Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിവസങ്ങളുടെ ആയുസെണ്ണി രണ്ടു യുവാക്കൾ; നിയമത്തിന്റെ മനമുരുകിയാൽ അവർക്ക് കരളും വൃക്കയും ലഭിക്കും; തടവുകാരുടെ അവയവമാറ്റത്തിനു പക്ഷേ നിയമമില്ല; ആശുപത്രികളും തയ്യാറാവുന്നില്ല

ദിവസങ്ങളുടെ ആയുസെണ്ണി രണ്ടു യുവാക്കൾ; നിയമത്തിന്റെ മനമുരുകിയാൽ അവർക്ക് കരളും വൃക്കയും ലഭിക്കും; തടവുകാരുടെ അവയവമാറ്റത്തിനു പക്ഷേ നിയമമില്ല; ആശുപത്രികളും തയ്യാറാവുന്നില്ല

പാലക്കാട്: ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കുറിക്കപ്പെട്ട കോട്ടയം സ്വദേശിയായ നാൽപത്തിരണ്ടുകാരൻ കാത്തിരിക്കുന്നത് നിയമത്തിന്റെ മനമുരുകാനാണ്. കരൾ മാറ്റിവച്ചില്ലെങ്കിൽ ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഡോക്ടർമാർ ഈ യുവാവിനു നൽകിയിരിക്കുന്നത്.

മലപ്പുറത്ത് താമരമംഗലം സ്വദേശിയായ ശ്രീകുമാരനാകട്ടെ വേണ്ടതു വൃക്കയാണ്. അച്ഛനില്ല, മന്ദബുന്ദിയായ അമ്മ, മാനസികരോഗിയായ അനിയൻ...ഇവരുടെ ഏക അത്താണി ഇരുപത്തെട്ടുകാരനായ ഈ യുവാവാണ്. . നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് രണ്ടുപേർക്കും ഓപ്പറേഷനുള്ള തുക കണ്ടെത്തിയിട്ടുണ്ട്. പക്ഷേ മാറ്റിവയ്ക്കാൻ അവയവമില്ല. ഒടുവിൽ അതും കണ്ടെത്തിയപ്പോൾ നിയമത്തിന്റെ ചില ഇരുണ്ടവശങ്ങൾ അതിനു തടസ്സമായി.

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർ ഇവർക്ക് കരളും വൃക്കയും നൽകാൻ തയ്യാറാണ്. കുന്നംകുളം കലശമലയിലെ ആര്യമഹർഷിയും പത്‌നി സിമിയും നേത്യത്വം നൽകുന്ന ആംസ് ഓർഗൻ ഡൊണേഴ്‌സ് ഇന്ത്യ എന്ന ജീവകാരുണ്യസംഘടന കഴിഞ്ഞ ജനുവരി 26 ന് കണ്ണൂർ ജയിലിലെത്തി അവയവദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തിയിരുന്നു.

ശരീരത്തിൽനിന്ന് എന്തൊക്കെയാണോ എടുക്കാൻ കഴിയുക, അവയൊക്കെയെടുക്കാൻ സമ്മതമാണെന്നു കാണിച്ച് നാലു തടവുകാർ അവയവദാന സമ്മതപത്രത്തിൽ ഒപ്പിട്ടുനൽകി. ജയിൽ സൂപ്രണ്ടും ഈ നല്ല കാര്യത്തിനുവേണ്ട പിന്തുണ നൽകി. ജയിൽസംബന്ധമായ പുതിയ നിയമങ്ങൾ കണ്ണൂരിൽനിന്നാണ് തുടക്കം കുറിക്കുക എന്നതിനാലാണു കണ്ണൂർ ജയിൽ ഇതിനായി തിരഞ്ഞെടുത്തത്.

ഇവരുടെ അവയവങ്ങൾ മാറ്റിവയ്ക്കണമെങ്കിൽ ആദ്യം വേണ്ടത് ജയിലിൽനിന്നുള്ള പരോൾ ആണ്. ഡി.ജി. പി. ക്ക് ഇതിനായി അപേക്ഷ നൽകിയപ്പോൾ കീഴ്‌വഴക്കമില്ലാത്ത സംഗതിയായതിനാൽ സർക്കാറിനു നേരിട്ട് അപേക്ഷ നൽകാൻ പറഞ്ഞു. ശ്രീകുമാരന് വ്യക്ക നൽകാൻ തയ്യാറായ സുകുമാരൻ അധികൃതരോട് നേരിട്ടു സംസാരിക്കാൻ അവസരം നൽകുകയും അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. പരോൾ ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അടുത്ത ദിവസം ആര്യമഹർഷി ആഭ്യന്തര മന്ത്രിയെ നേരിട്ടു കാണുന്നുണ്ട്.

പക്ഷേ നിയമത്തിന്റെ മനമുരുകി പരോൾ ലഭിച്ചാലും ജയിൽ പുള്ളികളുടെ, അതായത് ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ അവയവങ്ങൾ മാറ്റിവയ്ക്കാൻ ആശുപത്രികൾ തയ്യാറല്ല. ക്രിമിനൽ പഞ്ചാത്തലമുള്ളവരുടെ അവയവം ഉപയോഗിച്ച് അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തില്ലെന്നും ഇതിന് പ്രത്യേക അനുമതി വേണമെന്നുമാണ് സ്വകാര്യ ആശുപത്രിക്കാരുടെ വാദം.

ചെയ്തു പോയ തെറ്റിൽ പഞ്ചാത്തപിച്ച് ജയിലിൽ കഴിയുന്ന ചിലർ, ആയുസ്സിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്നവർക്ക് പുതുജീവൻ നൽകാൻ ഒരു പ്രതിഫലവും കൈപ്പറ്റാതെ മുന്നോട്ടുവരുമ്പോഴാണ് ജയിൽപുള്ളികളുടെ അവയവം ഉപയോഗിച്ച് അവയവമാറ്റം ചെയ്യില്ലെന്ന ചില ആശുപത്രികളുടെ നിലപാട്. വിറ്റാൽ ലക്ഷങ്ങൾ കിട്ടുന്ന കരളും വ്യക്കയും പാവപ്പെട്ടവർക്ക് സൗജന്യമായി നൽകാൻ തയ്യാറായി വരുന്നവരുടെ മുമ്പിലാണ് കരളില്ലാത്ത പുതിയ നിയമങ്ങൾ.

ജയിലിലെ തടവുകാരനായ പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ സുകുമാരൻ തന്റെ വ്യക്ക ശ്രീകുമാരനു നൽകാൻ തയ്യാറാണ്. കോട്ടയത്തുള്ള 42 കാരന് കരൾ മാറ്റി വയ്ക്കാനും ജയിലിലെ അന്തേവാസി തയ്യാറാണെങ്കിലും പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ കരൾ മാറ്റിവയ്ക്കാൻ അനുയോജ്യമാണോ എന്നറിയൂ. തടവുകാർ മാത്രമല്ല അവരുടെ കരളും വ്യക്കയും എല്ലാം കുറ്റവാളികളാണെന്ന പോലെയാണ് ആശുപത്രിക്കാരുടെ സമീപനം.

അവയവങ്ങൾ ആവശ്യമുള്ള പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ അവയവങ്ങൾ സൗജന്യമായി കണ്ടെത്തി നൽകുകയാണ് ആര്യമഹർഷിയും പത്‌നി സിമിയും അവരുടെ സംഘടന വഴി ചെയ്യുന്നത്. രണ്ടു പേർക്കായി ഒരെ ദിവസം വ്യക്കദാനം ചെയ്ത ഇന്ത്യയിലെ ആദ്യ ദമ്പതികൾ കൂടിയാണ് ഇവർ. ആയുസ്സറ്റു പോകുന്നവർക്ക് പുതുജീവൻ നൽകാനുള്ള ഇവരുടെ ശ്രമങ്ങൾക്കു മുമ്പിലാണ് നിയമം വില്ലാനാകുന്നത്. ഭൂമിയിൽ ജീവിച്ചിരിക്കാനുള്ളവരുടെ മോഹങ്ങൾക്ക് മീതെയാണ് കറുത്ത നീതി കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP