Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുന്നൂറിൽപ്പരം രുചിക്കൂട്ടുകൾ; ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ സ്വാദിനൊപ്പം ആരോഗ്യത്തിലും ശ്രദ്ധ; പ്രകൃതിദത്ത ലായനിയെ പേടിച്ചു ശല്യപ്പെടുത്താൻ ഈച്ചകളും പ്രാണികളും ഈ വഴി വരില്ല; ജ്യൂസ് ഇഷ്ടമായില്ലെങ്കിൽ കാശും തരേണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന 'പഴച്ചാറുകളുടെ രാജാവി'നെ പരിചയപ്പെടാം

മുന്നൂറിൽപ്പരം രുചിക്കൂട്ടുകൾ; ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ സ്വാദിനൊപ്പം ആരോഗ്യത്തിലും ശ്രദ്ധ; പ്രകൃതിദത്ത ലായനിയെ പേടിച്ചു ശല്യപ്പെടുത്താൻ ഈച്ചകളും പ്രാണികളും ഈ വഴി വരില്ല; ജ്യൂസ് ഇഷ്ടമായില്ലെങ്കിൽ കാശും തരേണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന 'പഴച്ചാറുകളുടെ രാജാവി'നെ പരിചയപ്പെടാം

അരുൺ ജയകുമാർ

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഗുണമേന്മയുള്ള സാധനം ലഭിക്കുകയെന്നത് ഏതൊരു ഗുണഭോക്താവും ആഗ്രഹിക്കുന്ന കാര്യമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഇതെങ്കിൽ കൂടുതലായിരിക്കും നമ്മുടെ സന്തോഷം. നഗരത്തിലെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിലെ നെട്ടോട്ടത്തിനൊടുവിൽ ആരും അന്വേഷിക്കുന്നത് നല്ല ഭക്ഷണവും ക്ഷീണമകറ്റാനുള്ള പാനീയങ്ങളും ലഭ്യാകുന്നത് എവിടെയാണെന്നതാണ്. തലസ്ഥാന നിവാസികളുടെ ഈ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കുകയാണ് തിരുവനന്തപുരം ആക്കുളം സ്വദേശിയായ സുരേഷ് ബാബു ചിത്തിര ഹെർബൽ ജ്യൂസ് പാർക്ക് എന്ന സ്വന്തം സംരഭത്തിലൂടെ. തലസ്ഥാന നഗരത്തിൽ 17 വർഷമായി ജ്യൂസ് പാർക്ക് നടത്തുന്ന ഇദ്ദേഹത്തിന്റെ കടയിലെ പാനീയങ്ങൾ നഗരത്തിൽ സംസാരവിഷയമാണ്.

മുന്നൂറിൽപ്പരം ജ്യൂസുകളുടെ കലവറയാണ് തേക്കുമൂട് സ്ഥിതി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ജ്യൂസ് പാർക്ക്. മികച്ച സ്വാദിനൊപ്പം തന്നെ ആരോഗ്യത്തിനും ഗുണകരമായ രീതിയിലാണ് ഇവിടെ ജ്യൂസുകൾ ഉണ്ടാക്കുന്നത്. കുടിക്കുന്ന ഏത് ജ്യൂസിലും ചേർത്തിട്ടുള്ള ചേരുവകൾ ഇവിടെയെത്തുന്ന ആർക്കും എപ്പോഴും പരിശോധിക്കാവുന്നതാണ്. 17 വർഷങ്ങൾക്ക് മുൻപ് പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് സുരേഷ് ബാബു തന്റെ സംരംഭം ആരംഭിച്ചത്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ സ്വാദിഷ്ടമായ ജ്യൂസ് കുറഞ്ഞ വിലക്ക് നൽകുക എന്നതാണ് ഇദ്ദേഹം ഇങ്ങനെയൊരു സംരംഭം കൊണ്ട് ഉദ്ദേശിച്ചത്. സാധാരണ ഒരു ജ്യൂസു കടയിൽ ലഭ്യമാകുന്ന വിഭവങ്ങൾ തന്നെയാണ് ആദ്യകാലങ്ങളിൽ ഇവിടെയും ലഭ്യമായിരുന്നത്. എന്നാൽ പിന്നീട് സ്വന്തമായി പരീക്ഷണം നടത്തി വിവിധയിനം ജ്യൂസുകളും ഷേക്കുകളും ഇദ്ദേഹം കണ്ടുപിടിച്ചു.

ക്ഷീണിതരായി തന്റെ കടയിലെത്തുന്നവർക്കായി ഉന്മേഷം നൽകുന്നതിനൊപ്പം ആരോഗ്യത്തിനു ഗുണപ്രദമായ ചുക്ക്, ഏലക്ക, കുരുമുളക്പൊടി, തഴുതാമ തുടങ്ങിയവയും ചേർത്ത് ഇദ്ദേഹം തന്നെ കണ്ടെത്തിയ വിവിധയിനം ജ്യൂസുകൾക്ക് ഇന്ന് ആവശ്യക്കാരേറെയാണ്. മാതളവും നെല്ലിക്കയും ചേർത്തുള്ള ജ്യൂസ്, കരിക്കും പാലും ഈത്തപ്പഴവും ഏലക്കയും ചേർത്തുള്ള ജ്യൂസ്, തക്കാളി, ക്യാരറ്റ്, പേരക്ക, മാങ്ങാപ്പഴം, ഷാർജാ ഷേക്ക്, മാതളം, പൈനാപ്പിൾ, ഫ്രൂട്ട് കോഫീ, സ്ട്രോബറി, ലൈമിന്റെ മാത്രം ഇരുപതോളം വിഭവങ്ങൾ എന്നിങ്ങനെ നീണ്ട ഒരു മെനു തന്നെയുണ്ട് സുരേഷ് ബാബുവിന്റെ മെനുവിൽ.

പാവയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക, പടവലങ്ങ, ചൂരക്ക, കുമ്പളം, നെല്ലിക്ക, കറ്റാർ വാഴ, കരിവേപ്പില, മല്ലിയില, പുതിന, കാന്താരി, തഴുതാമ, മഞ്ഞൾ, ഇന്ദുപ്പ്, മോര്, വെളുത്തുള്ളി, ചുമന്നുള്ളി എന്നിവ ചേർത്തുണ്ടാക്കുന്ന സ്പെഷ്യൽ വെജിറ്റബിൾ ജ്യൂസിന് ആവശ്യക്കാരേറെയാണ്. മുന്നൂറിൽപ്പരം മിക്സഡ് വെജിറ്റബിൾ ജ്യൂസാണ് ഒരു ദിവസം വിൽക്കുന്നതെന്നും കഴിഞ്ഞ 8 വർഷമായി ഇതിന്റെ ആവശ്യക്കാർ ദിനംപ്രതി കൂടിവരികയാണെന്നും സുരേഷ് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. രാവിലെയുള്ള നടത്തം കഴിഞ്ഞ് ഇത് കുടിക്കാനായി 8 മണിയോടെ പലരും തന്റെ കടയിലെത്തുമെന്നും അദ്ദേഹം പറയുന്നു. പ്രമേഹം, രക്തസമ്മർദ്ദം, പൈൽസ്, അസിഡിറ്റി തുടങ്ങിയ രോഗങ്ങളുള്ളവർക്കു വേണ്ടി പ്രത്യേകമാണ് ഈ മിക്സഡ് വെജിറ്റബിൾ ജ്യൂസ് നിർമ്മിക്കുന്നത്.

ടിവിയിലും ആരോഗ്യമാസികകളിലും മറ്റും നിന്നും ലഭിക്കുന്ന അറിവുകൾ തന്റെ ജ്യൂസ് പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുകയാണ് ഈ 64കാരൻ. തന്റെ കടയിലെത്തുന്ന ആർക്കും കടയിലെ ഏത് സീറ്റിൽ ഇരുന്നാലും കാണാൻ പറ്റുന്ന രീതിയിലാണ് ഇദ്ദേഹം ജ്യൂസുകൾ നിർമ്മിക്കുന്നത്. വർഷങ്ങളായി ഇവിടെയെത്തുന്ന സ്ഥിരം കസ്റ്റമേഴ്സിനും ഇവിടം വിട്ട് മറ്റൊരു കടയിൽ പോകാനും കഴിയുന്നില്ല. കാരണം തിരക്കിയപ്പോൾ ലഭിച്ചത് പ്രതീക്ഷിച്ച മറുപടികൾ തന്നെ. ഇവിടെ നിന്നും 8 വർഷമായി ജ്യൂസ് കഴിക്കുന്ന പേരൂർക്കട സ്വദേശി സുബ്രമണ്യം പറയുന്നത് ഇങ്ങനെ. 'വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ ന്യായമായ വിലയിൽ നൽകിവരുന്ന ജ്യൂസ് തന്നെയാണ്. സാധാരണ കടകളിൽ പോയി രണ്ട് ജ്യൂസ് ഓർഡർ ചെയ്താൽ കൃത്യം രണ്ട് ഗ്ലാസ് തന്നെയാകും ലഭിക്കുക. എന്നാൽ സുരേഷ് ബാബു ചേട്ടന്റെ കടയിൽ വരുമ്പോൾ ജ്യൂസ് നൽകുന്ന രണ്ട് ഗ്ലാസിനൊപ്പം തന്നെ വലിയ കപ്പിൽ തങ്ങൾക്കായി ഉണ്ടാക്കിയത് മുഴുവനുമാണ്.'

17 വർഷമായി ജ്യൂസിനായി എടുക്കുന്ന പഴങ്ങളോ പച്ചക്കറികളോ ഒരു ദിവസം പോലും ബാക്കി വരാറില്ലെന്നും അഥവാ വന്നാൽ തന്നെ താൻ അത് അടുത്ത ദിവസത്തേക്ക് ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. വർഷങ്ങളായി തന്നെ അറിയുന്ന തിരുവനന്തപുരം ചാലകമ്പോളത്തിലെ കച്ചവടക്കാർ ഫസ്റ്റ് ക്വാളിറ്റി തന്നെയാണ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ജ്യൂസിനായി ഉപയോഗിക്കുന്ന പച്ചക്കറികൾ ആദ്യം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വെള്ളത്തിൽ മണിക്കൂറുകൾ സൂക്ഷിക്കുകയും ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും കഴുകിയ ശേഷവുമാണ് ജ്യൂസ് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തെങ്കിലും വിഷാംശങ്ങൾ പഴങ്ങളിലോ പച്ചക്കറികളിലോ പറ്റിയിട്ടുണ്ടെങ്കിൽ അത് ഇല്ലാതായിക്കിട്ടുമെന്നും സുരേഷ് ബാബു പറയുന്നു.

വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ കടയിൽ സാധാരണ ജ്യൂസ് കടകളിൽ കാണുന്നത് പോലെയുള്ള ഈച്ചകളുടെ ശല്യവും കാണാൻ കഴിയില്ല. കടയിലെ അന്തരീക്ഷം വൃത്തിയായി സൂക്ഷിക്കുന്നതിനായും ഈച്ചകളുടെ ശല്യമുണ്ടാകാതിരിക്കാനും വെളിച്ചെണ്ണയും കർപ്പൂരവും ചേർത്ത് ഉണ്ടാക്കിയ ഒരു ലായനിയാണ് ഉപയോഗിക്കുന്നത്. തന്റെ കടയിലെത്തുന്നവർ നിർദ്ദേശിക്കുന്ന രീതിയിലും ജ്യൂസ് നിർമ്മിച്ച് നൽകാറുണ്ട്. തന്റെ സ്ഥിരം കസ്റ്റമേഴ്സിന് താനല്ലാതെ മറ്റൊരാൾ ജ്യൂസ് ഉണ്ടാക്കി നൽകാറില്ല. ഇവിടെയെത്തി ജ്യൂസ് കഴിച്ചിട്ട് ഇഷ്ടമാകാത്തവർ അതിന്റെ കാശ് നൽകേണ്ടതില്ലെന്ന ഒരു ഓഫർ കൂടി നൽകുകയാണ് തലസ്ഥാനത്തെ ഈ ജ്യൂസുകളുടെ രാജാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP