Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

5000 കോടി കണ്ടിട്ടും കണ്ണു മഞ്ഞളിച്ചില്ല; സിബിഐ സ്റ്റൈലിൽ പ്രോസിക്യൂട്ടർ അന്വേഷകനായി; സാക്ഷികളുടെ മൊഴിമാറ്റവും തന്ത്രപരമായി ഒഴിവാക്കി; നിസാമിനു ശിക്ഷയെത്തുമ്പോൾ ലക്ഷ്യം കാണുന്നത് അഡ്വ. സി പി ഉദയഭാനുവിന്റെ കണിശത

5000 കോടി കണ്ടിട്ടും കണ്ണു മഞ്ഞളിച്ചില്ല; സിബിഐ സ്റ്റൈലിൽ പ്രോസിക്യൂട്ടർ അന്വേഷകനായി; സാക്ഷികളുടെ മൊഴിമാറ്റവും തന്ത്രപരമായി ഒഴിവാക്കി; നിസാമിനു ശിക്ഷയെത്തുമ്പോൾ ലക്ഷ്യം കാണുന്നത് അഡ്വ. സി പി ഉദയഭാനുവിന്റെ കണിശത

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോടതിക്ക് മുന്നിൽ നിസാം പറഞ്ഞത് 5000 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്. അതുകൊണ്ട് തനിക്കെതിരായ ശിക്ഷ ഇളവ് ചെയ്യണമെന്നും. അസാധാരണമായ വാദമായിരുന്നു അത്. കോടതിയിൽ നിയമാനുസൃതം 5000 കോടിയുടെ സ്വത്തുണ്ടെന്ന് സമ്മതിക്കുന്ന ഒരാളുടെ ആസ്തി അതിലും പതിന്മടങ്ങാകും. ഈ പണക്കൊഴുപ്പിന് മുന്നിൽ നട്ടെല്ല് വളയാത്ത സിപി ഉദയഭാനുവാണ് നിസാമിന് ശിക്ഷ ഉറപ്പാക്കുന്നത്. പല പ്രലോഭനങ്ങൾ ഉണ്ടായി. കേസ് അന്വേഷണത്തിൽ മുതലാളിക്ക് അനുകൂലമായുള്ള ഇടപടലും. ഇതെല്ലാം കരുതലോടെ കണ്ട് ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചാണ് ഉദയഭാനുവെന്ന അഭിഭാഷകൻ താരമാകുന്നത്.

നിസാമിന്റെ കൊലക്കുറ്റത്തെ വെറുമൊരു വാഹനാപടകമാക്കി മാറ്റാനുള്ള സാധ്യതയെല്ലാം ഉണ്ടായിരുന്നു. നിസാമിനെ വിഷാദ രോഗിയായി ചിത്രീകരിക്കാനും നീക്കമുണ്ടായി. ഇതിനെല്ലാം പൊലീസ് തലപ്പത്തുള്ളവരുടെ ഒത്തശയുമുണ്ടായിരുന്നു. ചികിൽസാ പിഴവായി മരണത്തെ ചിത്രീകരിക്കാനും ശ്രമിച്ചു. അതെല്ലാം പ്രോസിക്യൂട്ടറുടെ ശക്തമായ നീക്കമാണ് പൊളിച്ചത്. വധശിക്ഷയ്ക്കായി ശക്തമായി വാദിച്ചെങ്കിലും അന്വേഷണത്തിന്റെ തുടക്കത്തിൽ വന്ന പിഴവുകൾ വിനായാകുകയായിരുന്നു. അപ്പോഴും വെറുമൊരു വാഹനാപകടമാക്കി മാറ്റാതിരിക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കാൻ ഉദയഭാനുവിനായി.

വിചാരണ തുടങ്ങി ആദ്യദിനം തന്നെ ദൃക്‌സാക്ഷി കൂറുമാറിയ കേസായിരുന്നു ചന്ദ്രബോസ് കൊലക്കേസ്. അതുകൊണ്ട് തന്നെ എല്ലാം തകർന്നടിയുമെന്ന് കരുതിയവരുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ നിസമാന്റെ പണക്കരുത്ത് സജീവമായുണ്ടായിരുന്നു. ആദ്യ ദിനം പ്രോസിക്യൂഷന് എതിരായി മൊഴി കൊടുത്ത അനൂപ് അടുത്ത ദിവസം സത്യം പറഞ്ഞു. മുഖ്യസാക്ഷി കൂറുമാറിയെന്ന് ആദ്യ ദിനം പ്രഖ്യാപിച്ച അതേ കോടതിയിൽ അനൂപ് കണ്ടെതെല്ലാം തുറന്നു പറഞ്ഞു. ആദ്യം ദിനം മൊഴിമാറ്റിയ സാക്ഷിയുടെ വിസ്താരം രണ്ടാം ദിനത്തിലേക്ക് നീട്ടിയെടുത്ത പ്രോസിക്യൂട്ടറുടെ തന്ത്രമാണ് ഫലം കണ്ടത്. ചന്ദ്രബോസിനെ ക്രൂരമായി കൊന്ന നിസാമിനെ രക്ഷിക്കാൻ മൊഴി കൊടുത്ത അനൂപിനെതിരെ സമൂഹ മനസാക്ഷി ഉണർന്നു. അനൂപിന്റെ ഭാര്യയും മക്കളും പോലും തള്ളിപ്പറഞ്ഞു. ഇതോടെ അടുത്ത ദിവസം സത്യം പറയുകയായിരുന്നു.

കുറൂമാറിയ സാക്ഷിയ്‌ക്കെതിരെ അതി ശക്തമായ വാദവും ഉദയഭാനു നടത്തി. അനൂപിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നായിരുന്നു ആവശ്യം. ഇത് ഏതാണ്ട് കോടതിയും അംഗീകരിച്ചു. എന്നാൽ മകളേയും കൊണ്ട് ആശുപത്രിയിൽ പോകണമെന്ന ആവശ്യം അനൂപ് ഉന്നയിച്ചപ്പോൾ ഉദയഭാനും വഴങ്ങി. പിന്നീടൊരിക്കലും സാക്ഷികൾ കള്ളം പറഞ്ഞില്ല. നിസാം ഹാജരാക്കിയ സാക്ഷികൾ പോലും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി കൊടുത്തത്. നിസാമന്റെ ഭാരയുടെ മൊഴിമാറ്റം കേസിനെ സ്വാധീനിക്കില്ലെന്ന് ഉറപ്പാക്കാനും കഴിഞ്ഞു. ശാസ്ത്രീയ തെളിവുകൾ തീരെ അവശേഷിക്കാത്ത കേസായിരുന്നു ഇത്. ഹമ്മർ മാത്രമായിരുന്നു തൊണ്ടി മുതൽ. ചന്ദ്രബോസിന്റെ വസ്ത്രം പോലും നശിപ്പിക്കപ്പെട്ടു. ഇതൊന്നും വിവാദമാക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മെനക്കെട്ടില്ല. സാക്ഷി മൊഴികളുടെ കരുത്തിൽ നിസാമിന്റെ കൊലക്കുറ്റം സ്ഥാപിക്കാൻ പ്രോസിക്യൂട്ടർക്കായി.

സാധാരണ പ്രധാന കേസുകളിലെല്ലാം പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരാണ് താരമാവുക. എന്നാൽ നിസാമിന് ശിക്ഷ എത്തുമ്പോൾ പ്രോസിക്യൂട്ടറും. കള്ളക്കളികൾ കാരണം സിബിഐ അന്വേഷണത്തിന് പോലും മുറവിളി ഉയർന്ന കേസാണ് ഇത്. നേര് പുറത്തെത്തുന്നതിനോട് കേരളാ പൊലീസിന് ഒട്ടും താൽപ്പര്യമില്ലാതിരുന്ന കൊലപാതകം. മുതലാളിയായ നിസാമിന് മുന്നിൽ താണ് വണങ്ങി നിൽക്കുന്ന രാഷ്ട്രീയ നേതൃത്വവും. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ പോലെയായിരുന്നു ഉദയഭാനുവിന്റെ ഇടപെൽ. സിബിഐ സ്റ്റൈലിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകളെ ഉദയഭാനും സ്വന്തം നിലയിൽ മറികടന്നു. ഇത് തന്നെയാണ് ചന്ദ്രബോസ് വധക്കേസിലെ വിധിന്യായത്തിലും തെളിയുന്നത്.

നിസാമിന്റെ കേസിൽ അന്വേഷണം തുടങ്ങിയതു മുതൽ കള്ളക്കളികൾ വ്യക്തമായിരുന്നു. തൃശൂർ എസ്‌പി ജേക്കബ് ജോബിന്റെ ഇടപെടലും ചർച്ചയായി. തുടക്കത്തിൽ തന്നെ പ്രോസിക്യൂട്ടറെ സ്വാധീനിച്ച് ജാമ്യം ഉറപ്പാക്കാൻ നിസാമും കള്ളക്കളി തുടങ്ങി. വെറുമൊരു അപകടമരണമായി കണ്ട് എല്ലാം ഒതുക്കാനുള്ള പഴുതുകൾ ഏറെയുണ്ടായിരുന്നു. ചന്ദ്രബോസിന്റെ ഭാര്യ ജമന്ത്രിയെ കാശുകൊടുത്ത് സ്വാധീനിക്കാനുള്ള നീക്കം പൊളിഞ്ഞപ്പോഴായിരുന്നു ഇത്. പ്രോസിക്യൂട്ടർ പിടിവിട്ടാൽ നിസാം പുല്ലുപോലെ ഊരുമെന്ന് ഏവരും ഉറപ്പിച്ച നിമിഷം. അവിടെയാണ് സിപി ഉദയഭാനുവിന്റെ പേര് ഉയർന്നു വന്നത്. കോൺ്ഗ്രസ് എംഎൽഎയുടെ നേതൃത്വത്തിൽ ഇതിനെ അട്ടിമറിക്കാൻ നീക്കം സജീവമായി. ഒരു ഇടതുപക്ഷക്കാരൻ എങ്ങനെ വലത് സർക്കാരിന്റെ കാലത്ത് പ്രത്യേക പ്രോസിക്യൂട്ടറാകുമെന്നായിരുന്നു ചോദ്യം.

എന്നാൽ ഉദയഭാനുവെന്ന അഭിഭാഷകനെ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് നന്നായി അറിയാമായിരുന്നു. കേസ് ഏറ്റെടുത്താൽ ആ പക്ഷത്ത് നിന്ന് നിയമപോരാട്ടം നടത്തും. വാദിയുടെ പക്ഷത്തിന് നിന്ന് പ്രതിയേയും പ്രതിയ്‌ക്കൊപ്പം നിന്ന് വാദിയേയും സഹായിക്കാത്ത അഭിഭാഷകനായി മാദ്ധ്യമങ്ങളും രംഗത്തു വന്നു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റിക്കാരനെ ഹമ്മർ ഇടിച്ചു കൊന്ന നിസാമിന്റെ ക്രൂരതകളെ തുറന്നുകാണിച്ച അതേ ജാഗ്രത പ്രോസിക്യൂട്ടർക്കായും പുലർത്തി. ചന്ദ്രബോസിന്റെ കുടുംബവും ഉദയഭാനുവെന്ന പേരിൽ വിശ്വാസം അർപ്പിച്ചു. സിപിഐ എംഎൽഎ വി എസ് സുനിൽകുമാറായിരുന്നു ഉദയഭാനുവെന്ന പ്രോസിക്യൂട്ടറെ ഉയർത്തിക്കാട്ടിയത്. ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ ചന്ദ്രബോസ് വധക്കേസിൽ അഡ്വ സി പി ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി ആഭ്യന്തര വകുപ്പ് നിയമിച്ചു.

ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടർ ആയി ഉദയഭാനുവിനെ നിയമിച്ച് ഉത്തരവിറക്കിയത്. തൃശൂർ എസ് പി ആരോപണത്തിൽപ്പെട്ടതും പൊലീസുകാർക്കെതിരെ ഉയർന്ന ആരോപണങ്ങളുമെല്ലാം ഇതിന് തുണയായി. ഉദയഭാനുവിന് കോൺഗ്രസ് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല കോൺഗ്രസ് വിരുദ്ധനുമാണെന്ന വാദം പോലും ഏറ്റില്ല. വി എസ് അച്യുതാനന്ദനുമായി അദ്ദേഹം ഏറെ അടുപ്പം പുലർത്തുന്നുവെന്നായിരുന്നു ആക്ഷേപം. ബാർക്കോഴ കേസിൽ കേരള ഹൈക്കോടതിയിലും ലോകായുക്തയിലും ബിജു രമേശിനുവേണ്ടി ഹാജരായത് സിപി ഉദയഭാനുവാണ്. ഇതും നിസാമിനെ അനുകൂലിക്കുന്നവർ വാദമുയർത്തി. ബാർ കോഴക്കേസിൽ ബിജു രമേശിന്റെ അഭിഭാഷനും ഉദയഭാനുവായിരുന്നു. കേരളാ കോൺഗ്രസിന്റെ എതിർപ്പ് നിലവിലുണ്ടായിരുന്നിട്ടും ഉദയഭാനുവിനെ ഈ സ്ഥാനത്തു നിയമിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ബാർ കോഴയിൽ ധനമന്ത്രി മാണിക്കെതിരെ മൊഴി കൊടുത്ത ബിജു രമേശിന്റെ അഭിഭാഷകനാണ് ഉദയഭാനു. ഈ സാഹചര്യത്തിൽ മാണിയെ കുടുക്കിയ ആളിന്റെ അഭിഭാഷകനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാക്കുന്നതിനെയാണ് നിയമ വകുപ്പ് എതിർത്തത്. നിയമനം വൈകിച്ച് കാത്തിരുന്ന മാണിക്ക് ആയുധമെന്നോണമാണ് കാപ്പയിലെ ഉദയഭാനുവിന്റെ വിവാദ പരാമർശം കിട്ടിയത്. അതുകൊണ്ട് നിയമപരമായി ഉദയഭാനുവിനെ ഒഴിവാക്കാനാണ് നീക്കം നടന്നതെങ്കിലും ഫലം കണ്ടില്ല. ജയിലിൽ കിടക്കുന്ന ഒരാൾക്കെതിരെ കാപ്പ ചുമത്തിയാൽ നിലനിൽക്കില്ലെന്ന അഡ്വ. ഉദയഭാനുവിന്റെ അഭിപ്രായമാണ് മാണി വിഭാഗം വിവാദമാക്കിയത്. ഒരാൾ സമൂഹത്തിനു ഭീഷണിയാകുമ്പോഴാണ് കാപ്പ ചുമത്തേണ്ടത്. ജയിലിൽ കഴിയുന്ന ഒരാൾ എങ്ങനെയാണ് സമൂഹത്തിന് ഭീഷണിയാകുന്നതെന്ന് ചോദിച്ച് കാപ്പ ബോർഡും ഹൈക്കോടതിയും കാപ്പ ചുമത്തിയ നടപടികൾ മുമ്പ് റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കാപ്പ നിലനിൽക്കില്ലെന്ന ആശങ്ക ഉദയഭാനു പ്രകടിപ്പിച്ചത്. ഇത് സർക്കാരിനെതിരായ പരാമർശമാണെന്ന് വ്യാഖ്യാനിച്ചാണ് ഉദയഭാനുവിനെ ഒഴിവാക്കാൻ നീക്കം നടക്കുന്നത്.

സി.പി. ഉദയഭാനുവിനെ സ്‌പെഷ്യൽ പബൽക് പ്രോസിക്യൂട്ടറാക്കുന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥയായ സിറ്റി പൊലീസ് കമ്മിഷണറോട് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അഭിപ്രായം തേടിയിരുന്നു. നിസാമിനെതിരെ കാപ്പ ചുമത്തിയാലും നിയമസാധുതയില്ലെന്ന് ഉദയഭാനു പരാമർശം നടത്തിയെന്നതിനാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് കമ്മിഷണർ മറുപടി നൽകി. അപ്പോഴും ഉദയഭാനു മതിയെന്ന് ചന്ദ്രബോസിന്റെ കുടുംബം നിർബന്ധം പിടിച്ചു. ഇതോടെ തൃശൂരിൽ ഉദയഭാനുവെത്തി. നിസാം കേസിലെ അന്വേഷണ മേൽനോട്ടം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിലെ പിഴവുകളെല്ലാം പരിഹരിച്ച് കുറ്റപത്രം നൽകി. പ്രശസ്ത ക്രിമിനൽ അഭിഭാകൻ രാമൻപള്ളി നേരിട്ട് നിസാമിനായി വാദിക്കാൻ എത്തിയപ്പോഴും ഉദയഭാനുവിന് പിഴച്ചില്ല. നീതിക്കായി ശരിയുടെ പക്ഷത്ത് ഉദയഭാനും സമ്മർദ്ദങ്ങൾക്ക് അതീതമായി നന്നിപ്പോൾ നിസാം കുടുങ്ങി. ഇയാൾ കൊലയാളിയാണെന്ന് കോടതി വിധിക്കുകയും ചെയ്തു.

ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ പബ്ലിക് പ്രോസിക്യൂട്ടറായ ഉദയഭാനു സി ബി ഐയുടെ പബ്ലിക് പ്രോസിക്യൂട്ടർ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പബ്ലിക് പ്രോസിക്യൂട്ടർ, വിതുര കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ, അഭയ കേസിലും കണിച്ചുകുളങ്ങര കേസിലും മുത്തൂറ്റ് പോൾ വധക്കേസിലും പ്രതിഭാഗം അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP