Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുർബലരെ ജയിപ്പിക്കുകയും കരുത്തരെ വീഴ്‌ത്തുകയും ചെയ്ത ചരിത്രമുള്ള തൃശൂരിൽ കടപുഴകി വീണ വന്മരങ്ങൾ നിരവധി; കണക്കുകളുടെ കഥയിൽ മുൻതൂക്കം ഇടതിനാണെങ്കിലും ഒരു മുന്നണിക്കും ഉരുക്കു കോട്ട കെട്ടാനാവാതെ ശക്തന്റെ തട്ടകം; കളത്തിലിറങ്ങി പടനയിച്ച് രാജാജിയും പ്രതാപനും

ദുർബലരെ ജയിപ്പിക്കുകയും കരുത്തരെ വീഴ്‌ത്തുകയും ചെയ്ത ചരിത്രമുള്ള തൃശൂരിൽ കടപുഴകി വീണ വന്മരങ്ങൾ നിരവധി; കണക്കുകളുടെ കഥയിൽ മുൻതൂക്കം ഇടതിനാണെങ്കിലും ഒരു മുന്നണിക്കും ഉരുക്കു കോട്ട കെട്ടാനാവാതെ ശക്തന്റെ തട്ടകം; കളത്തിലിറങ്ങി പടനയിച്ച് രാജാജിയും പ്രതാപനും

കെ എം അക്‌ബർ

തൃശൂർ: ആരെയും സ്ഥിരമായി ലോക്സഭയിലേക്ക് അയക്കാത്ത മണ്ഡലമാണ് തൃശൂർ. പൂരത്തിലെ കുടമാറ്റം പോലെ തന്നേയാണ് തൃശൂരിലെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങളും. എൽഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി പരീക്ഷിക്കും. കോൺഗ്രസിന്റെ കോട്ട, ലീഡറുടെ തട്ടകം എന്നൊക്കെയാണ് വിശേഷണമെങ്കിലും ശക്തന്റെ തട്ടകത്തിൽ ഒരു മുന്നണിക്കും ഉരുക്കു കോട്ട കെട്ടാനായിട്ടില്ലെന്നതാണ് ചരിത്രം. ദുർബലരെന്ന് കരുതിയവരെ ജയിപ്പിച്ചു വിടുകയും കരുത്തന്മാരെ വീഴ്‌ത്തുകയും ചെയ്ത ചരിത്രം കൂടിയുണ്ട്, തൃശൂരിന്.

തേക്കിൻകാടിന്റെ തിരഞ്ഞെടുപ്പ് മണ്ണിൽ കടപുഴകി വീണ വന്മരങ്ങൾ നിരവധിയാണ്. കോൺഗ്രസിന്റെ ഭീഷ്മാചാര്യൻ കരുണാകരൻ, മകൻ മുരളീധരൻ, ജോസഫ് മുണ്ടശ്ശേരി അങ്ങനെ നിരവധി പേർ. പൂർണമായും തൃശൂർ ജില്ലയിൽ തന്നെയുള്ള മണ്ഡലമാണ് തൃശൂർ എന്നതാണ് പ്രത്യേകത. ജില്ലയിലെ ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേരുമ്പോൾ തൃശൂർ ലോക്സഭാ മണ്ഡലമായി.

ചാലക്കുടി, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലാണ് ജില്ലയിലെ അവശേഷിക്കുന്ന ഭാഗങ്ങൾ. കണക്കുകളുടെ കഥ പറയുകയാണെങ്കിൽ ഇടതിനാണ് മുൻതൂക്കം. 1951 മുതൽ 2014 വരെ ഇവിടെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 10 തവണയും വിജയം നേടിയത് ഇടതുപക്ഷമാണ്. സിപിഐ സ്ഥാനാർത്ഥികളാണ് സ്ഥിരം കളത്തിലിറങ്ങിയത്. ആറു തവണ കോൺഗ്രസ് സ്ഥാനാർത്ഥിയും വിജയം വരിച്ചു.

2008 ലെ മണ്ഡല പുനർനിർണയ ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിൽ ഓരോ തവണ വീതം ഇരുമുന്നണികളും നേട്ടം വരിച്ചു. അതുകൊണ്ടു തന്നെ പ്രവചനങ്ങൾക്ക് അപ്പുറമാണ് തൃശൂരിലെ തിരഞ്ഞെടുപ്പ് ചിത്രം. ഇടതു മുന്നണിയിൽ ഇത്തവണയും സിപിഐ തന്നെയാണ് ഇവിടെ മൽസര രംഗത്ത്. തുടർച്ചയായി രണ്ടു തവണ സിപിഎമ്മിനെപ്പോലും തോൽപിച്ച ചരിത്രമുണ്ട് സിപിഐക്ക് ഇവിടെ. 1971ലും 1977ലുമാണ് അതെന്നു മാത്രം. കെ കരുണാകരനെ വീഴ്‌ത്തിയതും മണ്ഡലചരിത്രത്തിൽ പ്രധാനമാണ്.

1996ൽ വി വി രാഘവൻ കരുണാകരനെ പരാജയപ്പെടുത്തിയത് 1480 വോട്ടിനായിരുന്നെങ്കിൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മകൻ കെ മുരളീധരന്റെ തോൽവി 18,409 വോട്ടിനായി. അപ്പോഴും എതിരാളി വി വി രാഘവൻ തന്നെ. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയുടെ വിജയം അനായാസമാക്കിയത് കോൺഗ്രസിലെ ഗ്രൂപ്പ് പോരും വിഭാഗീയതയുമായിരുന്നു. തുടർന്നുള്ള നാളുകളിലെ മാറ്റങ്ങൾക്ക് ഇത് വഴിവെച്ചതും കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗം.

സിറ്റിങ് എംപി സി എൻ ജയദേവനെ മാറ്റി ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസിനെ രംഗത്തിറക്കി മണ്ഡലം നിലനിർത്താനാണ് എൽഡിഎഫ് ശ്രമം. പി സി ചാക്കോയുടെ നിർബന്ധത്തെ തുടർന്ന് തൃശൂർ-ചാലക്കുടി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ വെച്ചുമാറിയപ്പോൾ കഴിഞ്ഞ തവണ യുഡിഎഫിനെ കാത്തിരുന്നത് രണ്ടിടത്തും കനത്ത തോൽവിയായിരുന്നു. ഈ നാണക്കേടിന് പകരം വീട്ടാൻ ടി എൻ പ്രതാപനെ ഇറക്കി ഇത്തവണ ശക്തമായ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് യുഡിഎഫ്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സി എൻ ജയദേവനാണ് വിജയിച്ചത്. ഭൂരിപക്ഷം 38,227. ജയദേവന് ലഭിച്ചത് 3,89,209 വോട്ടുകളായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ പി ധനപാലൻ 3,50,982 വോട്ടുകളുമായി രണ്ടാം സ്ഥാനത്തായി. 1,02,681 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥിയായ കെ പി ശ്രീശൻ നേടിയത്. എന്നാൽ രണ്ടുവർഷം കഴിഞ്ഞ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും നില മെച്ചപ്പെടുത്തുന്നതാണ് കണ്ടത്.

നിയമസഭാ തെരഞ്ഞെടുപ്പ് കണക്കു പ്രകാരം തൃശൂർ ലോകസഭാ മണ്ഡലത്തിൽ ഇടതു മുന്നണിക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ഇപ്പോഴുള്ളത്. തൃശൂർ ലോക്സഭ മണ്ഡലത്തിന് കീഴിൽ വരുന്ന ഏഴു നിയമസഭ മണ്ഡലങ്ങളിലും മുന്നിൽ എത്തിയത് എൽഡിഎഫാണ്. ആഴ്ചകൾക്ക് മുമ്പ് പ്രചാരണം ആരംഭിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് മുന്നിലാണെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനും പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. എന്നാൽ, സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാൻ എൻഡിഎക്ക് കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP