Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കല്യാണം കഴിഞ്ഞ് പുതുമോടി മാറുന്നതിന് മുൻപ് സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടങ്ങി; പണവുമായല്ലാതെ തന്നെ കാണരുതെന്ന് പറഞ്ഞ് ഭർത്താവ് ന്യൂസിലാന്റിന് പോയിട്ടും അവൾ തളർന്നില്ല; താൽകാലികമായി കിട്ടിയ ജോലിയിൽ നിന്നുകൊണ്ട് അവൾ ഐഎഎസ് എന്ന പഴയ മോഹം പൊടിതട്ടിയെടുത്തു; സിവിൽ സർവീസിൽ ഉന്നത വിജയം നേടി ജീവിത്തെ എത്തിപ്പിടിച്ച കോമളിന്റെ പോരാട്ടമിങ്ങനെ

കല്യാണം കഴിഞ്ഞ് പുതുമോടി മാറുന്നതിന് മുൻപ് സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടങ്ങി; പണവുമായല്ലാതെ തന്നെ കാണരുതെന്ന് പറഞ്ഞ് ഭർത്താവ് ന്യൂസിലാന്റിന് പോയിട്ടും അവൾ തളർന്നില്ല; താൽകാലികമായി കിട്ടിയ ജോലിയിൽ നിന്നുകൊണ്ട് അവൾ ഐഎഎസ് എന്ന പഴയ മോഹം പൊടിതട്ടിയെടുത്തു; സിവിൽ സർവീസിൽ ഉന്നത വിജയം നേടി ജീവിത്തെ എത്തിപ്പിടിച്ച കോമളിന്റെ പോരാട്ടമിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അംറേലി: സ്ത്രീകളുടെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും അതിര് നിശ്ചയിക്കാൻ ആർക്കാണ് സാധിക്കുക. സ്വന്തം കാലിൽ നിൽക്കുന്നതിന് മുൻപേ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വരുന്ന സ്ത്രീകൾക്ക് ജീവിതത്തില് എപ്പോഴെങ്കിലും ഒറ്റപ്പെടേണ്ടി വന്നാൽ എന്ത് ചെയ്യും. അപ്പോഴാവും ചിലപ്പോൾ തന്റെ ഉള്ളിലെ കഴിവും ഊർജ്ജവും  സ്ത്രീകൾക്ക് തിരിച്ചറിയേണ്ടി വരിക. സ്ത്രീധന പീഡനം എന്നത് തുടർക്കഥയായിരിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് അത്തരം അനുഭവത്തിൽ നിന്നും സിവിൽ സർവീസ് മോഹത്തിലേക്ക് കാലെടുത്ത് വച്ച യുവതിയുടെ കഥ ഏവരും ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

ഐഎഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോമളിനെ അറിഞ്ഞാൽ സാധ്യതകളുടെ ലോകത്തെ സ്വപ്‌നം കാണുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം വർധിക്കുമെന്ന് ഉറപ്പ്. ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുള്ള ജീവിതമാണ് കോമളിന്റേത്. ഗുജറാത്തിലെ അംറേലി ജില്ലയിലെ സവർകുണ്ടള ജില്ലയിലാണ് കോമൾ ജനിച്ചത്. വിദ്യാഭ്യാസം എന്നതാണ് ഭാവിയുടെ നിക്ഷേപം എന്ന കരുതുന്ന കുടുംബം. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോമൾ സിവിൽ സർവീസ് പഠനം തുടങ്ങി. പക്ഷേ, 2008-ൽ അവൾക്ക് നല്ലൊരു വിവാഹാലോചന വന്നു.

സിവിൽ സർവീസ് കിട്ടുമോ എന്ന കാര്യത്തിൽ വലിയ ഉറപ്പില്ലാതിരുന്നതിനാൽ അവളുടെ മാതാപിതാക്കൾ ആ വിവാഹാലോചനയുമായി മുന്നോട്ടു പോയി. എന്നാൽ നല്ലൊരു ജീവിതം സ്വപ്നംകണ്ട കോമളിന് ലഭിച്ചത് ദുരിതപൂർണമായ ജീവിതമായിരുന്നു. ഒടുവിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം കോമളിനെ കൂടെ കൂട്ടാതെ, അവളോട് കലഹിച്ച് പിരിഞ്ഞ് ഭർത്താവ് ന്യൂസിലാൻഡിലേക്ക് പോയി. സ്ത്രീധനം വാങ്ങി വന്നിട്ടല്ലാതെ തന്നോടൊപ്പം കുടുംബജീവിതം നയിക്കാൻ കഴിയുമെന്ന് കരുതേണ്ടതില്ല എന്നായിരുന്നു ഭീഷണി. പറഞ്ഞപോലെ തന്നെ അയാൾ തിരികെ വന്നില്ല.

കോമളിന്റെ മാതാപിതാക്കളും ഇതോടെ ദുഃഖത്തിലായി. ഭർത്താവിൽ നിന്നും നീതി കിട്ടില്ല എന്നുറപ്പായപ്പോൾ കോമൾ പൊലീസിനെ സമീപിച്ചു. എന്നാൽ അവിടെ നിന്നും കാര്യമായ സഹായമൊന്നും കിട്ടിയില്ല. അവൾ ന്യൂസിലൻഡിലെ ഗവർണർ ജനറലിന് വരെ കത്തെഴുതി. മറുപടി വന്നെങ്കിലും, കാര്യമായ സഹായമൊന്നും അവിടെന്നും കിട്ടിയില്ല.

അവസാനം കോമൾ ഒരു കാര്യം ഉറപ്പിച്ചു. തനിക്ക് നീതി നേടിതരാനാവാത്ത സർക്കാർ സംവിധാനത്തെ താൻ തന്നെ നേരിട്ട് അതിന്റെ ഒരു ഭാഗമായി നന്നാക്കും. തന്നെപ്പോലെ വിഷമം അനുഭവിക്കേണ്ടിവരുന്നവർക്ക് സർക്കാരിന്റെ ഭാഗമായി നിന്ന് സഹായങ്ങൾ ചെയ്യും. ഇതോടെ പഠനം വേഗത്തിലാക്കി. ആദ്യം ഒരു ഗവ.സ്‌കൂൾ അദ്ധ്യാപികയായി ജോലി ലഭിച്ചെങ്കിലും അതിലൊന്നും കോമൾ തൃപ്തയായില്ല. ആദ്യമൊക്കെ പഠനത്തിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടി. തിങ്കൾ മുതൽ വെള്ളിവരെ സ്‌കൂളിൽ പഠിപ്പിച്ചശേഷം ശനി, ഞായർ ദിവസങ്ങളിൽ സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനത്തിന് ചേർന്നു.

സ്വന്തം പട്ടണത്തിൽ ഭർതൃവീട്ടുകാരുടെ അപവാദപ്രചാരണങ്ങൾ കാരണം ആകെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു കോമളിന്. ആദ്യ രണ്ടു തവണയും പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ കോമൾ ആ ലക്ഷ്യം നേടിയെടുത്തു. മൂന്നാം തവണ മുംബൈ ആയിരുന്നു അവൾക്ക് സെന്റർ ആയി കിട്ടിയത്. അങ്ങനെ ആദ്യമായി ഗുജറാത്തിനു പുറത്തേക്ക് പോവേണ്ടി വന്നു അവൾക്ക്. എന്തായാലും മൂന്നാമത്തെ പരിശ്രമത്തിൽ എല്ലാവരെയും അമ്പരപ്പിച്ച് കോമൾ ഐഎഎസിനു യോഗ്യത നേടി.

ബന്ധുക്കളെല്ലാം അവളെ എന്നും കുത്തുവാക്കുകൾ പറഞ്ഞു നോവിച്ചപ്പോഴും അച്ഛനമ്മമാർ അവളുടെ സ്വപ്നങ്ങൾക്ക് കൂട്ടുനിന്നു. പകൽ മുഴുവൻ കുട്ടികളെ പഠിപ്പിച്ച ശേഷം രാത്രി ഏറെ നേരം ഉറക്കമിളച്ചിരുന്ന് അവൾ പഠിച്ചു. കോമൾ ഇന്ന് ഡൽഹി പ്രതിരോധ മന്ത്രാലയത്തിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറാണ്. പുനർവിവാഹം കഴിച്ച് സുന്ദരമായി ജീവിക്കുന്നു. ഈ ജീവിതകഥ ഇന്ന് അനേകർക്ക് പ്രചോദനമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP