Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനിച്ചതും വളർന്നതും ഗുജറാത്തിൽ; ട്രാൻസ്‌പോർട്ട് കോർപറേഷൻ ജീവനക്കാരനായ ദാമോദരൻ നായരുടെ മകൻ; ഖേഡ ജില്ലയിലെ ഡാകോറിലെ സ്‌കൂളിൽ ജീവനക്കാരനായിരിക്കവേ ആർഎസ്എസിന്റെ സജീവ പ്രവർത്തകൻ; മലയാളിയെങ്കിലും കേരളവുമായുള്ള ബന്ധം വല്ലപ്പോഴും നാട്ടിലെ ബന്ധുവീട്ടിൽ എത്തുന്നതിൽ ഒതുങ്ങി; അജ്മീർ ദർഗയിൽ സ്‌ഫോടനം നടത്തിയതോടെ എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ പെട്ട ഹിന്ദുത്വ ഭീകരൻ: സുരേഷ് നായരുടെ കഥ

ജനിച്ചതും വളർന്നതും ഗുജറാത്തിൽ; ട്രാൻസ്‌പോർട്ട് കോർപറേഷൻ ജീവനക്കാരനായ ദാമോദരൻ നായരുടെ മകൻ; ഖേഡ ജില്ലയിലെ ഡാകോറിലെ സ്‌കൂളിൽ ജീവനക്കാരനായിരിക്കവേ ആർഎസ്എസിന്റെ സജീവ പ്രവർത്തകൻ; മലയാളിയെങ്കിലും കേരളവുമായുള്ള ബന്ധം വല്ലപ്പോഴും നാട്ടിലെ ബന്ധുവീട്ടിൽ എത്തുന്നതിൽ ഒതുങ്ങി; അജ്മീർ ദർഗയിൽ സ്‌ഫോടനം നടത്തിയതോടെ എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ പെട്ട ഹിന്ദുത്വ ഭീകരൻ: സുരേഷ് നായരുടെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോഴിക്കോട ജില്ലയിലെ കൊയിലാണ്ടി, വടകര പ്രദേശങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇവിടെ നിന്നും ഒരുകാലത്ത് തൊഴിൽ തേടി ഗുജറാത്തിൽ എത്തിയ ആയിരക്കണക്കിന് മലയാളികളുണ്ട്. തലമുറകൾക്ക് മുമ്പ് തന്നെ ഇങ്ങനെ ആളുകൾ ഗുജറാത്തിലേക്ക് പോയിരുന്നു. ഇങ്ങനെ ഗുജറാത്തിൽ പോയ മലയാളികൾ അവിടെ ജീവിതം കരുപ്പിടിപ്പിച്ചു കൂടി. ഇങ്ങനെ ഗുജറാത്തിലേക്ക് കുടിയേറിയ മലയാളികളിലെ രണ്ടാം തലമുറയിൽ പെട്ട ആളാണ് ഇന്ന് രാജ്യത്തെ നടുക്കിയ ഭീകരരനെന്ന് എൻഐഎ അറിയിച്ചിരിക്കുന്ന സുരേഷ് നായർ. രാജ്യത്തെ ഞെട്ടിക്കാൻ ഹിന്ദുത്വ തീവ്രവാദ ശക്തികൾ ആസൂത്രണം ചെയ്ത സ്‌ഫോടന കേസികളിൽ പ്രധാനപ്പെട്ട അജ്മീർ ദർഗ്ഗ സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് ഇന്നലെ സുരേഷ് നായരെ ഭീകരവിരുദ്ധ സേന പിടികൂടിയത്.

മലയാളി ബന്ധം പറയാമെങ്കിലും അടിസ്ഥാന പരമായി ഗുജറാത്തുകാരൻ തന്നെയാണ് സുരേഷ് നായർ. ഇയാൾ ജനിച്ചു വളർന്നത് ഗുജറാത്തിൽ തന്നെയായിരുന്നു. കൊയിലാണ്ടി കുറുവങ്ങാടിനടുത്ത് എളാട്ടേരി ഉണിച്ചിരാംവീട് ക്ഷേത്രത്തിനടുത്തായിരുന്നു തറവാട് വീട്. സ്വത്ത് ഭാഗം വെച്ചപ്പോൾ അമ്മക്ക് കിട്ടിയ സ്ഥലമായിരുന്നു ഇത്. അതായിരുന്നു സുരേഷിന് നാടുമായുള്ള ബന്ധം. ഗുജറാത്താണ് സ്വന്തം നാടെന്ന് കരുതി വളർന്ന വ്യക്തി അവിടെ അടിമുടി വേരൂന്നിയ ആർഎസ്എസ് ആശയത്തിന്റെ തന്നെ പിൻതുടർച്ചക്കാരനായി. ഈ ആശയമാണ് തീവ്രഹിന്ദുത്വ ശക്തികളുടെ ഭാഗമാകാൻ സുരേഷ് നായരെ പ്രേരിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്.

കൊയിലാണ്ടി കണയങ്കോട് സ്വദേശിയായ പിതാവ് ദാമോദരൻ നായർ ഗുജറാത്ത് ട്രാൻസ്‌പോർട്ട് കോർപറേഷൻ ജീവനക്കാരനായിരുന്നു.  മാതാപിതാക്കൾക്കൊപ്പം ഗുജറാത്തിൽ കഴിയുമ്പോഴാണ് അജ്മീർ ദർഗ കേസിൽ സുരേഷ് പങ്കാളിയായത്. ഗുജറാത്ത് ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് ഡാകോറിലെ സ്‌കൂളിൽ ജീവനക്കാരനായിരുന്ന സുരേഷ് ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. ആർ.എസ്.എസുമായി ബന്ധമുള്ള സ്‌കൂളിലായിരുന്നു ജോലി.

ഡാകോറിലെ ദ്വാരക സൊസൈറ്റിയിലെ ആറാം നമ്പർ പ്ലോട്ടിലായിരുന്നു വീട്. നാടുമായി കാര്യമായ ബന്ധം ഇല്ലായിരുന്നെങ്കിലും അടുത്ത ബന്ധുക്കളുടെ കല്യാണത്തിന് വരാറുണ്ടായിരുന്നു. 2005ലാണ് ഒടുവിൽ കോഴിക്കോട്ടെത്തിയത്. സുരേഷ് നായർ ഒളിവിൽ പോകുമ്പോൾ അവിവാഹിതനായിരുന്നു. നാട്ടുകാരിൽ പലരും സുരേഷിനെ കണ്ടതായി ഓർക്കുന്നില്ല.സുരേഷ് നായർക്കായി എൻ.ഐ.എ അടക്കമുള്ള വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തി നേരത്തേ അന്വേഷണം നടത്തിയിരുന്നു. ബാലുശ്ശേരിയിലെ സഹോദരിയുടെ വീട്ടിലും കൊയിലാണ്ടി എളാട്ടേരിയിലെ ബന്ധുവീട്ടിലും അന്ന് അന്വേഷണസംഘം എത്തിയിരുന്നു. സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചും വിവരങ്ങൾ ശേഖരിച്ച് കൈമാറിയിരുന്നു.

അജ്മീർ സ്ഫോടനത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന സുരേഷ് പിന്നീട് മുങ്ങുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ കൊയിലാണ്ടിയിൽ വന്നിരുന്നു. അന്ന് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുവാൻ നാട്ടുകാർക്കും കഴിഞ്ഞിരുന്നില്ല. ഇവിടെ നിന്നും വലിയൊരു വിഭാഗം ആളുകൾ ഗുജറാത്തിൽ ടയർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് പൊലീസിന് ഇയാളെ കണ്ടെത്താൻ ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. സുരേഷിന് ആർ.എസ്.എസിന്റെ അഖിലേന്ത്യാ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് പോലും ആരോപണം ഉയർന്നിരുന്ു. ഇതോടെ ഇയാളെ പിടികൂടാനായി വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

സുരേഷ് നായർ ചിത്രത്തിൽ എത്തുന്നത് വാസനിയുടെ മൊഴിയോടെ

അജ്മീറിലേക്ക് കൊണ്ടുപോകാനുള്ള സ്‌ഫോടകവസ്തുക്കൾ മധ്യപ്രദേശിലെ ദേവസിൽനിന്ന് ഗുജറാത്തിലെ ഗോധ്രയിലേക്ക് മധ്യപ്രദേശ് രജിസ്‌ട്രേഷനുള്ള എംപി 43 സി 903 കാറിൽ എത്തിച്ചപ്പോൾ അതിൽ സുരേഷ് നായരുണ്ടായിരുന്നുവെന്ന് വാസനി മൊഴി നൽകി. ഈ മൊഴിയാണ് സുരേഷ് നായരിലേക്കുള്ള അന്വേഷണം നീളാൻ എൻഐഎയെ പ്രേരിപ്പിച്ചത്. അന്ന് സുരേഷ് നായർക്കൊപ്പമുണ്ടായിരുന്ന ഹിന്ദുത്വ ഭീകരനും സ്വാമി അസിമാനന്ദയുടെ കൂട്ടാളിയുമായിരുന്ന സുനിൽ ജോഷി പിന്നീട് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ജോഷിയെ കൊലപ്പെടുത്തിയെന്ന് ആരോപണവിധേയനായ ആനന്ദ് രാജ് കട്ടാരിയയുടേതായിരുന്നു ഈ കാർ. ഗോധ്രയിലെ ഗൂഢാലോചനക്കുശേഷം സുരേഷ് നായർ തന്നെയാണ് വാസനി, മേഹുൽ, ഭവേഷ്, സണ്ണി എന്നിവർക്കൊപ്പം സ്‌ഫോടന വസ്തുക്കൾ സർക്കാർ ബസിൽ സംശയം തോന്നാത്തവിധം അജ്മീറിലേക്ക് കൊണ്ടുപോയത്.

നാലു വർഷം മുമ്പ് അജ്മീർ സ്‌ഫോടനക്കേസ് അന്വേഷിച്ച രാജസ്ഥാൻ ഭീകരവിരുദ്ധ സ്‌ക്വാഡ് അഡീഷനൽ എസ്‌പി സത്യേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ സുരേഷിനായി കോഴിക്കോട് ജില്ലയിൽ അന്വേഷണം നടത്തിയിരുന്നു. കേരളത്തിന്റെ ആഭ്യന്തര സുരക്ഷ അന്വേഷണ സംഘത്തിന്റെ (ഐ.എസ്‌ഐ.ടി) സഹായത്തോടുകൂടിയായിരുന്നു ഇത്. സുരേഷ് നായരുടെ കുടുംബം വല്ലപ്പോഴുമാണ് കേരളത്തിൽ വരാറുള്ളതെന്നും 10 വർഷം മുമ്പ് ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിന് വന്ന സുരേഷ് പിന്നീട് ഒരിക്കൽപോലും കേരളത്തിൽ വന്നിട്ടില്ലെന്നും കേരളം അറിയിച്ചു.

തങ്ങൾക്ക് ബന്ധമുള്ള സ്ഥലങ്ങളിലേക്കെല്ലാം ഭീകരപ്രവർത്തനം വ്യാപിപ്പിച്ച ഈ സംഘം സുരേഷ് നായരെ ഉപയോഗിച്ച് കേരളത്തിൽ വല്ല വിധ്വംസകപ്രവർത്തനങ്ങളും നടത്തിയോ എന്നാണ് രാജസ്ഥാൻ എ.ടി.എസ് പ്രധാനമായും അന്ന് ആരാഞ്ഞിരുന്നത്. ഇതിനായി സുരേഷ് നായർ കേരളത്തിൽ വന്നാൽ ബന്ധപ്പെടാറുള്ള വീടുകളുടെയും വ്യക്തികളുടെയും വിലാസങ്ങളും രാജസ്ഥാൻ പൊലീസ് കേരള പൊലീസിന് നൽകി. കേരളത്തിൽ സുരേഷിന് ചങ്ങാത്തമുള്ള പല യുവാക്കളുടെയും പേരും വിലാസവും ഇങ്ങനെ കൈമാറിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ കേരളത്തിൽ എത്തിയതായി യാതൊരു അറിവും ഉണ്ടായില്ല.

തെളിവ് നശിപ്പിക്കാൻ കൂട്ടുപ്രതിയെ കൊലപ്പെടുത്തി, ഏഴ് സ്‌ഫോടന കേസിൽ ബന്ധമെന്നും എൻഐഎ വാദം

അതേസമയം സുരേഷ് നായർക്ക് മേൽ വലിയ കുറ്റങ്ങൾ ചുമത്താനാണ് എൻഐഎ നീക്കം. അജ്മീർ സ്‌ഫോടനത്തിൽ സുരേഷ് നായർക്കൊപ്പം പങ്കാളിയായ ആർ.എസ്.എസ് പ്രവർത്തകൻ സുനിൽ ജോഷിയെ സ്‌ഫോടനത്തിന്റെ ആസൂത്രണം പുറത്താകുമെന്ന് ഭയന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2007 ഡിസംബർ 29ന് അജ്മീർ സ്‌ഫോടനക്കേസിലെ പ്രതിയായ ഹർഷദ് ഭായി സോളങ്കിയും നാലു പേരും ചേർന്ന് സുനിൽ ജോഷിയെ വെടിവെച്ചുകൊല്ലുകയായിരുന്നെന്നും മധ്യപ്രദേശ് പൊലീസ് കണ്ടെത്തിയെങ്കിലും ബിജെപി സർക്കാറിന്റെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായില്ല.

അജ്മീർ സ്‌ഫോടനം നടക്കുമ്പോൾ 45 വയസ്സ് പ്രായമുണ്ടായിരുന്ന സുനിൽ ജോഷി സ്‌ഫോടനത്തിന്റെ ഗൂഢാലോചന പൊലീസിനോട് വെളിപ്പെടുത്താൻ തയാറായത് മറ്റു പ്രതികളെ അങ്കലാപ്പിലാക്കിയെന്നും തുടർന്ന് അവർ കൊല നടത്തിയെന്നുമായിരുന്നു ദേവസിലെ ഉദ്യോഗ് നഗർ പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, അജ്മീർ സ്‌ഫോടനത്തിന്റെ ആസൂത്രണം ഏറ്റെടുത്ത് സ്വാമി അസിമാനന്ദ മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയും തള്ളിയ ജയ്പൂരിലെ പ്രത്യേക എൻ.ഐ.എ കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കി.

അതേസമയം, അസിമാനന്ദയുടെ ആസൂത്രണത്തിന് കീഴിൽ സ്‌ഫോടനം നടത്തിയ സുനിൽ ജോഷി, ഭവേഷ് പട്ടേൽ, ദേവേന്ദ്ര കുമാർ ഗുപ്ത എന്നിവർ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. അസിമാനന്ദക്ക് പുറമെ ലോകേഷ്, ചന്ദ്രശേഖർ, ഹർഷദ് സോളങ്കി, മെഹുൽ കുമാർ, മുകേഷ് വാസ്‌നി, ഭരത് ഭായ് എന്നിവരും കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു. രാജ്യത്തെ നടുക്കിയ ഏഴു സ്‌ഫോടന സംഭവങ്ങളിൽ നാലു കേസുകളുമായി ബന്ധമുള്ള കണ്ണിയാണ് സുരേഷ് നായർ എന്നാണ് എൻഐഎ നേരത്തെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നത്. സ്‌ഫോടന പരമ്പരകളിൽ 124 പേർ കൊല്ലപ്പെടുകയും 293 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. 2011ൽ എൻഐഎ ഏറ്റെടുത്തതാണ് കേസുകൾ. ദുർബലമായ അന്വേഷണം നടത്തി സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അസീമാനന്ദയെ മക്കാമസ്ജിദ് സ്‌ഫോടനക്കേസിൽ ഈയിടെയാണ് കോടതി വെറുതെവിട്ടത്.

നിരപരാധി, കുടുക്കിയതെന്ന് കുടുംബം

അതേസമയം ഹിന്ദുത്വ ഭീകരനെന്ന് രാജ്യം മുഴുവൻ പറയുമ്പോഴും കുടുംബം സുരേഷ് നായരെ തള്ളിപ്പറയുന്നില്ല. അജ്മീർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായെങ്കിലും സുരേഷ് നായർ നിരപരാധിയെന്ന് സഹോദരി സുഷമ പറയുന്നു. ആരെങ്കിലും മനപ്പൂർവ്വം കുടുക്കിയതാകാം എന്നാണ് സഹോദരി പറയുന്നത്. കുടുംബവുമായോ കുറേക്കാലമായി യാതൊരു ബന്ധവുമില്ലെന്ന് അമ്മയുടെ സഹോദരി രാധ പറഞ്ഞിരുന്നു. സുരേഷ് നായർ വർഷങ്ങളായി നാട്ടിൽ വരാറില്ലെന്നാണ് രാധ പറഞ്ഞത്.

2007 ഒക്ടോബർ 11ന് റംസാൻ മാസത്തിൽ നോമ്പുതുറ സമയത്ത് അജ്മീർ ദർഗയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനായി സമഗ്രികൾ ഇയാൾ എത്തിച്ചിരുന്നുവെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷിനെ ബറൂച്ചിൽ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. സുരേഷ് നായരെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് എൻഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP