Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരമനയും സഭാനേതൃത്വവും ചതിക്കില്ലെന്നു കരുതി 76 സെന്റ് കൂടി വാങ്ങി; ഭൂമിയുണ്ടെങ്കിൽ ഇടവകയാക്കുമെന്നു വാക്കുനൽകിയ ആൻഡ്രൂസ് താഴത്ത് കാലുമാറി; ഹിന്ദുക്കളുമായി തമ്മിൽ തല്ലാനില്ലെന്ന് പ്രഖ്യാപിച്ച് വിശ്വാസികളും; തൃശൂർ ബിഷപ് ഹൗസിനു മുന്നിലെ സമരത്തിന് പിന്നിലെ കഥ ഇങ്ങനെ

അരമനയും സഭാനേതൃത്വവും ചതിക്കില്ലെന്നു കരുതി 76 സെന്റ് കൂടി വാങ്ങി; ഭൂമിയുണ്ടെങ്കിൽ ഇടവകയാക്കുമെന്നു വാക്കുനൽകിയ ആൻഡ്രൂസ് താഴത്ത് കാലുമാറി; ഹിന്ദുക്കളുമായി തമ്മിൽ തല്ലാനില്ലെന്ന് പ്രഖ്യാപിച്ച് വിശ്വാസികളും; തൃശൂർ ബിഷപ് ഹൗസിനു മുന്നിലെ സമരത്തിന് പിന്നിലെ കഥ ഇങ്ങനെ

തൃശൂർ: കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ 210 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് ഇപ്പോൾ സംഭവിക്കുന്നതുപോലുള്ള കാര്യങ്ങൾ.1050 കുടുംബങ്ങളുള്ള ഇടവകയിലെ വടക്കെ കാരമുക്ക് പ്രദേശത്തെ ഒരു വിഭാഗം വിശ്വാസികളാണ് തൃശൂർ ആർച്ച് ബിഷപ്പിനെതിരെ സമരവുമായി രണ്ടാം തവണ കാത്തലിക് ബിഷപ്‌സ് ഹൗസിനു മുന്നിൽ എത്തുന്നത്. അവരിൽ 80 വയസ്സുള്ളവരും കുഞ്ഞുങ്ങളുമെല്ലാമുണ്ട്. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പുതിയ ഇടവകയുണ്ടാക്കാനുള്ള തീരുമാനമാണ് പ്രശ്നത്തിന് കാരണം.

കണ്ടശാംകടവ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള രണ്ടു കുരിശുപള്ളികളാണ് വടക്കേ കാരമുക്ക് സെന്റ് ജോസഫ് കുരിശുപള്ളിയും ഊട്ടുപുര പള്ളിയെന്നറിയപ്പെടുന്ന സെന്റ് ആന്റണീസ് ചർച്ചും. സെന്റ് ആന്റണീസ് ചർച്ചിനെതിരേ പരിസരവാസികളും ഹിന്ദു സമൂഹവും ശക്തമായ എതിർപ്പും പരാതികളും അറിയിച്ചിട്ടുള്ളതാണ്. പുതിയ ഇടവകയുണ്ടാക്കുമ്പോൾ സെന്റ് ആന്റണീസ് ചർച്ചിനെ മുഖ്യ പള്ളിയാക്കാനാണ് ബിഷപ്പിന്റെ തീരുമാനം. എന്നാൽ ഹിന്ദുക്കളുടെ എതിർപ്പുള്ള ഈ പള്ളി വേണ്ടെന്നാണ് ഇടവകക്കാരുടെ തീരുമാനം. തങ്ങൾക്കു സെന്റ് ജോസഫ് പള്ളി ഇടവകയാക്കണമെന്നാണ് വടക്കേ കാരമുക്ക് പ്രദേശത്തെ വിശ്വാസികൾ ആവശ്യപ്പെടുന്നത്. എന്നാൽ ആർച്ച് ബിഷപ് ഇതിനു വഴങ്ങാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നീതി കാണിച്ചില്ലെന്നും വാക്കു പാലിച്ചില്ലെന്നുമാണ് ഇവരുടെ പ്രധാന ആരോപണം. കണ്ടശാംകടവ് സെന്റ് മേരീസ് ഇടവകയിൽനിന്നും മാറിപ്പോകുന്നതിൽ വേദനയുണ്ടെങ്കിലും അതിനു തയ്യാറാണ്. പക്ഷേ ആ തിരുമാനം ഇടവകയിലെ മാറി പോകേണ്ട യൂണിറ്റുകളെയെങ്കിലും അറിയിക്കേണ്ടതായിരുന്നുവെന്നാണ് ഇവർ പറയുന്നത്. മാത്രമല്ല, ഇപ്പോൾ പോലും അതിനെക്കുറിച്ച് ബിഷപ്‌സ് ഹൗസിൽ നിന്നും ഒന്നും വ്യക്തമാക്കുന്നില്ല. വടക്കെ കാരമുക്കിലെ ഊട്ടുപുര പള്ളിയെന്നറിയപ്പെടുന്ന കെട്ടിടത്തിൽ ഇപ്പോൾ എല്ലാ കർമ്മങ്ങളും നടക്കുന്നുണ്ട്. 330 കുടുംബങ്ങളുടെ കുടുംബകാർഡും ആ പള്ളിയുടെ- സെന്റ് ആന്റണീസ് ചർച്ചിന്റെ- പേരിലാണ് ഇപ്പോൾ വിതരണം നടത്തുന്നത്. 25 വർഷത്തിനുള്ളിൽ ഈ പള്ളി ഇടവകയാക്കില്ലെന്ന് ഇവരോട് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്് വാക്കു നൽകിയിരുന്നുവെന്ന് സമരക്കാർ പറയുന്നു.

ബിഷപ്‌സ് ഹൗസ് അംഗീകരിക്കുകയും ഒരു വിഭാഗം ഇടവകക്കാർ പ്രതിഷേധിക്കുകയും ചെയ്യുന്ന ഈ സെന്റ് ആന്റണീസ് പള്ളി പ്രവർത്തിക്കുന്നതു തന്നെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന്റെ ബലത്തിലാണെന്ന് സമരക്കാർ വ്യക്തമാക്കുന്നു. മണലൂർ പഞ്ചായത്തിന്റെ രേഖകളിൽ ഊട്ടുപുരയായി നിലകൊള്ളുന്ന കെട്ടിടത്തിന് ആരാധനാലയത്തിന്റെ അനുമതി ചോദിച്ചുകൊണ്ട് വികാരി നൽകിയ അപേക്ഷ നിരവധി അന്വേഷണങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ആയിരുന്ന എം.എസ്. ജയ 2014 ഓഗസ്റ്റ് 22 നു തള്ളി ഉത്തരവിറക്കിയിരുന്നു.

കാരമുക്ക് വില്ലേജിലെ 523/5 സർവേ നമ്പറിലുള്ള ഭൂമി 2006 ൽ നിർമ്മാണം പൂർത്തീകരിച്ചതാണ്. പഞ്ചായത്തിലേക്ക് കെട്ടിടനികുതി അടക്കുന്നത് ഊട്ടുപുരയുടെ പേരിലാണെന്ന് 2013 ഒക്ടോബറിൽ മണലൂർ പഞ്ചായത്തും വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആരാധനാലയത്തിനു തൊട്ടടുത്ത് താമസിക്കുന്ന ഹിന്ദുക്കളുടെ ശക്തമായ എതിർപ്പും കേസ്സും ആരാധനാലയത്തിനെതിരെ നിലനിൽക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരെ കാരമുക്ക് ദേശവാസികൾ ഒപ്പുവച്ച പരാതികൾ 2013 ജൂണിലും നവംബറിലും കളക്ടർക്ക് ലഭിച്ചിട്ടുണ്ട്. തഹസിൽദാരുടെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടർ ആരാധനാലയത്തിനുള്ള അനുമതി നിഷേധിച്ചത്. ഹിന്ദു ഐക്യവേദിയും പള്ളിക്കെതിരെ ശക്തമായി രംഗത്തുണ്ട.

ഈ സാഹചര്യത്തിലാണ് ബിഷപ്‌സ് ഹൗസിനു മുന്നിലിരിക്കുന്ന പ്രതിഷേധക്കാർ അന്നത്തെ വികാരി ജനറലിനെ കാണുന്നത്. 50 സെന്റ് ഭൂമിയെങ്കിലും ഉണ്ടെങ്കിൽ വടക്കെ കാരമുക്കിലെ തന്നെ സെന്റ് ജോസഫ് കുരിശുപള്ളി ഇടവക പള്ളിയാക്കി ഉയർത്താമെന്ന് വികാരി ജനറൽ ആയിരുന്ന ഫാ പോൾ പേരാമംഗലത്ത് ഉറപ്പു നൽകിയത്രെ.16 സെന്റ് ഭൂമി മാത്രമാണ് സെന്റ് ജോസഫ് കുരിശുപള്ളിക്ക് അന്നുണ്ടായിരുന്നത്. പള്ളിക്ക് ഭൂമി കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. മീൻ വിൽപ്പനക്കാരനും കൂലി പണിക്കാരനും ഇലക്ട്രീഷ്യനുമെല്ലാം ചേർന്ന സാധാരണക്കാരുടെ പ്രദേശത്തുനിന്നും ഉള്ള സ്വർണ്ണവും പണവുമെല്ലാം സംഭരിച്ച് 68 സെന്റ് ഭൂമി ഇവർ വളരെ കഷ്ടപ്പെട്ടാണ് വാങ്ങിയത്.

പിന്നീട് എട്ടു സെന്റ് കൂടി വാങ്ങി. ഇതെല്ലാം സ്വാഭാവികമായും ബിഷപ്പ്‌സ് ഹൗസിലെ നിലവിലുള്ള ബിഷപ്പിന്റെ പേരിലാണ് രജിസ്റ്റർ ചെയ്യുക. ആവശ്യത്തിന് ഭുമിയുണ്ടെന്നും സെന്റ് ജോസഫ് കുരിശുപള്ളിയെ ഇടവകയാക്കാൻ തടസ്സമില്ലല്ലോ എന്നും അന്വേഷിച്ച് വിശ്വാസികൾ എത്തിയപ്പോഴാണ്, ബിഷപ്പ് ഹൗസിൽ നിന്നും അത്തരത്തിലൊന്നും പറഞ്ഞിട്ടില്ലെന്നും എല്ലാം നിങ്ങളുടെ വ്യാഖ്യാനങ്ങൾ മാത്രമാണെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അറിയിച്ചതെന്ന് ഇവർ പറയുന്നു. ഒരു ഞെട്ടലോടുകൂടിയാണ് ഇതു കേട്ടത്. അന്നുമുതൽ അരമന ചതിക്കില്ലെന്ന വിശ്വാസം നഷ്ടപ്പെട്ടു.

ബിഷപ്‌സ് ഹൗസിനു മുന്നിലെ സമരത്തിൽ ഉൾപ്പെട്ടവർക്ക് പള്ളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങൾ നടക്കണമെങ്കിൽ കണ്ടശ്ശാംകടവ് പള്ളി അധികാരികൾ നൂറു തവണ നടത്തിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു. കുരിശുപള്ളി കപ്യാരും സമരത്തിനുണ്ട്. കുടുംബ സമേതമാണ് വയോധികർ ഉൾപ്പടെയുള്ളവർ കൊന്തയുമായി ബിഷപ്പ്ഹൗസിനു മുന്നിലിരിക്കുന്നത്.

പൊരിവെയിലത്ത് ഇരിക്കുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള സമരക്കാരെ പേടിപ്പിക്കാനായി സമരത്തിന്റെ നാലാം നാൾ തൃശൂർ ഈസ്റ്റ് എസ്.ഐ.യും സംഘവുമെത്തി. സമരത്തിന്റെ വിവരങ്ങൾ വിശദീകരിച്ച യുവതിയോട്, ഞാനും നല്ല രോമമുള്ള കത്തോലിക്കനാണെന്ന് കൈയിലെ രോമം വലിച്ചു കാണിച്ച് സബ് ഇൻസ്പെക്ടർ പറഞ്ഞു. മാത്രമല്ല താൻ നല്ല കത്തോലിക്കാ തന്തക്കും തള്ളക്കും പിറന്നതാണെന്നും നിങ്ങളുടെ കാര്യം അറിയില്ലെന്നു കൂടി കൂട്ടിചേർത്തു.

ബിഷപ്പ്ഹൗസിൽ പോയി തിരിച്ചുവരുമ്പോൾ ആ പെണ്ണ് എവിടെയെന്ന് ധിക്കാരത്തോടെ തിരക്കിയെ എസ്ഐയുടെ പദപ്രയോഗത്തെ സമരക്കാർ ചോദ്യം ചെയ്തു. പ്രശ്നം വഷളാകുമെന്ന് മനസ്സിലാക്കിയ എസ്ഐ സോറി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. മാത്രമല്ല ഞാൻ റോമൻ ക്രിസ്ത്യനാണെന്നാണ് പറഞ്ഞതെന്ന വ്യാഖ്യാനവും എസ്ഐ നടത്തിയത്രെ. അടുത്ത ദിവസം എല്ലാറ്റിനേയും അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് സാർ പോയതെങ്കിലും പിന്നീട് ശല്യമുണ്ടായിട്ടില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.

ബിഷപ്പ് ഹൗസിനു മുന്നിലെ സമരം റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രക്കാരേയും ചാനലുക്കാരേയും എന്നും വിളിക്കുമെങ്കിലും ആരും വരുന്നില്ലെന്നാണ് ഇവരുടെ പരാതി. രണ്ടു പാർട്ടിപത്രങ്ങൾ മാത്രമാണ് എത്തിനോക്കി പോയതെന്നും ഇവർ പറയുന്നു. ഞങ്ങളുടെ പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ തണുപ്പിച്ച മുറികളിലിരിക്കുന്ന 'ദൈവങ്ങൾ'ക്ക് താല്പര്യമില്ല. പിതാവ് ഒരു തീരുമാനമെടുത്താൽ മാറില്ലെന്നാണ് എല്ലാവരും പറയുന്നതെന്നും ഇവർ സങ്കടത്തോടെയും ദേഷ്യത്തോടെയും കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP