Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് നേടിയത് രണ്ടുതവണ; എന്നിട്ടും സുധാകരൻ ജീവിക്കുന്നത് റബർ ടാപ്പിങ് തൊഴിലാളിയായി; ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചത് കാരണം മകളുടെ മെഡിക്കൽ പഠനവും മുടങ്ങി: പണിമുടക്ക് ദിനത്തിൽ വായിക്കാൻ ഒരു അസംഘടിത തൊഴിലാളിയുടെ കഥ

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് നേടിയത് രണ്ടുതവണ; എന്നിട്ടും സുധാകരൻ ജീവിക്കുന്നത് റബർ ടാപ്പിങ് തൊഴിലാളിയായി; ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചത് കാരണം മകളുടെ മെഡിക്കൽ പഠനവും മുടങ്ങി: പണിമുടക്ക് ദിനത്തിൽ വായിക്കാൻ ഒരു അസംഘടിത തൊഴിലാളിയുടെ കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്ഥിരം ജോലിയും വരുമാന വർധനവും അടക്കം ഒരുപാട് ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി യൂണിയനുകൾ ദേശീയ പണിമുടക്ക് നടത്തുന്ന ഇന്ന് തീർച്ചയായും വായിക്കേണ്ട, ഒരു തൊഴിലാളിയുടെ കഥയാണിത്. സുധാകരൻ എന്ന നാൽപത്തെട്ടുകാരന്റെ കഥ. ഇദ്ദേഹം ഒരു പ്രഫഷണൽ ഫോട്ടോഗ്രാഫറാണ്. സംസ്ഥാന സർക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് രണ്ടു തവണ നേടി. പക്ഷേ, ജീവിക്കാൻ വേണ്ടി ഇപ്പോൾ ടാപ്പിങ് തൊഴിൽ ചെയ്യുന്നു. ഒറ്റ ഫ്രെയിമിൽ ഒതുങ്ങുന്നല്ല ഈ ജീവിതം. ഒറ്റ ക്ലിക്കിൽ പറഞ്ഞു തീർക്കാനുമാവില്ല ഈ കഥ.

ചിത്രമാളിക എന്നൊരു സ്റ്റുഡിയോയുണ്ട് സുധാകരന്. പേരിൽ മാത്രമേ മാളിക പണിതിട്ടുള്ളൂ. വീട്ടിലെ അടുപ്പിൽ പുകയുന്നത് ദുരിതം മാത്രമാണ്. സ്വന്തമായി സ്റ്റുഡിയോ ഉണ്ടെങ്കിലും തനിക്കു മാത്രം എന്തുകൊണ്ട് പിറന്നു വളർന്ന നാട്ടിൽ സമൂഹം അയിത്തം കൽപ്പിക്കുന്നുവെന്ന് സുധാകരന് അറിയില്ല.

സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രഫി അവാർഡ് സുധാകരനെ തേടിയെത്തിയത് ഇതു രണ്ടാം തവണ. രണ്ടു സ്ത്രീകൾ കലം നിർമ്മിക്കുന്ന ഫോട്ടോ ആണ് അവാർഡിന് അർഹമായത്. ഗർഭപാത്രത്തിൽ നിന്നും മൺപാത്രത്തിലേക്കുള്ള ജീവന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന ചിത്രം. 2005 ലും സംസ്ഥാന അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ തുടർച്ചയായി മൂന്ന് തവണ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. ഈ വർഷം കോട്ടയത്ത് നടന്ന പുഷ്പമേളയിൽ നാലാം സ്ഥാനവും കേരളാ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് നടത്തിയ ദേശീയ മത്സരത്തിൽ നാലാം സ്ഥാനവും ലഭിച്ചു. കോയമ്പത്തൂരിൽ രാജ്യാന്തര ഡിജെ ഫോട്ടോഗ്രഫി മത്സരത്തിൽ ഫൈനലിലും പങ്കെടുത്തു.

ഇതൊക്കെ ഫോട്ടോഗ്രാഫർ എന്ന നിലയിൽ അഭിമാനം പകരുന്നു. പക്ഷേ, കോന്നി മുറിഞ്ഞകല്ലിലെ ചിത്രമാളിക എന്ന സ്റ്റുഡിയോയിലേക്കുള്ള വഴി സമൂഹം മറന്നതെന്തെന്ന് ഈ മനുഷ്യനറിയില്ല. പുതിയ തലമുറ ഈ പഴയ പടംപിടുത്തക്കാരനെ മറന്നു പോയിരിക്കുന്നു. പുതിയ കാലത്തോട് തോൾതൊട്ടു പോകാൻ സുധാകരന് കഴിയില്ല എന്ന് കരുതിയാകും ഈ അയിത്തം. പക്ഷേ കാലത്തിനനുസരിച്ച് സുധാകരനും മാറിയെങ്കിലും ക്യാമറ കൊണ്ട് കവിതപോലെ ചിത്രം പകർത്തുന്ന സുധാകരനെന്ന വ്യത്യസ്തനായ ഫോട്ടോഗ്രാഫർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു. അതോടെയാണ് റബർ ടാപ്പിങ്ങിലേക്കും തിരിഞ്ഞത്. ഒപ്പം സ്റ്റുഡിയോയിലെ ജോലികളും.

2005 ലാണ് പത്തനാപുരത്ത് സ്റ്റുഡിയോ ആരംഭിക്കുന്നത്. അടുത്ത് ബീവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങിയതോടെ സ്റ്റുഡിയോയിലേക്ക് ജനങ്ങൾ വരാതായി. അതോടെ മുറിഞ്ഞകല്ലിലേക്ക് മാറി. കാര്യമായി ജോലി കിട്ടാതായതോടെ വീണ്ടും മടക്കം. ഡി.ടി.പി ഓപ്പറേറ്ററായ ഭാര്യ സുവർണയുടെ വരുമാനം മതിയാകാതെ വന്നതോടെയാണ് എട്ടുമാസം മുമ്പ് ടാപ്പിങിന് പോയിത്തുടങ്ങിയത്.

പത്തനാപുരം പാതിരിക്കൽ ശാസ്താംകാവ് പടിഞ്ഞാറ്റതിൽ ഗോപാലന്റെയും വെളുമ്പിയുടെയും മകനായ സുധാകരൻ തന്റെ ജാതി ഏതെന്ന് അറിയാനുള്ള നിയമപോരാട്ടത്തിലാണിപ്പോൾ. 2014ൽ 95 ശതമാനം മാർക്കോടെ +2 വിജയിച്ച മകൾ ആർദ്ര പ്രവേശന പരീക്ഷയിലൂടെ എം.ബി.ബി.എസിന് അർഹത തേടിയെങ്കിലും ജാതിയെച്ചൊല്ലിയുള്ള തർക്കത്തിൽ അലോട്ട്‌മെന്റ് നിഷേധിക്കപ്പെട്ടു. ഇത്തവണ ഫലംതന്നെ തടഞ്ഞുവച്ചു. ദളിത് വിഭാഗക്കാരനായ സുധാകരന്റെ ഭാര്യ പിന്നാക്ക സമുദായാംഗമാണ്. മക്കളെയും പിന്നാക്ക ജാതിയെന്ന നിലയിലാണ് സ്‌കൂളിൽ ചേർത്തത്. എന്നാൽ, മിശ്ര വിവാഹിതരുടെ മക്കൾക്ക് മാതാപിതാക്കളിലാരുടെയെങ്കിലും ജാതി സ്വീകരിക്കാമെന്ന് പറഞ്ഞ് വില്ലേജ് ഓഫീസർ ഇവർക്ക് പട്ടികജാതി എന്ന് സർട്ടിഫിക്കറ്റ് നൽകി. ഇതനുസരിച്ചാണ് പ്രവേശന പരീക്ഷ എഴുതിയത്. എന്നാൽ, കിർത്താഡ്‌സ് പറയുന്നത് ഇവർ പട്ടികജാതിക്കാരല്ലെന്നും ക്രൈസ്തവരാണെന്നുമാണ്.

സുധാകരന്റെ മാതാപിതാക്കളെ അവർ ജോലി ചെയ്തിരുന്ന വീട്ടുകാർ ക്രിസ്ത്യൻ പേരിൽ വിളിച്ചിരുന്നുവെന്നതാണത്രെ കാരണം. താൻ മാമോദീസ സ്വീകരിച്ചിട്ടില്ലെന്ന വാദമൊന്നും വിലപ്പോയില്ല. ഇതിന് എതിരെ ഹൈക്കോടതിയിൽ കേസ് നൽകി കാത്തിരിക്കുകയാണ്. ജാതിക്കാര്യത്തിൽ തർക്കമുള്ളതിനാൽ മകനെ മാനേജ്‌മെന്റ് സീറ്റിൽ ബിരുദ പഠനത്തിനും ചേർത്തു. സാമ്പത്തിക പ്രയാസം മുലം ഹൃദയസംബന്ധമായ അസുഖത്തെയും അവഗണിച്ചാണ് ജീവിതം. മാസം നാലായിരത്തിലധികം രൂപ മരുന്നിന് വേണം. അതിനാൽ തുടർപരിശോധനതന്നെ വേണ്ടെന്നു വച്ചു.

സുധാകരന് രണ്ടു തവണ ഹൃദയാഘാതവുമുണ്ടായി. ഇനിയൊന്ന് താങ്ങാനുള്ള ശേഷിയില്ല ശരീരത്തിനും മനസിനും. തന്റെ ക്യാമറയിൽ മറ്റൊരു കണ്ണിലും പതിയാത്ത ജീവിത ചിത്രങ്ങൾ പതിഞ്ഞതിന്റെ സന്തുഷ്ടി മാത്രംമതി സുധാകരന്. സുധാകരന്റെ ഫോൺ: 9048314254

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP