Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നസീറും സത്യനും മധുവും മുതൽ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പം വരെ അഭിനയം; 300 സിനിമകളും 3000 സിനിമകളുടെ ശബ്ദവുമായി: എന്നിട്ടും പാലാ തങ്കത്തിന് അഭയം അനാഥമന്ദിരം

നസീറും സത്യനും മധുവും മുതൽ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പം വരെ അഭിനയം; 300 സിനിമകളും 3000 സിനിമകളുടെ ശബ്ദവുമായി: എന്നിട്ടും പാലാ തങ്കത്തിന് അഭയം അനാഥമന്ദിരം

ആവണി ഗോപാൽ

ത് പാലാ തങ്കം. മലയാള സിനിമക്ക് ഒരിക്കലും മറക്കാനാവാത്ത പേരുകളിൽ ഒന്ന്. 300 സിനിമകളിൽ അഭിനിയിക്കുകയും അന്യഭാഷാ സിനിമകൾ അടക്കം 3000ത്തിലധികം സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്ത അപൂർവ്വ പ്രതിഭ. എന്നിട്ടും ജീവിത സായാഹ്നത്തിൽ ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നപ്പോൾ അഭയമായത് പത്തനാപുരത്തെ ഗാന്ധിഭവൻ. മക്കൾ പുറത്താക്കുന്നതിന് മുമ്പ് സ്വയം പുറത്തായ തങ്കത്തെ ഗാന്ധിഭവനിൽ എത്തിച്ചത് കെപിഎസ് സി ലളിത. ചലച്ചിത്ര താരങ്ങളുടെ സംഘനയായ അമ്മയുടെ പെൻഷൻ കൈപ്പറ്റുന്നതൊഴിച്ചാൽ തിരിഞ്ഞു നോക്കാൻ ആർക്കും നേരമില്ല.

ഒരിക്കൽ ഞങ്ങളും ഇങ്ങനെ ഒക്കെ ആവും എന്ന് ഒരു നിമിഷം വിചാരിച്ചാൽ സിനിമക്കാർക്ക് ഇങ്ങനെ അവഗണിക്കാൻ സാധിക്കുമായിരുന്നില്ല: ഇന്നസെന്റ് കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞു ചേച്ചി ഞാൻ തിരുവനന്തപുരത്ത് വരുമ്പോൾ അതിലെ എത്താം എന്ന്. ശാരദയും വിളിച്ചിരുന്നു. പക്ഷേ അവരാരും എത്തിയില്ല. എന്നാൽ എനിക്കാരോടും പരാതി ഇല്ല. കാരണം സിനിമാക്കാരും രാഷ്ട്രീയക്കാരും അങ്ങനെയാണ്, അവർക്ക് സത്യം പറയാൻ പറ്റില്ല. പിന്നെ ഞാൻ ഒരു അനാഥാലയത്തിൽ ആണല്ലോ എന്ന് കരുതിയാണ് ഇവരൊക്കെ ഇങ്ങനെ വിഷമിക്കുന്നത്. എന്നാൽ എനിക്ക് ഇവിടെ ഒരു വിഷമവുമില്ല. ഞാൻ ഇവരുടെ ഒക്കെ അമ്മയാണ്. ഗാന്ധിഭവൻ ഒരു ശ്രീകോവിലാണ്'. പൊട്ടിക്കരഞ്ഞുകൊണ്ടാണ് തങ്കം ഇത്രയും പറഞ്ഞത്.

ഗാന്ധിഭവനിലെ അമ്മയുടെ റോളാണ് തങ്കം ചേച്ചിക്ക്. വേദനിക്കുന്നവരെയും ഒറ്റപ്പെട്ടവരെയും ഒക്കെ ആശ്വസിപ്പിക്കുക. അവർക്ക് ധൈര്യം പകർന്ന് കൊടുക്കുന്ന കാര്യങ്ങൾ പറയുക. കുഞ്ഞുങ്ങൾക്ക് കഥകൾ പറഞ്ഞു കൊടുക്കുക. അങ്ങനെ അങ്ങനെ മൂന്നു വർഷമായി തങ്കം ഈ മഹത്തായ സ്ഥാപനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഗാന്ധിഭവനിലെ എല്ലാ ചടങ്ങുകൾക്കും സെലിബ്രറ്റി ഗസ്റ്റായി തന്നെ തങ്കവും കാണും. താരപ്രൗഢിയിൽ ജീവിച്ചാലും ഒടുവിൽ നമ്മൾ ആർക്കും വേണ്ടാത്തതിന് ഉത്തമ ഉദാഹരണമായി.

സംസാരത്തിനിടെ ഈ അമ്മ ഇടയ്ക്കിടെ പൊട്ടി കരയും. പഴയ ജീവിതത്തെ ഓർത്തുവിതുമ്പും. സത്യനും മധുവിനും പ്രേം നസീറിനുമൊപ്പം അഭിനയിച്ച കാലത്തെ കുറിച്ച് അയവിറക്കും. ചെറുപ്പത്തിൽ ഭർത്താവ് മരിച്ചതിന് ശേഷം കഷ്ടപ്പെട്ട് മക്കളെ വളർത്തിയ കഥയും ആ മക്കൾ തുണയാകാതെ പോയ അനുഭവവും ഇവരോർക്കും. എന്നാൽ പറയുന്നത് മക്കളെക്കുറിച്ചാണല്ലോ എന്ന വീണ്ടുവിചാരം ഉണ്ടാകുമ്പോൾ എന്റെ മക്കളെ കുറിച്ച് ഒന്നും മോശമായി എഴുതരുത് എന്ന് താക്കീത് ചെയ്യും.

അതാണ് ഈ നടി. മുപ്പതാമത്തെ വയസിൽ ഇൻസ്‌പെക്ടറായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചിട്ടും തളരാതെ ജീവീതം കെട്ടിപ്പടുത്ത തങ്കം ഇപ്പോൾ ഇവിടെയാണ് ജീവിതം തള്ളിനീക്കുന്നത്. 12ാം വയസ്സിൽ ആലപ്പി വിൻസന്റിന്റെ 'കെടാവിളക്ക്' എന്ന സിനിമയിലൂടെയാണ് തങ്കം ചലച്ചിത്രരംഗത്ത് എത്തിയത്. ചിത്രത്തിൽ രണ്ടു ഗാനങ്ങൾ പാടുകയും സിനിമയിൽ നായകനായ സത്യന്റെ പെങ്ങളായി ഒരു ചെറിയവേഷം ചെയ്യുകയും ചെയ്ത തങ്കത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നൂറുകണക്കിന് ചിത്രങ്ങളിലാണ് പിന്നീട് തങ്കം വേഷമിട്ടത്. റബേക്ക, മറുനാട്ടിൽ ഒരു മലയാളി, കള്ളിച്ചെല്ലമ്മ, ആഭിജാത്യം, ടാക്‌സി കാർ, അച്ഛന്റെ ഭാര്യ, ഗംഗസ്സംഗമം, നൃത്തശാല, ആറടിമണ്ണിന്റെ ജന്മി, തീർത്ഥയാത്ര തുടങ്ങി ഒട്ടെറെ ചിത്രങ്ങളിൽ പാലാ തങ്കം വേഷമിട്ടിട്ടുണ്ട്. സിനിമ മാത്രമല്ല, വിശ്വകേരള കലാസമിതിയുടെയും, ജ്യോതി തിയേറ്റേഴ്‌സിന്റെയും, കെ.പി.എ.സി.യുടെയും ഉൾപ്പെടെ മൂവായിരത്തോളം വേദികളിൽ നിരവധി നാടകങ്ങളിലൂടെയും തങ്കം ശ്രദ്ധേയയായി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവ് തന്നെ പ്രോൽസാഹനത്തിൽ കലാരംഗത്ത് തങ്കം സജീവമായിരുന്നു. ഭർത്താവ് മരിച്ചതിനെതുടർന്ന് മൂന്നുമക്കളുടെ ജീവിതം കരുപിടിപ്പിക്കാനായി തങ്കത്തിന്റെ ശ്രമം. പിന്നീടുള്ള ജീവിതം അവർക്കുവേണ്ടിയുള്ളതായിരുന്നു. വിശ്രമമില്ലാതെ നാടകങ്ങളും സിനിമകളും. അഭിനയത്തിനൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. സിനിമയിലെ തിരക്കുകൾ കാരണം മദ്രാസിലായിരുന്നു ജീവിതം. എന്നാൽ മക്കൾക്ക് കുടുംബമായതോടെ തങ്കം ഒറ്റയ്ക്കായി.

ഒടുവിൽ ആർക്കും വേണ്ടാതെ വന്നപ്പോൾ അഭയം തേടി അമ്മ ഇവിടെയെത്തി. ലോകത്തിന് വേണ്ടാത്താരെയും രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന ഗാന്ധിഭവനും സോമരാജനും തങ്കത്തെയും സ്വീകരിച്ചു. പൊട്ടി ഒലിക്കുന്ന വ്രണങ്ങൾ ഉള്ളവരും എണീറ്റുനടക്കാൻ വയ്യാതെ കിടക്കയിൽ കഴിയുന്നവരും അനാഥരും വിധവകളും ഒക്കെ സന്തോഷത്തോടെ ജീവിക്കുന്ന ഗാന്ധിഭവനിൽ തങ്കം സമ്പൂർണ തൃപ്തയാണ്.

'എനിക്കൊരു വേദനയേ ഉള്ളു. സോമരാജൻ സാറിനെ സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദന. 1500 പേർക്ക് ദിവസവും മൃഷ്ടാന ഭോജനം ഇവിടെ ഒരുക്കുന്നത് ഭഗവാന്റെ കൃപ കൊണ്ട്. എനിക്കെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ അതെല്ലാം സാറിന് കൊടുത്തേനെ. മക്കൾ എന്നെ കുറിച്ച് എഴുതുന്നുണ്ടെങ്കിൽ എനിക്ക് വേണ്ടി ഗാന്ധി ഭവനിലേയ്ക്ക് എന്തെങ്കിലും സംഭാവന നൽകാൻ പറയണം. എന്റെ പേരിൽ അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ.' തങ്കം പറഞ്ഞു നിർത്തുകയാണ്.

ആരോരുമില്ലാത്തവർക്ക് അഭയം നൽകുന്ന പത്തനാപുരത്തെ ഗാന്ധിഭവനു സംഭാവന നൽകി സഹായിക്കാനുള്ള ഉത്തരവാദിത്തം ഇന്നലെ മറുനാടൻ മലയാളി വായനക്കാർക്ക് മുമ്പിൽ എത്തിച്ചിരുന്നു. പാലാ തങ്കത്തെ പോലെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങി നിന്ന പല പ്രശസ്തരും ഇന്ന് ഗാന്ധിഭവനിലെ അന്തേവാസികളാണ്. ഇവർക്ക് പുറമേ ബുദ്ധിമാന്ദ്യം സംഭവിച്ചവരും, ആരോരുമില്ലാത്തവരും, വൈകല്യമുള്ളവരും, മക്കളും ഭർത്താവും ഉപേക്ഷിച്ച വയോധികരും, മാതാപിതാക്കളാരെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം ഗാന്ധിഭവനിലുണ്ട്. ജാതി മത ഭേദമെന്യ നിരവധി നിരാലംബരാണ് ഗാന്ധിഭവനിലുള്ളത്. ഇവർക്ക് നിങ്ങളാൽ കഴിയുന്ന സഹായം നൽകി അവരുടെ കണ്ണീർ നിങ്ങൾ തുടയ്ക്കില്ലേ?

പ്രിയ വായനക്കാരേ നിങ്ങൾ ഇനിയും എന്തിന് മടിച്ചു നിൽക്കുന്നു. നിങ്ങളുടെ സമ്പാദ്യത്തിൽ നിന്നും എത്രചെറുതെങ്കിലും ആയ തുക എടുത്ത് ഈ മഹാ നന്മയ്ക്കായി ചെലവാക്കിക്കൂടെ?. ദൈവം നിങ്ങൾക്ക് അതിന് പ്രതിഫലം തരാതിരിക്കില്ല. ഒരു നേരത്തെ ഭക്ഷണത്തിനുള്ള പണം കൊടുക്കാൻ സാധിച്ചാൽ പോലും അതൊരു പുണ്യപ്രവർത്തിയാകും. നിങ്ങളാൽ കഴിയുന്ന സംഭാവന ഗാന്ധിഭവന് വേണ്ടി നൽകുക. നിങ്ങളുടെ പത്തോ ഇരുപതോ രൂപ പോലും മഹത്തായ ഒരു പ്രസ്ഥാനത്തിനും അതുവഴി ഒരുപറ്റം ജനത്തിനും ആശ്വാസമാകും. ഈസ്റ്ററിനോ, വിഷുവിനോ നിങ്ങൾ ചെലവിടുന്ന പണത്തിൽ നിന്നും ചെറിയൊരു തുക ഈ സ്വർഗ്ഗത്തിനായി മാറ്റിവെക്കാം.

ഈ നിരാലംബരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗാന്ധി ഭവന്റെ അക്കൗണ്ട് നമ്പരിലേക്ക് സംഭാവന നൽകാം

Reference : Marunadan Malayali
Bank - South Indian Bank
Branch - Pathanapuram
Account number: 0481053000000530
IFSE Code: SIBL0000481
Gandhi Bhavan, 
Pathanapuram

വിശദവിവരങ്ങൾക്ക് ഗാന്ധിഭവനെ ബന്ധപ്പെടാംGandhibhavan, Pathanapuram, Kollam, Kerala, South India. Pin : 689695

+91 475 2355573 ,+91 475 2350459, +91 9605057000
[email protected]
വെബ്‌സൈറ്റ്- http://www.gandhibhavan.org/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP