Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സ്‌നേഹിച്ചാ നക്കി കൊല്ലും വഞ്ചിച്ചാലോ ഞെക്കിയും കൊല്ലും അതാണ് ഉസിർളെള ആങ്കുട്ട്യേളും പെങ്കുട്ട്യേളുളെള ഞമ്മളെ മലപ്പൊർത്തിന്റെ ഒരു പവർ'; ആദമിന്റെ ചായക്കടയുടെ പരസ്യത്തിലൂടെ കേട്ടു പരിചിതമായ ശബ്ദം; നീട്ടിയും കുറുക്കിയും വേഗത്തിലുമുള്ള ശബ്ദ ശൈലിയിൽ ജന മനസ്സുകളിൽ ഇടം നേടിയത് ചുരുങ്ങിയ കാലം കൊണ്ട്; മലപ്പുറം ഭാഷയിൽ മൂവായിരത്തിൽപരം പരസ്യങ്ങൾക്ക് ശബ്ദം നൽകി; അന്യം നിന്ന ഭാഷ സ്വന്തം നാവിലൂടെ പുറം ലോകത്തെ അറിയിച്ച ജുനൈസിന്റെ കഥയിങ്ങനെ

'സ്‌നേഹിച്ചാ നക്കി കൊല്ലും വഞ്ചിച്ചാലോ ഞെക്കിയും കൊല്ലും അതാണ് ഉസിർളെള ആങ്കുട്ട്യേളും പെങ്കുട്ട്യേളുളെള ഞമ്മളെ മലപ്പൊർത്തിന്റെ ഒരു പവർ'; ആദമിന്റെ ചായക്കടയുടെ പരസ്യത്തിലൂടെ കേട്ടു പരിചിതമായ ശബ്ദം; നീട്ടിയും കുറുക്കിയും വേഗത്തിലുമുള്ള ശബ്ദ ശൈലിയിൽ ജന മനസ്സുകളിൽ ഇടം നേടിയത് ചുരുങ്ങിയ കാലം കൊണ്ട്; മലപ്പുറം ഭാഷയിൽ മൂവായിരത്തിൽപരം പരസ്യങ്ങൾക്ക് ശബ്ദം നൽകി; അന്യം നിന്ന ഭാഷ സ്വന്തം നാവിലൂടെ പുറം ലോകത്തെ അറിയിച്ച ജുനൈസിന്റെ കഥയിങ്ങനെ

ആർ പീയൂഷ്

മലപ്പുറം: ങ്ങൾ കൊണ്ടോട്ടിക്ക് ബന്നോക്കി ബന്നോക്കിയാൽ ബ്ടത്തെ മനുസ്സാമ്മാരെ സ്നേഹും സൽക്കാരൊക്കെ കണ്ടാ ങ്ങൾ പിന്നെ ബട്ന്ന് നീചി പോകൂല സ്നേഹിച്ചാ നക്കി കൊല്ലും വഞ്ചിചാലോ ഞെക്കിയും കൊല്ലും അതാണ് ഉസിർളെള ആങ്കുട്ട്യേളും പെങ്കുട്ട്യേളുളെള ഞമ്മളെ മലപ്പൊർത്തിന്റെ ഒരു പവർ ' ഇത് വായിച്ചാൽ പെട്ടെന്നാർക്കും മനസ്സിലാവില്ല. ഇത് തനി മലപ്പുറം ഭാഷയാണ്. ഒരു മലപ്പുറംകാരൻ പറഞ്ഞാൽ ഇത്തിരിയെന്തെങ്കിലും മനസ്സിലാവും. ഓരോ നാടിനും ഓരോ ശൈലിയിലുള്ള ഭാഷാ പ്രയോഗമാണുള്ളത്. വ്യത്യസ്തമായ ഈ ഭാഷ മലയാളികൾക്ക് സുപരിചിതമാകുന്നത് അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലൂടെയാണ്.

സുരാജ് വെഞ്ഞാറന്മൂടാണ് തിരുവനന്തപുരത്തെ പ്രാദേശിക ഭാഷ വെള്ളിത്തിരയിലെത്തിച്ച് പ്രേക്ഷക മനസ്സുകളിൽ ചിരിയുടെ മാലപടക്കം പൊട്ടിച്ചത്. ബിജു മേനോൻ പാലക്കാടൻ ഭാഷയും കുഞ്ചാക്കോ ബോബൻ തൃശൂർ ഭാഷയും മാമുക്കോയ കോഴിക്കോട് ഭാഷയും കൈകാര്യം ചെയ്ത് വിജയിപ്പിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷയും 14 ജില്ലകളിലുള്ളവർക്കും കേട്ടാൽ മനസ്സിലാകുന്ന തരത്തിൽ എത്തി നിൽക്കുകയാണ്. ഇതിനിടയിലാണ് മുകളിൽ പറഞ്ഞ മലപ്പുറം ശൈലിയിലെ ഭാഷാ പ്രയോഗവുമായി ഒരു പരസ്യം വാട്ട്സാപ്പിലും ഫെയ്സ് ബുക്കിലും പ്രത്യക്ഷപ്പെട്ടത്. കേട്ട് പരിചയമുള്ള മലപ്പുറം ഭാഷാശൈലിയെ വെല്ലുന്ന തരത്തിലായിരുന്നു പരസ്യം.

കോഴിക്കോടുള്ള വൈറ്റമിൻ കോർണർ എന്ന റസ്റ്റുറന്റിന്റെ പരസ്യമാണ് വടക്കൻ ജില്ലകളിൽ തരംഗമായതെങ്കിൽ തെക്കോട്ട് വൈറ്റിലയിലെ ആദമിന്റെ ചായക്കടയുടെ പരസ്യമായിരുന്നു. നീട്ടിയും കുറുക്കിയും വേഗത്തിലുമുള്ള ശബ്ദ ശൈലി ജന മനസ്സുകളിൽ പൊട്ടിച്ചിരി പടർത്തി. ഈ ശബ്ദത്തിത്തിന്റെ ഉടമ ആരാണെന്ന് തപ്പുകയാണ് മലയാളികൾ. മലപ്പുറം കൊണ്ടോട്ടിയിലെ മുണ്ടക്കുളം സ്വദേശി പാണാളി ജുനൈസ് എന്ന ഇരുപത്തിമൂന്നുകാരനാണ് നഷ്ടപ്പെട്ട മലപ്പുറം ഭാഷാ ശൈലിയുമായി ജനമനസ്സുകളിൽ തരംഗമായിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മൂവായിരത്തിൽപരം പരസ്യങ്ങൾ മലപ്പുറം ശൈലിയിൽ ചെയ്തു കഴിഞ്ഞു.

ജുനൈസ് ഒരു സാധാരണ സൗണ്ട് ആർട്ടിസ്റ്റായിരുന്നു. ഇടയ്ക്ക് ആൽബം പാട്ടുകൾ എഴുതുകയും സംഗീതം നിർവഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൊല്ലം ഷാഫി, സലീം കൊടത്തൂർ തുടങ്ങിയ ഗായകർക്കായാണ് പാട്ടുകൾ ചെയ്തിരുന്നത്. കോളജിലെ സഹപാഠിക്ക് കല്യാണത്തിന് പണി കൊടുക്കാൻ വേണ്ടി തമാശയ്ക്കാണ് ആദ്യമായി മലപ്പുറം ശൈലി ജുനൈസ് പുറത്തെടുത്തത്. വിവാഹക്കാര്യം റെക്കോഡ് ചെയ്ത് വാട്ട്സാപ്പിലും ഫെയ്സ് ബുക്കിലും പ്രചരിപ്പിച്ചു. ഇത് സുഹൃത്തുക്കൾക്കിടയിൽ ചർച്ചയാവുകയും ഈ ശൈലിയിൽ പരസ്യങ്ങൾ ചെയ്തു കൂടെ എന്ന് അവർ ചോദിക്കുകയും ചെയ്തു. ഇതാടെയാണ് മലപ്പുറം ശൈലി എന്തുകൊണ്ട് പരീക്ഷിച്ച് കൂടാ എന്ന് ചിന്തിക്കുന്നത്. അങ്ങനെയാണ് കോഴിക്കോട് വൈറ്റമിൻ കോർണർ റസ്റ്ററന്റിന്റെ പരസ്യം ചെയ്യുന്നത്. ഇത് സോഷ്യൽ മീഡിയയിൽ തരംഗമായതോടെ വൈറ്റിലയിലെ ആദമിന്റെ ചായക്കടയുടെ പരസ്യം ചെയ്തു. ആദമിന്റെ ചായക്കടയുടെ പരസ്യമാണ് ജുനൈസിന്റെ മൈലേജ് കൂട്ടിയത്. പിന്നെ നിന്നു തിരിയാൻ പറ്റാത്തത്ര പരസ്യങ്ങളുടെ റെക്കോഡിങ്ങുകളാണ് ഉണ്ടായത്.

ഷോപ്പുകളുടെ പരസ്യങ്ങളെക്കാളും വിവാഹ പരസ്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വിവരങ്ങൾ ശേഖരിച്ചതിന് ശേഷം സ്വന്തമായാണ് ജുനൈസ് സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. പിന്നീട് സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്ത് എഡിറ്റ് ചെയ്തുകൊടുക്കും. കേരളത്തിലെ 14 ജില്ലകളിലുള്ള ഷോപ്പുകൾക്കും വിവാഹങ്ങൾക്കും പരസ്യത്തിനായി തന്റെ ശബ്ദം നൽകിയിട്ടുണ്ടെന്ന് ജുനൈസ് പറയുന്നു. കൂടാതെ അടുത്തിടെ റിലീസ് ചെയ്ത വീരം സിനിമയുടെ ട്രെയ്ലറിൽ ശബ്ദം നൽകിയിരിക്കുന്നതും ജുനൈസാണ്. അന്യം നിന്ന മലപ്പുറത്തിന്റെ ഭാഷ സ്വന്തം നാവിലൂടെ പുറം ലോകത്തെ അറിയിക്കാനാവുന്നതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ.

മലപ്പുറം പശ്ചാത്തലമായുള്ള ഒരു സിനിമയിൽ മലപ്പുറം ഭാഷാശൈലിയിൽ സ്‌ക്രിപ്റ്റ് എഴുതണമെന്നാണ് ജുനൈസിന്റെ ആഗ്രഹം. ഇതിനായി പുതിയ കുറച്ച് ചെറുപ്പക്കാർ തേടിയെത്തിയിട്ടുണ്ട്. അടുത്ത വർഷത്തിൽ സിനിമ കാണുമെന്ന് ജുനൈസ് മറുനാടനോട് പറഞ്ഞു. വ്യത്യസ്തമായ ഭാഷാ ശൈലിയിലുള്ള പരസ്യങ്ങൾ കേട്ട് തന്നെ അനുകരിച്ച് പല അപരന്മാരും രംഗത്തുള്ളതായി ജുനൈസ് പറയുന്നു. പാണാളി ഹൗസിൽ പാണാളി മമ്മൂട്ടി-ലൈലാ മൂപൻ ദമ്പതികകളുടെ മകനായ ജുനൈസ്. കൊണ്ടോട്ടി ബ്ലോസം കോളേജിലെ മൂന്നാ വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഷിബിന, ജുമിനാ തസ്മി എന്നിവർ സഹോദരങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP