Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി സംഘർഷങ്ങളും പ്രതിഷേധവും; ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു; ഗുരുവായൂരും മാവേലിക്കരയിലും പാലക്കാട്ടും അക്രമം; കെഎസ് ആർടിസി ബസുകൾക്ക് നേരെ പലയിടത്തും കല്ലേറ്; തമിഴ്‌നാട്ടിൽ നിന്നുള്ള ബസുകൾ സർവീസുകൾ നിർത്തി; കടകൾ ബലമായി അടപ്പിച്ച് ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ചു; മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം: എല്ലാം കൈവിട്ടു പോകുന്ന പ്രതീതി

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി സംഘർഷങ്ങളും പ്രതിഷേധവും; ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു; ഗുരുവായൂരും മാവേലിക്കരയിലും പാലക്കാട്ടും അക്രമം; കെഎസ് ആർടിസി ബസുകൾക്ക് നേരെ പലയിടത്തും കല്ലേറ്; തമിഴ്‌നാട്ടിൽ നിന്നുള്ള ബസുകൾ സർവീസുകൾ നിർത്തി; കടകൾ ബലമായി അടപ്പിച്ച് ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ചു; മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം: എല്ലാം കൈവിട്ടു പോകുന്ന പ്രതീതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കി യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്ത് എങ്ങും സംഘർഷം. സംസ്ഥാന വ്യാപകിയമായി പലയിടത്തും അക്രമം നടക്കുന്നുണ്ട്. ബിജെപി ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്. ഇന്നു തന്നെ ഹർത്താലിന്റെ പ്രതീതി സൃഷ്ടിക്കുന്ന അവസ്ഥയാണ്. അതേസമയം തിരുവനന്തപുരത്ത് അടക്കം ബിജെപി പ്രവർത്തകരെ നേരിടാൻ സിപിഎം പ്രവർത്തകർ ഇറങ്ങിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.

തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി - സിപിഎം പ്രവർത്തകർ പരസ്പരം കല്ലേറു നടത്തി. സംഘർഷം നിയന്ത്രണാതീതമായപ്പോൾ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിലുള്ളവരും എതിർ വശത്ത് ദേശീയ പണിമുടക്കിന്റെ ഭാഗമായി നിർമ്മിച്ച സമരപ്പന്തലിലെ സിപിഎം അനുകൂലികളും തമ്മിലാണ് കല്ലേറുണ്ടായത്. നേരത്തെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് തള്ളിക്കയറിയിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ നഗരത്തിൽ മാർച്ച് നടത്തിയിരുന്നു. തുടർന്ന് ഉച്ചയോടെയാണ് ഇരു സമരപ്പന്തലിലുമുള്ളവർ പരസ്പരം കല്ലേറുണ്ടായത്. നാലുമണിക്കൂറിലേറയൊയി സെക്രട്ടേറിയറ്റിനു മുന്നിലെ എം.ജി റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. തലസ്ഥാന നഗരിയിൽ യുദ്ധസമാന സാഹചര്യമാണ്. വിവിധയിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപക അക്രമമുണ്ടായി.

സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ റോഡുപരോധിക്കുകയും വാഹനങ്ങൾക്ക് നേരെ കല്ലേറു നടത്തുകയും ചെയ്തു. പാലക്കാട് കൊടുവായൂരിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. മാവേലിക്കരയിൽ വില്ലേജ് ഓഫീസ് തല്ലിത്തകർത്തു. കോഴിക്കോട്,കണ്ണൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ബിജെപി പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. പലയിടത്തും റോഡിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്.



പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, കോന്നി, റാന്നി എന്നിവിടങ്ങളിൽ വ്യാപകമായ അക്രമമുണ്ടായി. കോഴഞ്ചേരിയിൽ നാലു കെ.എസ്.ആർ.ടി.സി ബസുകൾ അക്രമികൾ തകർത്തു. അടൂരിൽ ഢൈക്ക് യാത്രക്കാരെ വരെ അക്രമികൾ തടഞ്ഞുവെച്ചു. ഇവിടെ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ബിജെപി പ്രവർത്തകരുടെ പ്രതിഷേധം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റമുണ്ടായി. കൈരളി ടി.വിയുടെ മൈക്ക് തകർത്തു. മീഡിയവൺ കാമറമാനെയും കൈയേറ്റം ചെയ്തു. റോഡ് ഉപരോധം ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് കൂടുതൽ പൊലീസെത്തിയതിനാൽ സംഘർഷാവസ്ഥക്ക് അയവ് വന്നിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ പ്രതിഷേധം ഹർത്താലായി മാറി.

തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകരെയടക്കം ആക്രമിച്ചു. സംസ്ഥാനത്തൊട്ടാകെ പൊലീസ് ജാഗ്രതയലൊയിരിക്കണമെന്ന് ഡി.ജി.പി അറിയിച്ചു. കൊല്ലത്ത് മനോരമ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു. കൊച്ചിയിലും കോട്ടയത്തും ശബരിമല കർമ്മസമിതി പ്രവർത്തകർ റോഡ് ഉരോധിക്കുകയാണ്. കൂടുതൽ സ്ഥലങ്ങളിൽ റോഡ് ഉപരോധം തുടരുമെന്നാണ് സൂചന.

കൊച്ചിയിൽ എം.സി റോഡിൽ കടകൾ നിർബന്ധപൂർവം അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. കലൂർ പാവക്കുളം ക്ഷേത്രത്തിൽ നിന്ന് പ്രതിഷേധമാർച്ച് നടത്തി. യുവമോർച്ച-ബിജെപി പ്രവർത്തകർ കോഴിക്കോട് കമീഷണർ ഓഫീസിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. റോഡിനു നടുവിൽ ടയറുകൾ കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീയിട്ടു. ശേഷം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു ഉപരോധിക്കുകയാണ്. ശബരിമല ദർശനം നടത്തിയ ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീട്ടിനു മുന്നിലും പ്രതിഷേധം നടന്നിരുന്നു.

കൊട്ടാരക്കരയിൽ ബിജെപി പ്രവർത്തകർ കൊട്ടാരക്കരയിൽ പ്രവർത്തകർ കടകൾ നിർബന്ധപൂർവം അടപ്പിച്ചു. കൊല്ലം നഗരത്തിൽ രാമൻകുളങ്ങരയിൽ നിന്നു പ്രകടനമായി എത്തിയ പ്രവർത്തകർ സ്വകാര്യ ബസിൽ യാത്ര ചെയ്ത ഒരാളെ ബസിൽ കയറി തല്ലി. ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകന് നേരെയും പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. കൊല്ലം ജില്ലയിലെ പരവൂർ, ശാസ്താംകോട്ട ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല കർമ്മസമിതി പ്രവർത്തകർ കടകൾ അടപ്പിച്ചു. കരുനാഗപ്പള്ളിയിൽ ചില കടകൾ അടിച്ചു തകർത്തതായും വിവരമുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൗണ്ടറുകളും പ്രവർത്തകർ നിർബന്ധപൂർവം അടപ്പിച്ചു.

മാവേലിക്കരയിൽ ബിജെപി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. കടകൾ അടപ്പിക്കാനും ശ്രമം. താലൂക്ക് ഓഫിസിലെ കസേരകൾ പ്രവർത്തകർ തകർത്തു. പെട്ടിക്കട അടിച്ചേ തകർത്തു. വികലാംഗനെ അടക്കം ആക്രമിച്ചു. ബുദ്ധ ജംഗ്ഷനിൽ പളനിയുടെ ഉടമസ്ഥതയിലുള്ള കടയാണ് അടച്ചു തകർത്തത്. പളനിയുടെ ഭാര്യ സുശീല (45) വികലാംഗനായ മകൻ ജയപ്രകാശ് (17) എന്നിവരെയാണ് ആക്രമിച്ചത്.

ഗുരുവായൂരിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ പൊലീസുകാരന് ഗുരുതര പരിക്കേറ്റു. പാലക്കാട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക കല്ലേറ് നടന്നു. പത്തനംതിട്ടയിൽ ദേവസ്വം ബോർഡ് ഓഫീസിൽ കരിങ്കൊടി കെട്ടിയ പ്രവർത്തകർ റീത്ത് വച്ചു. കൊച്ചി ഇടപ്പള്ളിയിൽ പ്രവർത്തകർ റോഡ് തടഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാണിച്ചു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. കാസർകോഡ് - മംഗലാപുരം റോഡിൽ പ്രവർത്തകരുടെ ഉപരോധം മൂലം ഗതാഗതം തടസപ്പെട്ടു. വടകരയിൽ റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി.



അതിനിടെ ശബരില യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ആഹ്വനം ചെയ്ത ഹർത്താൽ എന്തുവിലകൊടുത്തും വിജയിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന നേതാവിന്റെ ഭീഷണി. ഹർത്താലിനോട് സഹകരിക്കില്ലെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജെപി നേതാവ് പി. രഘുനാഥിന്റെ ഭീഷണി. കടകൾ തുറക്കാനുള്ള തീരുമാനം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും രഘുനാഥ് പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കടകൾ അടപ്പിക്കുകയും കല്ലേറുമുൾപ്പെടെ വ്യാപകമായ അക്രമങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP