Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോലി ചെയ്യാൻ ശുപാർശ ചെയ്ത ശമ്പളക്കമ്മീഷനെതിരെ സമരവുമായി ജീവനക്കാർ; പൊതുജനവികാരം എതിരാകാതിരിക്കാൻ സർക്കാർ ആശുപത്രികളിൽ ചെറിയ ഫീസ് ഈടാക്കുന്നെന്ന ശുപാർശ ഉയർത്തിപ്പിടിക്കുന്നു

ജോലി ചെയ്യാൻ ശുപാർശ ചെയ്ത ശമ്പളക്കമ്മീഷനെതിരെ സമരവുമായി ജീവനക്കാർ; പൊതുജനവികാരം എതിരാകാതിരിക്കാൻ സർക്കാർ ആശുപത്രികളിൽ ചെറിയ ഫീസ് ഈടാക്കുന്നെന്ന ശുപാർശ ഉയർത്തിപ്പിടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പത്താം ശമ്പളക്കമ്മീഷൻ ശുപാർശ വന്നതിനു പിന്നാലെ വിവാദങ്ങളും ഉയർന്നു കഴിഞ്ഞു. കമ്മീഷന്റെ ചില ശുപാർശകൾക്കെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സമരത്തിനൊരുങ്ങുകയാണ്.

എന്നാൽ, ജോലി ചെയ്യാൻ ശുപാർശ ചെയ്ത ശമ്പളക്കമ്മീഷനെതിരെ മുട്ടാപ്പോക്കു ന്യായങ്ങൾ നിരത്തി സമരത്തിനൊരുങ്ങുകയാണ് ജീവനക്കാരെന്നാണു സോഷ്യൽ മീഡിയ പറയുന്നത്. ജനങ്ങളുടെ പിന്തുണ ലഭിക്കാനായി സർക്കാർ ആശുപത്രികളിൽ രോഗികളിൽ നിന്നു ഫീസ് ഈടാക്കണമെന്ന നിർദ്ദേശവും സമരക്കാർ ഉയർത്തിക്കാട്ടുന്നുവെന്നാണ് ആരോപണം.

എന്നാൽ, സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തി സർക്കാർ ആശുപത്രികളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളാണ് കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നതെന്നാണു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

രോഗികൾക്കു താങ്ങാവുന്ന വിധത്തിലാകണം ഫീസ് ഈടാക്കേണ്ടത്. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനം ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കാനുള്ള ഫണ്ടിലേക്കു വകയിരുത്തണമെന്നുമാണു നിർദ്ദേശം.

എന്നാൽ, സാധാരണക്കാരിൽ നിന്നു ഫീസ് ഈടാക്കുന്നത് പാവപ്പെട്ട ജനങ്ങൾക്ക് സർക്കാർ ആശുപത്രികളെപ്പോലും ആശ്രയിക്കാനാകാത്ത ഇടവരുത്തുമെന്നാണ് പ്രതിഷേധമുയരുന്നത്. ശമ്പളക്കമ്മീഷൻ നിർദ്ദേശങ്ങൾക്കെതിരെ സമരം ചെയ്യുമ്പോൾ പൊതുജനങ്ങൾ തങ്ങൾക്ക് എതിരാകാതെ ഇരിക്കാനാണു ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്നാണു ആരോപണം ഉയരുന്നത്.

കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമല്ലെങ്കിൽ പോലും സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് പലരും തലവച്ചു കൊടുക്കുന്നത് മെച്ചപ്പെട്ട സൗകര്യങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും പേരിലാണ്. സർക്കാർ ആശുപത്രിയോടു ചില കോണിൽ നിന്നെങ്കിലും ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാർ കാട്ടുന്ന നിഷേധാത്മക സമീപനവും സ്വകാര്യ ആശുപത്രിയിലേക്കുള്ള പോക്കിനെ സഹായിക്കുന്നുണ്ട്.

കൂടുതൽ സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ തന്നെ ഏർപ്പെടുത്തുകയാണെങ്കിൽ ഇത്തരത്തിൽ സ്വകാര്യാശുപത്രിയുടെ കത്തിക്ക് കഴുത്തു നീട്ടിക്കൊടുക്കുന്ന ഏർപ്പാടു ഭൂരിപക്ഷവും ഒഴിവാക്കുമെന്നു തീർച്ചയാണ്. മികച്ച സേവനവും അത്യാധുനിക സൗകര്യങ്ങളുമുള്ള സർക്കാർ ആശുപത്രികളിൽ ജനങ്ങൾ ചികിത്സ തേടാറുണ്ടെന്നതും ഇതിനെ സാധൂകരിക്കുന്നുണ്ട്.

സ്വകാര്യ ആശുപത്രികൾ രോഗികളെ പിഴിഞ്ഞെടുക്കുന്ന തുക കൊണ്ടു വീർക്കുമ്പോൾ ആ കൊള്ളയെ എതിർത്തു തോൽപ്പിക്കാനുള്ള മാർഗം സർക്കാർ ആശുപത്രികളുടെ നവീകരണമാണ്. കൂടുതൽ സൗകര്യങ്ങൾ സർക്കാർ ആശുപത്രികൾക്കു ലഭ്യമാക്കുന്നതിനായി സാധാരണക്കാർക്കു താങ്ങാൻ കഴിയുംവിധത്തിൽ ഫീസ് ഈടാക്കുന്നതിനോട് പൊതുവെ അനുകൂലസമീപനമാണുള്ളത്. അതിലൂടെ മാത്രമേ അത്തരം നടപടികളെ പ്രതിരോധിക്കാനാകൂ എന്നു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. അതിനായി ശമ്പളക്കമ്മീഷൻ ശുപാർശ ചെയ്യുന്ന ചെറിയ ഫീസ് പോലുള്ള നടപടികൾ വഴിതെളിക്കുമെന്ന വിലയിരുത്തലാണുള്ളത്.

സർക്കാർ ജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കണമെന്നതുൾപ്പെടെയുള്ള ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശകൾക്ക് പൊതുവെ സ്വീകാര്യതയാണുള്ളത്. കാര്യക്ഷമത പരിശോധനകൾ നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ജോലി ചെയ്യാതെ ശമ്പളം വാങ്ങാമെന്നുള്ള സർക്കാർ ജീവനക്കാരുടെ ശ്രമങ്ങൾ ഇനി നടക്കില്ലെന്നു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. നന്നായി ജോലിചെയ്യുന്നവർക്ക് അംഗീകാരം ലഭിക്കുമെന്നതും നിർദ്ദേശങ്ങളുടെ നല്ലവശമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ പത്താം ശമ്പളക്കമ്മീഷൻ സർക്കാരിനു റിപ്പോർട്ടിന്റെ രണ്ടാം ഭാഗം സമർപ്പിച്ചത്. പെൻഷൻ പ്രായം 58 ആക്കി ഉയർത്താൻ ശുപാർശ ചെയ്തും കുറഞ്ഞ പെൻഷൻ 8500 രൂപയാക്കി ഉയർത്തിക്കൊണ്ടും അടിസ്ഥാന ശമ്പളം 17000 രൂപയാക്കി കൊണ്ടും ആദ്യ ഘട്ട റിപ്പോർട്ട് കഴിഞ്ഞ ജൂലൈയിൽ സർക്കാരിനു സമർപ്പിച്ചിരുന്നു. അന്നത്തെ ധനമന്ത്രി കെ എം മാണിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനിൽ നിന്നു റിപ്പോർട്ട് ഏറ്റുവാങ്ങിയത്.

പഞ്ചിങ് സംവിധാനം കാര്യക്ഷമമാക്കണമന്ന നിർദ്ദേശമടക്കമുള്ളവയാണ് രണ്ടാം ഭാഗത്തിൽ ശുപാർശ ചെയ്തിട്ടുള്ളത്. ജീവനക്കാരുടെ പെർഫോമൻസ് റിപ്പോർട്ട് ഓരോ മാസവും തയ്യാറാക്കണം. ഉദ്യോഗക്കയറ്റം സീനിയോറിറ്റി അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും യോഗ്യതയും മികവും കൂടി അടിസ്ഥാനമാക്കണമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പൊതുഅവധി ദിവസങ്ങൾ 25ൽ നിന്ന് 15 ആക്കണം. കാഷ്വൽ ലീവ് 20ൽ നിന്ന് 15 ആക്കി കുറയ്ക്കണം. ആശ്രിത നിയമനത്തിന് കാലപരിധി മൂന്ന് വർഷമായി ചുരുക്കണം. സർക്കാർ വാഹനങ്ങൾ വകുപ്പ് തലവന്മാർക്ക് മാത്രം അനുവദിക്കുക. ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കണം. ജല അഥോറിറ്റി വേതന പരിഷ്‌ക്കരണ റിപ്പോർട്ടും സമർപ്പിച്ചു. ഡ്രൈവർ തസ്തിക ഡ്രൈവിങ് കം പ്യൂൺ എന്നാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

റിപ്പോർട്ടിന്റെ ഒന്നാം ഘട്ടത്തിൽ അടിസ്ഥാന ശമ്പളം 2000 മുതൽ 12000 വരെ കൂട്ടാനും പെൻഷൻ പ്രായം 58 ആക്കാനും രാമചന്ദ്രൻ നായർ ശുപാർശ ചെയ്തിരുന്നു. കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയ ശമ്പളം 120000 രൂപയുമായി ഉയർത്തും. കുറഞ്ഞ പെൻഷൻ 8500 രൂപയും കൂടിയത് 6000 രൂപയുമാണ്. ഹൈസ്‌ക്കൂൾ അദ്ധ്യാപകർക്ക് 28 വർഷമാകുമ്പോൾ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ പദവി. സമ്പൂർണ്ണ പെൻഷന് 25 വർഷം സർവ്വീസ് മതിയെന്നും ശുപാർശ. 3000 രൂപ വരെ വീട്ടു വാടക അലവൻസും 500 മുതൽ 2400 വരെ വാർഷിക ഇൻക്രിമെന്റ് നൽകണമെന്നും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP