തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനനം; 1977ലെ ഐ.എഫ്.എസ് ബാച്ചുകാരൻ ഇന്ത്യയുടെ അമേരിക്കൻ അംബാസിഡറായി കാഴ്ചവെച്ചത് ശ്രദ്ധേയമായ പ്രവർത്തനം; ആണവ കരാറിന്റെ സൂത്രധാരൻ; മോദിയുടെ വിദേശ ബന്ധങ്ങളുടെ ബുദ്ധികേന്ദ്രം; ഇന്ത്യയെയും ചൈനയെയും യുദ്ധത്തിന്റെ വക്കിലെത്തിച്ച ഡോക്ലാം പ്രശ്നം പരിഹരിച്ച നയതന്ത്രജ്ഞൻ; രണ്ടാംമോദി സർക്കാറിലെ അപ്രതീക്ഷിത എൻട്രിയായ മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ വിദേശകാര്യ നയതന്ത്രത്തിലെ പുലി തന്നെ
May 31, 2019 | 11:37 AM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഒരു മാധ്യമങ്ങൾക്കും പ്രവചിക്കാൻ കഴിയാതെ തീർത്തും അപ്രതീക്ഷിതമായ എൻട്രിയായിരുന്നു രണ്ടാം മോദി സർക്കാറിലേക്ക് മൂൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെത്. വിദേശകാര്യ മന്ത്രിയാവുമെന്ന് കരുതുന്ന സുബ്രമണ്യം ജയശങ്കർ നയതന്ത്രലോകത്തെ പുലി തന്നെയാണ്. ഇന്ത്യയെയും ചൈനയെയും യുദ്ധത്തിന്റെ വക്കിലെത്തിച്ച ഡോക്ലാം പ്രശ്നം അവസാനിപ്പിക്കാൻ മുൻകൈയെടുത്ത തടക്കമുള്ള നിരവധികാര്യങ്ങൾ അദ്ദേഹത്തിന്റെ സർവീസിൽ പൊൻതൂവലായി കിടക്കുന്നുണ്ട്. മോദിയുടെ വിദേശ ബന്ധങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്ന ജയശങ്കർ ഇന്ത്യാ- യുഎസ് ബന്ധത്തിലും നിർണ്ണായക കണ്ണിയാണ്.
1955 ജനുവരി 9ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ച ജയ്ശങ്കർ സെന്റ് സ്റ്റീഫൻസ് കോളേജ്, ജവഹർ ലാൽ നെഹ്റു കോളേജ് എന്നിവിടങ്ങിളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.1977 ബാച്ച് ഐ.എഫ്.എസുകാരനായ ഇദ്ദേഹം സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണറായ ശേഷമാണ് ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യൻ സ്ഥാനപതിയാകുന്നത്. 2014 - 15 കാലഘട്ടത്തിൽ അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറായിരിക്കെ ഇന്ത്യൻ - യു.എസ് ആണവ കരാർ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. മന്മോഹൻ സിങിന്റെ വിശ്വസ്തനെന്നും ആണവ കരാറിന്റെ സൂത്രധാരകനെന്നും എസ് ജയശങ്കറിനെ വിശേഷിപ്പിക്കാറുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ചൈനാ സന്ദർശനത്തിനിടെയാണ് മോദി ജയ്ശങ്കറുമായി പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം വളരുകയായിരുന്നു. ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ആയിരുന്ന സമയത്ത് അതിർത്തിയിലും സാംസ്കാരികമായും വ്യാവസായികമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ജയശങ്കർ സജീവമായി പ്രവർത്തിച്ചു.രാജ്യത്ത് ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കർ മോദി സർക്കാരിന്റെ വിദേശകാര്യനയങ്ങൾ ആഗോളതലത്തിൽ നിയന്ത്രിച്ചിരുന്ന വ്യക്തി കൂടിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശകാര്യ നയങ്ങൾക്കും, അമേരിക്കയുമായുള്ള സഹകരണത്തിനും നിർണായക പങ്ക് വഹിച്ചതുമാണ്. 2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയശങ്കർ നിയമിതനായത്.അരുണാചൽപ്രദേശിനെച്ചൊല്ലി ഇന്ത്യയെയും ചൈനയെയും യുദ്ധത്തിന്റെ വക്കിലെത്തിച്ച ഡോക്ലാം പ്രശ്നം അവസാനിപ്പിക്കാനും ജയശങ്കറിന്റെ ഇടപെടൽ മുഖ്യകാരണമായിരുന്നു.
ഇന്ത്യാ- യുഎസ് ബന്ധത്തിന്റെ നിർണായക കണ്ണിയായി അറിയപ്പെടുന്നതും ഇദ്ദേഹം തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം ജയശങ്കറായിരുന്നു. 2018-ലാണ് എസ് ജയശങ്കർ വിരമിക്കുന്നത്. നിലവിൽ ടാറ്റാ ഗ്ലോബൽ കോർപ്പറേറ്റ് അഫയേഴ്സിന്റെ തലവനാണ് ജയശങ്കർ. കഴിഞ്ഞ മാർച്ചിൽ പത്മശ്രീ പുരസ്കാരത്തിന് ജയശങ്കർ അർഹനായിരുന്നു.
