Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗ സ്നേഹികളാവും; അപകടകാരികളായ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുമെന്നും മന്ത്രി ജലീൽ; കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടേയും പ്രശാന്ത് ഭൂഷണിന്റേയും വാദങ്ങൾ തള്ളി പിണറായി സർക്കാർ; പട്ടിപ്രശ്നം കോടതി കയറുമെന്ന് ഉറപ്പ്

മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗ സ്നേഹികളാവും; അപകടകാരികളായ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുമെന്നും മന്ത്രി ജലീൽ; കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടേയും പ്രശാന്ത് ഭൂഷണിന്റേയും വാദങ്ങൾ തള്ളി പിണറായി സർക്കാർ; പട്ടിപ്രശ്നം കോടതി കയറുമെന്ന് ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിന് എതിരെ തുറന്ന പോരിന് കേരളം. കേന്ദ്ര മന്ത്രി മേനകാ ഗാന്ധിക്ക് കെ.ടി. ജലീലിന്റെ മറുപടി ഇതിന്റെ സൂചനയാണ്. അപകടകാരികളായ നായകളെ കൈകാര്യം ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി പറഞ്ഞു. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല. എന്നാൽ തെരുവുനായകളെ കൊല്ലാൻ തന്നെയാണ് തീരുമാനം. മനുഷ്യസ്‌നേഹമില്ലാത്തവർ എങ്ങനെ മൃഗസ്‌നേഹികളാകുമെന്നും ജലീൽ ചോദിച്ചു. അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ വാദവും കേരളം അംഗീകരിക്കില്ല. സുപ്രീംകോടതിയിൽ നിയമപോരാട്ടമെന്ന പ്രശാന്ത് ഭൂഷണിന്റെ വെല്ലുവിളിയേയും കേരളം ഏറ്റെടുക്കും.

കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാൻ സംസ്ഥാനം ശ്രമിക്കുകയാണെന്നും മേനകാ ഗാന്ധി ആരോപിച്ചിരുന്നു. നായകളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം നിയമലംഘനമാണെന്നും കേന്ദ്രമന്ത്രി മേനകാ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഇതിലെ നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷൺ മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കുകയും ചെയ്തു. ഇതെല്ലാം മുഖവിലയ്ക്ക ്എടുക്കില്ലെന്ന സൂചനയാണ് കെ ടി ജലീൽ നൽകുന്നത്. ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലുമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കുകയാണ്.

മനുഷ്യസ്‌നേഹമില്ലാത്തവർ എങ്ങനെ മൃഗ സ്‌നേഹികളാവുമെന്ന് ജലീൽ ചോദിച്ചു. അപകടകാരികളായ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാടിൽ മാറ്റമില്ല. ആദ്യം മനുഷ്യ സ്‌നേഹമാണ് വേണ്ടതെന്ന് ജലീൽ പറഞ്ഞു. കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിന് താൽപര്യമില്ലെന്നും ജലീൽ വ്യക്തമാക്കി. തെരുവ് നായ്ക്കളുടെ കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇത് സ്വയംവിമർശനപരമായി കാണുന്നുവെന്നും ജലീൽ പറഞ്ഞു. നായ്ക്കളുടെ വന്ധ്യംകരണത്തിന് കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിലും സർക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ട് ജലീൽ പറഞ്ഞു. നായ്ക്കളുടെ വന്ധ്യംകരണമാണ് വേണ്ടതെന്നും കൊന്നൊടുക്കുന്നത് നിയമവിരുദ്ധമാണെന്നും മേനക ഗാന്ധി പറഞ്ഞിരുന്നു. വന്ധ്യംകരണത്തിന് കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാനം വിനിയോഗിച്ചില്ലെന്നും മേനക കുറ്റപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ.ടി.ജലീൽ.

തിരുവനന്തപുരത്ത് ശിലുവമ്മ എന്ന വയോധികയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്ന സംഭവത്തോടെയാണ് തെരുവ് നായ്ക്കൾക്കെതിരായ നടപടി ഊർജ്ജിതമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാൻ സംസ്ഥാനം ശ്രമിക്കുകയാണെന്നും മേനകാ ഗാന്ധി ആരോപിച്ചിരുന്നു. കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. നായ്കളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം നിയമലംഘനമാണ്. നായ്കളെ കൊല്ലുന്നത് പ്രശ്‌നം രൂക്ഷമാക്കുന്നത്. നായ്ക്കളെ വന്ധ്യം കരിക്കുകയാണ് ഫലപ്രദമായ മാർഗമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഈ നിർദ്ദേശങ്ങളാണ് കേരളം തള്ളുന്നത്.

ആക്രമണകാരികളായ തെരുവുനായ്ക്കളെ പോലും കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദ്ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നു സംസ്ഥാന സർക്കാർ തീരുമാനം പുറത്തുവന്നതോടെയാണ് തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിലവിലെ നിയമങ്ങൾക്കു വിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയത്. നായ്ക്കളെ കൊല്ലാനുള്ള തീരുമാനം നടപ്പാക്കിയാൽ താൻ ഉടനെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും പ്രശാന്ത് ഭൂഷൺ മുന്നറിയിപ്പു നൽകി. സുപ്രീം കോടതി വിധിയിൽ മനുഷ്യന്റെ ജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കൾക്കെതിരെ നടപടി ആകാമെന്നു വ്യക്തമാക്കിയിട്ടുള്ളതിനാൽ മൃഗസംരക്ഷണ ബോർഡിന്റെ നിർദ്ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം.. ഇത്തരം തെരുവുനായ്ക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകും. വളർത്തുനായ്ക്കൾക്കു റജിസ്‌ട്രേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും ആക്രമണകാരികളായവയെ കൊന്നൊടുക്കാനുമുള്ള മന്ത്രിയുടെ ഉത്തരവ് പ്രാവർത്തികമാകാൻ സാധ്യത കുറവെന്ന് വിദഗ്ദ്ധരും വിലയിരുത്തുന്നു. 2001ലെ മൃഗങ്ങളുടെ ജനനനിയന്ത്രണ നിയമത്തിന്റെ ഒൻപതാം വകുപ്പ് അനുസരിച്ച് ചികിത്സിച്ച് ഭേദമാക്കാൻ പാടില്ലാത്ത രോഗമോ മാരകമായ മുറിവോ ഉള്ള നായകളെ അംഗീകരിക്കപ്പെട്ട ഒരു വെറ്ററിനറി സർജ്ജൻ സാക്ഷ്യപ്പെടുത്തിയതിന് ശേഷം മാത്രം ദയാവധത്തിന് വിധേയമാക്കാവുന്നതാണ്. പേ പിടിച്ച നായകൾ ആണെങ്കിൽ മൃഗഡോക്ട്ടർമാരുടെ ഒരു പാനൽ സാക്ഷ്യപ്പെടുത്തിയതിനു ശേഷം അവയെ വേദനാരഹിതമായി മരിക്കാൻ അനുവദിക്കുകയോ ആനിമൽ വെൽഫെയർ ബോർഡിന് കൈമാറുകയോ ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ അത് ക്രിമിനൽകുറ്റംവരെയാകാം. ഇത് പാലിക്കാതെ മുന്നോട്ട് പോകാനുള്ള കേരളത്തിന്റെ തീരുമാനത്തോട് സുപ്രീംകോടതി എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം.

ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണു കേന്ദ്ര മൃഗസംരക്ഷണ ബോർഡ് കഴിഞ്ഞ ദിവസം നൽകിയ കത്തിൽ സംസ്ഥാനത്തെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം എടുത്തത്. കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പറയുന്നത് പോലെയല്ലെന്നും സുപ്രീം കോടതി വിധി മറിച്ചാണെന്നുമാണു സർക്കാർ നിലപാട്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച പുല്ലുവിള ചെമ്പകരാമൻതുറ സ്വദേശി ശിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. ഇതോടെയാണ് പ്രശാന്ത് ഭൂഷൺ കാര്യങ്ങൾ വിശദീകരിച്ച് കത്ത് അയച്ചത്. തെരുവുനായ്ക്കളെ കൊന്നൊടുക്കുമെന്ന മന്ത്രിമാരായ കെ.ടി.ജലീലിന്റെയും കെ.രാജുവിന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണു കത്ത്. നായ്ക്കളെ കൊന്നൊടുക്കുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെയും (1960) ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ലംഘനമാണെന്ന് പ്രശാന്ത് ഭൂഷൺ വിശദീകരിക്കുന്നു.

വനം, കായൽ, നദി, വന്യജീവി തുടങ്ങിയവയുൾപ്പെടുന്ന പ്രകൃതിയെ മെച്ചപ്പെടുത്തുക, ജീവികളോട് അനുകമ്പയുണ്ടായിരിക്കുക ഇതു ഭരണഘടയനയുടെ 51എ(ജി) വകുപ്പ് വ്യക്തമാക്കുന്ന മൗലികമായ ഉത്തരവാദിത്തമാണ്. അതാണു നടപ്പാക്കേണ്ടതെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുകളുടെ പകർപ്പുസഹിതമുള്ള കത്ത് ഗവർണർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാരായ കെ.ടി.ജലീൽ, കെ.രാജു എന്നിവർക്കും സംസ്ഥാനത്തെ ആറു കോർപറേഷനുകൾ, ഇന്ത്യൻ മൃഗക്ഷേമ ബോർഡ് എന്നിവയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP