Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടുകാരന്റെ പ്രേരണയാൽ ആദ്യമായി റമാദാൻ നോമ്പ് നോറ്റു; നാല് ദിവസത്തേക്ക് ഉദ്ദേശിച്ച വ്രതം അവസാനിപ്പിക്കാതെ തുടർന്നു; 29 വർഷക്കാലം തുടർച്ചയായി റമാദാൻ വ്രതം അനുഷ്ഠിക്കുന്ന പ്രഭാകരേട്ടൻ പതിവു തെറ്റിക്കാതെ ഇത്തവണയും ഇഫ്ത്താർ വിരുന്നൊരുക്കി; പങ്കെടുത്തവരിൽ മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ: മലപ്പുറത്തു നിന്നും ഒരു സൗഹാർദ്ദ കഥ

കൂട്ടുകാരന്റെ പ്രേരണയാൽ ആദ്യമായി റമാദാൻ നോമ്പ് നോറ്റു; നാല് ദിവസത്തേക്ക് ഉദ്ദേശിച്ച വ്രതം അവസാനിപ്പിക്കാതെ തുടർന്നു; 29 വർഷക്കാലം തുടർച്ചയായി റമാദാൻ വ്രതം അനുഷ്ഠിക്കുന്ന പ്രഭാകരേട്ടൻ പതിവു തെറ്റിക്കാതെ ഇത്തവണയും ഇഫ്ത്താർ വിരുന്നൊരുക്കി; പങ്കെടുത്തവരിൽ മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ: മലപ്പുറത്തു നിന്നും ഒരു സൗഹാർദ്ദ കഥ

എം പി റാഫി

മലപ്പുറം: മതസൗഹാർദത്തിന് ഏറെ പേരുകേട്ട മലപ്പുറത്ത് നിന്നും ഇതാ പ്രഭാകരേട്ടന്റെ റംസാൻ വ്രതാനുഭവം. കഴിഞ്ഞ 29 വർഷമായി പുണ്യറംസാനിൽ മുടക്കമില്ലാതെ വ്രതം അനുഷ്ഠിച്ചു വരികയാണ് വളാഞ്ചേരിയിലെ വെസ്റ്റേൺ പ്രഭാകരൻ എന്ന ഈ 54കാരൻ. റംസാൻ വ്രതമെടുക്കുന്ന പതിവിനോടൊപ്പം തന്നെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നോമ്പുതുറയും പ്രഭാകരൻ സംഘടിപ്പിക്കാറുണ്ട്. ജാതി മത രാഷ്ട്രീയ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടുള്ള പ്രഭാകരേട്ടന്റെ വീട്ടിലെ ഈ ഇഫ്താർ സംഗമത്തിന് പ്രത്യേകതകളും വിശേഷങ്ങളും ഏറെയാണ്. തന്റെ റംസാൻ കാല അനുഭവങ്ങളും ഇഫ്താർ വിശേഷങ്ങളും മറുനാടൻ മലയാളി വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് പ്രഭാകരേട്ടൻ.

ജീവകാരുണ്യ രംഗത്ത് സജീവമായ ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ ചീഫ് കോഡിനേറ്ററും, വളാഞ്ചേരി കോഴിക്കോട് റോഡിലെ വെസ്റ്റേൺ ഹാർഡ് വെയർ ഉടമയുമാണ് പ്രഭാകരൻ. 1988ൽ കൂട്ടുകാരൻ മുഹമ്മദ് മുസ്തഫയുടെ പ്രേരണയാലാണ് ആദ്യമായി പ്രഭാകരൻ റംസാൻ നോമ്പ് നോൽക്കുന്നത്. വെറുതെ നാല് ദിവസം മാത്രം അനുഷ്ഠിക്കാം എന്ന് കരുതിയായിരുന്നു വ്രതം ആരംഭിച്ചത്. എന്നാൽ ഈ നാല് ദിവസത്തെ നോമ്പിന്റെ അനുഭൂതി അനുഭവിച്ചറിഞ്ഞതോടെ നിർത്താതെ തുടർന്നും പ്രഭാകരൻ വ്രതമെടുത്തു. അതിപ്പോഴും തുടരുന്നു.

റംസാൻ മാസം മുഴുവനായി നോമ്പ് എടുക്കുന്നതിലൂടെ ശേഷിക്കുന്ന പതിനൊന്ന് മാസവും അതിന്റെ അനുഭൂതി ലഭിക്കുന്നതായി പ്രഭാകരൻ പറയുന്നു. മനസും ശരീരവും ഒരുപോലെ ശുദ്ധീകരിക്കുന്ന കാലമായാണ് റംസാൻ മാസത്തെ കാണുന്നത്. ഏതൊരു മനുഷ്യനുമുള്ള ഇഷ്ട ചെയ്തികളെല്ലാം വർജിച്ചുകൊണ്ടാണ് റംസാൻ വ്രതം അനുഷ്ടിക്കാറുള്ളതെന്ന് പ്രഭാകരൻ പറഞ്ഞു. പകൽ പട്ടിണിയാണെങ്കിൽ രാത്രിയിൽ വയറ് നിറയെ കഴിക്കുന്ന ശീലമൊന്നുമില്ല, നോമ്പിനെ പൂർണാർത്ഥത്തിൽ ജീവിതത്തിലൂടെ അനുഷ്ടിച്ചു കാണിക്കുകയാണ് പ്രഭാകരേട്ടൻ.

പുലർച്ചെ അത്താഴം കഴിച്ച് സന്ധ്യാ സമയം വരെ നീളുന്നതാണ് വ്രതചര്യ. പ്രഭാകരന്റെ നോമ്പുതറ, അത്താഴ സമയങ്ങളിലെ ഭക്ഷണ പാനിയങ്ങളുടെ ക്രമീകരണം ലളിതവും മാതൃകാപരവുമാണ്. അത്താഴ സമയം നെല്ലിക്ക ജ്യൂസും ഒന്നോ രണ്ടോ പഴ വർഗങ്ങളും മാത്രം. നോമ്പുതുറക്കുമ്പോൾ പാനീയവും കക്കരിയും. പിന്നെ രാത്രി ഒമ്പതിന് രണ്ട് ചപ്പാത്തിയോ ദോശയോ. കഴിയുന്നതും ഈ മാസം വെജിറ്റേറിയനാണ് കൂടുതൽ പരിഗണിക്കാറ്. അതേ കഴിക്കൂ എന്ന നിർബന്ധമൊന്നുമില്ല. എന്നാലും കരിച്ചതോ പൊരിച്ചതോ ബിരിയാണിയോ റംസാൻ കാലത്ത് തൊടാറില്ല. ഈ രീതിയിലുള്ള ഭക്ഷണ സമ്പ്രദായമാണ് റംസാൻ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് എല്ലാവരും ചെയ്യേണ്ടതെന്ന് പ്രഭാകരൻ അഭിപ്രായപ്പെടുന്നു.

വലിയൊരു ശതമാനം ആളുകളും അത്തരത്തിലാണ് ചെയ്യുക എന്നറിയാം. എങ്കിലും നോമ്പു തുറന്നു കഴിഞ്ഞാൽ തീന്മേശയിൽ പൊറോട്ടയും ബിരിയാണിയും ഒക്കെയായി ഭക്ഷണത്തോടുള്ള ഒരു യുദ്ധപ്രഖ്യാപനമായാണ് തനിക്ക് തോന്നിയിട്ടുള്ളത്. അത് ശരിയല്ലന്ന അഭിപ്രായത്തോടൊപ്പം പുലർച്ചെ അത്താഴത്തിന് ശേഷമുള്ള ഗാഢമായ നിദ്രയിലേക്ക് പോകുന്നവരും കഴിയുന്നതും ഒഴിവാക്കണമെന്നാണ് പ്രഭാകരേട്ടന് നിർദ്ദേശിക്കാനുള്ളത്.

തന്റെ ഭക്ഷണ രീതികളിൽ മാറ്റം വരുത്തേണ്ടി വരുമെന്നതിനാൽ നോമ്പുതുറ സൽക്കാരങ്ങളിൽ അതികമൊന്നും പങ്കെടുക്കാറില്ല. വർഷങ്ങൾക്കു മുമ്പ് അത്തരത്തിലൊരു ക്ഷണം ലഭിച്ചതും പിന്നീടുണ്ടായ ഒരു അനുഭവവും ഓരോ റംസാനിലും ഓർക്കുന്ന നല്ല അനുഭവങ്ങളിലൊന്നായി പ്രഭാകരൻ പറയുന്നു. സുഹൃത്തായ കാവുംപുറത്തെ വിപി മണിയുടെ വീട്ടിലെ നോമ്പുതുറ പരിപാടിക്കെത്തിയപ്പോൾ മുഹമ്മദ്ക്ക, ആലിക്കുട്ടിയാക്ക എന്നീ രണ്ട് കാരണവർ അവിടെയുണ്ടായിരുന്നു. അച്ഛന്റെ പ്രായമുള്ള ഇവർ പ്രഭാകരനുമായി അടുത്ത ബന്ധമായിരുന്നു. ഇരുവരും നോമ്പ് തുറക്കാനായി പള്ളിയിൽ നിന്നുള്ള വാങ്ക് വിളി കാതോർത്തിരിക്കുന്നു.

വാങ്ക് വിളിച്ചതോടെ കാരക്കയെടുത്ത് നോമ്പ് തുറന്നു. ഉടനെ രണ്ട് ബീഡിയും ആഞ്ഞ് വലിച്ചു. പിന്നെ മഗ്രിബ് നിസ്‌ക്കരിക്കാനായി പള്ളിയിലേക്ക്. ശേഷം ഇവർ തീന്മേശയിലെ ഭക്ഷണമെല്ലാം വാരിവലിച്ച് കഴിച്ചു. ഭക്ഷണ കഴിഞ്ഞ് വീണ്ടും ഇവർ രണ്ട് പൊക വലിച്ചു. ഇതെല്ലാം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ സ്വകാര്യം വിളിച്ച് പുകവലിയുടെ ദൂഷ്യവശങ്ങൾ വിശദീകരിച്ചു കൊടുത്തു. ഇതിന്റെ മൂന്നാം ദിവസം പുകവലി നിർത്തിയ വിവരം സന്തോഷത്തോടെ അറിയിക്കാനായി മുഹമ്മദ്ക്കയുടെ കുടുംബം തന്നെ സമീപിച്ച അനുഭവം പ്രഭാകരേട്ടൻ ഓർത്തെടുത്തു.

വീട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് പ്രഭാകരന്റെ വ്രതാനുഷ്ഠാനം. നാല് തവണ ഭാര്യയും റംസാൻ വ്രതം അനുഷ്ഠിച്ചിട്ടുണ്ട്. റംസാൻ വ്രതം എന്നാൽ വിവരണാതീതമാണെന്നും ശാരീരികവും മാനസികവുമായി ലഭിക്കുന്ന സുഖവും സംതൃപ്തിയുമാണെന്നും പ്രഭാകരൻ പറയുന്നു. പിന്നെ വിശപ്പറിയാനുള്ള ഒരവസരം കൂടിയാണിത്. ഇങ്ങനെ ഒരു പാട് പ്രത്യേകതകളുള്ള റംസാൻ വ്രതം ഈ ബോധമുള്ളിടത്തോളം ജീവിതകാലം മുഴുൻ അനുഷ്ഠിക്കാനാണ് പ്രഭാകരേട്ടന്റെ തീരുമാനം. നാടിന്റെ മാനവിക മുഖം വിളിച്ചോതുന്ന ഇഫ്താർ സംഗമങ്ങൾ വർഷംതോറും സംഘടിപ്പിക്കാനാണ് പ്രഭാകരന്റെ തീരുമാനം.

മതമൈത്രിയുടെ പന്തലിൽ സ്‌നേഹം വിളമ്പുന്ന നോമ്പുതുറ സംഗമം ഈ റംസാൻ കാലത്തും പ്രഭാകരൻ നടത്തിയിരുന്നു. ഉന്നതർ മുതൽ കൂലിപ്പണിക്കാർ വരെ സംഗമിക്കുന്നതാണ് ഈ നോമ്പുതുറ വിരുന്ന്. മന്ത്രി ഡോ.കെ.ടി ജലീൽ, എംഎ‍ൽഎ ആബിദ് ഹുസൈൻ തങ്ങൾ, മുനീർ ഹുദവി വിളയിൽ, ഡോ.ഹുസൈൻ രണ്ടത്താണി, ഡോ.എൻ.എം മുജീബുറഹ്മാൻ തുടങ്ങിയ പ്രമുഖരും പ്രഭാകരേട്ടന്റെ ഇഫ്താർ വിരുന്നിൽ എത്തിയിരുന്നു. പാളകൊണ്ട് നിർമ്മിച്ച ഭക്ഷണ പാത്രങ്ങളും പാനിയങ്ങൾക്കായി സ്റ്റീൽ ഗ്ലാസുമായി തികച്ചും പ്രകൃതിദത്തമായ ചുറ്റുപാടിലായിരുന്നു ഇത്തവണത്തെ നോമ്പുതുറ.

വിളക്ക് തെളിയിച്ച പൂജാമുറിക്ക് സമീപം മഗ് രിബ് നിസ്‌ക്കാരത്തിനായി പ്രഭാകരേട്ടനും കുടുംബവും പായ വിരിച്ചപ്പോൾ മലപ്പുറത്തിന്റെ മതസാഹോദര്യം ഒരിക്കൽ കൂടി വിളിച്ചു പറയുന്നതായി ഇഫ്താർ സംഗമം. എല്ലാ മത രാഷ്ട്രീയ വിഭാഗങ്ങളെ ഒന്നിച്ചിരുത്തുകയും ഭക്ഷണം കഴിക്കുകയും സ്‌നേഹം പങ്കുവെയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അതിലുണ്ടാകുന്ന ആത്മസംതൃപ്തിയാണ് തുടർച്ചയായി നടത്താൻ പ്രേരണ നൽകുന്നതെന്നും പ്രഭാകരൻ പറഞ്ഞു. ജാതിയുടേയും മതത്തിന്റേയുമെല്ലാം പേരിൽ രാജ്യത്ത് വലിയ തരത്തിലുള്ള വേർതിരിവും വിഭാഗീയതയും നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്.

എല്ലാ മേഖലയിലും ഇപ്പോൾ ഈ വിഭാഗീയത വർധിച്ചു വരുന്നുണ്ട്. പ്രസംഗങ്ങൾക്കും ചർച്ചകൾക്കും എല്ലാം ഉപരി റംസാൻ, ഓണം, പെരുന്നാൾ, വിഷു, ക്രിസ്തുമസ് തുടങ്ങിയ എല്ലാ കാലങ്ങളിലും സ്‌നേഹവും സൗഹൃദവും പങ്കുവെയ്ക്കാനായി എല്ലാവരും ഒരുമിച്ചിരിക്കാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവസരമുണ്ടാക്കിയാൽ തന്നെ വിഭാഗീയതക്കും വേർതിരിവിനും തടയിടാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് പ്രഭാകരേട്ടൻ പ്രതീക്ഷ പങ്കുവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP