Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനേജ്‌മെന്റ് അഭിഭാഷകർക്കൊപ്പം; അടികിട്ടിയ മാദ്ധ്യമ പ്രവർത്തകർക്ക് പുല്ലുവിലയും; തിരുവനന്തപുരത്ത് സിഒഒയെ തടഞ്ഞ് വച്ച് ലേഖകരുടെ പ്രതിഷേധം; ടിജി മോഹൻദാസിന്റെ 'പൊളിച്ചെഴുത്തിൽ' ജനം ടിവിയിൽ കലാപം; ബിജെപി-ആർഎസ്എസ് ചാനൽ പ്രവർത്തനം പ്രതിസന്ധിയിലോ?

മാനേജ്‌മെന്റ് അഭിഭാഷകർക്കൊപ്പം; അടികിട്ടിയ മാദ്ധ്യമ പ്രവർത്തകർക്ക് പുല്ലുവിലയും; തിരുവനന്തപുരത്ത് സിഒഒയെ തടഞ്ഞ് വച്ച് ലേഖകരുടെ പ്രതിഷേധം; ടിജി മോഹൻദാസിന്റെ 'പൊളിച്ചെഴുത്തിൽ' ജനം ടിവിയിൽ കലാപം; ബിജെപി-ആർഎസ്എസ് ചാനൽ പ്രവർത്തനം പ്രതിസന്ധിയിലോ?

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങൾ കൊടുംപിരികൊണ്ട വാർത്തകളിൽ അഭിഭാഷകർക്കനുകൂലമായി വാർത്ത നൽകിയ ജനം ടിവിയിൽ പൊട്ടിത്തെറി. ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് അവതരിപ്പിക്കുന്ന പൊളിച്ചെഴുത്ത് എന്ന പരിപാടിയിൽ മാദ്ധ്യമപ്രവർത്തകരുടെ ഭാഗത്താണ് സംഘർഷത്തിന് കാരണമെന്ന രീതിയിൽപരിപാടി ചെയ്തതിനെയാണ് ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചത്. ജനം ടി.വി സിഒഒ രാജേഷ് പിള്ളയെ തിരുവനന്തപുരം ബ്യൂറോയിലെ ലേഖകർ ഉപരോധിക്കുകയും ചെയ്യുന്നത് വരെയെത്തി കാര്യങ്ങൾ.മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ കൊച്ചിയിൽ കഴിഞ്ഞയാഴ്ച നടന്ന സംഘർഷത്തിൽ ജനം ടി.വിയുടെ ലേഖകർക്കും പരിക്ക് പറ്റിയിരുന്നു. സ്വന്തം സ്ഥാപനത്തിലെ ലേഖകർക്ക് ഉൾപ്പടെ തല്ല് കിട്ടിയിട്ടും മാനേജ്‌മെന്റ് അഭിഭാഷകർക്ക് അനുകൂലമായി പരിപാടി അവതരിപ്പിക്കാനൊരുങ്ങിയതും ജീവനക്കാരെ ചൊടിപ്പിച്ചു. ഒരു കാരണവശാലും പരിപാടി പ്രക്ഷേപണം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണ് മാദ്ധ്യമപ്രവർത്തകർ സ്വീകരിച്ചതും.

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രിവരെ ഇടപെട്ടിട്ടും ശ്വാശ്വത പരിഹാരം കാണാനായിട്ടില്ല. എല്ലാ ചാനലുകളും പത്രങ്ങളും മാദ്ധ്യമപ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അഭിഭാഷകരുടെ അഴിഞ്ഞാട്ടം എന്ന വിശേഷണത്തോടെയാണ് വാർത്തകൾ നൽകിയത്. വ്യത്യസ്തമായ രാഷ്ട്രീയാഭിമുഖ്യമുള്ള മനോരമ മുതൽ കൈരളിവരെയുള്ള ചാനലുകൾ അഭിഭാഷകർക്കെതിരെ നിലപാട് സ്വീകരിച്ചപ്പോൾ ജനം ടി.വിയിൽ മാദ്ധ്യമപ്രവർത്തകർ അഭിഭാഷകരെ അക്രമിക്കുന്ന രംഗങ്ങൾ ഉൾപ്പെടെയാണ് ജനം ടി.വി പൊളിച്ചെഴുത്ത് എന്ന പരിപാടിയിൽ പ്രക്ഷേപണം ചെയ്തത്. വക്കീൽ മാദ്ധ്യമ സംഘർഷത്തിലെ ചില കാണാപ്പുറങ്ങൾ എന്ന പേരിലാണ് പരിപാടി അവതരിപ്പിച്ചത്. ഏഴര മണിക്കാണ് പൊളിച്ചെഴുത്ത് എന്ന പരിപാടി ആരംഭിക്കാറുള്ളത്. 7:40 കഴിഞ്ഞിട്ടും പരിപാടി ആരംഭിക്കാത്തതിനാൽ പലരും ചാനലിലേക്ക് വിളിച്ച് അന്വേഷിക്കുകയും, അവതാരകനായ ടി.ജി മോഹൻദാസിന്റെ ഫേസ്‌ബുക്ക് പേജിലും ചാനലിന്റെ പേജിലും ഒക്കെ ചോദ്യങ്ങളുമായി പലരും എത്തി.

വ്യാപകമായ സംഘർഷമാണ് കഴിഞ്ഞ ഒരാഴ്ച അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ അഏരങ്ങേറിയത്. കൊച്ചിയിൽ ഹൈക്കോടതിയിൽ തുടങ്ങിയ സംഘർഷം തിരുവനന്തപുരത്തെ വഞ്ചിയൂരിലെത്തിയപ്പോൾ കൈവിട്ടകളിയായി മാറുകയായിരുന്നു. ബുധനാഴ്ച രാത്രിയുള്ള 'പൊളിച്ചെഴുത്ത്' എപ്പിസോഡിൽ വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷമായിരുന്നു വിഷയം. ചാനൽ ചർച്ചകളിൽ ബിജെപിക്കും മോദി സർക്കാരിനുംവേണ്ടി സജീവ സാന്നിധ്യമായ ടി ജി മോഹൻദാസ്, തനിക്ക് ന്യൂസ് അവതാരകരിൽ നിന്ന് അനുഭവിക്കേണ്ടിവന്ന അവഹേളനങ്ങളാണ് ബുധനാഴ്ച വിഷയമാക്കിയത്. തന്നെ അവഹേളിക്കുകയും, സംസാരിക്കാൻ അവസരംതരാതെ ഒഴിവാക്കുകയും ചെയ്ത എല്ലാ ചാനൽ അവതാരകരകരേയും പൊളിച്ചെഴുതുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

തന്നെ പാർശ്വവൽക്കരിച്ച മാദ്ധ്യമപ്രവർത്തകരെയാകെ കളിയാക്കാൻ ശ്രമിക്കുന്നതിനിടെ മാദ്ധ്യമപ്രവർത്തകരുടെ വർഗ്ഗത്തെയാകെ അദ്ദേഹം ഒറ്റികൊടുത്തുവെന്നാണ് ആക്ഷേപം. എറണാകുളം ഹൈക്കോടതിയിലെ സംഘർഷത്തിനു പുറമേ, തിരുവനന്തപുരം ജില്ലാ കോടതിയിലും അഭിഭാഷകമാദ്ധ്യമപ്രവർത്തക സംഘർഷം രൂപപ്പെട്ടിരുന്നു. രണ്ടിടത്തും മാദ്ധ്യമപ്രവർത്തകർ സത്യസന്ധരായിരുന്നു എന്ന രീതിയിലാണ് ചാനലുകളിലും ഭൂരിഭാഗം പത്രങ്ങളിലും വാർത്ത വന്നത്. എന്നാൽ ജനം ടിവിയിൽ ടി ജി മോഹൻദാസ് അവതരിപ്പിക്കുന്ന പൊളിച്ചെഴുത്ത് എന്ന പരിപാടിയുടെ ബുധനാഴ്ചത്തെ എപ്പിസോഡിൽ മാദ്ധ്യമപ്രവർത്തകരുടെ അക്രമം ആണ് കാണിച്ചത്. സാന്ദർഭികവശാൽ ജനം ടിവിയുടെ പ്രവർത്തകരും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ജനം ടിവിയിലെ വിവിധ ബ്യൂറോകളിലുള്ളവർ ടി ജി മോഹൻദാസിന്റെ പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

ബിജെപിയിലെ പ്രമുഖ നേതാക്കളും ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന നേതൃത്വത്തെ സമീപിച്ചതായാണ് സൂചന. സംസ്ഥാനത്താകമാനമുള്ള മാദ്ധ്യമപ്രവർത്തകരും ജനം ടിവിയുടെ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ബിജെപി നേതൃത്വവും ജനം ടിവി മേധാവികളും വെട്ടിലായിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടിന് ജനം ടിവി കോടതി വളപ്പിലെ മാദ്ധ്യമപ്രവർത്തകരുടെ അക്രമത്തിന്റെ ദൃശ്യങ്ങൾ കാണിക്കും എന്നാണ് സന്ദേശം പ്രചരിച്ചത്. ഇതനുസരിച്ച് എല്ലാ മാദ്ധ്യമ ഓഫീസുകളിലും രാത്രി എട്ടുമണിക്ക് ജനം ടിവി ചാനൽ തുറന്നുവച്ചു. പക്ഷേ പതിവുപോലെ, 7.30ന് ഉള്ള പൊളിച്ചെഴുത്ത് പരിപാടിയിലാണ് ഈ ദൃശ്യങ്ങൾ കാണിച്ചത്. സ്വന്തം ചാനലിലെ പ്രവർത്തകരേപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ടി ജി മോഹൻദാസ് ഈ പരിപാടി അവതരിപ്പിച്ചതെന്നാണ് ആക്ഷേപം. എന്തായാലും ഈ ഒരു എപ്പിസോഡോഡുകൂടി സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരാകെ ജനം ടിവിക്കും ബിജെപിക്കും എതിരേ തിരിഞ്ഞിരിക്കുകയാണ്.

ഹൈക്കോടതിയിലും, വഞ്ചിയൂർക്കോടതിയിലും നടന്ന അക്രമങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും നൽകാൻ സംസ്ഥാന പൊലീസ് ഉത്തരവിട്ടിരിക്കുകയാണ്. എന്നിട്ടും ഒരു ചാനലും പത്രവും മാദ്ധ്യമപ്രവർത്തകരുടെ അക്രമങ്ങൾ ഉൾപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളും നൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ജനം ടിവി മാദ്ധ്യമപ്രവർത്തകരുടെ അക്രമ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കേരളത്തിൽ നിലവിലുള്ള ചാനലുകളിൽ മാന്യമായ ശമ്പളം കൃത്യമായി കൊടുക്കുന്ന ചാനലാണ് ബിജെപിആർഎസ്എസ്സിന്റെ ജനം ടിവി. അടുത്തകാലത്തായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട ടി ജി മോഹൻദാസ് എന്ന ഭാരതീയ വിചാരകേന്ദ്രം ഭാരവാഹി പെട്ടന്നാണ് ജനം ടിവിയുടെ തലപ്പത്തെത്തുന്നത്. പാർട്ടിയേയും ഹിന്ദുക്കളേയും സംരക്ഷിക്കാനായി ചാനൽ ചർച്ചയിൽ പെടാപ്പാടുപെടുന്ന സൈദ്ധാന്തികനായി അദ്ദേഹത്തിന്റെ വളർച്ച പെട്ടന്നായിരുന്നു.

ചില സംഘപരിവാർ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സ്ഥാനം വഹിച്ചിട്ടുള്ളതൊഴിച്ചാൽ ബിജെപിആർഎസ്എസ് വേദികളിൽ സജീവസാന്നിധ്യംപോലുമായിരുന്നില്ല ടി ജി മോഹൻദാസ്. എം ടി രമേശ്, വി വി രാജേഷ്, ജെ ആർ പത്മകുമാർ തുടങ്ങിയ പാർട്ടി വക്താക്കളേക്കാൾ നന്നായി രാഷ്ട്രീയവും ഹൈന്ദവ വികാരവും പ്രകടിപ്പിക്കാൻ ടി ജി മോഹൻദാസിന് കഴിയുന്നു എന്നതിനാൽ ബിജെപി-ആർഎസ്എസ് നേതൃത്വവും അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു. എന്തായാലും ഈ ഒരു സംഭവത്തോടെ പൊളിച്ചെഴുത്ത് എന്ന എപ്പിസോഡിന്റെ അവതാരകനേയും ശൈലിയും മാറ്റണമെന്ന് ജനം ടിവി മാനേജ്‌മെന്റിൽ ആവശ്യം ഉയർന്നിട്ടുണ്ട്. അതുപോലെ മാദ്ധ്യമലോകത്തിന്റെയാകെ ശത്രുത പിടിച്ചുപറ്റിയതോടെ പാർട്ടിക്കും സംഘത്തിനുംവേണ്ടി ചാനൽ ചർച്ചകളിൽ ആധികാരികമായി പങ്കെടുക്കുന്നതിൽനിന്ന് മോഹൻദാസിനെ വിലക്കണമെന്നും ചില ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP