Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് പ്രവർത്തകർ അതിർത്തി വഴി മദ്യമൊഴുക്കി നാടിന്റെ സമാധാനം തകർത്തു; മദ്യക്കടത്തിനെതിരെ ശക്തമായി പോരാടിയപ്പോൾ അബൂബക്കർ 'ക്രിമിനൽ സംഘത്തിന്റെ' കണ്ണിൽ കരടായി; സൗമ്യമായി പെരുമാറുന്ന വ്യക്തിയായിട്ടും തക്കം കിട്ടിയപ്പോൾ കത്തി കുത്തിയിറക്കി അശ്വിത്തും സംഘവും; ഹിന്ദുത്വ ഭീകരവാദികൾ അരിഞ്ഞു വീഴ്‌ത്തിയത് അഭിമന്യുവിനെ പോലെ നാളെ നാടിനു മുതൽക്കൂട്ടാകേണ്ട 'നന്മമരത്തെ'

ആർഎസ്എസ് പ്രവർത്തകർ അതിർത്തി വഴി മദ്യമൊഴുക്കി നാടിന്റെ സമാധാനം തകർത്തു; മദ്യക്കടത്തിനെതിരെ ശക്തമായി പോരാടിയപ്പോൾ അബൂബക്കർ 'ക്രിമിനൽ സംഘത്തിന്റെ' കണ്ണിൽ കരടായി; സൗമ്യമായി പെരുമാറുന്ന വ്യക്തിയായിട്ടും തക്കം കിട്ടിയപ്പോൾ കത്തി കുത്തിയിറക്കി അശ്വിത്തും സംഘവും; ഹിന്ദുത്വ ഭീകരവാദികൾ അരിഞ്ഞു വീഴ്‌ത്തിയത് അഭിമന്യുവിനെ പോലെ നാളെ നാടിനു മുതൽക്കൂട്ടാകേണ്ട 'നന്മമരത്തെ'

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: എല്ലാവരോടും കളി ചിരികളുമായും സൗഹൃദത്തോടെയും നിന്ന് മഹാരാജാസ് കോളേജിലെ 'നന്മമരം' ആയിരുന്ന വ്യക്തിയാണ് അഭിമന്യു എന്ന വട്ടവടക്കാരൻ യുവാവ്. ഈ യുവാവിനെയാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്. എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന ഈ യുവാവിന്റെ വിയോഗത്തോടെ നാളെ നാടിന്റെ നന്മയിലേക്ക് നയിക്കേണ്ടിയിരുന്ന ഒരു യുവാവിന്റെ ജീവനാണ് നഷ്ടമായത്. അഭിമന്യുവിനെ കൊലപ്പെടുത്തി പോപ്പുലർ ഫ്രണ്ടുകാർ വലിച്ചെറിഞ്ഞ ആ അരുംകൊലയുടെ കത്തിയാണ് മറ്റൊരു നന്മമരത്തെ അറുത്തുകൊല്ലാൻ ഹിന്ദുത്വ ഭീകരവാദികൾ കൈയിലേന്തിയത്.

മഞ്ചേശ്വരം ഉപ്പളയിൽ കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖ് ആ നാട്ടിലെ ചെറുപ്പക്കാർക്ക് ആവേശമായിരുന്ന യുവാവാണ്. തനിക്കു ചുറ്റുമുള്ള യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന സംഭവങ്ങൾ അറിഞ്ഞ് മറ്റുള്ളവർ മൗനം പാലിച്ചപ്പോഴും ശബ്ദമുയർത്തിയതിനാണ് അദ്ദേഹത്തിന് സ്വന്തം ജീവൻ നഷ്ടമായത്. കർണാടകയിൽ നിന്നും ഉപ്പളയിലേക്ക് അതിർത്തി കടന്ന് മദ്യം ഒഴുകുന്ന പതിവാണ്. പൊലീസിനെയും എക്‌സൈസിനെയും കൂസാതെ യഥേഷ്ടം സോങ്കലിലേക്കും ഇക്കൂട്ടർ മദ്യമൊഴുക്കുകയുണ്ടായി. ഈ മദ്യക്കടത്തിന് ഒത്താശ ചെയ്തു കൊടുത്തത് പ്രദേശത്തെ ബിജെപി പ്രവർത്തകരായിരുന്നു.

സോങ്കലിൽ തന്റെ വീടിന്റെ പരിസരത്തും മറ്റുമായി ഈ മദ്യക്കടത്ത് സംഘം അനധികൃത മദ്യക്കടത്തും വിൽപ്പനയും പതിവാക്കിയപ്പോഴാണ് ഇതിനെ എതിർക്കാൻ അബൂബക്കർ സിദ്ദിഖ് തയ്യറായത്. ഡിവൈഎഫ്‌ഐ പ്രവർത്തകനെന്ന നിലയിൽ മദ്യവിരുദ്ധ പ്രവർത്തങ്ങൾ അടക്കം നടത്തിയ വ്യക്തിയായാണ് അബൂബക്കർ നേരത്തെ സാമൂഹ്യ പ്രവർത്തനം നടത്തിയത്. സോങ്കാൽ പ്രതാപ് നഗറിലെ പിതാവ് അസീസും ഈ മദ്യക്കടത്ത് സംഘത്തിനെതിരെ പ്രതികരിച്ചിരുന്നു.

പ്രദേശത്തെ സമാന ചിന്താഗതിക്കാരായ യുവാക്കളെ അണിനിരത്തി കൊണ്ടായിരുന്നു അബൂബക്കറിന്റെ പ്രവർത്തനം. പ്രദേശത്ത് ഇനി മേലിൽ മദ്യവിൽപ്പന പാടില്ലെന്ന് കർശനമായി അബൂബക്കർ പറഞ്ഞതോടെ ബിജെപി പ്രവർത്തകരുമായി സംഘർഷത്തിലായി. ഇവർ മദ്യം വിൽക്കുമെന്ന ഭീഷണി മുഴക്കിയ ശേഷമാണ് പോയത്. പിന്നാലൈ ബൈക്കിൽ എത്തി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വർഷം മുമ്പ് ഖത്തറിൽ ജോലിക്ക് പോയ വ്യക്തിയായിരുന്നു അബൂബക്കർ സിദ്ദിഖ്. യുവാക്കൾ വഴിതെറ്റിപ്പോകാതെ ജോലി ചെയ്യാൻ പ്രേരിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അബൂബക്കർ സിദ്ദിഖ്. അഭിമുന്യുവിനെ പോലെ സിപിഎമ്മിന് വേണ്ടി അടിയുറച്ചു പ്രവർത്തിച്ച ഒരു പ്രവർത്തകന്റെ ജീവൻ കൂടിയാണ് പൊലിഞ്ഞിരിക്കുന്നത്.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പറയുമ്പോഴും കൊലപാതകത്തിലേക്ക് നയിച്ചത് ആർഎസ്എസ് പ്രവർത്തകരുടെ പകയാണെന്നത് വ്യക്തമാണ്. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാർത്തിക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൊലയ്ക്കുപയോഗിച്ച കത്തി സംഭവസ്ഥലത്തിന് സമീപം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സംഘത്തിൽ നാലുപേരുണ്ടെന്നാണ് സൂചന. ഇവർ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഡിവൈഎസ്‌പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്.

സിദ്ദിഖിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം പകൽ വിലാപയാത്രയായി കാലിക്കടവ് , ചെറുവത്തൂർ , നീലേശ്വരം മാർക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, കുമ്പള, ഉപ്പള എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് സ്വദേശമായ സൊങ്കാലിലെ ജുമ മസ്ജിദ് ഖബറിടത്തിൽ ഖബറടക്കും. വൻ ജനാവലി തന്നെ സിദ്ദിഖിന് അന്തിമോപചാരം അർപ്പിക്കാൻ വേണ്ടി എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP