Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീംകോടതി ഉത്തരവ് മുഖവിലയ്‌ക്കെടുത്ത് ഞാറയ്ക്കലിൽ നായവേട്ട; നേതൃത്വം നൽകിയ പഞ്ചായത്ത് മെമ്പറെ ആക്ഷൻ ഹീറോ മിനി എന്നുവിളിച്ച് തോളിലേറ്റി നാട്ടുകാർ; നായ്ക്കളെ പിടികൂടാൻ മെമ്പർക്ക് സഹായവുമായി ജോസ് മാവേലിയും ഡിവൈഎഫ്‌ഐ പ്രവർത്തകരും; ചിറ്റിലപ്പിള്ളി മോഡൽ പ്രചോദനമാകുന്നോ?

സുപ്രീംകോടതി ഉത്തരവ് മുഖവിലയ്‌ക്കെടുത്ത് ഞാറയ്ക്കലിൽ നായവേട്ട; നേതൃത്വം നൽകിയ പഞ്ചായത്ത് മെമ്പറെ ആക്ഷൻ ഹീറോ മിനി എന്നുവിളിച്ച് തോളിലേറ്റി നാട്ടുകാർ; നായ്ക്കളെ പിടികൂടാൻ മെമ്പർക്ക് സഹായവുമായി ജോസ് മാവേലിയും ഡിവൈഎഫ്‌ഐ പ്രവർത്തകരും; ചിറ്റിലപ്പിള്ളി മോഡൽ പ്രചോദനമാകുന്നോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നായ്ക്കൾ ജനങ്ങളെ കടിച്ചുകീറിയാലും അവയോട് സൗമ്യമായി പെരുമാറണമെന്ന മനേകാ ഗാന്ധിയുടെ ഉപദേശം കേട്ട് കയ്യുംകെട്ടി നോക്കിയിരുന്നില്ല ഞാറയ്ക്കൽ പഞ്ചായത്തിലെ വാർഡ് മെമ്പർ മിനി. തെരുവുനായ്ക്കളുടെ ആക്രമണം പേടിച്ച് ജനങ്ങൾ നെട്ടോട്ടമോടുന്നത് കണ്ടതോടെ രണ്ടുംകൽപിച്ച് രംഗത്തിറങ്ങിയ മിനി അക്രമകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ സധൈര്യം രംഗത്തിറങ്ങി.

തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനവുമായി പോരാട്ടരംഗത്തുള്ള സാമൂഹ്യപ്രവർത്തകൻ ജോസ് മാവേലിയുടെ സഹകരണത്തോടെ ഡിവൈഎഫ്‌ഐ പ്രവർത്തകരെയും കൂട്ടി മിനി പ്രശ്‌നക്കാരായ നായ്ക്കളെ നേരിട്ടു.

പുരുഷ മെമ്പർമാർപോലും നായ്പ്രശ്‌നം പകച്ചുനിന്നപ്പോൾ അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാമെന്ന സുപ്രീംകോടതി നിർദ്ദേശം മുഖവിലയ്‌ക്കെടുത്ത് നായ്ക്കളെ കൊല്ലാൻ മുന്നിട്ടിറങ്ങിയ മിനിക്ക് അതോടെ നാട്ടുകാരുടെ വിളിപ്പേരും വീണു. ആക്ഷൻ ഹീറോ മിനി.

പതിനഞ്ചാം വാർഡിൽ തെരുവുനായ ശല്യം പെരുകുകയും ആക്രമണകാരികളായ നായകളെ ഭയന്ന് നാട്ടുകാർപോലും പുറത്തിറങ്ങാൻ മടിക്കുകയും കുട്ടികൾക്ക് സ്‌കൂളിലേക്ക് പോകാനും വരാനും പേടിയാകുകയും ചെയ്തതോടെയാണ് മെമ്പർ രണ്ടംകൽപ്പിച്ച് രംഗത്തിറങ്ങിയത്. ഇത് സംബന്ധിച്ചുണ്ടാകുന്ന എല്ലാ നിയമപ്രശ്‌നങ്ങളേയും താൻ നേരിടാമെന്ന് മിനി ഉറപ്പു നൽകുകയും ചെയ്തതോടെ നാട്ടുകാരും കൂടെക്കൂടി.

ഇതോടെ ആലുവ ജനസേവ ശിശുഭവൻ നടത്തിപ്പുകാരനായ ജോസ് മാവേലിയെ മിനി വിവരം അറിയിക്കുകയും ഇദ്ദേഹം നായപിടുത്തക്കാരുമായി സ്ഥലത്തെത്തി മിനിയുടേയും ചില ഡിവൈഎഫ്‌ഐ പ്രവർത്തകരുടെയും നേതൃത്വത്തിൽ തെരുവുനായ വേട്ട നടത്തുകയുമായിരുന്നു.

ആദ്യഘട്ടത്തിൽ ഇങ്ങനെ പിടികൂടി കൊന്ന ഏഴു നായ്ക്കളേയും ഇന്നലെ ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പ്രദർശിപ്പിച്ച ശേഷമാണ് കുഴിച്ചുമൂടിയത്. ആദ്യഘട്ടത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിലും പിന്നീട് ഇതുസംബന്ധിച്ച് ചാനലുകളിൽ വാർത്തവന്നതോടെ പൊലീസ് ജോസ് മാവേലിക്കും മിനിക്കും കണ്ടാലറിയാവുന്ന മറ്റുചിലർക്കുമെതിരെ കേസെടുത്തു. പക്ഷേ, ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും ജനരക്ഷയ്ക്കായി വരുംദിവസങ്ങളിലും പ്രശ്‌നക്കാരായ നായ്ക്കളെ പിടികൂടുമെന്നും മിനിയും കൂട്ടരും പറയുന്നു.

അതേസമയം, മുംബൈയിൽനിന്നു മൃഗസ്‌നേഹി സംഘടനയുടെ ഭാരവാഹികളിലൊരാളായ അഡ്വ. റീനയിൽനിന്ന് ഈ മെയിലിൽ ഒരു പരാതി ലഭിച്ചതായും ഇതിന്റെ പേരിലാണ് കേസെടുത്തതെന്നുമാണ് പൊലീസ് ഭാഷ്യം. ഇതിനിടെ പഞ്ചായത്തിലെ മറ്റു വാർഡുകളിലും വൈപ്പിൻകരയിലെ തന്നെ മറ്റു പഞ്ചായത്തുകളിലും ആക്രമണകാരികളായ തെരുവുനായകൾ വിലസിയിട്ടും കാര്യമായ നടപടികളൊന്നുമില്ല. എന്നാൽ മിനിയുടെ പ്രവർത്തനം മാതൃകയാക്കി മറ്റിടങ്ങളിലും ജനങ്ങൾതന്നെ ആക്രമണകാരികളായ നായ്ക്കൾക്കെതിരെ രംഗത്തിറങ്ങുമെന്ന പ്രചരണം ശക്തമാണ്.

പൊലീസ് കേസെടുത്തെങ്കിലും വരുംദിനങ്ങളിൽ നായവേട്ട തുടരാൻ നാട്ടുകാർ മെമ്പർക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയുടെ നേതൃത്വത്തിൽ തെരുവുനായ വിമുക്ത കേരളത്തിനായി പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന 50 ലക്ഷംപേരുടെ ഒപ്പുശേഖരണ പരിപാടിയും തുടരുകയാണ്.

അതേസമയം, സംസ്ഥാനത്ത് മറ്റു ചില പ്രദേശങ്ങളിലും ഇത്തരത്തിൽ അക്രമകാരികളായ നായ്ക്കൾക്കെതിരെ ജനങ്ങൾ മുന്നിട്ടിറങ്ങി നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. എറണാകുളത്തുതന്നെ രായമംഗലം പഞ്ചായത്തിൽ വിഷംകലർന്ന ഭക്ഷ്യപദാർത്ഥങ്ങൾ അകത്തുചെന്ന് നായ്ക്കൾ ചത്തുവീണിരുന്നു. സംഭവത്തിനു പിന്നിൽ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന തെരുവുനായ് ഉന്മൂലന സംഘമാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.

ചിറ്റിലപ്പിള്ളിയുമായി അടുത്തു പ്രവർത്തിക്കുന്ന ജോയി പുല്ലുവഴി ഈ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. കാഞ്ഞിരത്തൊലി ഇട്ട് വേവിച്ച കോഴിവേസ്റ്റ് നൽകിയാണ് നായ്ക്കളെ കൊന്നൊടുക്കിയതെന്നായിരുന്നു പുല്ലുവഴിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഇപ്രകാരം നായ്ക്കൾ ചത്തുവീണിരുന്നു.

ഇവയെ പഞ്ചായത്ത് അധികൃതർ തന്നെയാണ് കൊണ്ടുപോയി സംസ്‌കരിച്ചത്. ഞാറയ്ക്കൽ, ചിറ്റിലപ്പിള്ളി പ്രദേശങ്ങളിൽ നായ്ക്കളെ കൈകാര്യം ചെയ്ത വാർത്തകൾ സോഷ്യൽ മീഡിയയിലുൾപ്പെടെ വൻതോതിൽ പ്രചരിക്കുന്നതിനാൽ നായശല്യം കൂടുതലുള്ള മറ്റു പ്രദേശങ്ങളിലും ജനങ്ങൾ ഇത്തരം നീക്കം നടത്തിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കുന്നവർക്ക് നിയമസഹായം നൽകാമെന്ന് പലരും വ്യക്തമാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP