Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ധൂർത്തൊഴിവാക്കാൻ മകന്റെ രജിസ്റ്റർ വിവാഹം നടത്തി ലാലു അലക്സ് മാതൃകയായോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകളുടെ വാസ്തവം എന്താണ്?

വിവാഹ ധൂർത്തൊഴിവാക്കാൻ മകന്റെ രജിസ്റ്റർ വിവാഹം നടത്തി ലാലു അലക്സ് മാതൃകയായോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകളുടെ വാസ്തവം എന്താണ്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മക്കളുടെ വിവാഹം ആഡംബരപൂർവ്വം നടത്തുന്ന സിനിമാ താരങ്ങളും ബിസിനസ്സുകാരും ഒക്കെ ലാലു അലക്‌സിനെ കണ്ടു പടിക്കണം എന്ന് പറഞ്ഞ് സോഷ്യൽ മീഡിയായിൽ നിരവധി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സമ്പന്നനും പ്രശസ്തനുമായ നടൻ തന്റെ മകന്റെ കല്ല്യാണം രജിസ്റ്റർ ഓഫീസിൽ വച്ചു വളരെ സിംപിളായി നടത്തിയതാണ് സോഷ്യൽ മീഡിയായെ ആവേശം കൊള്ളിച്ചത്. ലാലു അലക്‌സും കുടുംബവും മകന്റെ വധുവിന്റെ കുടുംബവുമായി നിൽക്കുന്ന ഫോട്ടോകൾ ഉപയോഗിച്ച് അനേകം പേരാണ് ഇതു ഷെയർ ചെയ്തത്. എന്നാൽ വാസ്തവം ഇതൊന്നുമായിരുന്നില്ല.

ഇവരുടെ വിവാഹത്തിന്റെ വിശേഷം മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് മറുനാടൻ ആയിരുന്നു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ താമസിക്കുന്ന മലയാളി യുവതിയെ ആണ് ലാലു അലക്‌സിന്റെ മകൻ ബെൻ വിവാഹം കഴിക്കുന്നത്. ഫെബ്രുവരി രണ്ടിന് വിവാഹം നിശ്ചയവും ഫെബ്രുവരി ആറിന് വിവാഹവും നടക്കുമെന്നും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അതാണ് വാസ്തവത്തിൽ ശരി. എന്നിട്ടും രജിസ്റ്റർ ഓഫീസിൽ വച്ച് നടന്ന വിവാഹം വലിയ വാർത്ത ശേഖരിക്കുകയായിരുന്നു. അതിനു പിന്നിൽ രസകരമായ ഒരു കാര്യം ഉണ്ട്.

ബ്രിട്ടീഷ് പൗരത്വം ഉള്ള പെൺകുട്ടിയാണ് ബെൻ വിവാഹം കഴിക്കുന്ന മീനു. വിവാഹ ശേഷം യുകെയിലേക്ക് താമസം മാറ്റാൻ ആണ് ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്ന ബെന്നിന്റെ ആഗ്രഹം. ബ്രിട്ടീഷ് പൗരത്വം ഉള്ള ഒരാൾക്ക് ആശ്രിത വിസ കിട്ടണമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് നിയമം ഉണ്ട്. പള്ളിയിൽ വച്ചുള്ള വിവാഹ സർട്ടിഫിക്കറ്റ് പരിഗണിക്കുന്നതിൽ ബ്രിട്ടീഷ് സർക്കാരിനു വലിയ വിശ്വാസമില്ല. വ്യാജ സർട്ടിഫിക്കറ്റുകൾ വഴി വിവാഹ തട്ടിപ്പുകൾ പതിവായതിനാൽ വിസ നൽകണമെങ്കിൽ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്നാണ് ബ്രിട്ടണിലെ നിയമം. വിവാഹം കഴിഞ്ഞു രജിസ്റ്റർ ചെയ്യാൻ ഇരുന്നാൽ വീണ്ടും വൈകുമെന്നതിനാൽ വിവാഹത്തിനു മുൻപേ രജിസ്റ്റർ ചെയ്യുകയായിരുന്നു ലാലു അലക്‌സിന്റെ മകൻ.

ഈ സത്യം അറിയാതെ സോഷ്യൽ മീഡിയയിൽ ലാലു അലക്സിന്റെ മകൻ ബെൻ ലാലു അലക്സിന്റെയും കിടങ്ങൂർ കൈതവേലിൽ സിറിലിന്റെയും മിനിയുടെയും മകൾ മിനുവിന്റെയും വിവാഹത്തെ അഭിനന്ദിച്ചു നിരവധി കഥകളും പ്രചരിക്കുകയാണ്. ഫെബ്രുവരി രണ്ടിനു വിവാഹനിശ്ചയവും ആറിനു വിവാഹവും എന്ന തരത്തിലാണു കാര്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ആശ്രിത വിസയിലെ സാങ്കേതിക കാരണങ്ങളാൽ ബെന്നിന്റെയും മിനുവിന്റെയും വിവാഹം നേരത്തെ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണു വലിയ ധൂർത്തൊഴിവാക്കി ലാലു അലക്സ് മാതൃകയായി എന്ന തരത്തിലുള്ള പ്രചാരണം സൈബർ ലോകത്ത് ഉയർന്നത്. രണ്ടു പേർക്കും വിവാഹ ശേഷം വിദേശത്തേക്ക് പോകണം. കല്ല്യാണം കഴിഞ്ഞ ഉടനെ ലണ്ടനിലേക്ക് പറക്കാനാണ് തീരുമാനം. അതുമായി ബന്ധപ്പെട്ട് വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യതയായിരുന്നു. അതുകൊണ്ടാണ് കല്ല്യാണ ദിവസത്തിന് മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തത്. ഇതോടെ നിയമപരമായ പ്രശ്‌നങ്ങൾ മാറ്റി പാസ്‌പോർട്ടും വിസയും സംബന്ധിച്ച നൂലാമാലകൾ ഒഴിവാക്കാൻ കഴിഞ്ഞു. ഇതിനിടെയാണ് ഈ ഫോട്ടോ ഉപയോഗിച്ച് വിവാഹം കഴിഞ്ഞുവെന്ന പ്രചരണം ശക്തമാകുന്നത്.

വിവാഹശേഷം വിദേശത്തേക്കു പോകുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതികതയുടെ പേരിലാണ് ഇരുവരുടെയും വിവാഹം നേരത്തെ രജിസ്റ്റർ ചെയ്തത് എന്നിരിക്കെയാണു ലാലു അലക്സ് മാതൃകയായി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. മൂന്ന് പതിറ്റാണ്ടായി മലയാളസിനിമാലോകത്തു സജീവമായ ലാലു അലക്സ് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും ഹാസ്യനടനായുമൊക്കെ തിളങ്ങിയ ലാലു അലക്സ് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ്. അതുകൊണ്ടു തന്നെ മകന്റെ വിവാഹം ധൂർത്തൊന്നുമില്ലാതെ നടത്തി എന്ന പ്രചാരണം വന്നതോടെ ഇക്കാര്യം സോഷ്യൽ മീഡിയ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

ഫെബ്രുവരി രണ്ടിന് കുമരകം വള്ളാറപള്ളിയിൽ വച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുന്നത്. ആറിനു പിറവം ഹോളി കിങ്‌സ് ക്‌നാനായ പള്ളിയിൽ വിവാഹവും നടക്കും. വിവാഹ ശേഷം പള്ളിയുടെ തന്നെ പാരിഷ് ഹാളിൽ വിവാഹസൽക്കാരവുമുണ്ടാകും. ചലച്ചിത്ര രാഷ്ടീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സിനിമാ ലോകത്തെ ക്ഷണിച്ചു ഫെബ്രുവരി ആറിന് ആഘോഷമായി വിവാഹം നടത്തുമെന്ന് ലാലു അലക്‌സ് തന്നെ അറിയിക്കുകയും ചെയ്തു.

ലാലു അലക്സിന്റെ മൂന്നു മക്കളിൽ മൂത്തയാളായ ബെൻ ഇലക്ട്രോണിക് എഞ്ചിനിയറിങ് പൂർത്തിയാക്കിയശേഷം ഇപ്പോൾ ദുബായിൽ ജോലി ചെയ്യുകയാണ്. 'ഓർക്കുട്ട് ഒരോർമ്മക്കൂട്ട്' എന്ന ചിത്രത്തിൽ ബെൻ അഭിനയിച്ചിട്ടുണ്ട്. 2010ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മനോജും വിനോദും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ റിമ കല്ലിങ്കലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇംഗ്ലണ്ടിൽ ഹെൽത്ത് സയൻസസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുകയാണു മിനു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP