ഹൃദയമുരുകി പ്രാർത്ഥിച്ചു...ദൈവമേ അക്കൂട്ടത്തിൽ എന്റെ കുഞ്ഞുണ്ടാവരുതേ...'

ഓഗസ്റ്റ് എട്ടിനാണ് നാട്ടിലുള്ള ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെയുംകൊണ്ട് ഞാനും ഭാര്യയും ബി.ആർ.ഡി മെഡിക്കൽ കോളജിൽ എത്തുന്നത്. ഓക്‌സിജൻ സംവിധാനമുള്ള ആംബുലൻസിലായിരുന്നു യാത്ര. എന്നാൽ, നിർഭാഗ്യവശാൽ കടുത്ത പനിയുള്ള കുഞ്ഞിനെ ചികിത്സക്കായി പ്രവേശിപ്പിക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറായില്ല. തുടർന്ന് ബന്ധുക്കളിൽ നിന്ന് കടംവാങ്ങിയ പണത്തിൽ നിന്ന് ആശുപത്രിജീവനക്കാർക്ക് കൈക്കൂലി നൽകിയശേഷമാണ് കുഞ്ഞിനെ വാർഡിൽ പ്രവേശിപ്പിച്ചത്. പരിശോധിച്ച വനിതഡോക്ടർ ആദ്യമേ സൂചന നൽകി. കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. പിറ്റേദിവസം കൈയിലുള്ള പണം മുഴുവൻ നൽകി മരുന്നുകൾ വാങ്ങിനൽകി. കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. അതിനിടയിലാണ് ഓക്‌സിജൻ തീർന്നത്.

ഓരോ കുഞ്ഞിന്റെ മരണവും അറിയിച്ചുകൊണ്ട് മാതാപിതാക്കളുടെ പേരുകൾ ജീവനക്കാർ വിളിച്ചുകൊണ്ടിരുന്നു. എന്റെ പ്രാർത്ഥനകൾക്ക് ഫലമുണ്ടായില്ല. രാത്രി 10 ഓടെ വർഡിന് മുന്നിൽ എന്റെ പേരും മുഴങ്ങി. മിടിക്കുന്ന ഹൃദയത്തോടെ ഞാൻ വാർഡിനുള്ളിലേക്ക് പാഞ്ഞു. അവിടെ എന്റെ കുഞ്ഞിന്റെ നിശ്ചലമായ ശരീരം കെട്ടിപ്പിടിച്ച് കരയുന്ന ഭാര്യയെയാണ് കാണാൻ കഴിഞ്ഞത്. പണമില്ലാത്തതിനാൽ പിറ്റേദിവസം രാവിലെ ട്രെയിൻ മാർഗമാണ് മകളുടെ മൃതദേഹവുമായി നാട്ടിലെത്തിയതെന്നും രാജഭർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP