Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡ്യൂട്ടിക്കിടയിൽ മദ്യപാനം പുത്തരിയല്ല; നാട്ടുകാരും എസ് ഐയും പ്രതിയെ പിടിച്ചാൽ ക്രെഡിറ്റെടുക്കും; മണ്ണു മാഫിയത്തലവനെക്കൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ചും വിവാദത്തിലായി; സസ്‌പെൻഷനിലായ അടൂർ സിഐയുടെ പതിവുകൾ ഇങ്ങനെ

ഡ്യൂട്ടിക്കിടയിൽ മദ്യപാനം പുത്തരിയല്ല; നാട്ടുകാരും എസ് ഐയും പ്രതിയെ പിടിച്ചാൽ ക്രെഡിറ്റെടുക്കും; മണ്ണു മാഫിയത്തലവനെക്കൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ചും വിവാദത്തിലായി; സസ്‌പെൻഷനിലായ അടൂർ സിഐയുടെ പതിവുകൾ ഇങ്ങനെ

അടൂർ: മദ്യപിച്ച് പ്രതിയെ പിടിക്കാൻ പോയ വഴി നാട്ടുകാർ പിടികൂടിയ സിഐ എസ്. നന്ദകുമാറിന് ഡ്യൂട്ടിക്കിടയിലെ മദ്യപാനം പുത്തരിയല്ല. ഇതിനു മുൻപും പലയിടത്തും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി പരാതി ഉയർന്നപ്പോഴൊക്കെ നന്ദകുമാർ മേലുദ്യോഗസ്ഥന്മാരുടെ കാലു പിടിച്ച് തൊപ്പി സംരക്ഷിക്കുകയായിരുന്നു.

അതെല്ലാം സ്വന്തം ജില്ലയിലായിരുന്നതിനാൽ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അടക്കമുള്ളവർ കണ്ണടച്ചു. ഇപ്പോൾ പിടി വീഴാൻ കാരണമായത് മറ്റൊരു ജില്ലയിൽ, മറ്റൊരു പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വച്ച് നടന്ന സംഭവമായതു കൊണ്ടാണ്. ശനിയാഴ്ച രാത്രി പള്ളിക്കൽ ക്ഷേത്രത്തിൽ നടന്ന ആർ.എസ്.എസ്-ഡിവൈഎഫ്ഐ സംഘർഷത്തിനിടെ ആർ.എസ്.എസ് പ്രവർത്തകനെ ആക്രമിച്ചു പരുക്കേൽപ്പിച്ച പ്രതിയെ പിടികൂടുന്നതിനാണ് നൂറനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലത്ത് നന്ദകുമാറും സംഘവും എത്തിയത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയ സി.ഐയെ നാട്ടുകാർ തടഞ്ഞു വച്ച് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു.

ഇന്നലെ രാവിലെ സ്‌പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പ്രാഥമികാനേ്വഷണം നടത്തി റിപ്പോർട്ട് ഉടൻ തന്നെ ഐ.ജി മനോജ് എബ്രഹാമിനു സമർപ്പിച്ചു. റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ സി.ഐയെ സസ്‌പെൻഡു ചെയ്ത് ഐ.ജി ഉത്തരവിറക്കുകയായിരുന്നു. സി.ഐക്കെതിരെ വകുപ്പുതല അനേ്വഷണവും ഉണ്ടാകും.

മേലുദ്യോഗസ്ഥന്മാരെ അനുസരിക്കാതിരിക്കുക, ഔദ്യോഗിക ഫോണിൽ വിളിച്ചാൽ (അതാരായാലും) എടുക്കാതിരിക്കുക, ഗുണ്ടകളുമായി ചേർന്ന് സ്വന്തം ക്വാർട്ടേഴ്‌സിൽ മദ്യപിക്കുക, മറ്റ് ഉദ്യോഗസ്ഥർ തെളിയിക്കുന്ന കേസുകളുടെ പിതൃത്വം ഏറ്റെടുക്കുക തുടങ്ങി ഒരു പിടി ആരോപണങ്ങൾ നേരത്തേ തന്നെ പൊലീസിലെ ഉന്നതർക്ക് പരാതിയായി ലഭിച്ചിട്ടുണ്ട്. അന്നൊക്കെ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു കൊടുത്തു തലയൂരുകയായിരുന്നു. മറ്റ് ഉദ്യോഗസ്ഥർ പിടികൂടുന്ന കേസ് സ്വന്തം പേരിലാക്കി മേനി നടിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി നന്ദകുമാറിനെ ശാസിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയിൽ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട ക്ഷേത്രമോഷണക്കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം കടമ്പനാട്ട് വച്ച് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി ഏനാത്ത് എസ്.ഐക്ക് കൈമാറിയിരുന്നു. കടമ്പനാട് തുരുത്തിയിൽ ജങ്ഷന് സമീപം പുന്തല പുത്തൻവീട്ടിൽ ഓമനക്കുട്ടനെ(49)യാണ് പിടികൂടിയത്. കഴിഞ്ഞ് വർഷം സെപ്റ്റംബറിൽ വിയ്യൂരിൽ നിന്ന് ഇടുക്കി കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ടയാളാണ് ഓമനക്കുട്ടൻ. ഇയാളെ കൈയിൽ കിട്ടിയ ഏനാത്ത് എസ്.ഐ, അടൂർ സിഐ നന്ദകുമാറിന് കൈമാറി.

ഇനിയാണ് രസം. സി.ഐ ഉടൻ വാർത്താസമ്മേളനം വിളിച്ചു. അടൂർ കരിക്കിനേത്ത് ടെക്സ്റ്റയിൽസിന് സമീപം നിന്ന് പട്രോളിങിനിടെ താൻ പ്രതിയെ പിടികൂടി എന്നു പത്രങ്ങൾക്ക് വാർത്ത നൽകി. ഇതു കണ്ട കടമ്പനാട്ടെ നാട്ടുകാർ എസ്‌പിയെ വിളിച്ച് കാര്യം പറഞ്ഞു. സ്‌പെഷൽ ബ്രാഞ്ചും ഇതു സംബന്ധിച്ച് സി.ഐക്കെതിരേ റിപ്പോർട്ട് നൽകി. എസ്‌പി നന്ദകുമാറിനെ വിളിച്ച് ശാസിച്ചതിന്റെ പിറ്റേന്നാണ് മദ്യപിച്ചെത്തി നാട്ടുകാരുടെ പിടിയിലായത്.

പ്രമാദമായ കീഴ്‌വായ്പൂർ ക്ഷേത്രമോഷണം, ഏഴംകുളത്ത് വീട്ടമ്മയുടെ കൊലപാതകം, മെഴുവേലി ബാങ്ക് കവർച്ച, അടൂരിലെ നിരവധി സ്പിരിറ്റ് കേസ് എന്നിവയൊക്കെ സി.ഐ നന്ദകുമാറിന്റെ കീഴിലുള്ള എസ്.ഐമാരാണ് പിടികൂടിയത്. എന്നാൽ, പ്രതിയെ കിട്ടിയെന്ന് സൂചന കിട്ടുമ്പോഴേ ഇദ്ദേഹം മാദ്ധ്യമങ്ങളിൽ വിളിച്ച് പ്രതിയെ താൻ പിടികൂടി എന്നു വാർത്തയും നൽകും. ഇതിൽ പല സഹപ്രവർത്തകരും അമർഷം പ്രകടിപ്പിക്കുകയും പരാതി പറയുകയും ചെയ്തിട്ടുണ്ട്.

വിവിധ കേസുകളിലെ അന്വേഷണത്തിൽ മികവു തെളിയിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ഇദ്ദേഹം വാങ്ങിയെടുത്തു കീഴ്‌വായ്പൂര് ക്ഷേത്രമോഷണം അന്വേഷിച്ചതിന്റെ പേരിലായിരുന്നു മെഡൽ. കൊട്ടാരക്കരയിലെ ഒരു വീട്ടിൽ നിന്നും പ്രതിയെ പിടിക്കാൻ പോയ സംഘത്തെ നയിച്ചത് നന്ദകുമാറായിരുന്നു. മദ്യലഹരിയിൽ ഇദ്ദേഹം സുഖനിദ്രയിലായപ്പോൾ കൂടെയുണ്ടായിരുന്നവരാണ് പ്രതിയെ പിടിച്ചത്. പേരും റിവാർഡും ഇദ്ദേഹത്തിന് കിട്ടി.

പന്തളത്തിനടുത്ത് തട്ട കീരുകുഴി സ്വദേശി ആയ നന്ദകുമാർ പന്തളം സി.ഐ ആയിരിക്കുമ്പോൾ നാട്ടുകാരനായ മണൽമാഫിയ തലവനെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാക്കി. സി.ഐ ഇടതുവശത്തെ സീറ്റിലിരുത്തി മണൽമാഫിയ തലവൻ പൊലീസ് വാഹനം ഓടിച്ചു പോകുന്നത് കണ്ട നാട്ടുകാർ പത്തനംതിട്ട എസ്‌പിയായിരുന്ന പി. വിമലാദിത്യയെ വിളിച്ച് വിവരം പറഞ്ഞു. അന്ന് എസ്‌പി താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. ഇതേ കാലയളവിൽ കുപ്രസിദ്ധ ഗുണ്ടയെ വിളിച്ച് ക്വാർട്ടേഴ്‌സിൽ കയറ്റി ഒപ്പമിരുത്തി മദ്യപിച്ചതായുള്ള റിപ്പോർട്ടും സി.ഐക്കെതിരേ ഉണ്ടായിരുന്നു.

അവിടെ നിന്നൊക്കെ രക്ഷപ്പെട്ട നന്ദകുമാറിന് ഇപ്പോഴാണ് പിടിവീണത്. ഇങ്ങനെയൊക്കെ കാണിക്കുന്നുണ്ടെങ്കിലും ശുദ്ധാത്മാവായ നന്ദകുമാറിനെ മേലുദ്യോഗസ്ഥർ ഉപദേശിച്ചു വിടുകയാണ് പതിവ്. അതോടെ അവരുമായി ഇദ്ദേഹം ഉടക്കും. മദ്യപാനമില്ലെങ്കിൽ നല്ല ഓഫീസറാണ് നന്ദകുമാർ എന്നാണ് സഹപ്രവർത്തകരും പറയുന്നത്. മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ ഇദ്ദേഹത്തിന്റെ സ്വഭാവം സിനിമയിൽ കൊച്ചിൻ ഹനീഫ ചെയ്ത പൊലീസ് വേഷങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP