Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തട്ടവും ഫുൾസ്ലീവ് ഷർട്ടുമിട്ട് സ്‌കൂളിൽ വരാമോ എന്ന് സ്‌കൂളുകാർ തീരുമാനിക്കട്ടെ; മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ആചാരങ്ങളിൽ നിയമനിർമ്മാണം മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ല; മതമൗലിക വാദികളുടെ മണ്ടയ്ക്കടിക്കുന്ന വിധികൾ എഴുതിയ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് എന്നും നീതിയുടെ കാവലാൾ; എ.എൻ.ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവകലാശാല നിയമനം അസാധുവെന്ന് വിധിച്ചതും കണ്ണൂരുകാരനായ ഈ ജസ്റ്റിസ്; ഉറച്ച നിലപാടുകൾക്ക് ബിഗ് സല്യൂട്ട് കൊടുത്ത് മലയാളികൾ

തട്ടവും ഫുൾസ്ലീവ് ഷർട്ടുമിട്ട് സ്‌കൂളിൽ വരാമോ എന്ന് സ്‌കൂളുകാർ തീരുമാനിക്കട്ടെ; മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ആചാരങ്ങളിൽ നിയമനിർമ്മാണം മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ല;  മതമൗലിക വാദികളുടെ മണ്ടയ്ക്കടിക്കുന്ന വിധികൾ എഴുതിയ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് എന്നും നീതിയുടെ കാവലാൾ;  എ.എൻ.ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവകലാശാല നിയമനം അസാധുവെന്ന് വിധിച്ചതും കണ്ണൂരുകാരനായ ഈ ജസ്റ്റിസ്; ഉറച്ച നിലപാടുകൾക്ക് ബിഗ് സല്യൂട്ട് കൊടുത്ത് മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വകാര്യ സ്‌കൂളിൽ സർക്കാർ അനുമതിയില്ലാതെ മതപഠനം അരുതെന്ന നിർണായക വിധിന്യായം വെള്ളിയാഴ്ച ഹൈക്കോടതി പുറപ്പെടുവിച്ചപ്പോൾ മാധ്യമങ്ങളിൽ അത് ചൂടേറിയ വാർത്തയായി. ന്യൂനപക്ഷ സ്ഥാപന അവകാശത്തിന്റെ പേരിൽ വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിൽ വെള്ളം ചേർക്കാനാവില്ലെന്നും കോടതി സുപ്രധാന വിധിയിൽ പറഞ്ഞു. കണ്ടവരും കേട്ടവരും അന്വേഷിച്ചു ആരാണ് വിധിന്യായം എഴുതിയത്? ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്. മുസ്ലീങ്ങളെ മാത്രം പ്രവേശിപ്പിച്ച് ഇസ്ലാം മതപഠനം നടത്തുന്നതിന്റെ പേരിൽ സർക്കാർ അടച്ചുപൂട്ടൽ ഉത്തരവിറക്കിയതിനെതിരെ തിരുവനന്തപുരം മണക്കാട് ഹിദായ എജ്യുക്കേഷനൽ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ് വന്നത്. ഇതാദ്യമായല്ല മതനിരപേക്ഷ സ്വഭാവം ഉയർത്തിപ്പിടിക്കുന്ന ഉത്തരവുകൾ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പുറപ്പെടുവിക്കുന്നത്.

സ്‌കൂളുകളിൽ ഒരുമതം മാത്രം പഠിപ്പിക്കേണ്ട എന്ന് ഉത്തരവിട്ട ജസ്റ്റിസ് മുഹമ്മദ് മുഷതാഖ് 2018 ഡിസംബർ 12 ലെ മറ്റൊരു വിധിന്യായത്തിൽ, സ്‌കൂൾ ഡ്രസ് കോഡിന് എതിരായി തട്ടമിട്ട വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റണമെന്ന് നിർദ്ദേശിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

തട്ടവും ഫുൾസ്ലീവ് ഷർട്ടുമിട്ട് ക്ലാസിൽ വരാമോ?

മുസ്‌ലിം മതവിശ്വാസികളായ പെൺകുട്ടികൾ തലയിൽ തട്ടവും ഫുൾ സ്ലീവ് ഷർട്ടുമിട്ട് ക്ലാസിൽ വരുന്നത് വിലക്കിയ സ്‌കൂൾ നടപടിയിൽ ഇടപെടാനാവില്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിധിന്യായത്തിൽ എഴുതിയത്. വ്യക്തി താത്പര്യങ്ങൾ പൊതു താത്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കണമെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കന്ററി സ്‌കൂളിനെതിരെ രണ്ട് പെൺകുട്ടികൾ നൽകിയ ഹർജിയിലായിരുന്നു പരാമർശം. സ്‌കൂളിന്റെ ഡ്രസ് കോഡിന് എതിരാണെന്ന കാരണത്താൽ തട്ടവും ഫുൾ സ്ലീവ് ഷർട്ടുമിടാൻ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്ന് വിദ്യാർത്ഥിനികൾ കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, സ്വകാര്യ അവകാശങ്ങൾ സ്ഥാപനത്തിന്റെ അവകാശങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. തട്ടവും ഫുൾ സ്ലീവ് ഷർട്ടുമിട്ട് ക്ലാസ്സിൽ വരാമോ എന്നത് സ്‌കൂളിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. തീരുമാനമെടുക്കേണ്ടത് സ്‌കൂൾ അധികൃതരാണെന്നും, ഇക്കാര്യത്തിൽ സ്‌കൂളിന് നിർദ്ദേശം നൽകാൻ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

ഇഷ്ടപ്രകാരം വസ്ത്രധാരണം നടത്താൻ ഒരാൾക്ക് അവകാശമുണ്ടെന്നതു പോലെ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനം നടത്തിക്കൊണ്ടു പോകാനും അവകാശമുണ്ട്. അതുകൊണ്ട് ഇവ രണ്ടും തമ്മിലുള്ള ഒരു ബാലൻസ് സൂക്ഷിക്കുന്ന ചുമതലയാണ് കോടതിക്കെന്നും ജസ്റ്റിസ് വ്യക്തമാക്കി.അതുപോലെ തന്നെ ഒരാൾ മതം മാറിയെന്ന് പ്രഖ്യാപിച്ചാൽ സർക്കാർ അത് അംഗീകരിക്കണമെന്ന് നിർദ്ദേശിച്ചതും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബഞ്ചാണ്. 2018 മാർച്ച് 14 നായിരുന്നു ആ ഉത്തരവ്.

മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാൽ മതിയോ?

ഒരാൾ മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാൽ സർക്കാർ അത് അംഗീകരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. മതം മാറിയവരുടെ പേരുൾപ്പടെ ഔദ്യോഗിക രേഖകളിൽ തിരുത്തൽ വരുത്താൽ മതംമാറ്റ കേന്ദ്രങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും കോടതി വ്യക്തമാക്കി.. പെരിന്തൽമണ്ണ സ്വദേശിനിയായ ദേവകി എന്ന ആയിഷ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. മതംമാറ്റത്തിന്റെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടായാൽ ആവശ്യമെങ്കിൽ ഏതെങ്കിലും ഉദ്യോഗസ്ഥന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

ഡോക്ടറായ മകൻ മതം മാറിയതിന് പിറകെ ഇസ്ലാം മതം സ്വീകരിച്ച 68കാരിയായ പെരിന്തൽമണ്ണ സ്വദേശിനി ദേവകി എന്ന ആയിഷ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. സർക്കാർ രേഖകളിലെ ദേവകി എന്ന പേരും മതവും മാറ്റാൻ പ്രിന്റിങ് ഡയറക്ടർക്ക് അപേക്ഷ നൽകിയപ്പോൾ മതം മാറ്റം തെളിയിക്കുന്ന മതസ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഈ നടപടി ചോദ്യം ചെയ്തായിരുന്നു ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

മുത്തലാഖ് മുസ്ലിം സ്ത്രീകളോടുള്ള അനീതി തന്നെ

മുസ്ലിം വിവാഹ മോചനങ്ങളെ ശക്തമായി വിമർശിക്കുന്ന വിധി 2016 ഡിസംബറിലായിരുന്നു. മുത്തലാഖിലൂടെയുള്ള വിവാഹമോചനം ഖുറാൻ അനുശാസിക്കുന്ന തരത്തിലല്ല ഇന്ത്യയിൽ നടക്കുന്നത്. രാജ്യത്ത് വിവാഹമോചനത്തിന് ഏകീകൃത നിയമസംവിധാനം ഏർപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അന്ന വ്യക്തമാക്കി.

തലാഖിലൂടെയുള്ള വിവാഹമോചനംമൂലം താഴെതട്ടിലുള്ള മുസ്ലിംസ്ത്രീകൾ വളരെയധികം ദുരിതം അനുഭവിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വിശാലമായ നിയമനിർമ്മാണത്തിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാനാകൂ.

നിയമത്തിനുമുന്നിൽ എല്ലാവരും സമന്മാരാണെന്ന ഭരണഘടനാതത്വം മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ വിദൂരസ്വപ്നമായി അവശേഷിക്കുന്നു. മതത്തിന്റെ പേരിൽ മുസ്‌ളിംസ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കുമുന്നിൽ സർക്കാർ നിഷ്‌ക്രിയമാകരുത്. ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊണ്ട് മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ആചാരങ്ങളിൽ നിയമനിർമ്മാണം നടത്തുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്ന് കോടതി ഓർമപ്പെടുത്തി. മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കോടതിവിധികളും ഖുറാൻ വചനങ്ങളും മറ്റ് ആധികാരികഗ്രന്ഥങ്ങളും പരിശോധിച്ചായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷത്ാഖിന്റെ കോടതിവിധി. പിന്നീട് കേന്ദ്ര സർക്കാർ മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിയമം പാസാക്കുകയും ചെയ്തു.

മാവോയിസ്റ്റ് അനുഭാവം കുറ്റകരമോ?

മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത കേസിൽ സർക്കാരിന് തെറ്റു പറ്റിയെന്നു ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം അന്നത്തെ യു.ഡി.എഫ് സർക്കാർ നൽകണമെന്ന കോടതി വിധി വന്നിരുന്നു. ഇതിനെതിരെ പിണറായി സർക്കാർ അപ്പീൽ പോയി സ്റ്റേ വാങ്ങിയ സംഭവം ഇടക്കാലത്ത് ചർച്ചയായിരുന്നു. അന്യായമായി കസ്റ്റഡിയിൽ എടുത്ത ശ്യാം ബാലകൃഷ്ണന് ഒരുലക്ഷം രൂപ സർക്കാർ നഷ്ട പരിഹാരം നൽകണമെന്നും ഈ തുക പൊലീസിൽ നിന്നും ഈടാക്കണമെന്നും ഉത്തരവിട്ടായിരുന്നു 2015 ലെ കോടതി വിധി. മാവോയിസ്റ്റ് അനുഭാവം കുറ്റകരമല്ലെന്നും ഇത്തരം ചിന്ത പുലർത്തുന്നവരുടെ സ്വാതന്ത്ര്യം തടഞ്ഞു വെക്കാൻ അധികാരമില്ലെന്നുമുള്ള സുപ്രധാന വിധിയോടെയായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ശ്യാം ബാലകൃഷ്ണനുള്ള നഷ്ടപരിഹാര ത്തുകയ്ക്കു പുറമേ കോടതിച്ചെലവിനുള്ള പതിനായിരം രൂപയും നൽകണമെന്ന് കോടതി നിഷ്‌കർഷിച്ചിരുന്നു.

ഇതിനെതിരെ അന്നത്തെ യുഡിഎഫ് സർക്കാർ നൽകിയ അപ്പീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. പിന്നീട്, ഇതിനെതിരെ എൽ.ഡി.എഫ് സർക്കാർ വീണ്ടും അപ്പീൽ പോയി വിധിക്ക് സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു.യു.എ.പി.എ നിയമത്തിലെ 13ാം വകുപ്പ് പ്രകാരം മാവോയിസ്റ്റ് അനുഭാവികൾക്കെതിരെ പോലും കേസെടുക്കാൻ അനുമതിയുള്ള സാഹചര്യത്തിലാണ് ഹൈക്കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. ഇതേ കാരണം പറഞ്ഞാണ് അലനും താഹയ്ക്കുമെതിരെ ഇപ്പോൾ യുഎപിഎ ചുമത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഷംസീറിന്റെ ഭാര്യയുടെ നിയമനം എന്തുകൊണ്ട് റദ്ദാക്കി?

തലശ്ശേരി എംഎ‍ൽഎ എ.എൻ ഷംസീറിന്റെ ഭാര്യ പി എം ഷഹലയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതും ശ്രദ്ധേയമായ കേസാണ്. സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം റാങ്ക് കാരിയായ ഡോ. എം പി ബിന്ദുവിനെ നിയമിക്കാനും കോടതി നിർദ്ദേശം നൽകി. ഒന്നാം റാങ്ക് നേടിയ തന്നെ മറികടന്ന് ഷംസീറിന്റെ ഭാര്യ പി.എം. ഷഹലയെ നിയമിച്ചെന്ന് ആരോപിച്ച് കണ്ണൂർ ചാവശേരി സ്വദേശിനി ഡോ. എംപി. ബിന്ദു നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലെ അദ്ധ്യാപക നിയമനത്തിനായി സർവകലാശാല നടത്തിയ വാക്ക് ഇൻ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ബിന്ദുവിനായിരുന്നു. കൂടാതെ 2015 - 18 കാലഘട്ടത്തിൽ ഡോ. ബിന്ദു ഇവിടെ അസിസ്റ്റന്റ് പ്രൊഫസറായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമനത്തിനായി ജൂൺ 14ന് വാക്ക് ഇൻ ഇന്റർവ്യു നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. എന്നാൽ അന്വേഷണത്തിൽ ബിന്ദുവിന് ഒന്നും ഷഹലക്ക് രണ്ടും റാങ്കുകളാണ് ലഭിച്ചതെന്ന് വ്യക്തമായി. ഷഹലയ്ക്ക് അഞ്ചു മാർക്ക് കുറവാണെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.

സംവരണ ചട്ട പ്രകാരമാണ് ഷഹലയ്ക്ക് നിയമനം നൽകിയതെന്നാണ് സർവകലാശാലയുടെ വാദം. കരാർ നിയമനങ്ങളിൽ കണ്ണൂർ സർവകലാശാല സംവരണ ചട്ടം പാലിച്ചിക്കാറില്ലെന്ന ഹർജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. എംഎ‍ൽഎയുടെ ഭാര്യയായതിനാൽ സംവരണത്തിന്റെ പേരിൽ ഇവർക്ക് നിയമനം നൽകുകയായിരുന്നുവെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

മദ്യവിൽപ്പന മൗലികാവകാശമെന്ന് ആരുപറഞ്ഞു?

മദ്യ വ്യാപാരം മൗലികാവകാശമല്ലെന്ന വിധിന്യായം എഴുതിയതും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ്. മദ്യവ്യാപാരത്തിന് അനുമതി നൽകുമ്പോൾ ജനങ്ങളുടെ സ്വകാര്യത കൂടി കണക്കിലെടുക്കണമെന്നും കോടതി നിർദ്ദേശം നൽകി. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്യവ്യാപാരത്തിന് ലൈസൻസ് നൽകുബോൾ സമീപത്തുള്ളവരുടെ സ്വകാര്യത കൂടി കണക്കിലെടുക്കണം. ലൈസൻസിന്റെ അടിസ്ഥാനത്തിലുള്ള വ്യാപാരമായതിനാൽ മദ്യശാലകൾക്ക് ബാധകമാകുന്ന കൃത്യമായ ശുപാർശകൾ സർക്കാർ തയ്യാറാക്കണം. അല്ലാത്തപക്ഷം വരും നാളുകളിൽ ലൈസൻസ് അനുവദിക്കുന്നതിനും മറ്റും പ്രശ്‌നങ്ങളുണ്ടാകും.' ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സൂചിപ്പിച്ചു.

കള്ളുഷാപ്പ് തന്റെ വീടിനടുത്തേക്ക് മാറ്റുന്നതിനെതിരെ പട്ടാമ്പി വള്ളൂർ സ്വദേശിനി വിലാസിനി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഓൺലൈൻ ഗെയിമുകളും സ്‌കൂൾ ഹാജരും

രക്ഷിതാക്കളുടെ ശ്രദ്ധയും പരിചരണവും ലഭിക്കാത്തതുകൊണ്ടാണ് കൂട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമയാകുന്നതെന്ന് വിധി പറഞഞ ബഞ്ചും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റേതായിരുന്നു. 2019 മാർത്ത് 21 നായിരുന്നു ഈ ഉത്തരവ്. ഓൺലൈൻ ഗെയിമുകളിൽനിന്ന് സന്തോഷവും ആശ്വാസവും ലഭിക്കുന്നതിനാലാണ് കുട്ടികൾ ഇതിലേക്ക് തിരിയുന്നതെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. ഓൺലൈൻ ഗെയിമുകളുടെ സ്വാധീനത്തിൽപ്പെട്ട് ക്ലാസിൽ ഹാജർ കുറഞ്ഞ മകനെ പരീക്ഷയെഴുതാൻ സിബിഎസ്ഇ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് തൃശൂർ പുറനാട്ടുകര സ്വദേശി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഈ കുട്ടിയെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു.

പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നേടിയ കുട്ടിക്കുവേണ്ടിയാണ് രക്ഷിതാവ് ഹർജി നൽകിയത്. പ്ലസ് ടുവിന് ചേർന്നെങ്കിലും ഓൺലൈൻ ഗെയിമുകൾക്ക് അടിമയായതോടെ ക്ലാസിൽ ഹാജരാകാതായി. മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ടാണ് കുട്ടിയെ ഓൺലൈൻ ഗെയിമുകളുടെ പിടിയിൽനിന്ന് മോചിപ്പിച്ചത്. കുട്ടിക്ക് ശാരീരിക, മാനസിക പ്രശ്നങ്ങളില്ലെന്ന് മനഃശാസ്ത്രജ്ഞൻ റിപ്പോർട്ടും നൽകി. മതിയായ ഹാജരില്ലെങ്കിലും പ്രത്യേക കേസായി പരിഗണിച്ച് കുട്ടിയെ പരീക്ഷ എഴുതിക്കാമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചെങ്കിലും ചട്ടപ്രകാരം ഇതനുവദിക്കാനാകില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. സിബിഎസ്ഇയുടെ ചട്ടങ്ങളേക്കാൾ കുട്ടിയുടെ താൽപ്പര്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് കോടതി പറഞ്ഞു. തുടർന്നാണ് പരീക്ഷ എഴുതാൻ അനുമതി നൽകിയത്.

ഓൺലൈൻ തട്ടിപ്പ്: ബാങ്കുകൾ രക്ഷപ്പെടാൻ വരട്ടെ

ഓൺലൈൻ തട്ടിപ്പുകൾ വഴി അക്കൗണ്ടിൽ നിന്നും പണം നഷ്ടമായാൽ ഇടപാടുകാർക്ക് മേൽ ബാങ്കുകൾ ബാധ്യത ചുമത്തരുത്. ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായ തുക പുനഃസ്ഥാപിക്കാൻ ബാങ്കുകൾ തയ്യാറാകണം. ഓൺലൈനായി വ്യാജ ഇടപാടുകൾ നടന്നതിനെ തുടർന്ന് പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശികളായ രണ്ട് പേർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത ഓൺലൈൻ ഇടപാടിൽ ഉപഭോക്താക്കൾക്ക് ബാധ്യതയില്ലെന്ന് റിസർവ് ബാങ്കിന്റെ സർക്കുലറുണ്ട്. അതിനാൽ നഷ്ടമായ തുക ബാങ്കുകൾ തന്നെ നൽകേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.

മതങ്ങളുടെ അന്ത:സത്ത എന്ത്?

ആദർശങ്ങളിലൂന്നി നീതി നടപ്പാക്കുകയെന്നതാണ് മതങ്ങളുടെ അന്തഃസത്തയെന്നതാണ്് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ നിലപാട്. ധർമം, കരുണ,നന്മ എന്നിവയാണ് പ്രമുഖ മതങ്ങളായ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ മുന്നോട്ടു വെക്കുന്ന ആദർശങ്ങൾ. മതങ്ങളുടെ പരമമായ ലക്ഷ്യം നീതി ഉറപ്പുവരുത്തലാണെന്നും ജസ്റ്റിസ് ചില പരിപാടികളിൽ വിലയിരുത്തിയിട്ടുണ്ട്.

എന്നും നീതിയുടെ കാവലാൾ ഈ കണ്ണൂർക്കാരൻ

2014 ജനുവരി 23 നാണ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടുവർഷം കഴിഞ്ഞ് മാര്ച്ച് 10 ന് സ്ഥിരം ജഡ്ജിയായി. കണ്ണൂർ താണ സ്വദേശിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. ഉഡുപ്പി വിബി ലോ കോളേജിൽ നിന്ന് നിയമബിരുദം. തൊഴിൽ നിയമത്തിൽ എംജി സർവകലാശാലയിൽ നിന്ന് എൽഎൽഎം. 1989 ജനുവരി പത്തിനാണ് അഭിഭാഷകനായി എൻ റോൾ ചെയ്തത്. വിവിധി കോടതികളിലും നിയമസ്ഥാപനങ്ങളിലുമായി ഏഴ് വർഷം അഭിഭാഷകനായി പ്രാക്ടീസ്. സ്‌പേസ് ആൻഡ് ടെലികമ്യൂണിക്കേഷൻ ലോയിൽ പാരീസ് സുഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ 2 നേടി. ഹൈദരാബാദിലെ ആസ്ട്രനോട്ടിക്കൽ കോൺഗ്രസ് കൊറിയയിലെ ദേയജോൺ, ഇറ്റലിയിലെ നേപ്പിൾസ് എന്നിവിടങ്ങളിൽ അവതരിപ്പിച്ചതടക്കം നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളും സ്വന്തം പേരിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP