Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടയ്ക്ക് തിളക്കം നഷ്ടപ്പെട്ട സരിത വീണ്ടും ആക്ടീവായി; എവിടെ ചെന്നാലും ക്യാമറകൾ വീണ്ടും പിന്നാലെ; അവസരത്തിനൊത്ത് അഭിപ്രായം പറഞ്ഞ് ശ്രദ്ധ നേടാൻ കരുതൽ; ഒർജിനൽ കത്ത് ക്യാമറയ്ക്ക് മുൻപിൽ കാട്ടിയത് മനഃപൂർവ്വം; ഇപ്പോൾ ചരട് വലിക്കുന്നത് ഗണേശ് കുമാർ

ഇടയ്ക്ക് തിളക്കം നഷ്ടപ്പെട്ട സരിത വീണ്ടും ആക്ടീവായി; എവിടെ ചെന്നാലും ക്യാമറകൾ വീണ്ടും പിന്നാലെ; അവസരത്തിനൊത്ത് അഭിപ്രായം പറഞ്ഞ് ശ്രദ്ധ നേടാൻ കരുതൽ; ഒർജിനൽ കത്ത് ക്യാമറയ്ക്ക് മുൻപിൽ കാട്ടിയത് മനഃപൂർവ്വം; ഇപ്പോൾ ചരട് വലിക്കുന്നത് ഗണേശ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: താൻ ജയിലിൽ വച്ച് എഴുതിയ കത്ത് പൊതുരേഖ അല്ലാത്തതിനാൽ അന്വേഷണ സംഘത്തിനു കൈമാറില്ലെന്നു സോളർ കേസ് പ്രതി സരിത എസ്. നായർ. അങ്ങനെ ദിവസവും ഓരോന്ന് പറഞ്ഞ് വാർത്താ താരമാവുകയാണ് സരിതാ എസ് നായർ. പിസി ജോർജ്ജും കെഎം മാണിയും രാഷ്ട്രീയമായി തെറ്റിയതിന് ശേഷം കേരളത്തിലെ മാദ്ധ്യമങ്ങൾ സരിതയ്ക്ക് ചുറ്റുമാണ്. ആരായാലും ഭയക്കുന്ന തരത്തിലാണ് കാര്യങ്ങൾ. ജോസ് കെ മാണിയുടെ പരാതിയി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതൊന്നും സരിതയെ തെല്ലും ബാധിച്ചിട്ടില്ല. ഓരോ ദിവസവും ഓരോ കാര്യങ്ങൾ. ചാനലുകളിലെ ഹെഡ്‌ലൈനിലെത്താൻ തന്ത്രപരമായാണ് സരിതയുടെ നീക്കങ്ങൾ. ഒരു തട്ടിപ്പ് കേസിലെ പ്രതി ഇത്രയും കാലം വാർത്തകളിലെ മുഖ്യമുഖമാകുന്നത് ഇത് ആദ്യവുമാണ്.

സോളാർ കേസിൽ ജയിലിൽ കിടന്നപ്പോൾ സരിതയുട നെഗറ്റീവ് വാർത്തകാണ് പുറത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധപ്പെട്ട വിവാദങ്ങൾ സരിതയെ വാർത്തകളിൽ നിറച്ചു. ജയിൽ മോചനത്തിന് ശേഷം സോളാർ കേസുകൾ ഒതുക്കി തീർത്തു. ടിവി ചാനലുകളുടെ നിത്യ സാന്നിധ്യമായി ശ്രദ്ധ നേടാനും കഴിഞ്ഞു. പിന്നെ ഒരു ഇടവേള. ബാർ കോഴയിൽ പരാമർശിക്കപ്പെട്ടു. സോളാറിലെ കത്തും പുറത്തുവന്നു. ഇതോടെ സരിത നേരിട്ടെത്തി. എല്ലാം വിശദീകരിച്ചു. തുറന്നു പറച്ചിലുകൾ നടത്തി. ഇന്ന് ടിവി ചാനലുകളുടെ താരമാണ് സരിത. എന്തു പറഞ്ഞാലും വാർത്തയാകും. ഇത് സരിതയ്ക്കും അറിയാം. അങ്ങനെ ഇവിടെ പോയാലും മാദ്ധ്യമ പ്രവർത്തകർ വീണ്ടും സരിതയെ പിന്തുടർന്നു. ആരേയും നിരാശരാക്താതെ എന്നും പുതിയ പുതിയ വെളിപ്പെടുത്തലുകൾ. അങ്ങനെ വാർത്താ താരമായി സരിത വീണ്ടും മാറുന്നു. ഇന്നലേയും പുതിയ വെളിപ്പെടുത്തൽ നടത്തി. ഇനി ഇന്ന് എന്താകുമെന്നാണ് കാത്തിരിക്കുന്നത്. എന്ത് എവിടെ എങ്ങനെ പറയണമെന്ന് സരിത തിരിച്ചറിയുന്നു. ഇത് തന്നെയാണ് സമർത്ഥമായി ഉപയോഗിക്കുന്നതും. സോളാറിലെ കത്ത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ തന്ത്രപരമായി ഉയർത്തിക്കാട്ടിയത് പോലും ആലോചിച്ചുറപ്പിച്ചാണെന്നാണ് സൂചന. അതിന് ശേഷം സരിത പറഞ്ഞ ഓരോ വാക്കും വിലയിരുത്തിയാൽ അബന്ധം പറ്റിയ സൂചനകളൊന്നും ആ വാക്കുകകളിൽ ഇല്ല. ആരെ വേണമെങ്കിലും രക്ഷിക്കാനും ശിക്ഷിക്കാനും തനിക്ക് കഴിയുമെന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുകയാ് സോളാർ കേസിലെ പ്രതി.

ജയിലിൽ പോവുന്നതിനു മുൻപു മന്ത്രി കെ.എം. മാണിയെ കണ്ടിട്ടുണ്ടെങ്കിലും ജയിലിൽ നിന്നു വന്നതിനു ശേഷം കണ്ടിട്ടില്ലെന്നും സരിത മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. സോളർ പാനൽ വാഗ്ദാനം ചെയ്തു ഡോക്ടർമാരിൽനിന്നു പണം തട്ടിയെന്ന കേസിന്റെ വിചാരണ നടപടികൾക്കായി തലശേരി കോടതിയിലെത്തിയതായിരുന്നു സരിത. താൻ എഴുതിയ കത്ത് തന്റെ സ്വകാര്യതയാണ്. അതു പിടിച്ചെടുക്കാൻ രാജ്യത്തു നിയമമില്ല. ടിവിയിൽ വന്ന കത്ത് തന്റേതല്ലെന്നു നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണ്. അതു കയ്യക്ഷരവിദഗ്ധരുടെ സഹായത്തോടെ ആർക്കും തയാറാക്കാവുന്നതാണ്. കത്തിനെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കും. അന്വേഷണത്തോടു താൻ എപ്പോഴും സഹകരിച്ചിട്ടുണ്ട്. കോടതിയിൽ നേരിട്ടു രഹസ്യമൊഴി നൽകുക പോലും ചെയ്തു. ഇതിൽ കൂടുതൽ എങ്ങനെയാണു സഹകരിക്കേണ്ടത്?-അങ്ങനെ താൻ ബോൾഡാണെന്ന് വരുത്തി ഇമേജ് മാറ്റിയെടുക്കാനാണ് ശ്രമം.

ജയിലിലുള്ള സമയത്തു താനുമായി ബന്ധപ്പെടുത്തി മാദ്ധ്യമങ്ങളിൽ പല ആരോപണങ്ങളും വന്നിരുന്നു. പൊലീസ് അവയെക്കുറിച്ചു തന്നോടു ചോദിച്ചിരുന്നു. പറഞ്ഞ മുറയ്ക്ക് ആരോപണങ്ങൾ ഓരോന്നായി കുറിച്ചെടുത്തു തയാറാക്കിയ നോട്ടാണു പത്രസമ്മേളനത്തിൽ തന്റെ കയ്യിലുണ്ടായിരുന്നത്. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം ബാലകൃഷ്ണപിള്ളയും പി.സി. ജോർജുമൊഴികെ മറ്റു നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല. ബാലകൃഷ്ണപിള്ളയെ നേരിട്ടു കണ്ടില്ല, സഹായി വഴിയാണു ബന്ധപ്പെട്ടത്. ജയിലിൽനിന്ന് ഇറങ്ങുമ്പോൾ തനിക്കു വാടകവീടു പോലും കിട്ടാത്ത സ്ഥിതിയായിരുന്നു. അപ്പോൾ സഹായിച്ചവരുടെ കയ്യിൽ തന്റെ കത്തുണ്ട്.

അവർ യുഡിഎഫ് വിട്ടപ്പോൾ പോലും ആ കത്ത് വച്ചു വിലപേശിയിട്ടില്ല. പി.സി. ജോർജിന് ഇപ്പോൾ ഒരു പ്രശ്‌നം വന്നപ്പോൾ ചാനലിനെയും കയ്യക്ഷര വിദഗ്ധരെയും ഉപയോഗപ്പെടുത്തി രാഷ്ട്രീയനാടകം കളിക്കുകയാണ്. താൻ ജയിലിൽ പോവുന്നതിനു മുൻപു പല നേതാക്കളെയും കണ്ടിട്ടുണ്ട്, കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ പല നേതാക്കളെയും ഫോണിൽ വിളിച്ചിട്ടുമുണ്ട്. കെ.എം. മാണിയെയും കണ്ടിട്ടില്ലെന്നു പറയുന്നില്ല. കോൺഗ്രസിൽ അംഗത്വമെടുത്തിട്ടില്ലെങ്കിലും താൻ കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പ്രവർത്തകയായിരുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസ് നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. നിർഭാഗ്യവശാൽ അതു കോൾ ലിസ്റ്റിൽ വന്നുപോയി. താൻ എഴുതിയ കത്തിലെ പേരുകൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സരിത പറഞ്ഞു. ഇങ്ങനെ സോളാർ കത്തിലെ വിവാദങ്ങളെല്ലാം ഇല്ലാതാക്കുകയാണ് സരിത. എന്നും ഓരോന്ന് പറഞ്ഞ് മാദ്ധ്യമ ശ്രദ്ധ നേടുകയാണ് സരിത. വ്യക്തമായ രാ്ഷ്ട്രീയ ലക്ഷ്യങ്ങൾ ഇതിലുണ്ടെന്ന് തന്നെയാണ് വിലയിരുത്തൽ.

സോളാർ കേസിൽ പരാതിക്കാർക്കു പണം മടക്കി നൽകി സരിത എസ്. നായർ കോടതിക്കു പുറത്ത് കേസുകൾ ഒത്തു തീർപ്പാക്കുന്നത് രാഷ്ട്രീയ മോഹങ്ങളുമായെന്ന് സൂചനയുണ്ടായിരുന്നു. കേസുകൾ ഒതുക്കി ഇമേജ് കൂട്ടിയാൽ സരിതയ്ക്ക് വോട്ട് കിട്ടുമെന്നാണ്രേത വിലയിരുത്തൽ. ഏതെങ്കിലും ചെറു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മുന്നണി സംവിധാനത്തിൽ കടക്കാനാണ് നീക്കം. സരിതാ എസ് നായരുടെ കുതതന്ത്രങ്ങളിലും ശ്രംഗാരത്തിലും ചില മാദ്ധ്യമ പ്രവർത്തകരും വീണിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് ഇമേജ് കൂട്ടാനാണ് നീക്കം. അതിന് ശേഷമാകും സരിതയുടെ രാഷ്ട്രീയ പ്രവേശം. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സോളാർ കേസിലെ പ്രതി. ബാർ കോഴയിൽ പിസി ജോർജ് ഉയർത്തിയ വിവാദങ്ങൾ ഇതിന് പറ്റിയ സാഹചര്യം ഒരുക്കിയെന്നാണ് വിലയിരുത്തൽ. ചാനലുകളിൽ നിറഞ്ഞു നിന്നാൽ താൻ ഒരു സംഭവമാണെന്ന് പൊതുജനം കരുതുമെന്നാണ് വിലിയുത്തൽ

പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സരിത സോളാർ കേസുകൾ ഭാഗമായാണ് കേസുകൾ എല്ലാം ഒത്തു തീർപ്പാക്കുന്നത്. ഇനി കോന്നിയിലെ മല്ലേലിൽ ക്രഷർ യൂണിറ്റ് ഉടമ ശ്രീധരൻ നായർ നൽകിയ കേസും ആറന്മുള സ്‌റ്റേഷനിൽ ബാബുരാജ് നൽകിയ കേസും മാത്രമാണ് ഒത്തുതീർപ്പാക്കാനുള്ളത്. സോളാർ തട്ടിപ്പ് കേസായി മാറിയതാണ് ഇതിന് അവസരമൊരുക്കിയത്. ലക്ഷങ്ങൾ നൽകുന്നതും സരിത പേര് വിളിച്ചു പറയുമെന്ന ഭയക്കുന്ന രാഷ്ട്രീയക്കാർ തന്നെയാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പണം കിട്ടാനുള്ളവരെ സരിതയ്ക്ക് അനുകൂലമാക്കുന്നതും നേതാക്കൾ തന്നെ. തദ്ദേശ തെരഞ്ഞെടുപ്പിൽ സരിത മത്സരിക്കുമോ എന്നതാണ് ഇനി പ്രധാനം. ഇമേജുയർത്താൻ സീരിയൽ അഭിനയം ഉൾപ്പെടെയുള്ളവ പദ്ധതിയിലുണ്ട്. നിലവിൽ ചില ചാനലുകളിൽ പരിപാടി അവതരിപ്പിക്കുന്നുമുണ്ട്. ഇതാണ് തന്റെ വരുമാന മാർഗ്ഗമെന്നാണ് സരിതയുടെ വാദം.

ചില ചാനലുകുളിൽ പതിവായി സരിത പ്രത്യക്ഷപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. ബാർ കോഴയില സരിതയുടെ കത്ത് പുറത്തായത് സമർദ്ദമായി അവർ ഉപയോഗിച്ചു. ജോസ് കെ മാണിയെ രക്ഷിക്കാൻ എന്ന രീതിയിൽ ആരും പറയാതെ രംഗത്ത് എത്തി. പിസി ജോർജ്ജും കെ എം മാണിയും തമ്മിലെ തർക്കങ്ങൾ ഗുണകരമാക്കി. കരുത്തനായ ജോർജിനെ വെല്ലുവിളിച്ച് തന്റെ നാവിന്റെ കരുത്ത് സരിത വിളിച്ചറിയിച്ചു. പത്രസമ്മേളനത്തിൽ തന്ത്രപൂർവ്വം കത്തുയർത്തി രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ കരുതലോടെയാണ് സരിത നീങ്ങുന്നത്. സരിതയുടെ നീക്കങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഗണേശ് കുമാറാണെന്നാണ് സൂചന. സരിത ഗണേശിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് പ്രസ്താവന നടത്തുന്നത്. സോളാർ കത്ത് ഗണേശിന്റെ കൈയിലുണ്ടെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനെല്ലാം ചില മാദ്ധ്യമ പ്രവർത്തകരുടെ ഒത്താശയുമുണ്ട്. തനിക്ക് വരുന്ന ഫോൺ കോളുകൾ മുഴുവൻ റിക്കോർഡ് ചെയ്യുന്ന സ്വഭാവവും സരിതയ്ക്കുണ്ട്. കൊച്ചു വർത്തമാനങ്ങളിൽ കുടുങ്ങിയ ചില മാദ്ധ്യമ പ്രവർത്തകർക്ക് സരിതയെ കൈവിടാൻ കഴിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രവേശനത്തിന് എല്ലാ സഹായവും അവർ വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ സരിതയെ ഏറ്റെടുക്കുമോ എന്നതാണ് നിർണ്ണായകം. കേസില്ലെങ്കിൽ തന്നെ രണ്ടു കൈയും നീട്ടി പാർട്ടികൾ സ്വീകരിക്കുമെന്നാണ് സരിതയുടെ പക്ഷം. ഉറപ്പായും താൻ മന്ത്രിയാകുമെന്നാണ് സരിത അടുപ്പക്കാരോട് ഇപ്പോൾ പറയുന്നത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് സരിതാ എസ് നായർ എത്തിയത് പോലും മാദ്ധ്യമങ്ങൾ വാർത്തയായി. ആന്റണിയുടെ ഭാര്യ എലിസബത്തിനും മറ്റ് വിവിഐപികൾക്കും കിട്ടാത്ത വാർത്താ പ്രാധാന്യമാണ് സരിതയ്ക്ക് പത്രക്കാർ നൽകിയത്. ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സജീവമായി. സരതിയുടെ ഓട്ടോഗ്രാഫിന് പൊങ്കാലയ്ക്ക് എത്തിയവർ ചുറ്റും കൂടിയെന്നും വാർത്തയെത്തി. ഇതിനെല്ലാം പുറമേ എവിടെ പോയാലും സരിതയ്ക്ക് ആരാധക ശല്യമാണെന്നാണ് മറ്റൊരു പക്ഷം. കുട്ടികൾ മുതൽ മുതിർന്നവർവരെ സരിതയുടെ ഓട്ടോഗ്രാഫിനായി ചുറ്റുകൂടുന്നു. സരിതയ്ക്ക് സമൂഹത്തിൽ വലിയ സ്വീകാര്യത ഉണ്ടെന്ന് വരുത്താനാണ് ഇതൊക്കെ. ഇതിന്റെ പുതിയ സാധ്യതകളാണ് കെഎം മാണി വിവാദത്തിലും ഉപയോഗപ്പെടുത്തിയത്.

ചാനലുകളിൽ സരിത പങ്കെടുക്കുന്ന പരിപാടികൾക്ക് ഉയർന്ന റേറ്റിംഗാണ്. ഇതിന് കാരണവും സോളാർ കേസ് പ്രതിയുടെ ജനസ്വാധീനമാണെന്നാണ് വരുത്തി തീർക്കാൻ ശ്രമം. സന്തോഷ് പണ്ഡിറ്റിന്റെ പരിപാടികൾക്ക് ലഭിക്കുന്ന പ്രേക്ഷക ശ്രദ്ധയെ കളിയാക്കുന്ന മാദ്ധ്യമങ്ങളാണ് സരിതയെ ചാനൽ പരിപാടികുളുടെ റേറ്റിങ് കാട്ടി പുകഴ്‌ത്തുന്നത്. ഏഷ്യാനെറ്റിലും സൂര്യയിലുമെല്ലാം സരിത പങ്കെടുത്ത പരിപാടികൾ സൂപ്പർ ഹിറ്റായിരുന്നുവെന്നും വാദമുണ്ട്. ഒരു പുതിയ ചാനലിൽ സ്ഥിരമായി സരിത പരിപാടി ചെയ്യുന്നുണ്ട്. ഇതെല്ലാം പബ്ലിക്ക് ഇമേജ് ഉയർത്താനുള്ള സരിതയുടെ നീക്കത്തിന്റം ഭാഗമാണ്.

സോളാർ കമ്പനി സമ്പാദിച്ച പണം മുഴുവൻ ബിജു രാധാകൃഷ്ണന്റെ കൈവശമാണെന്നും അതു ശാലുമേനോനു നൽകിയെന്നും പറയുന്ന സരിതയ്ക്ക് കേസ് ഒത്തു തീർക്കാനുള്ള പണം എവിടെനിന്നു ലഭിക്കുന്നു എന്നത് ആർക്കുമറിയില്ല. ജയിലിൽ കിടക്കുമ്പോൾ തന്നെ കേസ് ഒത്തുതീർപ്പാക്കൽ തുടങ്ങി. പുറത്ത് വന്ന ശേഷം അത് വേഗത്തിലുമായി. സരിതയ്ക്ക് കേസ് ഒത്തുതീർക്കാനുള്ള പണം കോൺഗ്രസ് എ ഗ്രൂപ്പിലെ എറണാകുളത്തുകാരനായ എംഎ!ൽഎയുടെ മധ്യസ്ഥതയിലാണു ലഭിച്ചതെന്നു പറയപ്പെടുന്നു. സോളാർ കമ്പനിയുടെ പേരിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സരിതയും ബിജു രാധാകൃഷ്ണനും തട്ടിയെടുത്തത് 18 കോടിയായിരുന്നു.

ശ്രീധരൻ നായരുടെയും ബാബുരാജിന്റെയും ഒഴികെയുള്ള എല്ലാ കേസുകളും കോടതിക്കു പുറത്ത് ഒത്തുതീർക്കാനാണു സാധ്യത. ശ്രീധരൻ നായരും ബാബുരാജും കേസിൽ ഉറച്ചു നിൽക്കുകയാണ്. ശ്രീധരൻ നായരിൽനിന്നു നാലുലക്ഷവും ബാബുരാജിൽനിന്ന് 1.19 ലക്ഷവും തട്ടിയെന്ന കേസാണു പത്തനംതിട്ട കോടതിയിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP