Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാൻസറിന്റെ വേദനയിൽ പിടഞ്ഞ ഭാര്യയുടെ അവസാന നാളുകൾ പാഠമായപ്പോൾ രാജേശ്വരി ഫൗണ്ടേഷൻ പിറന്നു; വേദനിക്കുന്ന പാവങ്ങൾക്ക് മരുന്നും ഭക്ഷണവും വണ്ടിക്കാശും നൽകാൻ ഒരു മാസം വേണ്ടത് നാലു ലക്ഷത്തോളം രൂപ: തലസ്ഥാനത്തെ ഈ മനുഷ്യ സ്‌നേഹത്തിന്റെ കണ്ണിയിൽ നിങ്ങളും പങ്കുകാരാകുന്നുവോ?

ക്യാൻസറിന്റെ വേദനയിൽ പിടഞ്ഞ ഭാര്യയുടെ അവസാന നാളുകൾ പാഠമായപ്പോൾ രാജേശ്വരി ഫൗണ്ടേഷൻ പിറന്നു; വേദനിക്കുന്ന പാവങ്ങൾക്ക് മരുന്നും ഭക്ഷണവും വണ്ടിക്കാശും നൽകാൻ ഒരു മാസം വേണ്ടത് നാലു ലക്ഷത്തോളം രൂപ: തലസ്ഥാനത്തെ ഈ മനുഷ്യ സ്‌നേഹത്തിന്റെ കണ്ണിയിൽ നിങ്ങളും പങ്കുകാരാകുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നാണ് ആലോചിക്കുന്നത്. ക്യാൻസർ വന്നു പിടഞ്ഞു മരിച്ച ഭാര്യയുടെ വേദന സ്വന്തം വേദനയായി ഏറ്റു വാങ്ങി അതുപോലെ വേദനിക്കുന്നവർക്ക് മുഴുവൻ അൽപ്പം എങ്കിലും ആശ്വാസം പകരാൻ ജീവിതം മാറ്റി വച്ച ഒരു ഭർത്താവിനെ കുറിച്ചാണോ? ഉന്നത ജോലിക്കാരായിട്ടും അച്ചന്റെ താൽപ്പര്യങ്ങൾക്ക് എതിരു നിൽക്കാതെ സമ്പാദ്യത്തിന്റെ വീതം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്ന മക്കളെ കുറിച്ചോ? ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു ക്യാൻസർ വേദനയിൽ പിടയുമ്പോഴും അൽപ്പം ആശ്വാസം തേടി എത്തുന്ന ഈ മനുഷ്യരെ കുറിച്ചാണോ? അച്ചനും അമ്മയും മരിച്ചു അനാഥരായി തീരുന്ന കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ ചിരിയെ കുറിച്ചാണോ? നല്ല ജോലിയിൽ നിന്നും റിട്ടെയർ ചെയ്ത ശേഷം വേദനിക്കുന്നവർക്ക് വേണ്ടി ലാഭേച്ഛയൊന്നുമില്ലാതെ പ്രവർത്തിക്കുന്ന കുറെ മനുഷ്യരെ കുറിച്ചാണോ? ഒരു നേരത്തെ ആഹാരം അല്ലെങ്കിൽ സ്‌കൂളിൽ പോകാനുള്ള ഉടുപ്പ് എങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന കുറെ കുരുന്നുകളെ കുറിച്ചാണോ?

അറിയില്ല എവിടെയാണ് തുടക്കമെന്ന്. അത്രയ്ക്കും അസാധാരണമായ ഒരു അനുഭവത്തിലൂടെയാണ് ഈ വലിയ ആഴ്ച കടന്നു പോയത്. അകാലത്തിൽ പൊലിഞ്ഞു പോയ ഭാര്യയുടെ ഓർമ്മകൾക്ക് മുൻപിൽ ഒരു മനുഷ്യൻ സ്വജീവിതം കൊണ്ട് നടത്തുന്ന പ്രയത്‌നത്തിന് ഒരു കയ്യടി നൽകാൻ വേണ്ടി മാത്രമാണ് രാജേശ്വരി ഫൗണ്ടേഷൻ വരെ പോയത്. അവിടെ ചെന്നപ്പോൾ അനേകം ജീവിതങ്ങൾ കണ്ടു. വാടക വീടു എടുത്തു നടത്തുന്ന പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ചികിത്സ തേടി എത്തുന്ന കിടപ്പു രോഗികളും അവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന വോളണ്ടീയർമാരും ജീവിതം ദുരിതം ഏറ്റു വാങ്ങിയവരെ ആശ്വസിപ്പിക്കുന്ന പ്രതിഭലേച്ഛയില്ലാത്ത റിട്ടെയർ ഉദ്യോഗസ്ഥന്മാരും ഒക്കെ നീറുന്ന അനുഭവമായി മാറി.

ഇങ്ങനെ ഒരു വിധം നടത്താൻ മാസം തോറും നാലു ലക്ഷം വേണ്ടി വരുന്നതിനെ കുറിച്ചായിരുന്നില്ല വിജയകുമാരൻ നായർ സംസാരിച്ചത്. ജൂണിൽ പള്ളിക്കൂടം തുറക്കുമ്പോൾ രാജേശ്വരി ഫൗണ്ടേഷൻ നൽകുന്ന പുസ്തകങ്ങളും നോട്ടു ബുക്കുകളും ചോറ്റു പാത്രങ്ങളും കാത്തിരിക്കുന്ന പാവപ്പെട്ട കുട്ടികളെ കുറിച്ചായിരുന്നു. എല്ലാ വർഷവും കുറഞ്ഞത് നൂറു കുട്ടികൾ എങ്കിലും ഇങ്ങനെ ജീവിതം വഴി മുട്ടാതിരിക്കാൻ വാതിൽ മുട്ടും. അവർക്ക് ഇതൊക്കെ ഒരുക്കി നൽകാൻ കുറഞ്ഞത് ഒരു ലക്ഷം വരെ വേണം. കിടപ്പു രോഗികളുടെ ചികിത്സയും മരുന്നും വണ്ടിക്കാശും കൊടുക്കാൻ കടം മേടിക്കേണ്ടി വരുന്നതിനിടയിൽ പലപ്പോഴും ഇതൊരു ബുദ്ധിമുട്ടായി വരും.

അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയപ്പെട്ടവൾക്ക് വേണ്ടി

വിജയകുമാരൻ നായരുടെ ഭാര്യ ആയിരുന്നു രാജേശ്വരി. സ്‌കൂളിൽ നിന്നും അദ്ധ്യാപികയായി റിട്ടെയർ ചെയ്ത രാജേശ്വരിക്ക് അതിനു മുൻപേ ക്യാൻസർ ബാധിച്ചു തുടങ്ങിയിരുന്നു. തലസ്ഥാനത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകയായിരുന്ന രാജേശ്വരിയുടെ രോഗം വിജയകുമാരൻ നായരെയും തളർത്തി. ആർസിസിയിൽ മറവിക്കൊപ്പം കാഴ്ചകളും രോഗത്തിന്റെ തീരാത്ത മണവും മനസ്സിനെ വേദനിപ്പിച്ചപ്പോൾ ആരും ഇല്ലാത്ത രോഗികൾക്കായി ആശുപത്രി കിടക്കയിൽ കിടന്നു തന്നെ രാജേശ്വരി ചിലതൊക്കെ ചെയ്തു. പാലിയേറ്റീവ് കെയർ എന്ന മഹത്തായ സേവനത്തിന്റെ ശരിക്കുള്ള വില അന്നാണ് അവർ അറിയുന്നത്. പാലിയം ഇന്ത്യാ തലവൻ ഡോ. എം ആർ രാജഗോപാലിന്റെ സഹായത്തോടെ അന്നു മുതൽ ആരംഭിച്ചതായിരുന്നു പാലിയേറ്റീവ് ചികിത്സ.

രോഗികൾക്കപ്പുറത്തേക്ക് വളർന്ന സ്ഥാപനം

പത്തുകൊല്ലം പൂർത്തിയാക്കിയ രാജേശ്വരി ഫൗണ്ടേഷൻ ഇപ്പോൾ 104 കുടുംബങ്ങൾ സന്ദർശിച്ച് സ്വന്തം ചികിത്സ നൽകുന്നു. ഫൗണ്ടേഷന്റെ സെന്ററിൽ എത്തുന്ന നിരവധി പാവപ്പെട്ട രോഗികൾക്ക് മരുന്നും ഭക്ഷണവും വണ്ടിക്കാശും നൽകുന്നു. ചികിത്സക്കിടയിൽ മാതാപിതാക്കളെ മരണം വിളിച്ചപ്പോൾ അനാഥരായി തീർന്ന മക്കൾക്ക് പണവും സംരക്ഷണവും നൽകുന്നു. ഒന്നാം ക്ലാസ്സ് മുതൽ എഞ്ചിനീയറിങ് വരെ പഠിക്കുന്ന 42 കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുനന്നത് ഫൗണ്ടേഷനാണ്. നിരവധി വോളണ്ടീയർമാരും ഡോക്ടർമാരും നേഴ്‌സുമാരും അടങ്ങുന്ന സംഘടനയായി ഇതു വളർന്നു.

ഡോക്ടർമാരുടെ ശമ്പളവും മരുന്നും ഭക്ഷണവും ചെലവും എല്ലാം ചേർന്നു മാസം വേണ്ടത് കുറഞ്ഞത് നാലു ലക്ഷം രൂപയാണ്. ഫൗണ്ടേഷനെ കുറിച്ച് കേട്ട് അംഗത്വം എടുത്തവർ നൽകുന്ന അംഗത്വ ഫീസാണ് പ്രധാന വരുമാനം. നിരവധി പേർ സ്‌പോൺസർമാരായി എത്താറുണ്ട്. അവരെല്ലാം നൽകുന്ന സംഭാവനകളും രാജേശ്വരിയുടെ ജോലിക്കാരായ രണ്ടു പെൺമക്കളും നൽകുന്ന വിഹിതവും വിജയകുമാരൻ നായരുടെ പെൻഷൻ പണവും ഒക്കെ ചേർന്നാണ് ഫൗണ്ടേഷൻ മുൻപോട്ടു പോകുന്നത്.

രാജേശ്വരി ഫൗണ്ടേഷനെ കുറിച്ച്

കേരള സംസ്ഥാന ചാരിറ്റബിൾ ആക്ട് അനുസരിച്ച് 2007 നവംബറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സാന്ത്വന പരിചരണ സംഘടന തിരുവനന്തപുരം നഗരത്തിലും സമീപത്തുമുള്ള രോഗികൾക്കാണ് സേവനം നൽകുന്നത്. ജഗതിയിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ ക്ലിനിക്കിൽ എല്ലാ ദിവസവും പാലിയേറ്റീവ് ഒ പി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും രോഗികളുടെയും ശുശ്രൂഷകരുടെയും വോളന്റിയർമാരുടെയും സംഗമവും നടത്തി വരികയാണ്. രോഗികൾക്കു ലബോറട്ടറി, സ്‌കാനിങ് പുറമെ നിന്ന് വാങ്ങുന്ന മരുന്നുകൾ തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നൽകുന്നു.

പുനരവധിവാസ സഹായങ്ങളുമായി പുനർജനി പദ്ധതി

രോഗികൾക്കും അവരുടെ ആശ്രിതർക്കും പുനരധിവാസ സഹായം നൽകുക എന്നു ലക്ഷ്യമിട്ടാണ് പുനർജനി പദ്ധതി ആവിഷ്‌കരിച്ചത്. ഇത് പ്രകാരം കുട, ലോഷൻ, സോപ്പ്, ബാഗ് തുടങ്ങിയ സാധനങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനവും അതിന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായവും നൽകുന്നു. കൂടാതെ ഫൗണ്ടേഷന്റെ ക്ലിനിക്കിൽ വച്ച് ഇവ നിർമ്മിക്കാൻ ആവശ്യമായ സ്ഥല സൗകര്യങ്ങളും ഉൽപ്പന്നങ്ങൽ വിറ്റഴിക്കാൻ ആവശ്യമായ സൗകര്യവും ചെയ്തു വരികയാണ്. രോഗികളെ ആശ്രയിച്ച് കഴിയുന്ന മുതിർന്ന പൗരന്മാർക്കും മാനസിക വളർച്ചയെത്തിയിട്ടില്ലാത്ത കുട്ടികൾക്കും പ്രതിമാസ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.

പ്രതിമാസം മൂവായിരത്തിൽ കൂടുതൽ രൂപ ചികിത്സാ ചെലവ് വരുന്ന വൃക്ക രോഗികൾക്കും ന്യൂറോ രോഗികൾക്കും പ്രതിമാസം രണ്ടായിരം രൂപ സാമ്പത്തിക സഹായം നൽകുന്ന കല്ല്യാണി നിധി, നിർധനരായ രോഗികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം, ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന പൗരന്മാർക്കു വേണ്ടി വയോജന പരിശീലനം, സൗജന്യ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ക്യാൻസർ പരിശോധനാ ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള അവബോധ ക്യാമ്പുകൾ, സെമിനാറുകൾ തുടങ്ങിയവയാണ് രാജേശ്വരി ഫൗണ്ടേഷന്റെ വേറിട്ട പ്രവർത്തന രീതികൾ.

രാജേശ്വരി ഫൗണ്ടേഷന് സഹായം നൽകേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ

1) എസ് ബി ഐ നന്തൻകോട് ബ്രാഞ്ച്
ഐ എഫ് എസ് സി കോഡ്- SBIN0007898
അക്കൗണ്ട് നമ്പർ-35281827042

2) സെൻട്രൽ ബാങ്ക്, കരമന
ഐ എഫ് എസ് സി കോഡ്- CBIN0283439
അക്കൗണ്ട് നമ്പർ-3554576174

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP