Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനീതിക്കെതിരെ പ്രതികരിച്ചു മാവോയിസ്റ്റായി; പിന്തുണ നൽകി കോടതി ക്ലാർക്കായ ഭാര്യയും; പൊലീസ് വേട്ടയിൽ മനംനൊന്ത മകളും; കേരളത്തിന്റെ പുത്തൻ ഹീറോയായ മാവോയിസ്റ്റ് രൂപേഷിന്റെ കഥ

അനീതിക്കെതിരെ പ്രതികരിച്ചു മാവോയിസ്റ്റായി; പിന്തുണ നൽകി കോടതി ക്ലാർക്കായ ഭാര്യയും; പൊലീസ് വേട്ടയിൽ മനംനൊന്ത മകളും; കേരളത്തിന്റെ പുത്തൻ ഹീറോയായ മാവോയിസ്റ്റ് രൂപേഷിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഇൗ യുവാവാണ് രൂപേഷ്. പ്രവീൺ എന്ന രൂപേഷ്. അനീതിക്കെതിരെ പോരാടി ഒടുവിൽ മാവോയിസ്റ്റുകളുടെ കുപ്പായത്തിലേക്ക് എത്തപ്പെട്ട യുവാവ്. തീവ്ര ഇടതുപക്ഷത്ത് എന്നും നിലയുറപ്പിച്ച വ്യക്തി. കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിപ്പെട്ട രൂപേഷ് തീവ്ര നിലപാടുകളാൽ ശ്രദ്ധേയനായിരുന്നു.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ മാവോയിസ്റ്റുകളുടെ പങ്കിനെക്കുറിച്ച് നിറം പിടിപ്പിച്ച വാർത്തകളാണ് പരക്കുന്നത്. എന്നാൽ, മാവോയിസ്റ്റുകളാണ് അക്രമത്തിനു പിന്നിലെന്ന വാർത്തകൾ സ്ഥിരീകരിക്കാതെയും സ്ഥിരീകരിച്ചും ഭിന്നാഭിപ്രായത്തിലാണ് സർക്കാരും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ ആദ്യം മാവോയിസ്റ്റു സാന്നിധ്യം നിഷേധിച്ചും പിന്നീട് സ്ഥിരീകരിച്ചും പ്രസ്താവന നടത്തിയിരുന്നു.

എന്തായാലും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമൊക്കെ എമ്പാടും വലവിരിച്ചിരിക്കുകയാണ് മാവോയിസ്റ്റുകളെ പിടികൂടാൻ. ആക്രമണം നടത്തിയവരിൽ ചിലരെ അറസ്റ്റുചെയ്‌തെങ്കിലും ഇവയ്ക്കു പിന്നിലെ സൂത്രധാരനെ പിടികൂടാനുള്ള ശ്രമം വളരെ മുമ്പേ തുടങ്ങിയതാണ് അന്വേഷകസംഘം. എന്നാൽ, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ജനിച്ചുവളർന്ന് മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തും ഊർജവും പകർന്നു മുന്നേറുന്ന യുവാവിനെ കുടുക്കാൻ പഠിച്ച പണി മുഴുവൻ നോക്കിയിട്ടും പൊലീസിനു കഴിഞ്ഞിട്ടില്ല.

1987-88 കാലഘട്ടത്തിൽ നാട്ടിക എസ്എൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിദ്യാർത്ഥി സംഘടനയിലൂടെ രൂപേഷിന്റെ രാഷ്ട്രീയ പ്രവേശം. റെഡ് ഫ്‌ളാഗിൽ നിന്ന് ജനശക്തിയിലേക്ക് എത്തിയതോടെയാണ് ആദിവാസികളുമായുള്ള അടുപ്പം ആരംഭിക്കുന്നത്.

ജനശക്തിയിൽ എത്തിയതോടെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കാൻ രൂപേഷ് നിയോഗിക്കപ്പെട്ടു. മലബാർ പ്രദേശത്തെ ആദിവാസികളെ സംഘടിപ്പിക്കാനാണ് രൂപേഷിന് നിർദ്ദേശം ലഭിച്ചത്. വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ സജീവമായി പ്രവർത്തിച്ചതോടെ ആദിവാസികളുമായി അടുത്ത ബന്ധം ഉണ്ടാക്കിയെടുക്കാൻ രൂപേഷിനായി.

ജനശക്തിയുടെ പ്രവർത്തനം 1995ൽ മന്ദീഭവിക്കുകയായിരുന്നു. ഇതെത്തുടർന്ന് പീപ്പിൾസ് വാർ ഗ്രൂപ്പിൽ രൂപേഷ് ചേർന്നു. സംഘടനയ്ക്ക് പുത്തൻ ഊർജം നൽകാൻ രൂപേഷിന്റെ വരവിനു കഴിഞ്ഞു. ഇതിനിടെയാണ് പെരുമ്പാവൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പീപ്പിൾസ് വാർ ഗ്രൂപ്പ് നേതാവ് മല്ലരാജ റെഡ്ഡിയെയും സഹപ്രവർത്തകയെയും ആന്ധ്ര പൊലീസ് പിടികൂടിയത്.

ഇവർക്ക് താവളം ഒരുക്കിയത് രൂപേഷാണെന്ന് അറിഞ്ഞതോടെയാണ് പൊലീസ് രൂപേഷിനായി വലവിരിക്കുന്നത്. രൂപേഷിന്റെ പേരിൽ ആദ്യമായി നടക്കുന്ന തെരച്ചിലും ഇതാണ്. എന്നാൽ ഇതിനുശേഷം രൂപേഷ് ഒരിക്കലും വെളിച്ചത്തെത്തിയിട്ടില്ല. പീപ്പിൾസ് വാർ ഗ്രൂപ്പ് പ്രവർത്തകർ പിന്നീട് മാവോയിസ്റ്റ് ഗ്രൂപ്പിൽ ലയിക്കുന്നത് ഒളിവിൽ കഴിയുമ്പോഴാണ്. രൂപേഷിന്റെ സംഘാടകശേഷിയാണ് സംഘടനയെ ഇന്നത്തെ നിലയിൽ എത്തിച്ചതും.

സായുധ സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് മാവോയിസ്റ്റ് നേതാവ് രൂപേഷ് ഇപ്പോൾ. ജനകീയ പിന്തുണയോടെ സായുധ വിപ്ലവം നടപ്പാക്കും. കേരളീയ സമൂഹത്തെ സർക്കാർ സൈനികവൽക്കരിക്കുകയാണ്. ജനമൈത്രി പൊലീസ് ജനങ്ങളെ നിരീക്ഷിക്കാനാണ്. കേരളത്തിലെ എല്ലാ പാർട്ടികളും ആദിവാസികളെയും അടിസ്ഥാന ജനവിഭാഗത്തെയും വഞ്ചിച്ചു. ഹോം ഗാർഡുകളുടെ മറവിൽ മാവോയിസ്റ്റുകൾക്കെതിരെ സാൽവാ ജുദ്ദൂം കേരളത്തിലും നടപ്പാക്കുന്നുണ്ട്. എല്ലാ തരത്തിലുള്ള ജനാധിപത്യ സമരങ്ങളും നിഷേധിക്കപ്പെടുന്നതുകൊണ്ടാണ് സായുധ വിപ്ലവത്തിന് ഒരുങ്ങുന്നതെന്നും രൂപേഷ് പറയുന്നു.

ഹൈക്കോടതിയിൽ യുഡി ക്ലാർക്കായിരുന്ന രൂപേഷിന്റെ ഭാര്യ പി എ ഷൈന പിന്നീട് രൂപേഷിന് താങ്ങും തണലുമായി ഒപ്പം കൂടി. കേരള പൊലീസിന്റെ നടപടികളാണ് തന്നെ മാവോയിസ്റ്റാക്കി മാറ്റിയതെന്നു ഷൈന പറയുന്നു. 2008ൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എഴുതിയ കത്തിലാണ് കേരള പൊലീസിന്റെ കിരാത നടപടികൾ തന്നെ മാവോയിസ്റ്റാക്കിയതായി പറയുന്നത്. മാതാപിതാക്കൾ മാവോയിസ്റ്റായതിന്റെ പേരിൽ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭീകരത അനുഭവിക്കേണ്ടിവന്ന മക്കളുടെ കാര്യവും പ്രതികാരാഗ്നിയായി രൂപേഷിന്റെ മനസിലുണ്ടാകണം.

കഴിഞ്ഞ വർഷമാണ് മക്കളെ പൊലീസ് അറസ്റ്റുചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാവേലിക്കരയിലാണ് ശാസ്ത്രജ്ഞനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രൊഫ. ഗോപാലിനെ അറസ്റ്റ് ചെയ്തത്. ആറുപേരെയാണ് അന്ന് അറസ്റ്റുചെയ്തത്. ഇവർക്കൊപ്പം രൂപേഷ്-ഷൈന ദമ്പതികളുടെ രണ്ട് പെൺകുട്ടികളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

''മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആശയപരമായി പിന്തുടരുന്നുവെങ്കിലും നിത്യജീവിതത്തിന്റെ പരിമിതികളെ മറികടക്കാനാകാത്തതിൽ ഒരു സാദാ സർക്കാർ ഗുമസ്തയും രണ്ടു കുട്ടികളുടെ അമ്മയായ കുടുംബിനിയുമായിക്കഴിഞ്ഞിരുന്ന ഒരാളാണു ഞാൻ. എങ്കിലും പരിമിതമായ ഈ വൃത്തത്തിനകത്തുനിന്നുകൊണ്ടുതന്നെ സാമൂഹികമായ മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖാപിച്ച് മനുഷ്യാവകാശ ലംഘനങ്ങളെ എതിരിടാനും തുറന്നു കാണിക്കാനും ശ്രമിക്കുന്ന പൗരാവകാശ പ്രവർത്തകയുടെ സാമൂഹിക പ്രതിബദ്ധത കാണിച്ചുവെന്ന കുറ്റത്തിനു മാവോയിസ്റ്റ് തീവ്രവാദിയായി ചിത്രീകരിക്കപ്പെടുകയും ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകൾക്ക് ഇരയായിരിക്കുകയുമാണ് ഞാനിന്ന്'' എന്നു മുഖ്യമന്ത്രിക്കയച്ച കത്തിൽ വിശദീകരിക്കുന്നുണ്ട് ഷൈന.

''സർക്കാറും പൊലീസും ചേർന്ന് എന്റെ സാധാരണ ജീവിതം അസാധ്യമാക്കിത്തീർത്തിരിക്കുന്നു. എന്റെ കുട്ടികളും വീട്ടുകാരും രാവും പകലും പൊലീസ് നിരീക്ഷണത്തിലാണ്. എന്റെ ജോലി, വീട്, വാഹനം എന്തിന് വസ്ത്രങ്ങളടക്കമുള്ള എല്ലാ അടിസ്ഥാന ഉപാധികളും നഷ്ടപ്പെട്ടിരിക്കുന്നു. ഇനി ഇതെല്ലാം തിരികെ കിട്ടണമെന്നു കരുതി ഞാൻ മുന്നോട്ട് വന്നാൽ പോലും എനിക്കായി കാത്തിരിക്കുന്നത് മഅ്ദനിയുടെ വിധിയായിരിക്കാം. നീണ്ടകാലം തടവിൽകിടന്ന് ഒടുവിൽ നിരപരാധിയെന്നു സ്ഥാപിക്കപ്പെട്ടിട്ട് എന്തു കാര്യം? സ്വന്തം ആശയങ്ങളോട് നീതിപുലർത്തി പ്രവർത്തിക്കുകയല്ലേ അതിനേക്കാൾ അഭികാമ്യം? നാളെ ചരിത്രം എന്നെ കുറ്റക്കാരിയല്ലെന്നു വിധിക്കട്ടെ.

നാം ചോദ്യംചെയ്യാൻ ആരംഭിക്കുമ്പോൾ ഭരണകൂട ഭീകരത നമ്മെ വേട്ടയാടുമെന്നു ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. രാഷ്ട്രീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് പോരാട്ടത്തിന്റേതല്ലാത്ത വഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു.

അങ്ങയുടെ പൊലീസും അധികാരവും എന്നെ മാവോയിസ്റ്റാക്കിമാറ്റിയിരിക്കുന്നു.

ഒരു സ്ത്രീയെന്നനിലയിൽ ഒട്ടേറെ വെല്ലുവിളികളെ നേരിടേണ്ടിവരുമെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. എന്നാൽ നിങ്ങൾ അതും പഠിപ്പിച്ചു തരുക തന്നെ ചെയ്യും. വി എസ്.അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർക്കാം. മധ്യവർഗജീവിതം നയിച്ചിരുന്ന എന്നെ മാവോയിസ്റ്റാക്കി മാറ്റിയതിന്റെ പൊൻകതിർ!'' എന്ന തരത്തിലാണ് ഷൈന കത്ത് അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP