Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിവിട്ട കെട്ടിടനിർമ്മാണം പിടിക്കുമെന്നായപ്പോൾ ഫയൽ മോഷണം; പിന്നെ കൊറിയരിലൂടെ ഫയൽ പൊങ്ങൽ, തലയൂരാൻ പൊലീസ് കേസ്; ഒടുവിൽ ബലിയാടായതു ജീവനക്കാരി; തിരൂർ നഗരസഭയിലെ കള്ളക്കളി തുടരുന്നു

വഴിവിട്ട കെട്ടിടനിർമ്മാണം പിടിക്കുമെന്നായപ്പോൾ ഫയൽ മോഷണം; പിന്നെ കൊറിയരിലൂടെ ഫയൽ പൊങ്ങൽ, തലയൂരാൻ പൊലീസ് കേസ്; ഒടുവിൽ ബലിയാടായതു ജീവനക്കാരി; തിരൂർ നഗരസഭയിലെ കള്ളക്കളി തുടരുന്നു

എം പി റാഫി

മലപ്പുറം: അഴിമതി സംബന്ധിച്ച വിവാദഫയൽ നഗരസഭയിൽനിന്നു മുങ്ങി, കൊറിയർ വഴി മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തി, കള്ളക്കളി പുറത്തായതോടെ പൊലീസ് കേസെടുത്ത് ഫയൽ സൂക്ഷിപ്പുകാരിയായ നഗരസഭാ ജീവനക്കാരിയെ ഉന്നതർക്കുവേണ്ടി ബലിയാടാക്കി യഥാർത്ഥ വില്ലന്മാരെ രക്ഷിച്ചു. ദുരൂഹതകൾ മാത്രം ബാക്കിയാക്കുന്ന ഫയൽ മോഷണക്കഥ നടന്നത് മലപ്പുറം ജില്ലയിലെ യു.ഡി.എഫ് ഭരിക്കുന്ന തിരൂർ നഗരസഭയിലാണ്.

തിരൂർ നഗരസഭയിലെ കെട്ടിടനിർമ്മാണങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ വിജിലൻസ് ഉദ്യോഗസ്ഥർ മാസങ്ങൾക്കു മുമ്പു നഗരസഭയിൽ എത്തിയിരുന്നു. അന്നു നഗരസഭയിൽനിന്നു പത്തിലധികം അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചട്ടംലംഘിച്ച് നിർമ്മാണാനുമതി നൽകിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് അനധികൃതമാണെന്നു കണ്ടെത്തിയ കെട്ടിടങ്ങളുടെ ഉടമസ്ഥരിലധികവും നഗരസഭ ഭരിക്കുന്ന പാർട്ടിയായ മുസ്ലിം ലീഗുകാരുടെ ബന്ധുക്കളോ കുടുംബങ്ങളോ അടുപ്പക്കാരോ ആണ്. വിജിലൻസ് പരിശോധനയ്ക്കിടെ ടൗൺഹാൾ നിർമ്മാണത്തിന്റെ ഫയൽ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമെന്നായപ്പോൾ ഫയൽ മുങ്ങുകയായിരുന്നു.

സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി, ബ്രിട്ടീഷുകാരോട് പൊരുതിയ മലബാറിലെ ജനതയെ വാഗണിലടച്ച് തിരൂരിൽ നിന്നും പോത്തന്നൂർവരെ കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ 1921 ലെ വാഗൺട്രാജഡിയുടെ സ്മരണാർത്ഥം 1987-ൽ നിർമ്മിച്ചതായിരുന്നു തിരൂർ വാഗൺ ട്രാജഡി മുനിസിപ്പൽ ടൗൺഹാൾ. രണ്ടര പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ വാഗൺ കൊത്തിവച്ച ടൗൺഹാളിനു കേടുപാടു സംഭവിക്കുകയും നില പരുങ്ങലിലാവുകയും ചെയ്തു. ഇതോടെ ടൗൺഹാൾ അറ്റകുറ്റപ്പണിക്കായി നഗരസഭ 90 ലക്ഷം രൂപ വകയിരുത്തുകയും നിർമ്മാണ പ്രവൃത്തികൾ തകൃതിയായി നടത്തുകയും ചെയ്തു. നിർമ്മാണത്തിനിടെ ടൗൺഹാളിന്റെ സീലിംങ് പൊളിഞ്ഞു വീണതോടെ തുക വർധിപ്പിച്ചു നൽകണമെന്ന ആവശ്യവുമായി ഭരണസമിതിയെ സമീപിച്ചു. ഭരണസമിതിയും കോൺട്രാക്ടർമാരുമായുള്ള രഹസ്യ ധാരണയെ തുടർന്ന് 90 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ഒന്നര കോടിയിലേക്ക് വർധിപ്പിക്കുന്നതിനുള്ള അണിയറ പ്രവൃത്തികളെല്ലാം ആരംഭിച്ചു.

പേപ്പറുകളൊക്കെ ശരിപ്പെടുത്തി എസ്റ്റിമേറ്റ് തുകയും പ്ലാനുമെല്ലാം തയ്യാറാക്കി തിരുവനന്തപുരത്തുനിന്നും അനുമതി തേടാനായി രഹസ്യമായിത്തന്നെ നീക്കങ്ങൾ നടക്കുന്നതിനിടയ്ക്കാണ് നഗരസഭയിൽ വിജിലൻസിന്റെ പരിശോധന. നഗരസഭാ കൗൺസിലിന്റെ അംഗീകാരമില്ലാതെയും പ്രതിപക്ഷ കൗൺസിലർമാർ ഉൾപ്പടെയുള്ളവരുടെ മുന്നിൽ വിഷയം അവതരിപ്പിക്കാതെയുമായിരുന്നു എസ്റ്റിമേറ്റ് തുക വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ തകൃതിയാക്കിയത്. ഇക്കാരണത്താൽ തന്നെ ഫയൽ അപ്രത്യക്ഷമാകുകയായിരുന്നു. pw 2/26012/11 എന്ന നമ്പറിലുള്ള ടൗൺഹാൾ നിർമ്മാണത്തിന്റെ ഫയലാണു കാണാതായത്. മാസങ്ങളോളം ആരുടെയൊക്കെയോ കരങ്ങളിൽ ഫയൽ വിശ്രമിച്ചെങ്കിലും ടൗൺ ഹാൾ ഉദ്ഘാടനം അടുത്തെത്തിയതോടെ ബുദ്ധിപൂർവ്വമായി ഫയൽ തിരിച്ചെത്തിക്കുകയായിരുന്നു. ബുദ്ധി പാതിവഴിയിൽ പാളിയതോടെ ഭരണസമിതിയിലെ പലരുടെയും നെഞ്ചിടിപ്പിന് വേഗത കൂടി.

ഫയൽ കൊറിയർ വഴി തിരിച്ചെത്തിക്കുക എന്നതായിരുന്നു മോഷ്ടാക്കൾ തിരഞ്ഞെടുത്ത വഴി. പ്രതിപക്ഷാംഗവും സിപിഐ(എം) നേതാവുമായ ലക്ഷ്മണന്റെ പേരിൽ നഗരസഭാ ചെയർപേഴ്‌സണും ലീഗ് നേതാവുമായ സഫിയ ടീച്ചർക്കായിരുന്നു കൊറിയർ എത്തിയത്. ഫയൽ മോഷണം പ്രതിപക്ഷത്തിന്റെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കം സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചു. ഇതോടെ സംഭവത്തിന് രാഷ്ട്രീയമാനം കൈവരിച്ചു. കാണാതായ ഫയൽ കൊറിയർ വഴി തിരിച്ചെത്തിയ സംഭവം പ്രദേശത്തെ മാദ്ധ്യമപ്രവർത്തകരുടെ ചെവിയിലെത്തിയതോടെ വിഷയം പുറത്തറിയുകയായിരുന്നു.

ഫയൽ കടത്തിയ സംഭവം പല ഭരണസമിതി നേതാക്കളുടെയും ഉറക്കം കെടുത്തി. പ്രതിപക്ഷസമരം അതിശക്തമായിതന്നെ അലയടിച്ചു. നിർവാഹമില്ലെന്നായതോടെ നഗരസഭാ അധികൃതർ പൊലീസിന് പരാതി നൽകി. അയച്ചതും അയയ്ക്കപ്പെട്ടതും ഒരേ കൊറിയറിൽ നിന്നായിരുന്നു. ലീഗ് നേതാവിന്റെ തന്നെ ഉടമസ്ഥതയിലുള്ള പ്രൊഫഷണൽ കൊറിയർ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് ലീഗ് ഓഫീസിന്റെ അതേ കെട്ടിടത്തിലുമാണ്. അന്വേഷണം കൊറിയർ ജീവനക്കാരിൽ എത്തിയതോടെ അന്വേഷണ ചുമതലയുണ്ടായിരുന്ന
എസ്.ഐയിൽ നിന്നും കേസ് എഎസ്ഐയിലേക്കു മാറി. ദിവസങ്ങൾക്കകം സമ്മർദങ്ങളെ തുടർന്ന് ഒരു പടി താഴേക്ക് മാറി അന്വേഷണ ചുമതല ഹെഡ്‌കോൺസ്റ്റബിളിലെത്തി.

ഇതോടെ കേസ് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കു മുന്നിൽ സിപിഐ(എം) അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചു. സമരം ദിവസങ്ങൾ പിന്നിട്ടതോടെ സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖലാ എ.ഡി.ജി.പി സംഭവത്തിൽ ഇടപെട്ട് അന്വേഷണ ചുമതല സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫയെ ഏൽപ്പിച്ചു. തുടർന്നുനടന്ന അന്വേഷണം വഴിത്തിരിവായെങ്കിലും ഉന്നത ഇടപെടൽ നടന്നിരുന്നുവെന്നത് വ്യക്തമാണ്. ദിവസങ്ങൾക്കകം തന്നെ പൊലീസിന് പ്രതികളെ സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് പ്രതികളുമായി ആശയവിനിമയം നടത്തുകയും ഉന്നതരുടെ നിർദ്ദേശപ്രകാരം അവസാനം പ്രതിപട്ടിക തയ്യാറാക്കുകയുമായിരുന്നു.

ഒന്നാം പ്രതിയായി നഗരസഭാ ജിവനക്കാരിയും ഫയൽ കസ്റ്റോഡിയനുമായ കോഴിക്കോട് പുതിയറ സ്വദേശി ബിന്ദുവിനെയാണ് ചേർത്തത്. ജനുവരി 5, 6 തീയതികളിലെ കോളത്തിൽ ഫയൽ മൂവ്‌മെന്റ് രജിസ്റ്ററിൽ വെട്ടിത്തിരുത്തലുകൾ നടന്നത് പൊലീസ് പരിശോധനയിൽ വ്യക്തമായതോടെ ഫയൽ കസ്റ്റോഡിയനായ ബിന്ദുവിന്റെയും സംശയമുള്ളവരുടെയും ഫോൺ കോൾ പരിശോധിക്കുകയായിരുന്നു. തുടർന്ന് സഹോദരി ബീനയെ ചോദ്യം ചെയ്യുകയും കൊറിയർ ഓഫീസിലെ ജീവനക്കാരൻ തിരിച്ചറിയുകയും ചെയ്തതോടെ അന്വേഷണം നഗരസഭാ ജീവനക്കാരിയായ ബിന്ദുവിലേക്ക് എത്തുകയായിരുന്നു. ബിന്ദു നഗരസഭയിൽ നിന്നും ഫയൽ കടത്തുകയും ശേഷം കവറിങ് ചെയ്ത് ലക്ഷ്മണൻ എന്ന പേര് നൽകി സഹോദരി ബീനയുടെ കൈവശം നഗരസഭാ അദ്ധ്യക്ഷ സഫിയ ടീച്ചറുടെ പേരിൽ അയയ്ക്കാനായി കൊറിയർ ഓഫീസിലേക്ക് എത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

എന്നാൽ ഫയൽ സൂക്ഷിപ്പുകാരിയായ ബിന്ദു എന്തിനുവേണ്ടി ഫയൽ കടത്തണം?, ആർക്കുവേണ്ടി ചെയ്യണം? എന്തിനു കൊറിയർ വഴി വീണ്ടും തിരിച്ചയച്ചു? എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങൾ ബാക്കിയാവുകയാണ്. ബിന്ദുവിന് പണം നൽകി പ്രതിയാക്കിയതാണെന്ന് ചില ലീഗ് നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. ഇതിനിടയിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും കേസ് വിജിലൻസിന് വിടണമെന്നും ആവശ്യപ്പെട്ട് ലീഗ് കൗൺസിലർ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ലീഗിലെ ഭിന്നതയും മറനീക്കി പുറത്തുവരികയാണ്. പ്രതി കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങാനെത്തുമെന്നത് മുൻകൂട്ടി തന്നെ ലീഗ് നേതാക്കൾക്ക് അറിവുണ്ടായിരുന്നു.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തിയ സിപിഐ(എം) ഭരണസമിതിയുമായി നടത്തിയ ചില രഹസ്യധാരണകളെ തുടർന്ന് സമരം അഡ്ജസ്റ്റ്‌മെന്റ് സമരമാക്കുകയായിരുന്നുവത്രെ. മഞ്ചേരി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച പ്രതി ഇന്നലെ തിരൂർ പൊലീസിൽ കീഴടങ്ങി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ആൾ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചു. മുമ്പ് കോഴിക്കോട് കോർപ്പറേഷനിലെ ജീവനക്കാരിയായിരുന്ന പ്രതി ബിന്ദു വകുപ്പുതല അന്വേഷണം നേരിട്ട് നടപടിക്ക് വിധേയയായിരുന്നു. ഫയൽ മോഷ്ടിച്ചതിനെ തുടർന്ന് തിരൂർ നഗരസഭ മൂന്നു മാസത്തേക്കാണ് ഇപ്പോൾ ബിന്ദുവിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കീഴടങ്ങാനെത്തിയ പ്രതി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞതിങ്ങനെ: ഞാൻ നിരപരാധിയാണ്, ഇതുവരെ പൊലീസിന്റെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചത്. ഫോൺ ഓഫാക്കി വയ്ക്കണമെന്നും സ്റ്റേഷനിൽ വന്ന് അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് പറഞ്ഞിരുന്നു. എന്റെ നിരപരാധിത്വം ഞാൻ കോടതിയിൽ തെളിയിക്കും.

പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയനേതൃത്വവും വിളിപ്പുറത്തുണ്ട്. എന്നാൽ ദുരൂഹതകളുടെ ചുരുളഴിയാതെ കിടക്കുന്ന ഫയൽ മോഷണക്കഥയിൽ വരുംദിവസങ്ങളിൽ കൂടുതൽ കോളിളക്കമുണ്ടാക്കുമെന്നാണ് അറിയുന്നത്.നഗരസഭയിൽ നിന്നും ഇത് കൂടാതെ വേറെയും നിരവധി ഫയൽ കാണാതായിട്ടുണ്ടെന്നും സംഭവം വിജിലൻസ് അന്വേഷിക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകളും രംഗത്തെത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP