Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപൂർവരോഗം ബാധിച്ച് അന്ധനായ മകന് പിന്നീട് കേൾവിയും നഷ്ടപ്പെട്ടു; കൈവെള്ളയിൽ ആദ്യക്ഷരം എഴുതി ആശയ കൈമാറ്റം; സമൂഹമാദ്ധ്യമങ്ങളുടെ കാരുണ്യം തുണയായി; ശബ്ദത്തിന്റെ ലോകത്ത് തിരിച്ചെത്തിയ സന്തോഷത്തിൽ അജയനും അമ്മയും

അപൂർവരോഗം ബാധിച്ച് അന്ധനായ മകന് പിന്നീട് കേൾവിയും നഷ്ടപ്പെട്ടു; കൈവെള്ളയിൽ ആദ്യക്ഷരം എഴുതി ആശയ കൈമാറ്റം; സമൂഹമാദ്ധ്യമങ്ങളുടെ കാരുണ്യം തുണയായി; ശബ്ദത്തിന്റെ ലോകത്ത് തിരിച്ചെത്തിയ സന്തോഷത്തിൽ അജയനും അമ്മയും

ആലപ്പുഴ: ജന്മനാ അന്ധനായ അജയന് ഞെട്ടലായി ഒരു ദിവസം കേൾവിയും നഷ്ടപ്പെട്ടു. വൈദ്യശാസ്ത്രത്തിനു പോലും കണ്ടെത്താൻ കഴിയാത്ത അപൂർവ്വരോഗം. ഹൃദയം നുറുങ്ങുന്ന വേദനയിൽ കഴിഞ്ഞ അജയനും കുടുംബത്തിനും ആശ്വാസമായി ഡോ. ജോർജ് കുരുവിള താമരപ്പള്ളിയെത്തി. അപൂർവ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ അജയനെ ശബ്ദത്തിന്റെ ലോകത്തേക്കു തിരിച്ചുകൊണ്ടുവരാനായി.

ആലപ്പുഴ തെക്കനാര്യാട് പുത്തൻപുരയ്ക്കൽ രാജപ്പന്റെയും സുശീലയുടെയും ഇളയമകനാണ് അജയൻ. ഒന്നരപതിറ്റാണ്ട് മുമ്പാണ് അജയനിൽ നിന്നും ശബ്ദം വിട്ടൊഴിഞ്ഞത്. ജനിച്ചപ്പോൾ കാഴ്ചയില്ലായിരുന്നെങ്കിലും അമ്മയും സഹോദരങ്ങളും നയിച്ച വഴിയെ അജയൻ ജീവിതം തള്ളിനീക്കുന്നുണ്ടായിരുന്നു. വിധിയെയും പരാജയപ്പെടുത്തി അജയൻ പഠനത്തിൽ മികവ് കണ്ടെത്തി. കാഴ്ചയില്ലെങ്കിലും പഠനത്തിലെ മികവ് കണ്ട് മാതപിതാക്കൾ എറണാകുളത്തെ അന്ധവിദ്യാലയത്തിൽ അജയനെ ചേർത്തു.

പത്താംക്ലാസ് ഒന്നാം ക്ലാസിൽ ജയിച്ച അജയനെ പിന്നീട് ഉപരിപഠനത്തിനായി ചേർത്തല എസ്എൻ കോളജിൽ ചേർത്തു. +2 പഠനത്തിനായി ചേർന്ന അജയൻ അവിടെയും മികവ് കണ്ടെത്തി. ഫസ്റ്റ് ക്ലാസിൽ പാസായ അജയൻ തുടർപഠനം ആരംഭിക്കാൻ തയ്യാറെടുക്കുമ്പോഴാണ് വിധി മറ്റൊരു ദുരന്തമായി എത്തിയത്. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും പതിവുപോലെ അജയനെ ഒരുക്കി ഭക്ഷണം നൽകി സുരക്ഷിതമായി വീട്ടിൽ ഇരുത്തിയിട്ട് സാധാരണപോലെ പുറത്ത് പണിക്കു പോയി. വൈകുന്നേരം മടങ്ങി എത്തി അജയനെ വിളിച്ചെങ്കിലും അജയൻ വിളികേട്ടില്ല. പലപ്രാവശ്യം വിളിച്ചിട്ടും കേൾക്കാതിരുന്നപ്പോൾ എന്തെങ്കിലും അത്യാഹിതം സംഭവിച്ചുവെന്ന് വിചാരിച്ച് മാതാപിതാക്കൾ വിടിനുള്ളിലേക്ക് ഓടിക്കയറി. അജയൻ വിട്ടിൽ തന്നെ ഉണ്ടായിരുന്നു, കേൾവി നഷ്ടപ്പെട്ടതിനാലാണ് അജയന് വിളി കേൾക്കാൻ കഴിയാതിരുന്നത്.

ദുരിതക്കയത്തിലായ കുടുംബം പിന്നീട് അജയനെ ഒട്ടേറെ സ്ഥലങ്ങളിൽ ചികിൽസയ്ക്കായി കൊണ്ടുപോയെങ്കിലും രക്ഷ കണ്ടില്ല. പിന്നീട് അജയൻ ലോകത്തെ അറിഞ്ഞതാണ് വിസ്മയകരമായത്. അമ്മ കൈവെള്ളയിൽ പറയാൻ ഉദ്ദേശിക്കുന്ന വാക്കിന്റെ ആദ്യ അക്ഷരം എഴുതി കൊടുക്കും. അത് മനസിലാക്കിയാണ് അജയൻ പ്രതികരിച്ചിരുന്നത്. അമ്മയ്ക്ക് എം എന്നും അചഛന് എഫ് എന്നും സഹോദരങ്ങൾക്ക് എസ് എന്നും എഴുതി നൽകിയാൽ അജയന് മനസിലാകും കാര്യങ്ങൾ.

ഇത്തരത്തിൽ ജീവിതം ഇഴഞ്ഞു നീങ്ങുമ്പോഴാണ് കോക്ലിയർ ചികിൽസാ രീതിയെ കുറിച്ച് അജയന്റെ അമ്മ സുശീല കേട്ടറിഞ്ഞത്. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിൽസയെ കുറിച്ച് അന്വേഷിച്ച് മടങ്ങിയെങ്കിലും ഭാരിച്ച പണചെലവ് ഈ കുടുംബത്തിന്റെ പ്രതീക്ഷ അസ്ഥാനത്താക്കി. എന്നാൽ 2014 ൽ ഇതേ ആശുപത്രി ആലപ്പുഴയിൽ കോക്ലിയർ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചത് അജയനും കുടുംബത്തിനും പുത്തൻ പ്രതീക്ഷ നൽകി. കൊച്ചിയിലെ ലൂർദ് ആശുപത്രിയാണ് ഇതു സംഘടിപ്പിച്ചത്.

ക്യാമ്പിൽ അജയനെ പരിശോധിച്ച ലൂർദ് ആശുപത്രി ഇഎൻടി വിഭാഗം മേധാവി ഡോ. ജോർജ് കുരുവിള താമരപ്പള്ളി കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ ശബ്ദത്തിന്റെ ലോകത്തേക്ക് ഇയാളെ തിരിച്ചുകൊണ്ടു വരാനാകുമെന്ന് മാതാപിതാക്കളോട് പറഞ്ഞു. 12 ലക്ഷം ചെലവ് വരുന്ന ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണസമാഹരണമായിരുന്നു പിന്നീട്. എന്നാൽ അതിവേഗത്തിലാണ് സമൂഹമാദ്ധ്യമങ്ങൾ അജയന്റെ ബാധ്യത ഏറ്റെടുത്തത്. യുട്യൂബ് വഴിയും ഫെയ്സ് ബുക്ക് വഴിയും അജയന്റെ കഥ കേട്ടവർ കൈനിറയെ പണം അജയന്റെ ചികിൽസക്കായി അയച്ചു കൊടുത്തു.

ഒടുവിൽ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അജയന്റെ എക്കാലത്തേയും മോഹം പൂവണിഞ്ഞു. കോക്ലിയർ ചികിൽസയിലൂടെ കേൾവി തിരികെ ലഭിച്ച അജയനും കുടുംബവും ഇന്ന് അതീവ സന്തോഷത്തിലാണ്. ഈ സന്തോഷം അറിയിക്കാനാണ് ആശുപത്രി അധികൃതരും അജയന്റെ കുടുംബവും മാദ്ധ്യമ പ്രവർത്തകരെ സമീപിച്ചത്. ഒരിക്കൽ തന്നിൽ നിന്നും നഷ്ടപ്പെട്ടുപോയ കേൾക്കാനുള്ള കഴിവ് തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ മുപ്പത്തഞ്ചുകാരൻ. കേരളത്തിൽ ഇത്തരത്തിൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ അപൂർവമാണെന്ന് ബൈലാപ്റ്ററൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയാണ് അജയന് നടത്തിയതെന്നും ഡോക്ടർ ജോർജ് കുരുവിള താമരപ്പള്ളി പറഞ്ഞു.

കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന പദ്ധതിപ്രകാരം ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് ശസ്ത്രക്രിയയും ചിലവേറിയ ശ്രവണ സഹായ ഉപകരണങ്ങളും ആശുപത്രിയിൽ സൗജന്യമായി ലഭിക്കുമെന്നും ഇഎസ്എ ആനുകൂല്യങ്ങളുപയോഗിച്ച് ഇത്തരം ശസ്ത്രക്രിയ നടത്താനുള്ള സൗകര്യവും ആശുപത്രിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാഗീകമായ കാഴ്ചയും പൂർണ്ണമായ ശ്രവണശക്തിയും തിരിച്ചു കിട്ടിയ അജയന് ഇപ്പോൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽനിന്നും ജോലിക്കായുള്ള അറിയിപ്പ് എത്തി. ഇതും അജയന് ഏറെ ആനന്ദം നൽകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP