Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിവീരനെ തൊട്ടു നോക്കാനുള്ള മോഹം ആനക്കാരനോട് പറഞ്ഞപ്പോൾ തുമ്പിക്കൈയിൽ പിടിപ്പിച്ച് ഞെട്ടിച്ചു; ഫോട്ടോ വാട്സാപ്പിൽ അയച്ച പരിചയം സൗഹൃദമായി; രണ്ട് ദിവസത്തെ പ്രണയത്തിന് ശേഷം വിവാഹം; ഭർത്താവിന്റെ ക്രിമിനൽ സ്വഭാവം അറിഞ്ഞത് ഏറെ വൈകി; കുത്തുവാക്കുകൾ താങ്ങാതായപ്പോൾ അമ്മായിയുടെ തലയടിച്ച് പൊട്ടിച്ച് ജയിൽ വാസം; ആതിരയുടെ ജീവിതം വഴി തെറ്റിച്ചത് രണ്ട് കൊല്ലം മുമ്പുള്ള പൂച്ചാക്കൽ ക്ഷേത്രോൽസവം; പട്ടണക്കാട് ഒന്നരവയസ്സുകാരിയെ വകവരുത്തിയ 'അമ്മ'യുടെ കഥ

കരിവീരനെ തൊട്ടു നോക്കാനുള്ള മോഹം ആനക്കാരനോട് പറഞ്ഞപ്പോൾ തുമ്പിക്കൈയിൽ പിടിപ്പിച്ച് ഞെട്ടിച്ചു; ഫോട്ടോ വാട്സാപ്പിൽ അയച്ച പരിചയം സൗഹൃദമായി; രണ്ട് ദിവസത്തെ പ്രണയത്തിന് ശേഷം വിവാഹം; ഭർത്താവിന്റെ ക്രിമിനൽ സ്വഭാവം അറിഞ്ഞത് ഏറെ വൈകി; കുത്തുവാക്കുകൾ താങ്ങാതായപ്പോൾ അമ്മായിയുടെ തലയടിച്ച് പൊട്ടിച്ച് ജയിൽ വാസം; ആതിരയുടെ ജീവിതം വഴി തെറ്റിച്ചത് രണ്ട് കൊല്ലം മുമ്പുള്ള പൂച്ചാക്കൽ ക്ഷേത്രോൽസവം; പട്ടണക്കാട് ഒന്നരവയസ്സുകാരിയെ വകവരുത്തിയ 'അമ്മ'യുടെ കഥ

ആർ പീയൂഷ്

ആലപ്പുഴ: രണ്ടു ദിവസത്തെ പ്രണയത്തിന് ഒടുവിൽ വീട്ടിൽ നിന്നും ഇറങ്ങി പോയി വിവാഹം കഴിക്കുകയായിരുന്നു ചേർത്തലയിൽ കഴിഞ്ഞ ദിവസം ഒന്നര വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതാവ് ആതിര. ക്ഷേത്രോൽസവ പറമ്പിൽ ആനക്കാരനായി ഷാരോൺ എത്തിയപ്പോൾ മൊട്ടിട്ട പ്രണയമാണ് രണ്ട് ദിവസം കൊണ്ട് വിവാഹത്തിലേക്ക് എത്തിച്ചത്. ആ കഥ ഇങ്ങനെ; 2017ൽ പൂച്ചാക്കൽ ക്ഷേത്രോൽസവത്തിന് ആനക്കാരനായി ഷാരോൺ എത്തി. ആനയെ അടുത്ത് കാണാനും തൊടാനും ഉൽസവത്തിനെത്തിയ ആതിരയ്ക്ക് മോഹം. ഇക്കാര്യം ആനക്കാരനായ ഷാരോണിനോട് പറയുകയും ഷാരോൺ ആതിരയെ ആനയുടെ അടുത്ത് നിർത്തുകയും തുമ്പികൈയിലും മറ്റും തൊടാനും അവസരമൊരുക്കുകയും ചെയ്തു.

അപ്പോൾ ആനയുടെ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കണമെന്ന് ആതിര അഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ആ സമയം ആതിര മൊബൈൽ എടുത്തിരുന്നില്ല. അതിനാൽ ഷാരോണിന്റെ മൊബൈലിൽ ചിത്രം എടുക്കുകയും തന്റെ വാട്ട്‌സാപ്പിലേക്ക് അയപ്പിക്കുകയും ചെയ്തു. ഉത്സവം കഴിഞ്ഞ് വീട്ടിലെത്തിയ ആതിര മൊബൈലിൽ ചിത്രം കണ്ടതിന് ശേഷം തിരികെ നന്ദി അറിയിച്ചു കൊണ്ട് സന്ദേശം അയച്ചു. അന്നു തന്നെ ഇരുവരും കൂടുതൽ സമയം പരസ്പരം സന്ദേശം അയയ്ക്കുകയും ഒടുവിൽ ഫോൺവിളിയും തുടങ്ങി. പുലരുവോളം ഇരുവരും സംസാരം തുടർന്നു. ഒടുവിൽ ഇരുവരും ഒന്നിച്ചു ജീവിക്കാമെന്ന് തീരുമാനം എടുക്കുകയായിരുന്നു. അങ്ങനെ രണ്ട് ദിവസത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിച്ചു.

ഷാരോണിന്റെ വീട്ടിൽ ഏറെ നാൾ സന്തോഷത്തോടെ ജീവിക്കാൻ ആതിരയ്ക്ക് കഴിഞ്ഞില്ല. അമ്മായി അമ്മയുടെ കുത്തുവാക്കുകളും ഭർത്താവ് ഷാരോണിന്റെ മദ്യപിച്ചിട്ടുവന്നുള്ള മർദ്ദനവും അസഹനീയമായി. സന്തോഷ പൂർണമായ ഒരു ജീവിതം ആഗ്രഹിച്ചു വന്ന ആതിര ഇതോടെ മാനസികമായി തകർന്നു. ഇതിനിടെ ഷാരോൺ കൊലപാതക കുറ്റത്തിന് ജയിലിലുമായി. വിവാഹ ശേഷമാണ് ഷാരോൺ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന് ആതിര അറിഞ്ഞത്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ കഴിഞ്ഞ വർഷമാണ് മകൾ ആദിഷ പിറക്കുന്നത്.

കുഞ്ഞിന്റെ കാര്യങ്ങളും മറ്റും നോക്കാൻ കഴിയില്ലെന്നും മറ്റുമൊക്കെ പറഞ്ഞും പല രീതിയിൽ കുറ്റപ്പെടുത്തി അപമാനിക്കുകയും ചെയ്തതോടെ അമ്മായി അമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു. ഈ കുറ്റത്തിനാണ് ഇവർ കുഞ്ഞുമായി ജയിൽവാസം അനുഭവിച്ചത്. ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ ശേഷം ഭർത്താവിന്റെ കൊടിയ പീഡനമായിരുന്നു. ഇതോടെ ഭർത്താവിനോടുള്ള ദേഷ്യം മുഴുവൻ കുഞ്ഞിനോട് കാട്ടാൻ തുടങ്ങി. ഭർത്താവും അവരുടെ വീട്ടുകാരും ആതിരയോട് കാണിച്ച ക്രൂരത മൂലമുണ്ടായ പകയാവാം കുഞ്ഞിനെ കൊല്ലാൻ കാരണമായതെന്നാണ് പൊലീസിന്റെ അനുമാനം.

കുഞ്ഞ് മരണപ്പെട്ടതിന് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ പട്ടണക്കാട് എസ്‌ഐ അമൃതരംഗൻ എത്തിയപ്പോൾ അവസാനമായി കുഞ്ഞിന് പഴം കൊടുത്തിരുന്നു എന്നും പിന്നെ എത്തിയപ്പോൾ കുഞ്ഞ് മരിച്ചു കിടക്കുകയായിരുന്നു എന്നുമാണ് ആതിര പറഞ്ഞത്. അപ്പോൾ തന്നെ ചെയ്ത തെറ്റ് മാച്ചു വയ്ക്കാൻ ശ്രമിക്കുന്ന ഒരു കുറ്റവാളിയുടെ ലക്ഷണം എസ്‌ഐ മനസ്സിലാക്കി. പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കുഞ്ഞ് മരണപ്പെട്ടു എന്നറിഞ്ഞിട്ടും സാധാരണ പോലെയാണ് ആതിര പെരുമാറുന്നതെന്നും ഇടയ്ക്ക് കരയാറുണ്ടെന്നും പൊലീസ് പറഞ്ഞു.

പൊലീസ് ചോദ്യം ചെയ്യലിൽ എന്തിനാണ് കൊന്നതെന്ന വിവരം യുവതി വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞു കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നുമാണ് കുട്ടിയുടെ അമ്മ ആതിര മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞ് കരഞ്ഞപ്പോൾ പെട്ടെന്ന് ദേഷ്യം വന്ന് വാ പൊത്തിപ്പിടിച്ചതാണ്. മൂക്കും അറിയാതെ പൊത്തിപ്പിടിച്ചു. ശ്വാസം മുട്ടിയെന്ന് അറിഞ്ഞില്ലെന്നും അബദ്ധം പറ്റിയതാണെന്നും അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കൊല്ലണമെന്ന് ഉദ്ദേശിച്ച് ചെയ്തതല്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കുഞ്ഞ് ശ്വാസം മുട്ടി പിടഞ്ഞപ്പോൾ എന്തു കൊണ്ട് കൃത്യത്തിൽ നിന്നും പിന്മാറിയില്ല എന്ന ചോദ്യത്തിന് തല കുനിച്ചു നിന്നതല്ലാതെ മറുപടി പറഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP