Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഭൂമി സൗജന്യമായി തരപ്പെടുത്തി പാർട്ടി ആസ്ഥാനം പണിത സിപിഐ(എം) നികുതി ഇളവുകളും സർക്കാർ ഗ്രാന്റും വാങ്ങുന്നതിലും പിശക് കാട്ടിയില്ല; എകെജി സെന്റർ കെട്ടിട നികുതി പോലും അടയ്ക്കുന്നില്ല; അനധികൃത കൈയേറ്റത്തെ കുറിച്ച് വാതുറക്കാൻ പ്രതിപക്ഷത്തിന് പോലും പേടി

സർക്കാർ ഭൂമി സൗജന്യമായി തരപ്പെടുത്തി പാർട്ടി ആസ്ഥാനം പണിത സിപിഐ(എം) നികുതി ഇളവുകളും സർക്കാർ ഗ്രാന്റും വാങ്ങുന്നതിലും പിശക് കാട്ടിയില്ല; എകെജി സെന്റർ കെട്ടിട നികുതി പോലും അടയ്ക്കുന്നില്ല; അനധികൃത കൈയേറ്റത്തെ കുറിച്ച് വാതുറക്കാൻ പ്രതിപക്ഷത്തിന് പോലും പേടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 1977 ൽ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോൾ എകെജി പഠനകേന്ദ്രം തുടങ്ങാൻ അനുവദിച്ച 28 സെന്റ് ഭൂമിയിലാണ് ചട്ടം ലംഘിച്ച് എകെജി സെന്റർ എന്ന സിപിഐ(എം) പാർട്ടി ഓഫീസ് പടുത്തുയർത്തിയത്. ഇതിനൊപ്പം സിപിഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് ലഭിച്ച വഴിവിട്ട ആനൂകൂല്യങ്ങളുടെ കണക്കും ഞെട്ടിക്കുന്നതാണ്. എന്നാൽ ലോ അക്കാദമി വിഷയം ചർച്ചയാക്കുന്ന കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പോലും ഇതേ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇതോടെ അനധികൃത നേട്ടങ്ങൾ സിപിഎമ്മിന് പ്രശ്‌നവുമാകുന്നില്ല.  ലോ അക്കാദമി വിഷയത്തിൽ സിപിഐ-എം പാലിക്കുന്ന അർഥഗർഭമായ മൗനം വെറുതേയല്ലെന്നും അക്കാദമി ഭൂമി തിരിച്ചു പിടിക്കാൻ സർക്കാരിന് അവകാശമുണ്ടെങ്കിൽ ഇതിനൊപ്പം എകെജി സെന്ററും ഇടിച്ചു നിരത്തേണ്ടി വരുമെന്നും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ രേഖകൾ പുറത്തുവരുന്നത്.

പൊതു ആവശ്യങ്ങൾക്കും, വിദ്യാഭ്യാസ-ആതുരസേവന പ്രവർത്തനങ്ങൾക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ സൗജന്യങ്ങൾ കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവരുന്നത്. 1979-80 രണ്ടാം അർദ്ധ വർഷം മുതൽ 1987-88 ഒന്നാം അർദ്ധ വർഷം വരെ 2,20,896 രൂപയാണ് എകെജി സ്മാരക കമ്മിറ്റിക്ക് നായനാർ സർക്കാർ നികുതിയിളവ് നൽകിയത്. പൊതു ആവശ്യങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ആതുരസേവനം, ലൈബ്രറികൾ എന്നിവയ്ക്ക് സൗജന്യമനുവദിക്കുന്ന 103-ാം വകുപ്പ് പ്രകാരമായിരുന്നു ഇത്. സിപിഐ(എം) നിയന്ത്രണത്തിലുള്ള കെട്ടിടത്തിന് നികുതിയിളവ് നൽകിയ നടപടി ചോദ്യം ചെയ്യപ്പെട്ടെങ്കിലും എകെജി സ്മാരക കമ്മിറ്റിക്കാണ് ഇളവ് അനുവദിച്ചതെന്നായിരുന്നു അന്ന് വി.ജെ.തങ്കപ്പൻ സഭയിൽ മറുപടി നൽകിയത്.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ അപേക്ഷയെ തുടർന്നായിരുന്നു ഇതെന്നും വി.ജെ തങ്കപ്പൻ മറുപടി നൽകിയതായി 1988 മാർച്ച് 29ലെ നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. അതേസമയം ഗവേഷണ കേന്ദ്രമെന്ന നിലയിലോ വിദ്യാഭ്യാസ, ആതുരസേവന സംവിധാനമെന്ന നിലയിലോ പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലമല്ല എകെജി സെന്ററും സ്മാരക കമ്മിറ്റിയും. എല്ലാ സംഘടനകളിൽപെട്ടവരെയും പൊതുജനങ്ങളെയും ഉൾക്കൊള്ളുന്നതാകണം സ്മാരക സമിതിയെന്ന നിർദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല. സ്മാരക കമ്മിറ്റി തന്നെ നിലവിലുണ്ടോയെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയും കെട്ടിടവും അനധികൃതമായി കൈവശം വച്ചിരിക്കുന്നതിന് പുറമെയാണ് ഈ നിയമലംഘനവും.

എകെജി സെന്ററിനെ തിരുവനന്തപുരം കോർപ്പറേഷൻ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയതും നിയമസഭയിൽ കെ.പി നൂറുദ്ദീൻ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിൽ എകെജി സെന്ററിന്റെ ഒരു ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു വി.ജെ തങ്കപ്പന്റെ മറുപടി. ഇക്കാരണത്താൽ പൂർണമായും സിപിഎമ്മിന്റെ മാത്രം നിയന്ത്രണത്തിൽ പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് 103-ാം വകുപ്പനുസരിച്ചുള്ള സർക്കാർ സൗജന്യങ്ങൾ നൽകുന്നത് ചട്ടലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.

1977-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ് കേരള സർവകാലാശാലയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം എകെജി മെമോറിയൽ കമ്മിറ്റിക്ക് സൗജന്യമായി വിട്ടുനൽകിയത്. എകെജി പഠനകേന്ദ്രത്തിനായി നൽകിയ ഭൂമിയിൽ രാഷ്ട്രീയ ഭേദമന്യെ പൊതുജനങ്ങൾക്കായി ലൈബ്രറി, കോൺഫ്രൻസ് ഹാൾ എന്നിവ നിർമ്മിക്കണമെന്നായിരുന്നു നിർദ്ദേശം. ആന്റണിയുടെ നടപടിക്കെതിരെ അന്ന് കോൺഗ്രസിൽ എതിർപ്പുയർന്നെങ്കിലും അതൊക്കെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വൈകാതെ, യൂണിവേഴ്‌സിറ്റി കോളജിന്റെ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റ് ഒരിക്കൽ സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ എകെജി സ്റ്റഡി സെന്ററിന്റെ പേരിൽ അഞ്ചുനില കെട്ടിടം ഉയർന്നു. 1980-ൽ ഇകെ നായനാർ മുഖ്യമന്ത്രിയായപ്പോൾ സിപിഐ-എം ആസ്ഥാനം എകെജി സെന്ററിലേക്ക് മാറ്റി. അതോടെ എകെജി സ്റ്റഡി സെന്റർ എന്ന സങ്കൽപ്പം ഇല്ലാതായി. 1987-ൽ ഇടത് സർക്കാർ നിയമിച്ച കേരളാ സർവകലാശാല വൈസ് ചാൻസിലറുടെ നിർദ്ദേശപ്രകാരം എകെജി സെന്ററിനെയും സർവകലാശാലയേയും വേർതിരിച്ചു കൊണ്ട് മതിൽ ഉയർന്നു. സർവകലാശാലയുടെ പക്കൽ ഉണ്ടായിരുന്ന ഏഴര സെന്റ് ഭൂമി കൂടി എകെജി സെന്ററിന് അനധികൃതമായി വിട്ടുകൊടുത്തു കൊണ്ടായിരുന്നു മതിൽ നിർമ്മാണം.

അന്നത്തെ കാലത്ത് ഈ ഭൂമിക്ക് സെന്റിന് അഞ്ചുലക്ഷം രൂപയിലധികം വിലയുണ്ടായിരുന്നു. ഇക്കാര്യം അന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.  ഇതു സംബന്ധിച്ച എല്ലാ ഫയലുകളും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. 1977 ഓഗസ്റ്റ് 20 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ഭൂമി എ കെ ജി സ്മാരക കമ്മിറ്റിക്ക് നൽകിയത് . അതേ വർഷം മെയ് 25 ന് സ്മാരക കമ്മിറ്റി സെക്രട്ടറി നൽകിയ അപേക്ഷയിന്മേലാണ് സർക്കാർ അനുമതി നൽകിയത് .പിന്നീട് സ്മാരക ട്രസ്റ്റുണ്ടാക്കി അതിന്റെ പേരിൽ കുറച്ചു ഭൂമി കൂടി സർവകലാശാലയിൽ നിന്ന് കൈവശപ്പെടുത്തി. പിന്നീട് 1987-91 ലെ നായനാർ സർക്കാരിന്റെ കാലത്ത് ഭൂമിക്കും കെട്ടിടത്തിനും നികുതിയിളവും നൽകി . എട്ടുവർഷത്തെ മുൻ കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് നൽകിയത് . 

പാർട്ടി നേതാക്കളുടെ താമസസ്ഥലമായും പാർട്ടി ആസ്ഥാനമായും ഉപയോഗിക്കുന്ന സ്ഥാപനം നിൽക്കുന്ന സ്ഥലത്തിനാണ് നികുതിയിളവ് നൽകിയിരിക്കുന്നത്. നിലവിൽ സ്മാരക കമ്മിറ്റിയുടെ പേരിലാണോ ട്രസ്റ്റിന്റെ പേരിലാണോ ഭൂമിയെന്നത് ഇപ്പോഴും വ്യക്തമല്ല . ഇതിനെച്ചൊല്ലി നിരവധി വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഒന്നും എങ്ങുമെത്തിയില്ല. സർവകലാശാല ചാൻസിലറും കേരളാ ഗവർണറുമായിരുന്ന പി. രാമചന്ദ്രനു മുന്നിൽ യൂത്ത് കോൺഗ്രസ് ഇതുസംബന്ധിച്ച് നിവേദനം സമർപ്പിച്ചതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി അധികൃതരിൽ നിന്നും ഗവർണർ വിശദീകരണം ചേദിച്ചിരുന്നു. എന്നാൽ യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ പോലും അന്നത്തെ വൈസ് ചാൻസിലർ അനുമതി നൽകിയിരുന്നില്ല. ഇതുസംബന്ധിച്ച് ഉയർന്ന വിവാദം അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി വി എസ്.അച്യുതാനന്ദൻ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. 

എകെജിയുടെ സ്മരണയ്ക്കായി സ്റ്റഡി സെന്റർ നിർമ്മിക്കുന്നതിന് കൈമാറിയ ഭൂമി എങ്ങനെ സിപിഐ-എം ആസ്ഥാനമായി മാറി എന്നതാണ് പ്രധാന ചോദ്യം. ഇതിനോട് സമാനമായ സംഭവമാണ് ലോ അക്കാദമി വിഷയത്തിലും നടന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP