Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കളക്ടറുടെ ആൽ മുറി വീണു കിട്ടിയ ആയുധമായി; ബിജു പ്രഭാകറിനെ ഒഴിവാക്കിയത് ഓപ്പറേഷൻ അനന്ത അട്ടിമറിക്കാൻ; തിരുവനന്തപുരത്തെ വമ്പൻ കൈയേറ്റക്കാർക്ക് ഇനി ആശ്വാസം

ആവണി ഗോപാൽ

തിരുവനന്തപുരം: വമ്പന്മാരെ തൊട്ടാൽ വിവരമറിയും. അതിന് സമ്മതിക്കുകയുമില്ല. തിരുവനന്തപുരത്തെ ഓപ്പറേഷൻ അനന്തും അസ്തമിക്കും. ചീഫ് സെക്രട്ടറി ജിജി തോംസൺ അമിതാവേശത്തിൽ തുടങ്ങിയതാണ് ഓപ്പറേഷൻ അനന്ത. എടുത്തു ചാട്ടത്തിൽ ഒരു കാര്യം മറന്നു പോയി. അത് തിരുവനന്തപുരം ജില്ലാ കളക്ടറെ കുറിച്ചാണ്. ആർക്കും വഴങ്ങാത്ത തിരുവനന്തപുരം കളക്ടർക്ക് ഓപ്പറേഷൻ അനന്ത കൈയിൽ കിട്ടിയ ആയുധമായി. ചീഫ് സെക്രട്ടറിയുടെ ആശയ പൂർത്തീകരണത്തിനായി ബിജു പ്രഭാകർ മുന്നിട്ടിറങ്ങി. നഗരത്തിലെ വെള്ളപ്പൊക്കത്തിന് കാരണമായി ഓടയ്ക്ക് മുകളിൽ പണിതതെല്ലാം പൊളിച്ചു നീക്കി. ആരും കടന്നു ചെല്ലാൻ ഭയക്കുന്ന കരിമഠം കോളനി പോലും ബിജു പ്രഭാകർ നടന്ന് കയറിയപ്പോൾ അനങ്ങിയില്ല. അനധികൃതമായതെല്ലാം പൊള്ളിച്ചു നീക്കി, ലാത്തിചാർജ്ജോ വെടിവയ്‌പ്പോ ഒന്നും ഇതിനൊന്നും വേണ്ടി വന്നില്ല.

കളക്ടറുടെ കണ്ണ് വൻകിടക്കാരിലാണെന്ന് ഇതിനിടെ സർക്കാർ തിരിച്ചറിഞ്ഞു. അങ്ങനെ ഓപ്പറേഷൻ അനന്ത രണ്ട് ഘട്ടമായി. വൻ കിടക്കാരെ പിന്നീട് ഒഴിപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി തന്നെ പറഞ്ഞു. ഇനി ഓട കെട്ടലാകട്ടെ പണിയെന്നും കളക്ടർക്ക് നിർദ്ദേശം നൽകി. മഴക്കാലത്തിന് മുമ്പ് എല്ലാം ചെയ്തു തീർക്കാൻ ബിജു പ്രഭാകർ മുന്നിട്ടിറങ്ങിയപ്പോൾ വീണ്ടും വെട്ടിലായി. ഇതു കഴിഞ്ഞ് വമ്പന്മാരെ തൊടുമെന്ന് സർക്കാരിനറിയാം. അതുകൊണ്ട് തന്നെ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി. ഇതിന് പല ന്യായങ്ങൾ സർക്കാരിന് പറയാനുണ്ട്. എന്നാൽ വമ്പൻ കടകളുടേയും തീയേറ്റർ സമുച്ഛയങ്ങളുയേയുമെല്ലാം ഓട കയ്യേറ്റം പൊളിക്കാതിരിക്കാനാണ് ഈ നീക്കമെന്ന് തലസ്ഥാനം ഒന്നടങ്കം വിശദീകരിക്കുന്നു. അച്ചടക്കമുള്ള ഐഎഎസുകാരനാകാൻ മനസ്സിലെ വേദന പരസ്യമായി ബിജു പ്രഭാകർ പറയുന്നില്ല. എല്ലാം നല്ലതിന് എന്ന ഒറ്റ വാക്കിൽ ഒതുക്കുകയാണ് ബിജു.

തലസ്ഥാനനഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാൻ പഴയ ഓടകൾ തപ്പിപ്പോയ കളക്റ്ററും സംഘവും ഓടയ്ക്കു മീതെയുള്ള കുറേ കടകൾ പൊളിച്ചു. കൂട്ടത്തിൽ പത്മനാഭസ്വാമീ ക്ഷേത്രത്തിനടുത്തുള്ള ഏതോ ആലും മുറിച്ചു. അതിനു മുമ്പേ തന്നെ ക്ഷേത്രം നമ്പിയോടു അനുവാദം മേടിച്ചിരുന്നു. എന്നാൽ ഹിന്ദു ഐക്യവേദി കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടു 30നു മാർച്ച് നടത്തുമെന്ന് 28നു പോസ്റ്റർ അടിച്ചിറക്കി. ഇതോടെയാണ് സർക്കാരിന് ഇടപെടലിന് അവസരം ഒരുങ്ങിയത്. അമേരിക്കയിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് പോയ ജില്ലാ കളക്ടർ ബിജു പ്രഭാകറിന് അവധി അനുവദിച്ചു. ഒപ്പം കളക്റ്ററെ മാറ്റി പകരം കൊല്ലം കളക്ടറെ തിരുവനന്തപുരത്ത് പ്രതിഷ്ഠിച്ചു. അതായത് മടങ്ങിയത്തുമ്പോൾ ജില്ലാ കളക്ടർ സ്ഥാനം ബിജു പ്രഭാകറിന് ഇല്ല.

കിഴക്കേക്കോട്ടയിലും തമ്പാനൂരിലും നടത്തിയ വെള്ളക്കെട്ട് നിവാരണ പദ്ധതിയാണ് ഓപ്പറേഷൻ അനന്ത. മെയ്‌ 31 മുമ്പ് ഇതിന്റെ പരിപാടികൾ തീർക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പണികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ചില പാകപ്പിഴകൾ അനന്തയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ ചില്ലറ അതൃപ്തി ചില ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. അതിനാലാണ് ഓപ്പറേഷൻ അനന്ത പുരോഗമിക്കുന്നതിനിടെ തന്നെ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ അവധി അനുവദിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഗണപതി ക്ഷേത്രത്തിൽ ആദ്യം കണ്ടെത്തിയ പഴയ ഓടയുടെ സ്ഥാനംമാറ്റി ഹോമിയോ ആശുപത്രിക്ക് മുന്നിലൂടെ ആക്കിയത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു.

അമേരിക്കയിലെ വാഷിങ്ടണിലെ ജോൺസ് ഹോപ്ക്കിൻസ് യൂണിവേഴ്‌സിറ്റിയൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് പോകാനാണ് ബിജു പ്രഭാകർ അവധി ചോദിച്ചിരുന്നത്. ഓപ്പറേഷൻ അനന്തയും അരുവിക്കര ഉപതിരഞ്ഞെടുപ്പും നടക്കുന്നതിനാൽ വേണമെങ്കിൽ സർക്കാരിന് അവധി അനുവദിക്കാതിരിക്കാമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷവും അനുമതി നൽകുകയായിരുന്നു. കൊല്ലം കളക്ടർ ജെ. എ.കൗശിഗനെയാണ് പകരം നിയമിച്ചിരിക്കുന്നത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പകരം ചുമതല നൽകാതെ പുതിയ കളക്ടറെ നിയമിച്ചതെന്നാണ് വാദം. എന്നാൽ, പരിശീലനം കഴിഞ്ഞുവന്നാലും ബിജു പ്രഭാകറിന് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചുമതല നൽകില്ലെന്നാണ് കേൾക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും തടസ്സമാകും. ഈ പഴുതുപയോഗിച്ച് ബിജു പ്രഭാകറിന് വേറെ സ്ഥാനവും നൽകും.

മുതിർന്ന കോൺഗ്രസ് നേതാവും ധനമന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ് ബിജു. അതുകൊണ്ട് തന്നെ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കൂടുതൽ പരിഗണന ലഭിക്കേണ്ട വ്യക്തി. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഇടത് സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയെ ഉടച്ചു വാർക്കുന്നതിന് മുന്നിൽ നിന്ന ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകർ. ആരോഗ്യമന്ത്രിയായി യുഡിഎഫ് ഭരണകാലത്ത് അടൂർ പ്രകാശ് എത്തിയതോടെ കാര്യങ്ങൾ മാറി. കമ്മീഷനോട് താൽപ്പര്യമില്ലാത്ത ഐഎഎസുകാരനെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ തലപ്പത്ത് നിന്ന് നീക്കി. പകരം ഇടുക്കി ജില്ലാ കളക്ടറാക്കി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പഴയ കോൺഗ്രസ് നേതാവിന്റെ മകൻ വിഷമമറിയിച്ചപ്പോൾ ഇടുക്കിയിൽ നിന്ന് ഒഴിവാക്കി. തലസ്ഥാനത്ത് തന്നെ എന്തെങ്കിലും തരാമെന്ന് പറഞ്ഞു.

അങ്ങനെ ആർക്കും വേണ്ടാത്ത ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി. ആദ്യം പൂട്ടിച്ചത് തിരുവനന്തപുരത്തെ ആബ്രോസിയ ബേക്കറി. അടൂർ പ്രകാശിന്റെ അടുത്ത ബന്ധുവിന്റെ ഈ ബേക്കറിയിൽ ബിജു പ്രഭാകർ മനപ്പൂർവ്വം കണ്ണു വച്ചതാണെന്ന് ആക്ഷേപം ഉയർന്നു. ഇതിനിടെ സംസ്ഥാനത്തെ ഹോട്ടലുകളും പഞ്ച നക്ഷത്ര ഹോട്ടലുമെല്ലാം ബിജു പ്രഭാകർ കയറി ഇറങ്ങി. അടുക്കളയിലെ പരിശോധന പിടിവിട്ടപ്പോൾ വീണ്ടും പ്രതിസന്ധി. അങ്ങനെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്ഥാനവും പോയി. ആർക്കും വേണ്ടാത്ത പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേക്കും നിയോഗിച്ചു. അവിടേയും മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിച്ചു. മുസ്ലിം ലീഗ് മന്ത്രിയായ അബ്ദുറബ്ബിന്റെ നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയുമില്ല. അങ്ങനെ ശല്യം കൂടിയപ്പോൾ തിരുവനന്തപുരം ജില്ലാ കളക്ടറുമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്ളതിനാൽ കളക്ടർക്ക് വലിയ റോളില്ലെന്നായിരുന്നു കണക്കു കൂട്ടൽ.

ശ്രീ ചിത്രാ പുവർ ഹോമിലെ മാറ്റങ്ങളോടും പലർക്കും പിടിച്ചില്ല. യുവജന കമ്മീഷനുമായി കളക്ടർ തെറ്റിയതും വാർത്തയായി. അങ്ങനിരിക്കുമ്പോഴാണ് ഓപ്പറേഷൻ അനന്ത. ബിജു പ്രഭാകറിന്റെ ശൈലിക്ക് യോജിച്ചതായിരുന്നു അത്. ഇത് മനസ്സിലായതോടെ കളക്ടർ സ്ഥാനത്തു നിന്നും നീക്കി. തിരുവനന്തപുരത്തെ വമ്പന്മാരുടെ ഓട കൈയേറ്റം ഒഴിപ്പിക്കുമെന്ന ഉറച്ച നിലപാട് തന്നെയാണ് ഇതിന് കാരണമായത്. ബാക്കി പറയുന്നതെല്ലാം സർക്കാരിന്റെ വെറും തന്ത്രവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP