Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലർ ഫ്രണ്ടുകാരുടെ കൊച്ചനിയന്മാർ; കലാലയങ്ങളെ സംഘർഷത്തിലാക്കുന്ന ഒട്ടും ഫ്രണ്ട്‌ലിയല്ലാത്ത സംഘടന..! ലിബറൽ നിലപാടുകാരെന്ന് അവകാശപ്പെടുമ്പോഴും പ്രവർത്തനം തീവ്ര ആശയക്കാരായ മുസ്ലിം വിദ്യാർത്ഥികളെ ഒരുമിപ്പിച്ചു കൊണ്ട്; വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനം വളർത്താൻ സ്‌കൂൾ യൂണിഫോം പോലും വിവാദമാക്കിയ ചരിത്രം: കെ എസ് യു ക്ഷീണിച്ചപ്പോൾ കാമ്പസുകളിൽ വളർന്നു; അഭിമന്യുവിന്റെ കൊലയാളികളായ കാമ്പസ് ഫ്രണ്ടുകാരുടെ കഥ

തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലർ ഫ്രണ്ടുകാരുടെ കൊച്ചനിയന്മാർ;  കലാലയങ്ങളെ സംഘർഷത്തിലാക്കുന്ന ഒട്ടും ഫ്രണ്ട്‌ലിയല്ലാത്ത സംഘടന..! ലിബറൽ നിലപാടുകാരെന്ന് അവകാശപ്പെടുമ്പോഴും പ്രവർത്തനം തീവ്ര ആശയക്കാരായ മുസ്ലിം വിദ്യാർത്ഥികളെ ഒരുമിപ്പിച്ചു കൊണ്ട്; വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനം വളർത്താൻ സ്‌കൂൾ യൂണിഫോം പോലും വിവാദമാക്കിയ ചരിത്രം: കെ എസ് യു ക്ഷീണിച്ചപ്പോൾ കാമ്പസുകളിൽ വളർന്നു; അഭിമന്യുവിന്റെ കൊലയാളികളായ കാമ്പസ് ഫ്രണ്ടുകാരുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാമ്പസ് രാഷ്ട്രീയം കൊലക്കളമാകുന്നത് കേരളത്തിൽ ആദ്യമായല്ല. രാഷ്ട്രീയത്തിന്റെ പേരിൽ എസ്എഫ്‌ഐയും കെഎസ് യുവും എബിവിപിയും തമ്മിലടിക്കുന്നത് കേരളത്തിലെ കാമ്പസുകളിൽ ഒരു സമയത്തെ പതിവു കാഴ്‌ച്ചകളായിരുന്നു. എങ്കിലും കുറച്ചു കാലമായി വിദ്യാർത്ഥി രാഷ്ട്രീയം കൊലപാതകത്തിൽ കലാശിക്കുന്ന വിധത്തിൽ അപകടകരമായ രീതിയിലേക്ക് മാറിയിരുന്നില്ല. തമ്മിലടികൾ സംഘർഷത്തിൽ കലാശിച്ചിരുന്നെങ്കിലും അടുത്തകാലത്ത് കാമ്പസുകളിൽ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് മതചിന്തയും കടന്നു വരുന്നതോടെ അപകടം വർദ്ധിക്കുകയാണ്. തീവ്രചിന്താഗതിക്കാരായ സംഘടനകൾ അവരുടെ അപകടകരമായ രാഷ്ട്രീയം ലിബറൽ ചിന്താഗതിയിൽ ഒളിപ്പിച്ചു കടത്തുന്നതിന്റെ പ്രതിഫലനമാണ് മഹാരാജാസിലെ എസ്എഫ്‌ഐക്കാരൻ അഭിമന്യുവിന്റെ കൊലപാതകം വ്യക്തമാക്കുന്നത്.

ഐസിസ് ബന്ധത്തിന്റെ പേരിൽ രാജ്യം നിരോധിക്കാൻ ഒരുങ്ങിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ കാമ്പസ് ഫ്രണ്ടാണ് ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കോളേജുകളിൽ വിനാശം വിതയ്ക്കുന്നത്. ഒരു വിദ്യാർത്ഥി സംഘടന എന്നതിൽ ഉപരിയായി തീവ്രചിന്താഗതിയുള്ള മുസ്ലിം യുവാക്കളുടെ സംഘടനയായി കാമ്പസ് ഫ്രണ്ട് മാറിയെന്നത് അവരുടെ സമരങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. സമുദായത്തിന്റെ രക്ഷക വേഷം കെട്ടി നിസ്സാര വിഷയങ്ങൾ പോലും മതവൽക്കരിച്ച് അപകടരമായ നിലയിലേക്ക് മാറ്റുന്നതിൽ മുഖ്യമായ പങ്ക് ഈ സംഘടനയ്ക്കുണ്ട്.

2009ലാണ് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ രാഷ്ട്രീയം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ കാമ്പസ് ഫ്രണ്ടിന് രൂപം നൽകിയത്. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിലാണ് ആദ്യം സംഘടന പ്രവർത്തിച്ചു തുടങ്ങിയത്. കാമ്പസ് ഫ്രണ്ട് എന്നാണ് പേരെങ്കിലും മുസ്ലിം തീവ്രപ്രസ്ഥാനമായി മതവിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുന്നതാണ് ഇവരുടെ ശൈലി. ഹാദിയ വിഷയത്തിൽ അടക്കം കാമ്പസ് ഫ്രണ്ട് നിലപാട് കൈക്കൊണ്ടത് അത് മതവൽക്കരിക്കപ്പെട്ട വിഷയമായതു കൊണ്ടായിരുന്നു.

കാമ്പസുകളിൽ മതം പറഞ്ഞു കൊണ്ട് ഈ സംഘടന വളർന്നത് കെ എസ് യുവിന് ശക്തിക്ഷയിച്ചതോടയാണ്. എന്തിനും തയ്യാറായി പോപ്പുലർ ഫ്രണ്ട് കൂടെ നിൽക്കും എന്ന ചിന്താഗതി കൂടി ആയതോടെയാണ് കാമ്പസ് ഫ്രണ്ടിലേക്ക് ആളുകൾ എത്തിയത്. പലപ്പോഴു തീവ്ര മതസംഘടനയുടെ സ്വഭാവത്തോടെയായിരുന്നു സംഘടനയുടെ പ്രവർത്തനം. തങ്ങളുടെ എതിർവിഭാഗക്കാരായി കരുതപ്പെട്ടവർക്കെതിരെ ശക്തമായ ആക്ഷേപങ്ങളുമായി സംഘടന രംഗത്തെത്തും. പലപ്പോഴും സംഘടനയുടെ ഇടപെടൽ അക്രമത്തിൽ കലാശിച്ച സംഭവങ്ങളുണ്ട്.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിൽ യൂണിഫോമിന്റെ പേരിൽ ഏറ്റവും അധികം പ്രശ്‌നമുണ്ടാക്കിയത് ഇവരുടെ സംഘടനയായിരുന്നു. സ്‌കൂൾ അതിക്രമിച്ചു കടന്ന് ആക്രമണം നടത്തൗനും ഈ കാമ്പസ് ഫ്രണ്ടുകാർ ശ്രമിച്ചു. സ്‌കൂളിൽ നടപ്പാക്കുന്ന യൂനിഫോമിന് ഇറക്കം കുറവാണെന്നും സൈക്കിളിൽ യാത്ര ചെയ്തുവരുന്ന കുട്ടികൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും ആരോപിച്ചായിരുന്നു ഇവർ സമരവുമായി രംഗത്തെത്തിയത്. മുസ്ലിം വിഷയങ്ങൾ ഇടപെട്ട് വർഗീമായമാക്കി മാറ്റുകയാണ് കാമ്പസ് ഫ്രണ്ടിന്റെ പതിവു പരിപാടി.

പോപ്പുലർ ഫ്രണ്ടും പൂർവരൂപമായ എൻ.ഡി.എഫും കേരളത്തിൽ ഇതുവരെ 28 കൊലപാതകങ്ങളും 87 കൊലപാതകശ്രമങ്ങളും നടത്തിയെന്ന് മുമ്പ് എൻ.ഐ.എ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മതസ്പർദ്ധ വളർത്തുന്ന തീവ്രവാദപ്രവർത്തനങ്ങളുടെ പേരിൽ 104 കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ നടത്തിയ കുറ്റകൃത്യങ്ങൾ ആയിരത്തിലധികമാണ്. 2012 മുതലാണ് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ വേരാഴ്‌ത്തിയത്. സംഘടനയുടെ ദേശീയസമിതി മലപ്പുറത്തെ മലബാർ ഹൗസിൽ ചേർന്നശേഷമാണു പ്രവർത്തനം രാജ്യവ്യാപകമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിലെ മറ്റു നിരീക്ഷണങ്ങൾ ഇങ്ങനെ: മാതൃസംഘടനയായ എൻ.ഡി.എഫിൽനിന്നു പൊട്ടിക്കിളിർത്ത പോപ്പുലർ ഫ്രണ്ട് രാജ്യത്തിന്റെ വിവിധ മേഖലകളിൽ വിഘടനവാദവും വിദ്വേഷവും വളർത്താൻ കാലങ്ങളായി കരുക്കൾ നീക്കുകയാണ്. രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ട്. നക്സൽ സംഘടനയായ പോരാട്ട(സിപിഐ.എം.എൽ-നക്സലേറ്റ്)വുമായി ചേർന്ന് ശക്തി വർധിപ്പിക്കാൻ ശ്രമിച്ചു. ഇതിനെല്ലാം കരുക്കൾ നീക്കിയതു കേരളത്തിലാണ്.

കേരളത്തിലെ സാംസ്‌കാരികമേഖലയിൽ അറിയപ്പെടുന്ന പലർക്കും പോപ്പുലർ ഫ്രണ്ട്, നക്സൽ ബന്ധമുണ്ട്. സംസ്ഥാനത്തു പ്രതിവർഷം 3-5 ശതമാനമാണു പോപ്പുലർ ഫ്രണ്ടിന്റെ വളർച്ച. 23 സംസ്ഥാനങ്ങളിൽ സജീവസാന്നിധ്യമുള്ള സംഘടനയ്ക്കു കേരളത്തിൽ മാത്രം 60,000 സജീവപ്രവർത്തകരും 85,000 അനുഭാവികളുമുണ്ട്. 14 ജില്ലകളിലും കമ്മിറ്റികൾ, ഡിവിഷൻ കമ്മിറ്റി, ഏരിയാ കമ്മിറ്റി, യൂണിറ്റുകൾ എന്നിങ്ങനെയാണു സംഘടനാരൂപം. 15 അംഗ സംസ്ഥാന നിർവാഹകസമിതിയാണു പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വിദ്യാർത്ഥികൾക്കായി കാമ്പസ് ഫ്രണ്ട്, സ്ത്രീകൾക്കായി നാഷണൽ വിമൻ ഫ്രണ്ട്, ദളിതരെ സ്വാധീനിക്കാൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്നീ ഉപസംഘടനകളും രാജ്യവ്യാപകമായി പ്രവർത്തിക്കുന്നു.

രാജ്യത്തു ജിഹാദി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സംഘടനയായതിനാലാണു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ശക്തമാക്കിയത്. കശ്മീരിലേക്കു ഭീകരരെ റിക്രൂട്ട് ചെയ്യാൻ പ്രധാനപങ്ക് വഹിച്ച തടിയന്റവിട നസീർ കേരളാ ജിഹാദി ഗ്രൂപ്പിൽപെട്ടയാളാണ്. നസീറിന്റെ ബന്ധു കെ.വി. അബ്ദുൾ ജലീലാണു ബംഗളുരു സ്ഫോടനക്കേസിലെ പ്രധാനപ്രതി. കേസിലെ മറ്റൊരു പ്രതിയായ കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുെഹെബ് എൻ.ഡി.എഫ്. പ്രവർത്തകനായിരുന്നു. പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകന്റെ െകെപ്പത്തി വെട്ടിമാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചതും ഇയാളായിരുന്നു.

ഗസ്സയിൽ ഇസ്രയേൽ ആക്രമണം നടത്തിയതിനേത്തുടർന്നു കേരളത്തിലെ 57 കേന്ദ്രങ്ങളിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധപ്രകടനങ്ങളിൽ മതവിദ്വേഷ മുദ്രാവാക്യങ്ങളുയർന്നു. ഇതിന് പിന്നിൽ കാമ്പസ് ഫ്രണ്ടിന് അടക്കം പങ്കുണ്ടായിരുന്നു. താലിബാൻ ഭീകരതയ്ക്കിരയായ പാക്കിസ്ഥാനിലെ മലാല യൂസഫ് സായിയെ രാജ്യാന്തരതലത്തിൽ പിന്തുണച്ച മനുഷ്യാവകാശസംഘടനകൾക്കും വ്യക്തികൾക്കുമെതിരേ ഇവർ ഉയർത്തിയ മുദ്രാവാക്യങ്ങൾ താലിബാനിസത്തോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നു. അന്നു കാമ്പസ് ഫ്രണ്ട് 15 കേന്ദ്രങ്ങളിലും നാഷണൽ വിമൻ ഫെഡറേഷൻ 20 കേന്ദ്രങ്ങളിലും സംസ്ഥാനത്തു പ്രകടനം നടത്തി.

ഐ.എസ്. ബന്ധത്തിന്റെ പേരിൽ കേരളത്തിൽനിന്ന് അറസ്റ്റിലായവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുണ്ട്. കണ്ണൂരിലെ ക്യാമ്പിൽനിന്നു വാളുകൾ കണ്ടെത്തിയ സംഭവം, ബോംബ് നിർമ്മാണം, ബംഗളുരുവിൽ ആർ.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഐ.എസുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവയിലും പോപ്പുലർ ഫ്രണ്ടിനു പങ്കുണ്ട്.

കോഴിക്കോട്ട് നടന്ന ആയുധപരിശീലന ക്യാമ്പിൽ കളരിപ്പയറ്റ്, കരാട്ടെ, കുങ്ഫു എന്നിവയ്ക്കു പുറമേ ബോംബ് നിർമ്മാണവും ഉൾപ്പെട്ടിരുന്നു. മലപ്പുറം മഞ്ചേരിയിലെ ഗ്രീൻവാലി ഫൗണ്ടേഷൻ, ആലുവയിലെ പെരിയാർ പരിശീലനകേന്ദ്രം, കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിപ്രദേശങ്ങളായ ഇലവീഴാപ്പൂഞ്ചിറ, പഴുക്കാക്കാനം എന്നിവിടങ്ങളിൽ പെട്രോൾ ബോംബ്, ഗ്രനേഡ് എന്നിവ നിർമ്മിക്കാനുള്ള പ്രത്യേക പരിശീന ക്യാമ്പും നടന്നു. എൻ.ഐ.എ. അന്വേഷിക്കുന്ന മിക്ക കേസുകളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു പങ്കുണ്ട്. കാലങ്ങളായി ഇവരുടെ പ്രവർത്തനം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേന്ദ്രത്തിൽ ബിജെപി ഭരിക്കുമ്പോൾ ഫാസിസത്തിനെതിരെ പോരാട്ടം എന്ന പേരിൽ രംഗത്തിറങ്ങിയത് കാമ്പസ് ഫ്രണ്ടായിരുന്നു. ഫാഷിസത്തിനെതിരെ എന്ന പേരിൽ ഇവർ നടത്താനിരുന്ന ആസാദി എക്സ്പ്രസ് കലാജാഥക്ക് പൊലീസ് വിലക്കേർപ്പെടുത്തിയതും ഇവരുടെ തീവ്ര ആശയത്തെ ഭയന്നാണ്. അഭിമന്യുവിന്റെ കൊലപാതകത്തോടെ കേരള സമൂഹത്തെ ഭീതിപ്പെടുത്തുന്ന പ്രസ്താനമാണ് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയെന്ന് പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ട്. എങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ അധിഷ്ടിതമായ കേരളത്തിലെ രാഷ്ട്രീയത്തിൽ എല്ലാ വെള്ളപൂശപ്പെടും എന്നു കരുതുന്നവരും ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP