Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു തീവണ്ടി തടഞ്ഞതിന്റെ പേരിൽ മറ്റു തീവണ്ടികൾ വൈകിയിട്ടുണ്ടെങ്കിൽ അതിന് സമരക്കാർ നഷ്ടപരിഹാരം നൽകേണ്ടി വരും; ക്രിമിനൽ കേസുകളുമായി മുൻപോട്ടു പോയാൽ ഉള്ള പണിയും തെറിക്കും; ശിവൻകുട്ടിയും ആനാവൂരും അടക്കമുള്ളവരെ വിളിച്ചു വരുത്തി അറസ്റ്റു രേഖപ്പെടുത്തും; കേന്ദ്രവിരുദ്ധ സമരം നടത്തിയ സംസ്ഥാനത്തെ തൊഴിലാളി യൂണിയൻ പ്രവർത്തകർ നെട്ടോട്ടത്തിൽ; ക്രിമിനൽ കേസ് ഒഴിവാക്കി രക്ഷിക്കാൻ സംസ്ഥാന സർക്കാർ കിണഞ്ഞു ശ്രമിക്കുമ്പോഴും പുലിവാലു പിടിച്ചു ജീവനക്കാർ

ഒരു തീവണ്ടി തടഞ്ഞതിന്റെ പേരിൽ മറ്റു തീവണ്ടികൾ വൈകിയിട്ടുണ്ടെങ്കിൽ അതിന് സമരക്കാർ നഷ്ടപരിഹാരം നൽകേണ്ടി വരും; ക്രിമിനൽ കേസുകളുമായി മുൻപോട്ടു പോയാൽ ഉള്ള പണിയും തെറിക്കും; ശിവൻകുട്ടിയും ആനാവൂരും അടക്കമുള്ളവരെ വിളിച്ചു വരുത്തി അറസ്റ്റു രേഖപ്പെടുത്തും; കേന്ദ്രവിരുദ്ധ സമരം നടത്തിയ സംസ്ഥാനത്തെ തൊഴിലാളി യൂണിയൻ പ്രവർത്തകർ നെട്ടോട്ടത്തിൽ; ക്രിമിനൽ കേസ് ഒഴിവാക്കി രക്ഷിക്കാൻ സംസ്ഥാന സർക്കാർ കിണഞ്ഞു ശ്രമിക്കുമ്പോഴും പുലിവാലു പിടിച്ചു ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹർത്താലിന്റെ പേരിൽ അയ്യപ്പഭക്തർക്ക് പണി കൊടുത്ത കേന്ദ്രസർക്കാറിന് എട്ടിന്റെ പണി കൊടുക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. അവരുടെ അധികാര പരിധിയിൽ വരുന്ന റെയിൽവേയിൽ പണിമുടക്ക് ദിവസം ട്രെയിൻ തടഞ്ഞ സംഭവത്തിന്റെ നഷ്ടം കണക്കാക്കാനാണ് ഒരുങ്ങുന്നത്. തീവണ്ടി തടഞ്ഞതിലൂടെ റെയിൽവേക്കുണ്ടായ നഷ്ടം ഒരാഴ്ചയ്ക്കുള്ളിൽ കണക്കാക്കും. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതോടെ പണിമുടക്കിന്റെ പേരിൽ വണ്ടി തടഞ്ഞ നേതാക്കൾ നെട്ടോട്ടത്തിലാണ്.

ഒരു തീവണ്ടി തടഞ്ഞതുവഴി മറ്റുതീവണ്ടികളും വൈകിയിട്ടുണ്ട്. ഇതും നഷ്ടത്തിന്റെ കണക്കിൽപ്പെടുത്തും. തീവണ്ടിതടയലിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. നേതാക്കൾ ഉൾപ്പെടെയുള്ളവരെ നോട്ടീസയച്ച് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തീവണ്ടി തടഞ്ഞവർ വൻതുക നഷ്ടപരിഹാരം നൽേകണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആർ.പി.എഫ്. രജിസ്റ്റർചെയ്ത കേസുകൾക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേകം കേസ് ഫയൽചെയ്യാനുള്ള തീരുമാനവുമുണ്ടാകും. ഇക്കാര്യം റെയിൽവേ ബോർഡ് യോഗത്തിൽ ചർച്ചചെയ്ത് തീരുമാനിക്കും.

എത്ര നഷ്ടമുണ്ടായെന്ന കണക്കുകൾ തയ്യാറാക്കിയ ശേഷമാകും ബാക്കി കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് സൂചന. തിരുവനന്തപുരം ഡിവിഷനിൽ 32 കേസുകളെടുത്തിട്ടുണ്ട്. സംയുക്തസമരസമിതി കൺവീനർ വി. ശിവൻകുട്ടി, സിപിഎം. ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരടക്കമുള്ളവർക്കെതിരേയാണ് കേസ്. ഇവരെ അധിക വൈകാതെ അറസ്റ്റു ചെയ്യുമെന്നാണ് അറിയുന്നത്.

തീവണ്ടിതടയലിന്റെ വീഡിയോ ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും ഉപയോഗിച്ച് സമരത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. തിരിച്ചറിഞ്ഞ ഏതാനും പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരിച്ചറിയുന്നവരുടെ വിലാസം ശേഖരിച്ച് അവ പരിശോധിച്ച് ഉറപ്പുവരുത്തി നോട്ടീസ് അയക്കാനും നീക്കംതുടങ്ങി. ദേശീയ പണിമുടക്കുദിനത്തിൽ സംസ്ഥാനത്തുമാത്രമാണ് തീവണ്ടിതടയൽ കാര്യമായുണ്ടായത്. ഇത് സംസ്ഥാനത്താകെ തീവണ്ടി ഗതാഗതം താറുമാറാക്കിയിരുന്നു.

ഇപ്പോഴത്തെ നിലയിൽ ട്രെയിൻ തടഞ്ഞിട്ട സമയം കണക്കാക്കി പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതോടെ സമരസമിതിക്ക് കേസിൽ നിന്നൊഴിവാകാൻ ലക്ഷങ്ങൾ കെട്ടിവയ്‌ക്കേണ്ടിവരുമെന്ന അവസ്ഥയിലാണ്. ദേശീയ പണിമുടക്കിന് സമരക്കാർ പ്രധാന ആയുധമാക്കി മാറ്റിയത് ട്രെയിൻ തടയലായിരുന്നു. വിവിധയിടങ്ങളിലായി 49 ട്രെയിനുകൾ തടഞ്ഞു. സമരസമിതി നേതാക്കളായ വി.ശിവൻകുട്ടിയടക്കം കണ്ടാലറിയാവുന്ന ആയിരത്തി ഇരുന്നൂറ് പേർക്കെതിരെ കേസുണ്ട്. സാധാരണയായി ട്രെയിൻ തടയലിന് കേസെടുത്താൽ സ്റ്റേഷൻ ജാമ്യം ലഭിക്കുകയും കോടതിയിൽ പിഴയടച്ചാൽ കേസൊഴിവാകുകയും ചെയ്യും. നിലവിലും ഇത് സാധ്യമാകുന്ന വകുപ്പുകൾ പ്രകാരമാണ് കേസെങ്കിലും പിഴയിനത്തിൽ കനത്ത നടപടിക്കാണ് റയിൽവെ തീരുമാനം.

തടഞ്ഞിട്ട സമയം കണക്കാക്കി ഒരു മിനിട്ടിന് നാനൂറ് രൂപ മുതൽ 800 രൂപ വരെ പ്രവർത്തന നഷ്ടം എന്ന ഇനത്തിൽ പിഴ ഈടാക്കാനാണ് ആർ.പി.എഫിന് റയിൽവെ സാമ്പത്തിക വിഭാഗം ശുപാർശ നൽകിയിരിക്കുന്നത്. പണിമുടക്കിന്റെ ആദ്യദിനം തമ്പാനൂരിൽ വേണാട് തടഞ്ഞിട്ടത് ഒന്നര മണിക്കൂറിലേറെയാണ്. അപ്പോൾ അതിന് മാത്രം മിനിട്ടിന് ശരാശരി അറുന്നൂറ് രൂപ കണക്കാക്കിയാൽ അറുപതിനായിരത്തോളം രൂപ പിഴയാകും.

ഇത്തരത്തിൽ സംസ്ഥാന വ്യാപകമായുള്ള 49 ട്രെയിനുകൾ ശരാശരി ഒരു മണിക്കൂർ വീതം തടഞ്ഞതായി കണക്കാക്കിയാൽ ഇരുപത് ലക്ഷത്തിലേറെ പിഴയാവും. പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് ഈ പിഴയും ചേർത്ത് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകും. പിഴയടച്ചില്ലങ്കിൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലാവും കുറ്റപത്രം. ഇങ്ങിനെ ശിക്ഷിക്കപ്പെട്ടാൽ നേതാക്കന്മാർക്ക് തിരഞ്ഞെടുപ്പ് മൽസരം പോലും അസാധ്യമാകും. കേന്ദ്രസർക്കാരിനെതിരായിരുന്നു സമരം എന്നത് കൂടി കണക്കിലെടുത്താണ് കേന്ദ്ര നിയന്ത്രണത്തിലെ റയിൽവെ നടപടി കടുപ്പിച്ചത്.

അതിനിടെ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ച് കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ട്. നഷ്ടപരിഹാരം നൽകി ബാങ്കിനെ കൊണ്ട് കേസ് പിൻവലിപ്പിക്കാനാണ് നീക്കം. ഡിവൈഎഫ്‌ഐ നേതാവ് മുഖേനയാണ് ബാങ്കിനെ സമീപിച്ചത്. പ്രതികളുടെ സർക്കാർ ജോലി നഷ്ടപ്പെടുമെന്നതിനാൽ കേസ് പിൻവലിക്കണമെന്നാണ് അപേക്ഷ. നീക്കത്തോട് ബാങ്ക് അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. ധാരണയാകുംവരെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുന്നു. കീഴടങ്ങിയ രണ്ടുപേരൊഴികെ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമവും നടക്കുന്നില്ല. അതിനിടെ ബാങ്ക് ആക്രമിച്ച ഇടത് നേതാക്കൾക്കെതിരെ കൂടുതൽ കേസുകൾ എടുക്കാനുള്ള സാധ്യതയും തെളിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP