Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംചിക്ക് ബംചിക്ക് കോൺഗ്രസേ ബംബം ബംചിക്ക് പിഎസ്‌പി... പാടി നടന്ന നല്ലകാലം നിനവിൽ നിറയെ; മാപ്പിള പാട്ടിന്റെ സുൽത്താന് ഇന്നും പാട്ടുപാടി വോട്ട് പിടിക്കാൻ മോഹം; അരുതെന്ന് വിലക്കി ഡോക്ടർമാർ പിന്നാലെ; പി.ജയരാജന് വേണ്ടി തെരഞ്ഞെടുപ്പിൽ ഒരു പാട്ടെങ്കിലും പാടാൻ കൊതിയെന്ന് എരഞ്ഞോളി മൂസ; ഗാനത്തെ വിലക്കി കലശലായ ശ്വാസംമുട്ടൽ; കല്യാണ വീടുകളിൽ പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ പാടിയ ഓർമ്മകളുമായി അനുഗ്രഹീത ഗായകൻ

ബംചിക്ക് ബംചിക്ക് കോൺഗ്രസേ ബംബം ബംചിക്ക് പിഎസ്‌പി... പാടി നടന്ന നല്ലകാലം നിനവിൽ നിറയെ; മാപ്പിള പാട്ടിന്റെ സുൽത്താന് ഇന്നും പാട്ടുപാടി വോട്ട് പിടിക്കാൻ മോഹം; അരുതെന്ന് വിലക്കി ഡോക്ടർമാർ പിന്നാലെ; പി.ജയരാജന് വേണ്ടി തെരഞ്ഞെടുപ്പിൽ ഒരു പാട്ടെങ്കിലും പാടാൻ കൊതിയെന്ന് എരഞ്ഞോളി മൂസ; ഗാനത്തെ വിലക്കി കലശലായ ശ്വാസംമുട്ടൽ; കല്യാണ വീടുകളിൽ പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ പാടിയ ഓർമ്മകളുമായി അനുഗ്രഹീത ഗായകൻ

സജീവൻ വടക്കുമ്പാട്

തലശ്ശേരി: മിഹ് രാജ് രാവിലെ കാറ്റേ... മരുഭൂ തണുപ്പിച്ച കാറ്റേ... മാപ്പിള പാട്ടിന്റെ അപാര വശ്യതയിൽ സ്വയം മറന്ന് പാടി ആസ്വാദകരെ കൈത്താളം കൊട്ടിക്കുന്ന എരഞ്ഞോളി മൂസ്സയെന്ന അനുഗ്രഹീത ഗായകന് ഇപ്പോഴും പാട്ടുപാടി വോട്ട് പിടിക്കാൻ മോഹം. എന്നാൽ കലശലായ ശ്വാസംമുട്ടൽ കാരണം അതിന് കഴിയാത്ത നിസ്സഹായതയും. ശ്വാസം പിടിച്ചുള്ള സാഹസ പാട്ട് തൽക്കാലം അരുതെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ വിലക്ക്.

കല്യാണ വീടുകളിലെ പെട്രോമാക്സിന്റെ ഇരുണ്ട വെളിച്ചത്തിൽ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസയ്ക്ക് ആദ്യ തെരഞ്ഞെടുപ്പ് മറക്കാനാവാത്ത ഓർമയാവുന്നത് പാട്ടുകളിൽ കൂടിയാണ്. കൂട്ടുകാർക്കൊപ്പം സൈക്കിളിൽ കോളാമ്പി മൈക്കും കെട്ടി പാട്ടും പാടിയായിരുന്നു അന്നത്തെ വോട്ടുപിടിത്തം. ബംചിക്ക് ബംചിക്ക് കോൺഗ്രസേ ബംബം ബംചിക്ക് പിഎസ്‌പി, രണ്ടും വോട്ടിന് വന്നാല് വോട്ട്തരില്ല ഗുഡ്ബൈ....തുടങ്ങി ഒരുപിടി പാട്ടുകളുണ്ട് ഓർമ്മകൾ ഓളം തല്ലുന്ന ഖൽബിൽ. ഇതിൽ ഉത്സവം പോലെ ആഘോഷിച്ച 1957ലെ തെരഞ്ഞെടുപ്പ് കാലം ഇദ്ദേഹം ഓർത്തെടുത്തു.

വി.ആർ.കൃഷ്ണയ്യർ ജയിച്ചപ്പോൾ ആവേശത്തോടെ തുള്ളിച്ചാടിയ പതിമൂന്നുകാരൻ ഇന്നും മായാതെ മൂസക്കയുടെ മനസിലുണ്ട്. പാട്ടുപെട്ടിയും കോളാമ്പി മൈക്കും പ്രമാണിമാരുടെ കല്യാണ വീടുകളിലെ കൗതുക വസ്തുമാത്രമായ കാലത്ത് പാട്ടുപാടാനുള്ള മോഹവുമായി നടന്നുതളർന്ന കുട്ടിക്ക് വീണുകിട്ടിയ അവസരമായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പ് പ്രചരണ പാട്ട്. എരഞ്ഞോളി ഗ്രാമീണ കലാസമിതിയുമായുള്ള ബന്ധവും ചെങ്കൊടിയോട് അടുപ്പിച്ചു. തെല്ലൊരു പത്രാസോടെയാണ് വയൽവരമ്പുകളിലൂടെ സൈക്കിളുമുരുട്ടി പാടിനടന്നത്. മുദ്രാവാക്യത്തിന് പോലും അന്ന് പാട്ടിന്റെ ചേലായിരുന്നുവെന്ന് മൂസ പറഞ്ഞു.

പാടാനുള്ള മോഹവുമായ് വീണ്ടും മാപ്പിളപ്പാട്ടിന്റെ ഈരടികൾ ചികഞ്ഞെടുക്കാനുള്ള മൂസയുടെ ആഗ്രഹമാണ് അനാരോഗ്യം മൂലം തടസ്സപ്പെട്ടത്. ഇത്തവണ വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ജയരാജന് വേണ്ടി ഒരു പാട്ടെങ്കിലും പാടാൻ കൊതിച്ചാണെന്ന് എരഞ്ഞോളി മൂസ പറഞ്ഞു. അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസാണ് മൂസ തലശ്ശേരി ചാലിലെ വീട്ടിൽ തിരിച്ചെത്തിയത്.

സംസാരത്തിനും പാട്ടിനും തൽക്കാലം വിലക്കുണ്ട്. നെറിയുള്ള നന്മ നിറഞ്ഞ മനുഷ്യനാണ് പി.ജയരാജനെന്നും എല്ലാവരേയും സ്‌നേഹിച്ച അദ്ദേഹം ഇത്രയേറെ വേദനയനുഭവിക്കുന്നതെന്തിനെന്നും എരഞ്ഞോളി മൂസ ചോദിക്കുകയാണ്. ജയരാജനെ കൊലയാളിയെന്ന് വിളിക്കുന്നവരോട് പടച്ചവൻ പോലും പൊറുക്കില്ലൈന്നും വെട്ടിയരിഞ്ഞ് തുന്നിച്ചേർത്ത കൈകളും ശരീരവും നോക്കിയെങ്ങിനെയാണ് അധിക്ഷേപിക്കാൻ തോന്നുന്നതെന്നും എരഞ്ഞോളി മൂസ ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP